ദേശീയ ഗെയിംസ്; ഫെന്‍സിങ്ങില്‍ കേരളത്തിന് മൂന്നാം മെഡല്‍; വനിതാ ബാസ്‌ക്കറ്റ് ബോളില്‍ സെമിയില്‍

അഹമ്മദാബാദ്: 36-ാം ദേശീയ ഗെയിംസില്‍ ഫെന്‍സിങ്ങില്‍ കേരളത്തിന് മൂന്നാമത്തെ മെഡല്‍. വുമണ്‍ എപ്പേ വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ ഗ്രേഷ്മ എം.എസ് മഹാരാഷ്ട്രയുടെ ദ്യനേശ്വരിയെ 15-13ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചതോടെയാണ് മെഡല്‍ ഉറപ്പിച്ചത്.
വനിതാ ബാസ്‌ക്കറ്റ് ബോളില്‍ 3 ഓണ്‍ 3-യിലും കേരളം സെമിയിലെത്തി. നോക്കൗട്ടില്‍ ഡല്‍ഹിയെ 21-11 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ സെമി പ്രവേശനം. സെമിയില്‍ കര്‍ണാടകയാണ് കേരളത്തിന്റെ എതിരാളികള്‍. അതേസമയം പുരുഷ 3 ഓണ്‍-3 യില്‍ കേരളം പുറത്തായി. വനിതാ 5 ഓണ്‍ 5-ല്‍ കേരളം ആസാമിനെ 100-26 എന്ന കൂറ്റന്‍ സ്‌കോറിന് തറപ്പറ്റിച്ചിരുന്നു. പുരുഷ 5 ഓണ്‍ 5-ല്‍ കേരളം ഹരിയാനയെ 83-66 ന് തോല്‍പ്പിച്ചു.
അതേസമയം ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഫൈനലില്‍ പ്രവേശിച്ച കേരളം മെഡല്‍ ഉറപ്പാക്കി. ഗുജറാത്തിനെ 3-1 ന് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. തിങ്കളാഴ്ചയാണ് ഫൈനല്‍.
ഇത്തവണത്തെ ദേശീയ ഗെയിംസ് ജിംനാസ്റ്റിക്‌സില്‍ കേരളം ആദ്യ മെഡല്‍ സ്വന്തമാക്കി. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ പോമ്മല്‍ ഹോഴ്‌സ് അപ്പാരറ്റസില്‍ ഹരികൃഷ്ണന്‍ ജെ.എസ് വെള്ളി മെഡല്‍ നേടി. രാജീവ്. ആര്‍ ആണ് പരിശീലകന്‍.
ദേശീയ ഗെയിംസില്‍ ആദ്യമായി വാള്‍ട്ടിങ് ടേബിളില്‍ ഫൈനലില്‍ പ്രവേശിച്ച് കേരളം ചരിത്രം കുറിച്ചു. മെഹറിന്‍ എസ്. സാജാണ് ഫൈനലില്‍ കടന്നത്. ഒളിമ്പ്യന്‍മാരോട് പൊരുതിയ മെഹറിന്‍ 7-ാം സ്ഥാനം കരസ്ഥമാക്കി. റോവിങ്ങില്‍ കേരളം രണ്ടു മെഡലുകള്‍ സ്വന്തമാക്കി. വനിതകളുടെ ഫോര്‍സില്‍ റോസ് മരിയ ജോഷി, വര്‍ഷ കെ.ബി, അശ്വതി പി.ബി, മീനാക്ഷി വി.എസ് എന്നിവരുടെ സംഘം സ്വര്‍ണ്ണവും വനിതകളുടെ പെയറില്‍ ആര്‍ച്ച. എയും അലീന ആന്റോയും വെള്ളി സ്വന്തമാക്കി.
Content Highlights: National Games 2022 3rd Medal for Kerala in Fencing