എം.ടി പറഞ്ഞു: 'ബീച്ചില്‍ ശ്രദ്ധിക്കണം വലിയ ആള്‍ക്കൂട്ടമാണ്; ചെറുതായി പാളിയാല്‍...'

ആദ്യമറിഞ്ഞ എം.ടി ഒരു വിദൂര താരമായിരുന്നു .അഭൗമമായ പ്രകാശം ചൊരിഞ്ഞ് ഇളം ഭാവനകളെ സദാ തിളക്കമുള്ളതാക്കിയ ആ എഴുത്തുകള്‍ ഞങ്ങളുടെ കുട്ടിക്കാലത്തെ ഏറെ മുതിര്‍ന്നതാക്കി.അപ്പുവായും സേതുവായും സ്വയം പരിണമിച്ചുണ്ടായ പക്വതയുടെ അനാര്‍ഭാടമായ ഭാരത്താല്‍ കുട്ടിത്തത്തിന്റെ നിഷ്‌കളങ്കമായ അതിര്‍ത്തികള്‍ തകര്‍ന്നു.വയറുവേദനയെക്കാള്‍,തലവേദനയേക്കാള്‍ മാരകമായ വേദനകളുടെ മഹദ് ലോകം ആ വെളിച്ചത്തില്‍ കൂടുതല്‍ മുഗ്ദ്ധമായി.അതിന്റെ ആനന്ദത്താലും ദുഃഖത്താലും ഞങ്ങള്‍ രഹസ്യോന്മാദികളായി.പ്രണയം എന്തെന്നറിയുന്നതിന് മുന്നേ കടുത്ത കാമുകത്വം ഞങ്ങളെ അരൂപ സൗന്ദര്യങ്ങളുടെ കാത്തിരിപ്പുകാരാക്കി.തളിര്‍ മീശ പൊടിയും മുന്‍പേ നാമ്പിടാന്‍ വെമ്പിയ കാമവും കുതറി സ്വാതന്ത്രമാവാനാവാത്ത ധിക്കാരവും അറിഞ്ഞതും അറിയാത്തതുമായ ലോകത്തോടുള്ള അമര്‍ഷവും എല്ലാം പിടിച്ചടക്കാനുള്ള നിര്‍ബന്ധിത ഇച്ഛാശക്തിയും ചേര്‍ന്ന് കുഴമറിച്ചിട്ട കൗമാരഭൂമികയ്ക്കുമേല്‍ എം ടി അതിശയകരമായ ഒരാകാശമായി നിറഞ്ഞു.നിരാശാഭരിതമായ ഒരപൂര്‍വ്വാലസ്യത്തിന്റെ നേര്‍ത്ത മൂടുപടത്തിനുള്ളില്‍ ഞാന്‍ എന്നെക്കാള്‍ വലുതാവാന്‍ വെമ്പി.
'നിന്റെ ഓര്‍മയ്ക്ക് 'എന്ന കഥയാണ് എന്റെ ആദ്യ എം ടി വായന.കണ്ണീരാലും ഗദ്ഗദത്താലും ഇടമുറിഞ്ഞ വായനക്കൊടുവില്‍ ഞാന്‍ നിര്‍ത്താതെ കരഞ്ഞു.വീണ്ടും വീണ്ടും വായിച്ച് വീണ്ടും വീണ്ടും കരഞ്ഞു.വിശേഷപ്പെട്ട ആ റബ്ബര്‍മൂങ്ങയെ വാസുവിന് സമ്മാനിച്ച് അച്ഛനൊപ്പം തറവാടിന്റെ പടിയിറങ്ങിപ്പോവേണ്ടി വന്ന ലീലയും ലീലയെ ഓര്‍ത്തു വിതുമ്പുന്ന വാസുവും എന്റെ ഉള്ളില്‍ നീറ്റലായി.പിന്നീട് ' പഥേര്‍ പാഞ്ചാലി'യിലെ അപ്പുവും ദുര്‍ഗ്ഗയും ഹൃദയം കീറിപ്പറിക്കും വരെ വാസുവും ലീലയും എന്റെ കണ്ണീര്‍ ഗ്രന്ഥികളുടെ നിയന്ത്രണാധികാരം തുടര്‍ന്നു. അന്നൊന്നും അറിയില്ലായിരുന്നു ,വാസു എഴുത്തുകാരനായ എം ടി ആണെന്നും ലീല അദ്ദേഹത്തിന്റെ ജീവിതത്തിലെ അപരിഹാര്യമായ ഒരു സങ്കടക്കടലാണെന്നും.പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ' ഒരു കഥ എഴുതി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ കരഞ്ഞിട്ടുള്ളത്, അതാണ് 'നിന്റെ ഓര്‍മ്മയ്ക്ക് ''എന്ന് എം ടി എഴുതിയത് വായിച്ചപ്പോള്‍ ഞാന്‍ തൂവിയ കണ്ണീരിന് ഒരര്‍ത്ഥമുണ്ടായതായി വെറുതെ സമാധാനിച്ചു.
