കണ്ണുവേദന, തലവേദന, കാഴ്ചമങ്ങൽ; അറിയാം കംപ്യൂട്ടർ വിഷൻ സിൻഡ്രമിനെ

കണ്ണിനുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾക്ക് മിക്കവരും വലിയ പ്രാധാന്യം കൊടുക്കുന്നില്ല. കുട്ടികൾ പരാതിപ്പെട്ടാൽത്തന്നെ കൂടുതൽ സമയം സ്‌ക്രീനിൽ നോക്കിയിരിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് എന്നു പറഞ്ഞ് രക്ഷിതാക്കൾ ഒഴിവാക്കുന്നു. ഇക്കാര്യത്തിൽ ശരിയായ സമയത്ത് ചികിത്സ തേടാതിരിക്കുന്നത് അപകടമാണ്.
കംപ്യൂട്ടർ വിഷൻ സിൻഡ്രോം
ദീർഘനേരം കംപ്യൂട്ടർ സ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ കണ്ണിലും കാഴ്ചയിലും ഉണ്ടാകുന്ന അസ്വസ്ഥത. കണ്ണുവേദന. തലവേദന, കാഴ്ചമങ്ങൽ, കണ്ണെരിച്ചിൽ, കണ്ണ് വരളുക എന്നിവ ലക്ഷണങ്ങൾ. കണ്ണിന്റെ പേശികൾക്ക് ഉണ്ടാവുന്ന ക്ഷീണവും നനവ് കുറയുന്നതുമാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
- തുടർച്ചയായി സ്‌ക്രീനിൽ നോക്കിയിരിക്കരുത്. ഒരു മിനിറ്റിൽ 16 മുതൽ 20 തവണ വരെ കൺപോളകൾ ചിമ്മും. സ്‌ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കുമ്പോൾ കണ്ണിമ ചിമ്മുന്നത് കുറയും. ഇത് കണ്ണുകൾ വരളാൻ കാരണമാകും.
- ഉപകരണങ്ങൾ വെക്കുന്ന ഉയരം ശ്രദ്ധിക്കണം. കട്ടിലിൽ കിടന്നും കസേരയിൽ ചാരിക്കിടന്നും സ്‌ക്രീനിലേക്ക് നോക്കരുത്.
- ഓരോ 20 മിനിറ്റിനിടയിലും 20 അടി പിറകോട്ടു മാറി 20 തവണ കണ്ണടച്ച് തുറക്കുക. കണ്ണിന്റെ ആയാസം കുറയ്ക്കാനാണിത്.
- മുറിയിലെ വെളിച്ചം വളരെ പ്രധാനം. വെളിച്ചം കുറവുള്ള മുറി ഓൺലൈൻ പഠനത്തിന് തിരഞ്ഞെടുക്കരുത്. പിന്നിൽ നിന്നോ മുന്നിൽ നിന്നോ ഉള്ള വെളിച്ചം നല്ലതല്ല. ഇരിപ്പിടത്തിന്റെ വശങ്ങളിൽനിന്ന് സ്‌ക്രീനിലേക്ക് വെളിച്ചം എത്തുന്നതാണ് ശരിയായ രീതി.
- നാലു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് അര മണിക്കൂറും എട്ടു മുതൽ പത്തു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂറുമാണ് ആരോഗ്യപ്രദമായ ഓൺസ്‌ക്രീൻ സമയം.
- തുടർച്ചയായി ഒരേ ഇടത്തേക്കു തന്നെ നോക്കിയിരിക്കുന്നത് കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും. ഇടയ്ക്കിടെ ദൃഷ്ടി മാറ്റുക. നല്ല വെളിച്ചമുള്ളിടത്തേക്കും പച്ചപ്പുള്ളിടത്തേക്കും നോക്കുക. ക്ഷീണം അനുഭവപ്പെടുമ്പോൾ ഇത് ആവർത്തിക്കണം.
- സ്‌ക്രീനിലെ അക്ഷരങ്ങൾ തീരെ ചെറുതാവരുത്.
- പേശികളുടെ ആയാസം കുറയ്ക്കാൻ ഇരിക്കുന്ന മുറിയുടെ പുറത്തേക്കു നോക്കി കാണുന്ന വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് കണ്ണിന്റെ പേശികൾക്ക് വഴക്കം നൽകും.
- കണ്ണിനാവശ്യമായ എല്ലാ വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കുക.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ദീപ എം.ജി.
നേത്രരോഗ വിദഗ്ദ്ധ
കളമശ്ശേരി മെഡിക്കൽ കോളേജ്
Content Highlights: what is computer vision syndrome, national eye donation fortnight