39 തികയുന്നതിലല്ല, 50 തികയാത്തതിലാണ് റിച്ചയുടെ ദു:ഖം

റിച്ച മിശ്ര | Photo: B.K Rajesh
റിച്ച മിശ്ര | Photo: B.K Rajesh

39 തികയുന്നതിലല്ല, 50 തികയാത്തതിലാണ് റിച്ചയുടെ ദു:ഖം. 39-ാം വയസ്സിൽ ആറാം ദേശീയ ഗെയിംസിൽ മാറ്റുരയ്ക്കാനെത്തുമ്പോൾ ഒരൊറ്റ സ്വപ്നമേ റിച്ച മിശ്ര എന്ന മധ്യപ്രദേശുകാരിക്ക് ഉണ്ടായിരുന്നുള്ളൂ. ഗെയിംസിലെ മെഡൽ സമ്പാദ്യത്തിൽ അര സെഞ്ചുറി തികയ്ക്കണം. അഞ്ച് ഗെയിംസിൽ നിന്നായി 48 മെഡലായിരുന്നു റിച്ചയ്ക്കുണ്ടായിരുന്നത്. ഇത്തവണത്തെ അവസാന മത്സരമായ 200 മീറ്റർ മെഡ്ലെ കഴിഞ്ഞ് കയറുമ്പോൾ ഈ സങ്കടമാണ് റിച്ചയ്ക്ക് ബാക്കിയായത്. അമ്പത് മെഡൽ എന്ന ചരിത്രനേട്ടം തികയ്ക്കാൻ ഒരൊറ്റ മെഡലിന്റെ കുറവ്. ഇക്കുറി ഒരൊറ്റ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു മെഡൽവേട്ടയിൽ റെക്കോഡിട്ട റിച്ചയ്ക്ക്. 400 മീറ്റർ മെഡ്ലെയിലായിരുന്നു വെള്ളിനേട്ടം. 200 മീറ്റർ മെഡ്ലെയിലും മെഡൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തന്നേക്കാൾ ഇരുപരുപതും ഇരുപത്തിരണ്ടും വയസ്സിന് ഇളപ്പമുള്ളവരോട് മത്സരിച്ച് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.

വിജയികൾക്കുള്ള സമ്മാനമായ വീഡിയോകോൺ വാഷിങ് മെഷീൻ കിട്ടിയാൽ അമ്മയ്ക്ക് ഉപകാരമാകുമെന്ന് കരുതി 1997 ബെംഗളൂരുവിലായിരുന്നു ദേശീയ ഗെയിംസിലെ റിച്ചയുടെ അരങ്ങേറ്റം, ചേച്ചിക്ക് പകരം റിലേ ടീമിൽ. വെങ്കലമായിരുന്നു ആദ്യനേട്ടം. പിന്നീട് മെഡൽ നേട്ടം ലഹരിയായി. പ്രായം മറന്നും പൊരുതിക്കൊണ്ടിരുന്നു. അതിശൈത്യം കാരണം 1999-ലെ ഇംഫാൽ ഗെയിംസിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. 2001 ലുധിയാന ഗെയിംസിൽ നീന്തൽ ഉണ്ടായതുമില്ല. പിന്നീട് 2002-ൽ ഹൈദരാബാദിൽ തിരിച്ചെത്തി. പിന്നെ മുടങ്ങിയതുമില്ല. അന്ന് ആറ് സ്വർണം, 2007 അസമിൽ എട്ട്, 2011 ജാർഖണ്ഡിൽ 11, 2015-ൽ തിരുവനന്തപുരത്ത് നാലും സ്വർണം. ഗെയിംസുകളിൽ മെഡൽ വാരുക മാത്രമല്ല, മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു ഈ ഗെയിംസിലൊക്കെ റിച്ച.

അടുത്ത ഗെയിംസിൽ അമ്പത് തികയ്ക്കുമെന്ന് ഉറപ്പിച്ചു നിൽക്കുമ്പോഴാണ് ഗെയിംസ് തന്നെ അനിശ്ചിതത്വത്തിലായത്. കോവിഡ് കൂടി രംഗപ്രവേശം ചെയ്തതോടെ ഏഴു വർഷം ഒഴുകിപ്പോയി. റിച്ചയ്ക്ക് 39 വയസ്സുമായി. എന്നിട്ടും തളർന്നില്ല. ഒപ്പം മത്സരിച്ചവർ ഏറെയും കുടുംബിനികളോ പരിശീലകരോ ആയി കളം വിട്ടിട്ടും താൻ മത്സരിക്കുമ്പോൾ ജനിക്കുക കൂടി ചെയ്യാത്തവർക്കൊപ്പം അരക്കൈ നോക്കാൻ തന്നെ ചങ്കൂറ്റത്തോടെ ഇറങ്ങി റിച്ച.