കഥാകൃത്ത്,നോവലിസ്റ്റ്,തിരക്കഥാകൃത്ത്,സംവിധായകന്‍,നാടകകൃത്ത്,പത്രാധിപര്‍,പ്രഭാഷകന്‍ എന്നിങ്ങനെ പകിട്ടാര്‍ന്ന പല പല വേഷങ്ങള്‍ വിജയകരമായ ആഘോഷമാക്കിയ മഹാപ്രതിഭയോടുള്ള ആദരം നിറഞ്ഞ ആരാധനയായിരുന്നു ജീവിതത്തിലെ ആദ്യത്തെ താരാരാധന. ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും മഞ്ഞിലെ വിമലയും കാലത്തിലെ സേതുവും മുതല്‍ സങ്കല്പങ്ങളെ കടപുഴക്കിയ കഥാപാത്രങ്ങള്‍ക്കൊപ്പമലഞ്ഞ രാപ്പകലുകള്‍ എം ടിയില്‍ പുലര്‍ന്നസ്തമിച്ചു.ഏതെങ്കിലും കാലത്ത് കാണാനും മിണ്ടാനും കഴിയുമെന്ന് സ്വപ്നം കാണാനാവും വിധം നിറപ്പകിട്ടുള്ളതായിരുന്നില്ല,എന്റെ കൗമാരം.അതുകൊണ്ടു തന്നെ എഴുത്തുകാരനെ അന്വേഷിച്ചു പോകലോ കാണാനാവാതെ നിരാശയോടെ തിരിച്ചു പോരുന്നതോ അന്നത്തെ സ്വപ്നങ്ങളിലില്ല.പകരം ഓരോ എം ടി പുസ്തകത്തിലും തൊട്ടും അക്ഷരങ്ങളില്‍ തലോടിയും ഒരദൃശ്യ ബന്ധത്തിന്റെ ഊഷ്മളതയേറ്റു .
നാട്ടിടവഴികളും നാലുകെട്ടും നെടുവീര്‍പ്പുകളും നിറഞ്ഞ ഗ്രാമസഞ്ചാരങ്ങള്‍, മഹാനഗരത്തിന്റെ ബഹള വിസ്‌ഫോടനങ്ങളില്‍ ഉലയാന്‍ അധിക കാലമെടുത്തില്ല.വിക്ടോറിയ ടെര്‍മിനസില്‍ വന്നിറങ്ങിയ വലിയൊരാള്‍ക്കൂട്ടവുമായി വന്ന ആനന്ദ്,പ്രശാന്ത സൗന്ദര്യത്തിനു മേല്‍ പുകവണ്ടിയുടെ കരി പടര്‍ത്തി.അടുക്കും ചിട്ടയുമുള്ള സങ്കല്പങ്ങളെ കീഴ്‌മേല്‍ മറിച്ച് സന്ദേഹങ്ങളുടെ വിത്ത് വിതച്ചു.വിജയനും മുകുന്ദനും മുതല്‍ കാഫ്കയും കമ്യുവും ഉള്‍പ്പെടെ കൃഷിയിറക്കിയ മനോലോകത്ത് നായകരില്ലാതെയായി.ആരാധനയും വഴിപാടുകളും അവസാനിച്ചു.താരശൂന്യമായ വാനവിശാലത പക്ഷേ ,ഇടക്കെപ്പോഴോ ഒരു മഴവില്ലു കൊതിക്കും.രണ്ടക്ഷരങ്ങള്‍ സപ്തവര്‍ണങ്ങളായി മാറുന്ന വിസ്മയത്തില്‍ സ്വയംഅമ്പരക്കും.
