'ഒന്നുമെഴുതിയിട്ടില്ലാത്ത എനിക്കിതെങ്ങനെ സാധിക്കും?; എഴുതാന്‍ പ്രേരണയായത് എം.ടി.'

ഞങ്ങള്‍ നാലു മക്കളുടേയും സ്‌കൂള്‍ ജീവിതം കുറച്ചുകാലം നാലപ്പാട്ട് താമസിച്ചാവണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. വേനലവധികളും നാലപ്പാട്ടു തന്നെ. അന്ന് പുന്നയൂര്‍ക്കുളത്ത് നല്ല സ്‌കൂളുകളോ, റോഡുകളോ, വൈദ്യുതിയോ ഇല്ലായിരുന്നു. അതിനാല്‍ ഞങ്ങള്‍ നാലപ്പാട്ടും ഹോസ്റ്റലുകളിലുമായി താമസിച്ചാണ് പഠിച്ചത്.
ജ്യേഷ്ഠത്തി കമല തൃശ്ശൂരിലെ സെന്റ് ജോസഫ്‌സ് ലാറ്റിന്‍ കോണ്‍വെന്റില്‍ പഠിച്ചു. ഞാന്‍ ഗുരുവായൂരില്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിലായിരുന്നു. താമസം ഹോസ്റ്റലില്‍ത്തന്നെ. പക്ഷെ വെള്ളിയാഴ്ച വൈകുന്നേരം ക്ലാസുകഴിഞ്ഞ് ആറു മൈല്‍ നാലപ്പാട്ടേക്കും, തിങ്കള്‍ അതിരാവിലെ പുറപ്പെട്ട് ഹോസ്റ്റലിലേക്കും നടക്കും. ഞങ്ങള്‍ ആറോ ഏഴോ പേരുണ്ട് ഈ യാത്രക്ക്. കാലത്ത് ആറ് മണിക്കിറങ്ങിയാല്‍ ഒമ്പതിനു മുന്‍പ് സ്‌കൂളിലെത്തും.
വെള്ളിയാഴ്ച നാലാപ്പാട്ടെത്തുമ്പോള്‍ സന്ധ്യയാവും. അമ്മാമന്‍ ചൊവ്വാഴ്ച വന്ന മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് എനിക്കായെടുത്തു വെച്ചിരിക്കും. ഞാന്‍, ആനവാരി രാമന്‍നായര്‍, ഉമ്മാച്ചു, കുട്ടിയെ അന്വേഷിച്ച് ചിലമ്പൊലിയുയര്‍ത്തി വീടുകള്‍ കയറിയിറങ്ങുന്ന കരിംപൂതം, കാലുകള്‍ ഛേദിക്കപ്പെട്ട് കാട്ടില്‍ക്കിടക്കുന്ന വാസവദത്ത മുതലായവരെ പരിചയപ്പെട്ട് തരംപോലെ കരയുകയും ചിരിക്കുകയുമൊക്കെ ചെയ്തു.
ആമിയോപ്പുവിന്റെ കാര്യം വ്യത്യസ്തമാണ്. ഒമ്പതാം വയസ്സില്‍ കമലയുടെ കൊച്ചുകൈയില്‍ അമ്മാമന്‍ വെച്ചുകൊടുത്തത് വാള്‍ട്ട് വിറ്റ്മാന്റെ ലീവ്‌സ് ഒഫ് ഗ്രാസ്സ്. ആമിയോപ്പു കൂടുതല്‍ വായിച്ചത് ചാള്‍സ് ഡിക്കന്‍സ്, ടെര്‍ജനീവ്, ടോള്‍സ്റ്റോയ്, ഓസ്‌കര്‍ വൈല്‍ഡ് ഒക്കെയായിരുന്നു. ഏട്ടത്തി കൂടുതല്‍ പഠിച്ചതും കല്‍ക്കത്തയിലായിരുന്നുവല്ലോ.
ആ കാലമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ നാലുപേരും നാലുവഴിക്കു പോയി. ഞാനും എന്റെ ഭര്‍ത്താവ് ഉണ്ണിയും 1994-ല്‍ ടാറ്റയുടെ തേയിലത്തോട്ടങ്ങളിലെ ജോലിയില്‍നിന്നു വിരമിച്ച് എറണാകുളത്തു താമസമാക്കി. കല്‍ക്കത്തയിലെ കുട്ടിക്കാലത്തിനുശേഷം ജീവിതത്തിലാദ്യമായി ഞങ്ങള്‍ മൂന്നുപേരും ഒരേ നഗരത്തിലെത്തിച്ചേര്‍ന്നു. അതുകൊണ്ട് അമ്മയെ 10 കൊല്ലം കൂടെത്താമസിപ്പിക്കാനുള്ള ഭാഗ്യം എനിക്കുകിട്ടി.
എനിക്ക് എഴുത്തിന്റെ അസുഖം അതുവരെയില്ലായിരുന്നു. പിന്നീട് തുടങ്ങിയതാണ്. അതിനുപിന്നില്‍ എം.ടി.യാണെന്ന് പറയട്ടെ. അമ്മയ്ക്ക് 1995-ല്‍ സരസ്വതി സമ്മാന്‍ കിട്ടി. ബാലാമണിയമ്മയുള്ളിടത്തേക്ക് സരസ്വതി വരാതിരിക്കുന്നതെങ്ങിനെ!
ഒരു ദിവസം, കോഴിക്കോട്ടെ മാതൃഭൂമി ഓഫീസില്‍ നിന്ന് സഹദേവനാണ് എന്നുപറഞ്ഞ് ഒരു ഫോണ്‍ വന്നു, അമ്മയെക്കുറിച്ച് എന്തെങ്കിലും എഴുതരുതോ എന്നുചോദിച്ചു. ഞാന്‍ വേഗം പറഞ്ഞു: 'വീടു തെറ്റീട്ടോ, സുലുവാണിത്'. എഡിറ്ററുടെ മറുപടി; 'സുലുവിനെ വിളിക്കാന്‍ തന്നെയാണ്' പറഞ്ഞത് എന്നായിരുന്നു.
അതുവരെ ഒന്നുമെഴുതിയിട്ടില്ലാത്ത എനിക്കിതെങ്ങനെ സാധിക്കുമെന്ന് പേടി തോന്നി. പിന്നീട് രണ്ടും കല്‍പിച്ച് കുറേയെന്തൊക്കെയോ എഴുതുകയും ചെയ്തു. പിന്നീട് ഞാനെഴുതിയ 'എന്റെ ജേൃഷ്ഠത്തി കമല' എന്ന പുസ്തകം തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍വെച്ച് പ്രകാശനം ചെയ്തത് എം.ടി തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം 'രമണീയം ഒരു കാലം' എന്ന പുസ്തകത്തില്‍ എന്റെ അച്ഛനെക്കുറിച്ച് എം.ടി. എഴുതിയ ലേഖനം വായിച്ചു, കുറച്ചുകരഞ്ഞു.
Content Highlights: Sulochana Nalapat writes about M.T. Vasudevan nair