പ്രതീക്ഷയുണ്ട്, വെല്ലുവിളിയും - ശ്രീശങ്കര്‍

അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നൊരു മത്സരമാണ് പുരുഷന്മാരുടെ ലോംഗ്ജമ്പ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ എം. ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കില്ലെന്ന ശുഭപ്രതീക്ഷയിലാണ് കേരളം. ഈ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്ന് പറയുന്നു ദേശീയ റെക്കോഡുകാരന്‍ കൂടിയായ ശ്രീശങ്കര്‍.
നല്ല പ്രതീക്ഷയുണ്ട്. ആത്മവിശ്വാസവുമുണ്ട്. എന്നാല്‍, ഇക്കുറി ദേശീയ ഗെയിംസില്‍ നല്ല വെല്ലുവിളിയും പ്രതീക്ഷിക്കുന്നുണ്ട്. ട്രിപ്പിള്‍ ജമ്പില്‍ പല മുന്‍നിര താരങ്ങളം വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ലോംഗ് ജമ്പില്‍ ഇന്ത്യയിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളും പങ്കെടുക്കുന്നുണ്ട്. തമിഴ്നാടിന്റെ ജസ്വിന്‍ ആല്‍ഡ്രിന്‍, കേരളത്തിന്റെ തന്നെ മുഹമ്മദ് അനീസ് യഹിയ എന്നിവരില്‍ നിന്നാണ് ഏറ്റവും വലിയ വെല്ലുവിളി പ്രതീക്ഷിക്കുന്നത്.
''വെല്ലുവിളി ഉണ്ടാവുന്നത് നല്ലതാണ്. വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഗുജറാത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അടുത്ത വര്‍ഷം ബുഡാപെസറ്റില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത ലഭിക്കും എന്നൊരു നേട്ടംകൂടിയുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടത്തിനുശേഷം നല്ല ആത്മവിശ്വാസമുണ്ട്. ബര്‍മിങ്ങാമില്‍ 8.08 മീറ്റര്‍ ചാടിയെങ്കിലും ഈ പ്രകടനം മൊണാക്കോ ഡയമണ്ട് ലീഗില്‍ ആവര്‍ത്തിക്കാനായില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷമുള്ള തുടര്‍ച്ചയായ യാത്രയും പേശിവേദനയും കാരണം അവിടെ 7.94 മീറ്റര്‍ മാത്രമാണ് ചാടാനായത്. എന്നാല്‍, ദേശീയ ഗെയിംസിന് മുന്നോടിയായി നല്ല വിശ്രമം ലഭിച്ചു. പരിശീലനത്തിനും യഥേഷ്ടം സമയം ലഭിച്ചു. പരിക്ക് അലട്ടുന്നില്ല. കൈയ്ക്കേറ്റ പരിക്ക് ഫെഡറേഷന്‍ കപ്പില്‍ പ്രശ്നമായിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടുണ്ട്.''- ശ്രീശങ്കര്‍ പറഞ്ഞു.
ഇക്കുറി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് മുഹമ്മദ് അനീസ് യഹിയയും പറയുന്നു. ''പരിക്കിന്റെ ചെറിയ വെല്ലുവിളിയുണ്ടെങ്കിലും അത് പ്രശ്നമാകില്ലെന്നാണ് കരുതുന്നത്. 8.15 മീറ്ററാണ് ചാടിയ മികച്ച ദൂരം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 7.97 മീറ്റര്‍ ചാടിയിട്ടുണ്ട്. ഇത് മെച്ചപ്പെടുത്താനാവുമെന്നാണ് കരുതുന്നത്.'' - മുഹമ്മദ് അനീസ് പറഞ്ഞു.
നിലവിലെ ദേശീയ റെക്കോഡ് ശ്രീശങ്കറിന്റെ പേരിലാണ്. 8.36 മീറ്ററാണ് മികച്ച ദൂരം. 8.04 മീറ്റര്‍ മാത്രമാണ് നിലവിലെ ഗെയിംസ് റെക്കോഡ്. ദേശീയ ഗെയിംസ് ലോംഗ്ജമ്പില്‍ കേരളം ഇതുവരെ രണ്ട് തവണ മാത്രമാണ് സ്വര്‍ണം നേടിയിട്ടുള്ളത്. 1987-ല്‍ പി.വി.വില്‍സണും 94-ല്‍ ശ്യാംകുമാറും.
Content Highlights: national games long jump there is hope and challenge says m Sreesankar