മുതിര്‍ന്നപ്പോള്‍ സാഹിത്യ സദിരുകളിലെ കഥപറച്ചിലുകാരിലൂടെ എം.ടി വീണ്ടും കൂടെക്കൂടി.എം. ടി എന്ന എഴുത്തുകാരനൊപ്പം സാഹസികനും വ്യത്യസ്തനുമായ ഒരസാമാന്യ പുരുഷന്റെ ഫുള്‍ സ്‌കോപ് രേഖാചിത്രമായി കഥകളില്‍ എം ടി നിറഞ്ഞു.എം .ടി യെ കണ്ട കഥ,തൊട്ട കഥ,സംസാരിച്ചത്,വീട്ടില്‍ പോയത്,ഒരുമിച്ച് വേദിയിലിരുന്നത് തുടങ്ങി പരിചയത്തിലെ എഴുത്തുകാര്‍ എം ടി വിശേഷങ്ങള്‍ നിര്‍ലോഭം വിതറിയ സൗഹൃദ സദസ്സുകളില്‍ നിര്‍വ്വികാരനായിരിക്കുമ്പോഴും ഉള്ളില്‍ ഒരു കുട്ടി കൗതുകത്താല്‍ വിടര്‍ന്ന കണ്ണും കാതുമായി ശ്രദ്ധാലുവാകുന്നുണ്ടായിരുന്നു..എം .ടി യുടെ മൗനം,'അരാജക' ജീവിത വിശേഷങ്ങള്‍,അപാരമായ വായനാ ലോകങ്ങള്‍, അമ്പരപ്പിക്കുന്ന സൗഹൃദങ്ങള്‍,'അധോലോക' ബന്ധങ്ങള്‍,സ്വര്‍ണ്ണക്കടത്തും അറബിപ്പൊന്നും തുടങ്ങി എം.ടിയെ ചുറ്റിയുള്ള കഥകളുടെ ചുരുളഴിഞ്ഞാല്‍ ആരും രാവു പുലരുന്നതറിയില്ല.കുഞ്ഞിക്ക എന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയും എം. ടിയെ ഗുരുവായി വരിച്ച വി ആര്‍ സുധീഷുമായിരുന്നു പ്രധാന കഥ പറച്ചിലുകാര്‍.കുട്ടിക്കാലത്ത് അച്ഛമ്മയുടെ മടിയിലിരുന്ന് കേട്ട അത്ഭുത കഥകള്‍ക്ക് ശേഷം അത്രയേറെ ആകാംക്ഷയോടെ അപരകഥകള്‍ക്ക് കാത് കൂര്‍പ്പിച്ച സന്ദര്‍ഭമുണ്ടായിട്ടില്ല.എല്ലാ കഥള്‍ക്കൊടുവിലും അസാമാന്യ രൂപത്തിലും വലുപ്പത്തിലും എം .ടി വളര്‍ന്നു കൊണ്ടിരിക്കും.