അഞ്ചാം വയസ്സിൽ അച്ഛൻ പിടിച്ചിട്ടതാണ് റിച്ചയെ നീന്തൽക്കുളത്തിൽ. ചേച്ചി ചാരുവന് ലഭിച്ച ഇരുന്നൂറ് രൂപ പ്രൈസ്മണി പ്രചോദനമായതോടെ മുഴുവൻസമയ നീന്തൽക്കാരിയായി. ചെറിയ ജോലി കൊണ്ട് മൂന്ന് പെൺമക്കളെ പോറ്റാൻ പാടുപെടുന്ന കാലത്ത് താങ്ങാവുന്നതായിരുന്നില്ല പരിശീലനച്ചെലവ്. എന്നിട്ടും അച്ഛൻ മകളുടെ സ്വപ്നങ്ങൾക്കൊപ്പം നിന്നു. അവൾ കഷ്ടപ്പാടിന്റെ കുത്തൊഴുക്കുകൾക്കെതിരേ നീന്തിക്കയറി. ഓരോ തവണയും ഓരോ മെഡലുമായി. ചേച്ചിക്കും അനിയത്തിക്കും സി.ആർ.പി.എഫിൽ ജോലി ലഭിച്ചതോടെയാണ് കാര്യങ്ങൾ പേരിനെങ്കിലും മാറിയത്. പിന്നീടുള്ള രണ്ടു പതിറ്റാണ്ടുകാലത്തെ കഥ വീട്ടിലെ ചില്ലലമാര നിറഞ്ഞ സ്വർണ, വെള്ളി, വെങ്കല മെഡലുകൾ പറയും. ഒപ്പം നീന്തിയിരുന്നവരൊക്കെ കുടുംബിനികളായി കരയ്ക്കുകയറി. താൻ ആദ്യമായി കുളത്തിലിറങ്ങുമ്പോൾ ജനിക്കുക പോലും ചെയ്യാത്തവർ കളമടക്കി വാഴാൻ എത്തുകയും ചെയ്തു. റിച്ച അവരോടും മത്സരിച്ചുകൊണ്ടിരുന്നു. മെഡൽ വാരുകയും ചെയ്തു. ഇക്കഴിഞ്ഞ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ 39-ാം വയസ്സിൽ റിച്ച സ്വർണമണിഞ്ഞത് 19-കാരി ശ്രുംഗി ഭണ്ഡേക്കറെ തോൽപിച്ചാണ്.

അമ്പത് മെഡൽ തികയ്ക്കാനാവാത്തതിൽ തീരാത്ത സങ്കടമുണ്ട്. എങ്കിലും വെറും കൈയോടെയല്ലല്ലോ ഞാൻ മടങ്ങുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഗെയിസ് വീണ്ടും നടക്കുകയാണെങ്കിൽ ഞാൻ ഒരങ്കത്തിന് കൂടി ഇറങ്ങും. മെഡൽ നേടുമെന്ന ആത്മവിശ്വാസവുമുണ്ട്. ''ഇക്കുറി അമ്പത് മെഡൽ തികയ്ക്കാത്തതിന് ഞാൻ തന്നെയാണ് കാരണം. ഈ ഗെയിംസിന് വേണ്ടത്ര പരിശീലനം നടത്താൻ കഴിഞ്ഞില്ല. പോരാത്തതിന് തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ഒരു പരിശീലകനുമുണ്ടായില്ല. മുപ്പത്ത് വയസ്സായി എന്ന ചിന്തയൊന്നും എനിക്കില്ല. പ്രായം ഒരു യാഥാർഥ്യമാണല്ലോ. അത് നമുക്ക് പിടിച്ചുനിർത്താൻ പറ്റില്ല. ഇപ്പോഴും മത്സരിക്കാനുള്ള ആരോഗ്യമുണ്ട്. മനസ്സുമുണ്ട്. പരിശീലനം മുടക്കാറുമില്ല. അതുകൊണ്ടു തന്നെ വിരമിക്കലിനെ കുറിച്ച് ഒരിക്കൽപ്പോലും ചിന്തിക്കുന്നില്ല. മത്സരിക്കാൻ മനസ് പറയുമ്പോൾ ഞാൻ എന്തിന് വിരമിക്കണം. ഇനി അടുത്ത ദേശീയ ചാമ്പ്യൻഷിപ്പിനുവേണ്ടി ഒരുങ്ങണം. ഇത്തവണത്തെ നഷ്ടം ഇവിടെ തന്നെ മറക്കും. ഉടനെ തിരിച്ചുവരികയും ചെയ്യും. ഇനിയും ഒരു പത്ത് വർഷമെങ്കിലും മത്സരിക്കാമെന്ന ആത്മവിശ്വാസമുണ്ട്''. - റിച്ച മത്സരശേഷം പറഞ്ഞു.

Content Highlights: At 39 Richa Mishra is still having a splash in the pool