ദേശീയ ഗെയിംസിന് സമാപനം; സാജന്‍ പ്രകാശ് മികച്ച പുരുഷ താരം

ദേശീയ ഗെയിംസില്‍ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ സാജന്‍ പ്രകാശും മികച്ച വനിതാ താരം കര്‍ണാടകയുടെ ഹഷിക രാമചന്ദ്രയും | Photo: mathrubhumi
ദേശീയ ഗെയിംസില്‍ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ സാജന്‍ പ്രകാശും മികച്ച വനിതാ താരം കര്‍ണാടകയുടെ ഹഷിക രാമചന്ദ്രയും | Photo: mathrubhumi

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിന് സമാപനം. 61 സ്വര്‍ണവും 35 വെള്ളിയും 32 വെങ്കലവുമടക്കം 128 മെഡലുകളോടെ സര്‍വീസസാണ് ഇത്തവണയും ഒന്നാമത്. 39 സ്വര്‍ണവും 38 വെള്ളിയും 63 വെങ്കലവുമടക്കം 140 മെഡലുകള്‍ നേടിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗെയിംസില്‍ 23 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവുമടക്കം കേരളത്തിന്റെ മെഡല്‍ നേട്ടം 54. ആറാം സ്ഥാനത്താണ് കേരളത്തിന് ഫിനിഷ് ചെയ്യാനായത്.

കേരളത്തിന്റെ സാജന്‍ പ്രകാശ് തുടര്‍ച്ചയായ രണ്ടാം തവണയും ദേശീയ ഗെയിംസിലെ മികച്ച പുരുഷതാരമായി. കര്‍ണാകത്തിന്റെ വനിതാ നീന്തല്‍താരം ഹഷിക രാമചന്ദ്രയാണ് മികച്ച വനിതാ താരം. അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമടക്കം എട്ടു മെഡലുകളോടെയാണ് സാജന്‍ മികച്ച താരമായത്. സൂറത്തിലായിരുന്നു 36-ാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങുകള്‍.

ഗെയിംസിന്റെ അവസാന ദിനം കേരളത്തിന്റെ പുഷ-വനിതാ വോളിബോള്‍ ടീമുകള്‍ ഇരട്ട സ്വര്‍ണം നേടി. ബുധനാഴ്ച നടന്ന പുരുഷ വിഭാഗം ഫൈനലില്‍ തമിഴ്നാടിനെ 3-0ന് തകര്‍ത്തായിരുന്നു കേരള ടീമിന്റെ സ്വര്‍ണ നേട്ടം. ആദ്യ സെറ്റ് 25-23ന് സ്വന്തമാക്കിയ കേരളം രണ്ടാം സെറ്റ് 28-26നും വിജയിച്ചു. മൂന്നാം സെറ്റില്‍ 27-25ന്റെ ജയത്തോടെ കേരളം ആധികാരികമായി സ്വര്‍ണ മെഡല്‍ സ്വന്തമാക്കുകയായിരുന്നു. വനിതാ വിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തകര്‍ത്തായിരുന്നു (3-0) കേരളത്തിന്റെ സ്വര്‍ണ നേട്ടം. ആദ്യ സെറ്റ് 25-22ന് കേരളം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 36-34 എന്ന സ്‌കോറിനായിരുന്നു ജയം. മൂന്നാം സെറ്റ് 25-19ന് സ്വന്തമാക്കിയ കേരള വനിതകള്‍ സ്വര്‍ണ മെഡലും സ്വന്തമാക്കിയാണ് മടങ്ങിയത്.

Content Highlights: National Games 2022 Closing Ceremony in Surat