കടുത്ത നിരാശയുണ്ട്, അപ്പയോട് എന്തു പറയുമെന്ന് അറിയില്ല - വേദാന്ത് മാധവൻ

രാജ്കോട്ട്: അച്ഛൻ വെള്ളിത്തിരയിലാണെങ്കിൽ മകൻ വെള്ളത്തിലെ താരമാണ്. എന്നാൽ, നടൻ മാധവന്റെ മകൻ വേദാന്ത് മാധവന് പ്രഥമ ദേശീയ ഗെയിംസിൽ നിരാശയാണ് ഫലം. ഡാനിഷ് ഓപ്പണിൽ ഇരട്ട മെഡൽ നേടുകയും ദേശീയ ജൂനിയർ റെക്കോഡ് ഭേദിക്കുകയും ചെയ്ത് താരമായ വേദാന്തിന് തന്റെ ഇഷ്ടയിനമായ 1500 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. കേരളത്തിന്റെ സജൻ പ്രകാശ് പിൻമാറിയതോടെ ദേശീയ ജൂനിയർ ചാമ്പ്യനായ വേദാന്തിന് മെഡലിലേയ്ക്കുള്ള വഴി എളുപ്പം തുറക്കുമെന്ന് കരുതിയെങ്കിലും തെറ്റി. വേദാന്തിന് അഞ്ചാമതായി ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. തുടർന്നു നടന്ന റിലേയിൽ വേദാന്ത് ഇറങ്ങിയിട്ടും മഹാരാഷ്ട്ര ടീം അഞ്ചാമതായി.
1500 മീറ്ററിലെ തന്റെ പ്രകടനത്തിൽ കടുത്ത നിരാശയാണുള്ളതെന്ന് വേദാന്ത് മാതൃഭൂമിയോട് പറഞ്ഞു. ''പെറുവിലെ ലിമയിൽ നടന്ന ലോക ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരാഴ്ച പോലും വിശ്രമം കിട്ടിയിരുന്നില്ല. നല്ല രീതിയിൽ ഒരുക്കങ്ങൾ നടത്താനും കഴിഞ്ഞില്ല. എന്നാലും ആദ്യ ദേശീയ ഗെയിംസ് ആയതിനാൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പ്രകടനം വളരെ മോശമായിപ്പോയി. സ്റ്റാർട്ട് മുതൽ തന്നെ വേഗത കൈവരിക്കാൻ കഴിഞ്ഞില്ല. അവസാന ലാപ്പുകളിൽ പിടിക്കാമെന്ന് കരുതിയെങ്കിലും അപ്പൊഴേയ്ക്കും എതിരാളികൾ വലിയ ലീഡ് എടുത്തുകഴിഞ്ഞിരുന്നു. വല്ലാത്ത സങ്കടവും നിരാശയുമുണ്ട് ഈ പ്രകടനത്തിൽ. അച്ഛനോട് വിവരം പറഞ്ഞിട്ടില്ല. രാത്രി വിളിക്കണം. എന്തു പറയും എന്നറിയില്ല. എങ്കിലും ഇനിയുള്ള മത്സരങ്ങളിൽ മെച്ചപ്പെടണം. പ്രതീക്ഷയുണ്ട്. ഇനി ഒരു ദിവസം കഴിഞ്ഞേ വ്യക്തിഗത മത്സരമുള്ളൂ''- വേദാന്ത് പറഞ്ഞു.
ജൂനിയർ നാഷണലിൽ നാല് സ്വർണവും മൂന്ന് വെള്ളിയും സ്വന്തമാക്കിയ വേദാന്ത് നാലു വർഷമായി ദുബായിയിൽ മലയാളിയായ ദേശീയ പരിശീലകൻ ദ്രേണാചാര്യ പ്രദീപ്കുമാറിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഉടനെ പഠനവും പരിശീലനവുമായി അമേരിക്കയിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
താരജാഡകളൊന്നുമില്ലാത്ത ഒരു സാധാരണ കുട്ടിയാണ് വേദാന്ത് എന്ന് കോച്ച് പ്രദീപ് പറയുന്നു. ''നല്ല ശരീരമാണ്. നല്ല കഴിവുമുണ്ട്. പക്വതക്കുറവാണ് പ്രശ്നം. അതുകൊണ്ടുതന്നെ ചിലപ്പോൾ ശ്രദ്ധയും പ്രശ്നമാവും. പിന്നെ താരങ്ങളുടെ കുട്ടികൾ നേരിടുന്ന സമ്മർദം വേദാന്തിനുമുണ്ട്. ഏതെങ്കിലുമൊരു മത്സരം വരുമ്പോൾ അമിതാഭ് ബച്ചൻ മുതലുള്ളവരുടെ ആശംസകൾ വരും. എല്ലാവരും ഉറ്റുനോക്കുകയും ചെയ്യും. ഇത് വലിയ തോതിൽ സമ്മർദമാവുന്നുണ്ട്. പിന്നെ മറ്റ് താരങ്ങളുടെ മക്കളുമായുള്ള താരതമ്യവുമെല്ലാം പ്രശ്നങ്ങളാണ്. എങ്കിലും നല്ല രീതിയിൽ വളർന്നുവരാവുന്ന ഒരു പ്രതിഭ തന്നെയാണ്.'' - പ്രദീപ് പറഞ്ഞു.
Content Highlights: Deeply disappointed Vedaant Madhavan after 1500 m freestyle performance