സുഹൃത്ത് നൗഷാദ്, പാപ്പിയോണ്‍ പബ്ലിക്കേഷന്‍സ് തുടങ്ങി സ്വതന്ത്ര പ്രസാധകനാവാന്‍ തീരുമാനിച്ചപ്പോള്‍ പത്തു പുസ്തകങ്ങള്‍ ഒരുമിച്ചിറക്കിയുള്ള പ്രകാശനമായിരുന്നു ഭാവന ചെയ്തിരുന്നത്.അതിലൊന്ന് എം.ടി യുടെ പ്രഭാഷണങ്ങളുടെ സമാഹാരമായ 'വാക്കുകളുടെ വിസ്മയം' എന്ന പുസ്തകമായിരുന്നു.ഞാനന്ന് പാപ്പിയോണിനൊപ്പമുണ്ട്. കാരശ്ശേരി മാഷായിരുന്നു എഡിറ്റര്‍.എത്ര പ്രൂഫ് വായിച്ചാലും കാരശ്ശേരിക്ക് സംശയം ബാക്കിയാവും.പ്രിന്റിങ്ങിനു വിടാനെടുക്കുന്ന ടിഷ്യു വരെ മാഷ് പ്രൂഫ് നോക്കും എന്ന് ഞങ്ങള്‍ തമാശ പറയുമെങ്കിലും വാസ്തവം അതായിരുന്നു.അതുകൊണ്ടു തന്നെ ഞാന്‍ ഏറ്റവുമേറെ തവണ വായിച്ച എം.ടി പുസ്തകമാണത്.പ്രസംഗം ലേഖനമാക്കി എഡിറ്റ് ചെയ്യാതെ പ്രസംഗത്തിലെ വാക്കുകളുടെ ആവര്‍ത്തനങ്ങളും മറ്റും അതേപോലെ ആവര്‍ത്തിച്ച് ,പുസ്തകത്തില്‍ ഒരു പ്രഭാഷണാന്തരീക്ഷം സൃഷ്ടിക്കലായിരുന്നു കാരശ്ശേരിയുടെ ഉന്നം.(അക്കാലത്തെപ്പോഴോ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു മാരാര്‍ സെമിനാര്‍ പുസ്തകമാക്കുന്നതിനു വേണ്ടി സ്വാഗതം മുതല്‍ നന്ദി വരെ ഓരോ സെഷനുകളും വള്ളിപുള്ളി വിടാതെ പകര്‍ത്തിയെഴുതിച്ചിട്ടുണ്ട് മാഷ്)തീര്‍ച്ചയായും അങ്ങനെ ചെയ്തില്ലായെങ്കില്‍ വലിയ അന്യായമാകുമെന്ന് എം.ടി യുടെ പ്രഭാഷണം ശ്രദ്ധിച്ചവര്‍ക്കറിയാം.കഥയും തിരക്കഥയും നോവലും പോലെ വേറിട്ട മറ്റൊരാവിഷ്‌കാരമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍.
ഒരു പത്രക്കാരനായി കോഴിക്കോട്ട് വന്ന 1995 മുതല്‍ എം.ടി യെ നേരില്‍ കാണാന്‍ പല വാര്‍ത്താ സന്ദര്‍ഭങ്ങളുമുണ്ടായി.എന്നാല്‍ കാര്യത്തിനപ്പുറം കടന്നുള്ള സംസാരങ്ങള്‍ക്ക് പേടിയും മടിയുമായിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് കോര്‍പ്പറേഷന്റെ ആനക്കുളം സാംസ്‌കാരിക നിലയത്തിന്റെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുന്നതിന് അന്നത്തെ മേയര്‍ എം ഭാസ്‌കരേട്ടന്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് ആദ്യമായി അദ്ദേഹവുമായി ദീര്‍ഘമായി സംസാരിക്കുന്നത്.കോഴിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യം,വ്യത്യസ്തമായ കൂട്ടായ്മകള്‍,ലോക നഗരങ്ങളുടെ സാംസ്‌കാരിക സവിശേഷതകള്‍,വളരുന്ന നഗരത്തിന്റെ ആവശ്യതകള്‍,കുട്ടികള്‍ക്കുള്ള പരിഗണനകള്‍ തുടങ്ങി നിരവധിയായ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള ആ സംസാരം പല ദിവസങ്ങളിലേക്കും ഇതര വിഷയങ്ങളിലേക്കും നീണ്ടു.ഇടക്കൊരു ദിവസം എം.ടി പറഞ്ഞു:'ഇനി എന്നെ കാണാന്‍ വരുമ്പോള്‍ ആരോടും ചോദിക്കേണ്ട. നേരിട്ട് എന്നെ വിളിച്ച് വന്നാല്‍ മതി' .(അദ്ദേഹവുമായി അടുപ്പമുള്ള ചില സുഹൃത്തുക്കളെ വിളിച്ചുറപ്പിച്ച ശേഷം അവര്‍ പറഞ്ഞ സമയം നോക്കിയായിരുന്നു അതുവരെ എന്റെ സന്ദര്‍ശനങ്ങള്‍).ആ വാക്കുകള്‍ എന്നിലുണ്ടാക്കിയ ആഹ്ളാദവും ആത്മവിശ്വാസവും ചെറുതായിരുന്നില്ല.കുട്ടിക്കാലത്ത് ഉള്ളിലുദിച്ച് പ്രകാശം പരത്തിയ ആ വിദൂര നക്ഷത്രമിതാ കയ്യെത്തും ദൂരത്ത് എന്ന് അകത്തൊരാരവം ഇരമ്പി.ഞാനറിയാതെ ഞാന്‍ എന്നെക്കാള്‍ വലുതായി.
എം.ടി ,എം ജി എസ് നാരായണന്‍ തുടങ്ങി നിരവധി ഭാവനാശാലികളുമായി ആശയവിനിമയം നടത്തി തയാറാക്കിയ ആ പ്രവര്‍ത്തന രൂപരേഖ എം ഭാസ്‌കരേട്ടന്‍ ആവേശത്തോടെ സ്വീകരിച്ചെങ്കിലുംകാര്യമായി ഒന്നും നടന്നില്ല. വൈകാതെ പുതിയ ഭരണസമിതി വരികയും ഉദ്യോഗസ്ഥനിര്‍ദ്ദേശമനുസരിച്ച് അത് കൊട്ടയിലിടുകയും ചെയ്തിരിക്കണം,ഇപ്പോഴത് എന്തെന്നും ഏതെന്നും ആര്‍ക്കുമറിയാത്ത ഒരു സാദാ കെട്ടിടം മാത്രമായി തല കുമ്പിട്ട് നില്‍ക്കുന്നു.എനിക്ക് പക്ഷെ എം.ടി എന്ന മനുഷ്യന്റെ മനസ്സിലേക്കുള്ള വഴികള്‍ തുറന്ന ഒരസുലഭ സന്ദര്‍ഭമായി.പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എം.ടിയെ കാണുന്നതും ഒന്നിനുമല്ലാതെ സംസാരിക്കലും കൂടിക്കൂടി വന്നു.
