ദേശീയ ഗെയിംസ്; നീന്തല്‍ക്കുളത്തില്‍ വീണ്ടും സ്വര്‍ണ നേട്ടവുമായി സാജന്‍ പ്രകാശ്, ഗെയിംസ് റെക്കോഡും

രാജ്‌കോട്ട്: നീന്തലില്‍ കേരളത്തിനായി നാലാം മെഡല്‍ സ്വന്തമാക്കി സാജന്‍ പ്രകാശ്. ബുധനാഴ്ച നടന്ന പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സാജന്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. 1:59.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം ഗെയിംസ് റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. ഇത്തവണ സാജന്റെ രണ്ടാം സ്വര്‍ണ നേട്ടം കൂടിയാണിത്.
അസമിന്റെ ബിക്രം ചാങ്മായ് വെള്ളിയും ബംഗാളിന്റെ ദേബ്‌നാഥ് സാനു വെങ്കലവും നേടി.
നേരത്തെ പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലും താരം സ്വര്‍ണം നേടിയിരുന്നു. ചൊവ്വാഴ്ച നടന്ന പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ വെള്ളി നേടിയ സാജന്‍, 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.
Content Highlights: National Games 2022 Sajan Prakash wins gold again in swimming pool