അന്ന് ആട്ട് കേട്ടു, കുളം കുഴിച്ചു, ഇന്ന് ദേശീയ ഗെയിംസിൽ റെക്കോഡുകാരൻ

#ബി.കെ.രാജേഷ്
രാം ബാബു
രാം ബാബു

ഗാന്ധിനഗർ: നടന്നു തുടങ്ങിയാൽ പിന്നെ ചൽ ചൽ റാം എന്ന ആർപ്പുവിളയാണ് ചുറ്റും. എന്നാൽ, രാം ബാബുവിന്റെ കാതിൽ അപ്പോഴും മുഴങ്ങുക പണ്ടത്തെ ചീത്തവിളികളാണ്. അന്ന് രാജ്യമറിയുന്ന അത്ലറ്റായിട്ടില്ല ഈ യു.പിക്കാരൻ. ഓട്ടത്തിന്റെ പരിശീലനത്തിന് കാശ് കണ്ടെത്താൻ വാരണാസിയിലെ ഒരു ഹോട്ടലിൽ വെയ്റ്ററുടെ ജോലി ചെയ്തിരുന്നു. മേശ തുടയ്ക്കാനും മറ്റും പറഞ്ഞുകൊണ്ടുള്ള ആളുകളുടെ ചീത്തവിളിയായിരുന്നു എന്നും. വേദനയും അപമാനവും കടിച്ചുപിടിച്ചാണ് രാത്രി വൈകുംവരെ ജോലി ചെയ്തത്. പുലർച്ചെ നാലിന് എഴുന്നേറ്റ് പരിശീലനവും നടത്തും. ഒടുവിൽ മനംമടുത്താണ് അവിടെ നിന്ന് ഓടിപ്പോവുകയായിരുന്നു.

ഭോപ്പാലിലെത്തി സായിയിൽ ചേർന്നു. അവിടെ പഠിപ്പിക്കാനും ഭക്ഷണവും കിറ്റുമൊക്കെ കൊടുക്കാൻ പഴയ ഒളിമ്പ്യൻ ബസന്ത് ബഹാദൂർ റാണയെന്ന രക്ഷകനുണ്ടായിരുന്നു. ഇതോടെ ജീവിതം അടിമുടി മാറി. ജീവിതത്തിൽ അറിയപ്പെടുന്ന ഒരാളാവണമെന്ന അമ്മയുടെ ഉപദേശമായിരുന്നു കരുത്ത്. ദീർഘദൂര ഓട്ടത്തിലെ അത്ഭുതബാലൻ ബുധിയസിങ്ങിനെ കുറിച്ചുള്ള സിനിമ കൂടുതൽ പ്രചോദനമായി. രാം ബാബു പിന്നെ ട്രാക്കിലും റോഡിലും കത്തിക്കയറി. 

ഇന്ത്യയുടെ മുൻനിര നടത്തക്കാരനായി. കോവിഡ് കാരണം സായി ക്യാമ്പ് അടച്ചതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. പരിശീലന പാഠങ്ങൾ പരിശീലകൻ വാട്സാപ്പ് വഴി അയച്ചുകൊടുത്തു. പരിശീലനത്തിനോ ജിമ്മിനോ പിന്നാക്ക ഗ്രാമമായ ബാവുറിൽ സൗകര്യമില്ല. വീട്ടിൽ വൈദ്യുതി എത്തിയതു തന്നെ കഴിഞ്ഞ വർഷം. പകരം രാം ബാബു മറ്റൊന്ന് ചെയ്തു.

രാം ബാബു

അച്ഛനും അമ്മയ്ക്കുമൊപ്പം തൊഴിലുറപ്പ് പണിക്ക് ചേർന്നു. അവർക്കൊപ്പം കൊടുംചൂടിൽ കുളംകുത്തി, റോഡുണ്ടാക്കി. ദിവസം മുന്നൂറ് രൂപയോളം സമ്പാദിച്ചു. കഴിഞ്ഞ വർഷം റാഞ്ചിയിൽ ദേശീയ റേസ് വാക്കിങ് ചാമ്പ്യൻഷിപ്പിൽ 50 കിലോമീറ്റർ നടത്തത്തിൽ വെള്ളി നേടിക്കൊണ്ടായിരുന്നു തിരിച്ചുവരവ്. റേസ് വാക്കിങ് ലോകകപ്പിലും പങ്കെടുത്തു. ഇപ്പോഴിതാ ദേശീയ ഗെയിംസിലും വീണ്ടും ദേശീയ റെക്കോഡ് തിരുത്തിയിരിക്കുന്നു. ജുനെദ് ഖാന്റെ റെക്കോഡാണ് രാംബാബു 2 മണിക്കൂറും 36.34 മിനിറ്റും കൊണ്ട് നടന്നെത്തി തിരുത്തിയത്. ജുനെദ് ഖാനാണ് വെള്ളി.

ഒരു തൊഴിലാണ് രാംബാബുവിന്റെ ഏറ്റവും വലിയ ആഗ്രഹം. അഗ്നിവീരനാവാൻ അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ്. ദേശീയ ചാമ്പ്യൻഷിപ്പിലെ മെഡലിന് യുപി. സർക്കാർ വാഗ്ദാനം ചെയത് ആറ് ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. ദേശീയ ഗെയിംസിനും അവർ ആറ് ലക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതും കിട്ടണം. വലിയ ദൂരം താണ്ടുമ്പോഴും ചെറിയ ആഗ്രഹങ്ങളേ ഉള്ളൂ ഈ രാംബാബുവിന്റെ മനസ്സിൽ.


 

Content Highlights: ram babu-national games