ഇഷ്ട പുസ്തകങ്ങളെക്കുറിച്ചുള്ള എം.ടിയുടെ സംസാരം കൊതിപ്പിക്കുന്നതാണ്.ആംഗ്യങ്ങളുംഭാവ വ്യതിയാനങ്ങളുമായി പുസ്തകത്തിലൂടെ വീണ്ടും നടത്തുന്ന ആ ഓര്‍മ പ്രദക്ഷിണം തീരുമ്പോഴേക്ക് കയ്യിലെ ദിനേശ്ബീഡി നിരവധി തവണ കെട്ടു പോയിരിക്കും.പക്ഷേ കെടാത്ത ആവേശത്തോടെ ഏത് അവശതയിലും തന്നെ ആവേശിച്ച പുസ്തകം അദ്ദേഹം മറ്റുള്ളവര്‍ക്കുമുന്പില്‍ ഒരനുഭവമായി തുറന്നു വെക്കും.ഈ പ്രായത്തിലും മലയാളത്തിലെ ഏറ്റവും അപ്‌ഡേറ്റഡ് ആയ വായനക്കാരുടെ മുന്‍ നിരയിലുണ്ടാവും എം.ടി.ഒരു പക്ഷെ തന്നെ കാണാന്‍ വന്നവരോട് അദ്ദേഹം ഏറ്റവുമധികം സംസാരിച്ചിട്ടുണ്ടാവുക പുസ്തകങ്ങളെക്കുറിച്ചാവും.ഇടക്കെപ്പോഴോ ഫോണില്‍ വിളിച്ചപ്പോള്‍ ശബ്ദത്തില്‍ ഒരസ്വസ്ഥത തോന്നി. ആരോഗ്യമൊക്കെ ഓക്കെയല്ലേ എന്ന് ചോദിച്ചപ്പോള്‍ കണ്ണിന് ചെറിയ കാഴ്ച പ്രശ്നം ,ഒരു മണിക്കൂറൊക്കെ മാത്രമേ വായിക്കാനാവുന്നുള്ളു എന്ന സങ്കടം .പുസ്തകങ്ങളില്ലാതെ,വായനയില്ലാതെ പൂര്‍ണ്ണമാവാത്ത ജീവിതം .ഒരു വായനക്കാരന്റെ ബൗദ്ധിക ജീവിതം ഏതെങ്കിലും ഭാഷയില്‍ പുസ്തകമായിട്ടുണ്ടോ എന്നറിയില്ല.എന്നാല്‍ എം.ടി എന്ന വായനക്കാരനെക്കുറിച്ചുള്ള പുസ്തകം മലയാളത്തില്‍ ഇറങ്ങുകയാണ്,ഇ പി രാജഗോപാലന്റെ 'വായനക്കാരന്‍ എം.ടി'.
2017 ല്‍ പ്രഥമ ദേശാഭിമാനി പുരസ്‌കാരം എം.ടി ക്കു സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിരന്തര കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളുമാണ് ആ ബന്ധത്തെ ഔപചാരികതകളുടെ അതിര്‍ത്തി കടത്തിയത്.സാധാരണ നിലയില്‍ ടൗണ്‍ ഹാളിലോ കൂടിയാല്‍ ടാഗോര്‍ ഹാളിലോ നടക്കേണ്ട ഒരവാര്‍ഡ് സമര്‍പ്പണ പരിപാടി .സാഹിത്യത്തെ പത്രങ്ങളും സാഹിത്യ വാരികകള്‍ പോലും മുന്‍പേജില്‍ നിന്ന് അകത്തേക്കിരുത്തി ,സിനിമയെ ആഘോഷപൂര്‍വ്വം പൂമുഖത്ത് എഴുന്നള്ളിച്ചിരുത്തുന്ന ആചാരമാണെങ്ങും. കുടുസ്സു ഹാളിനു പകരം എന്തുകൊണ്ട് കോഴിക്കോട് കടപ്പുറത്ത് ആയിരങ്ങളെ സാക്ഷിയാക്കി മലയാള സാഹിത്യത്തിലെ ഇതിഹാസതാരത്തെ ആദരിച്ചുകൂടാ?മുന്നോടിയായി പത്തു ദിവസം നീണ്ടു നില്ക്കുന്ന എം.ടി ഫെസ്റ്റിവലും. ആശയമവതരിപ്പിച്ചപ്പോള്‍ എം.ടി സമ്മതിക്കുമോ എന്നായിരുന്നു ബന്ധപ്പെട്ടവരുടെ സംശയം.ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തപ്പോള്‍ എന്തുകൊണ്ടോ എനിക്കൊട്ടും സന്ദേഹമുണ്ടായില്ല.ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ 'എന്താ വേണ്ടതെന്നു വെച്ചാല്‍ ചെയ്യാന്‍ 'അദ്ദേഹം അനുമതി നല്‍കി.