ദേശീയ ഗെയിംസ്: സാജന്‍ പ്രകാശിന് ട്രിപ്പിള്‍, ബാഡ്മിന്റണ്‍ ഡബിള്‍സില്‍ സ്വര്‍ണം

രാജ്‌കോട്ട്: കേരളത്തിന് ആശ്രയവും ആശ്വാസവും സാജന്‍ പ്രകാശ് തന്നെ. ദേശീയ ഗെയിംസ് നീന്തലില്‍ ഗോള്‍ഡന്‍ ട്രിപ്പിള്‍ തികച്ചിരിക്കുകയാണ് കേരളത്തിന്റെ ഈ ഗോള്‍ഡന്‍ ബോയ്. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ ഡബിള്‍സ് ടീമിന്റെ വകയാണ് മറ്റൊരു സ്വര്‍ണം. വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീം വെങ്കലവും നേടി. ഇതോടെ പതിമൂന്ന് സ്വര്‍ണവും പതിനഞ്ച് വെള്ളിയും പതിനൊന്ന് വെങ്കലവും അടക്കം 39 മെഡലായി കേരളത്തിന്. എട്ടാം സ്ഥാനത്താണ്.
മൂന്നാം സ്വര്‍ണത്തോടെ ഈ ഗെയിംസിലെ സാജന്റെ മൊത്തം മെഡല്‍സമ്പാദ്യം ആറായി. മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം. സ്റ്റാര്‍ട്ട് മുതല്‍ ഫിനിഷ് വരെ ആവേശം തുടിച്ചുനിന്ന പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സാജന്റെ മൂന്നാമത്തെ സ്വര്‍ണം. 25.10 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. നേരത്തേ 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതിന്റെ നിരാശ തീര്‍ക്കുന്നതായിരുന്നു നേട്ടം. 8:12.55 സെക്കന്‍ഡിലായിരുന്നു 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സാജന്‍ മൂന്നാമതായി ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ ഡബിള്‍സ് ബാഡ്മിന്റണ്‍ണില്‍ പി.എസ്. രവിശങ്കര്‍-ശങ്കര്‍പ്രസാദ് ഉദയകുമാര്‍ എന്നിവരടങ്ങുന്ന ടീം തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത് (21-19, 21-19). വനിതാ ബാസ്‌കറ്റ്‌ബോള്‍ വൈഫ് ഓണ്‍ വൈഫ് ടീം ലൂസേഴ്‌സ് ഫൈനലില്‍ മധ്യപ്രദേശിനെയാണ് തോല്‍പ്പിച്ചത് (75-62).
പുരുഷന്മാരുടെ ഫുട്‌ബോളില്‍ സെമി ഉറപ്പിച്ച കേരളം തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തില്‍ കേരളം മണിപ്പൂരിനെയാണ് തോല്‍പ്പിച്ചത് (3-2). മടക്കമില്ലാത്ത രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. നിജോ ഗില്‍ബര്‍ട്ട് ഇരട്ടഗോള്‍ നേടി. തൊണ്ണൂറാം മിനിറ്റില്‍ വിഷ്ണു വിജയഗോളും.
Content Highlights: national games, national games 2022, sajan prakash, swimmer sajan prakash, sports news, sports