മലയാളത്തിന്റെ അക്ഷരസുകൃതത്തിന് പ്രണാമം; എം.ടി. ഇനി ഓര്‍മ | M.T. Vasudevan Nair
എം.ടി.വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച രണ്ടക്ഷരം. തലമുറകളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുവാങ്ങിയ മലയാളത്തിന്റെ കഥാകാരന്‍. എഴുത്തുകാരന്‍, പത്രാധിപര്‍, ചലച്ചിത്രകാരന്‍, നാടകകൃത്ത്...കര്‍മ്മ മേഖലകളിലെല്ലാം തിളങ്ങിയ അപൂര്‍വവ്യക്തിത്വം.
1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും നാലാണ്‍മക്കളില്‍ ഇളയവനായിട്ടായിരുന്നു എം.ടിയുടെ ജനനം. മലമക്കാവ് എലിമെന്ററി സ്‌കൂളിലേയും കുമരനെല്ലൂര്‍ ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എം.ടിയുടെ തന്നെ കഥകളില്‍ പറയുംപോലെ ഇല്ലായ്മകളും വല്ലായ്മകളും ആവോളമനുഭവിച്ച ബാല്യം. അതേ ഇല്ലായ്മ തന്നെ ഒരിക്കല്‍ എം.ടിയുടെ പഠിപ്പ് മുടക്കി. പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും ഒരു കൊല്ലം കാത്തിരിക്കേണ്ടി വന്നു എം.ടിക്ക് കോളേജിന്റെ പടി കയറാന്‍. 1949-ല്‍ പാലക്കാട് വിക്ടോറിയ കോളജില്‍ ചേര്‍ന്നു. സ്‌കൂള്‍ കാലം മുതലേ എഴുതിത്തുടങ്ങിയ എം.ടി ആദ്യമായി ഒരു കഥാസമാഹാരം പുറത്തിറക്കുന്നതും അക്കാലത്താണ്. കൂട്ടുകാരും സഹപാഠികളും ചേര്‍ന്നാണ് രക്തം പുരണ്ട മണ്‍തരികള്‍ എന്ന ആ കഥാസമാഹാരം പുറത്തിറക്കുന്നത്.
1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി അധ്യാപക ജോലിയില്‍ പ്രവേശിച്ചു. ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി 1953 ല്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെയാണ് എം.ടി.സാഹിത്യരംഗത്ത് ശ്രദ്ധേയനാവുന്നത്. 1956ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി. സജീവ സാഹിത്യകാരനായി എം.ടി മാറുന്ന ആ കാലത്താണ് 'പാതിരാവും പകല്‍വെളിച്ചവും'എന്ന ആദ്യനോവല്‍ ഖണ്ഡശയായി പ്രസിദ്ധീകരിക്കപ്പെടുന്നത്.
1958ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'നാലുകെട്ട്' ആണ് പുസ്തക രൂപത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ നോവല്‍. തകരുന്ന നായര്‍ത്തറവാടുകളിലെ വൈകാരിക പ്രശ്നങ്ങളും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന ക്ഷുഭിതയൗവ്വനങ്ങളുടെയും കഥ പറഞ്ഞ നോവല്‍ 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നേടി. 26-ാം വയസില്‍. തനിക്ക് ചുറ്റുമുള്ള ജീവിതപരിസരങ്ങളെ എം.ടി കഥകളാക്കി. ഏകാന്തതയുടെ കൂട്ടില്‍ പിറന്ന അവയോരോന്നും കാലാതിവര്‍ത്തികളായ രചനകളായി.
'കാലം', 'അസുരവിത്ത്, 'വിലാപയാത്ര', 'മഞ്ഞ്, എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്, 'രണ്ടാമൂഴം' ഒപ്പം നിരവധി ചെറുകഥകളും നോവലെറ്റുകളും. 1984ല്‍ ആണ് ഭീമനെ കേന്ദ്രകഥാപാത്രമാക്കി 'രണ്ടാമൂഴം' പ്രസിദ്ധീകരിക്കുന്നത്. മഹാഭാരതകഥയിലെ പല ഏടുകളും ഭീമനിലൂടെ കാണുകയായിരുന്നു ഓരോ വായനക്കാരനും. 'തൊണ്ണൂറുകളിലാണ് 'വാരണാസി' പുറത്തുവന്നത്.
സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു എം.ടിക്ക് സിനിമാജീവിതവും. 1964-65 കാലഘട്ടത്തില്‍ സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി മലയാളസിനിമയിലെത്തുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാളചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ 70 ചലച്ചിത്രങ്ങളാണ് അദ്ദേഹം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. നാലു തവണ മികച്ച തിരക്കഥയ്്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. 1973ല്‍ അദ്ദേഹം സംവിധാനം ചെയ്ത നിര്‍മാല്യം രാഷ്ട്രപതിയുടെ സ്വര്‍ണ്ണപതക്കം നേടി. നിര്‍മാല്യത്തിന് ശേഷം ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നിങ്ങനെ അഞ്ച് ചിത്രങ്ങള്‍ക്ക് കൂടി അദ്ദേഹം സംവിധായകനായി. എം.ടി-ഹരിഹരന്‍ ക്ലാസിക് കൂട്ടുകെട്ട് മലയാളസിനിമക്ക് ഒട്ടേറെ മനോഹരവിജയചിത്രങ്ങള്‍ സമ്മാനിച്ചു. ഏറ്റവുമൊടുവില്‍ തിരഞ്ഞെടുത്ത ഒമ്പത് കഥകള്‍ കോര്‍ത്തിണക്കി മനോരഥങ്ങള്‍.
1970-ല്‍ കാലത്തിന് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1984ല്‍ രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡും ലഭിച്ചു. 1995ല്‍ രണ്ടാമൂഴത്തിലൂടെ രാഷ്ട്രം ജ്ഞാനപീഠം നല്‍കി ആദരിച്ചു. 2005-ല്‍ പത്മഭൂഷണ്‍ ബഹുമതിയും മാതൃഭൂമി സാഹിത്യപുരസ്‌കാരവും 2011 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടി. ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, പ്രഥമ കേരളജ്യോതി തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
1968ല്‍ എം.ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ചുമതലയേറ്റു. 1981ല്‍ ആ സ്ഥാനം രാജി വെച്ച അദ്ദേഹം 1989 ല്‍ പീരിയോഡിക്കല്‍സ് എഡിറ്ററായി മാതൃഭൂമിയില്‍ തിരികെ എത്തി. മാതൃഭൂമിയില്‍ നിന്നു 1999 ല്‍ വിരമിച്ച ശേഷം കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മഗാന്ധി സര്‍വ്വകലാശാലയും അദ്ദേഹത്തിനു് ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. എം.ടിയെപ്പോലെ എം.ടി മാത്രം.
Content Highlights: M.T. Vasudevan Nair`s life and career, awards and recognitions, notable works