എം. ടിയുടെ സിനിമകളുടെ നാല് ദിവസം നീണ്ടു നിന്ന എം.ടി ചലച്ചിത്രോത്സവം,എം.ടിക്ക് ഇന്നോളം ലഭിച്ച അവാര്‍ഡുകളും പുസ്തകങ്ങളും അദ്ദേഹത്തിന്റെ വ്യക്തിപരമായ ശേഖരത്തിലെ വസ്തുക്കളും ഉള്‍പ്പെടുത്തിയ എം.ടി മ്യൂസിയം,എംടി യുടെ കൃതികളെ മുന്‍നിര്‍ത്തി രണ്ടു നാള്‍ തുടര്‍ന്ന സാഹിത്യ സെമിനാര്‍,രണ്ടാമൂഴത്തിന്റെ മോഹിനിയാട്ട നൃത്താവിഷ്‌കാരം,എം.ടി യുടെ പ്രധാന കഥാപാത്രങ്ങളെല്ലാം അരങ്ങിലെത്തുന്ന പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്ത മഹാസാഗരം നാടകം, എംടിയുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ചേര്‍ന്നിരുന്ന ഒത്തുചേരല്‍,എം.ടിയുടെ പ്രിയ പാട്ടുകളുമായി ഗായകന്‍ ഷഹബാസ് അമന്‍,എം.ടി കൃതികളെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമുള്ള ക്വിസ് മത്സരം,എം .ടി യുടെ കഥാ സന്ദര്‍ഭങ്ങളുടെ ദൃശ്യാവിഷ്‌കാരവുമായി നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്ര....അനന്തരം കോഴിക്കോട് കടപ്പുറത്ത് നിറഞ്ഞു കവിഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി സിനിമാ,സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് നൈറ്റ്.ജീവിച്ചിരിക്കുന്ന ഒരിന്ത്യന്‍ സാഹിത്യപ്രതിഭക്ക് അതിനു മുന്‍പ് അങ്ങനെയൊരു ആദരമുണ്ടായതായി അറിവില്ല.
അക്ഷരാര്‍ത്ഥത്തില്‍ ചരിത്രമായി മാറിയ ആ പരിപാടിയുടെ ബഹളത്തില്‍ നിന്ന് രാത്രി വൈകി വീട്ടിലേക്കു പോകുമ്പോള്‍ എനിക്ക് വേവലാതിയായി .ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.വളരെ ഏറെ നേരം സ്റ്റേജില്‍ ഇരുത്തേണ്ടി വന്നു. മുഷിഞ്ഞു കാണുമോ? 'സോറി,കുറെ നേരം സ്റ്റേജില്‍ ഇരുട്ടിക്കേണ്ടി വന്നു.വിഷമമായോ?'കാറിലിരുന്ന് ഞാന്‍ ചോദിച്ചു.എം.ടി പറഞ്ഞു:'എല്ലാം നന്നായി.
പല ദിക്കില്‍ നിന്നും ഒരു പാട് പേര്‍ രാവിലെ മുതല്‍ വിളിച്ചിരുന്നു.ചിലരൊക്കെ അവരെ പ്രത്യേകം വിളിച്ചില്ലെന്നു പരാതി പറഞ്ഞു.കല്യാണമൊന്നുമല്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു.'വീടെത്തി തിരിച്ചു പോരുമ്പോള്‍ എനിക്കൊരു ഷേക്ക് ഹാന്‍ഡ് തന്നിട്ട് പറഞ്ഞു:'ബീച്ചില്‍ ശ്രദ്ധിക്കണം,വലിയ ആള്‍ക്കൂട്ടമാണ്.ഇപ്പോള്‍ എല്ലാവരും അച്ചടക്കത്തിലാണ്.ചെറുതായി പാളിയാല്‍ നിയന്ത്രിക്കാന്‍ പ്രയാസമാകും.'ആള്‍ക്കൂട്ടത്തെയും അതിന്റെ ആനന്ദവും അപകടവും എല്ലാം വ്യവച്ഛേദിച്ചറിഞ്ഞ വിവേകശാലിയുടെ മുന്നറിയിപ്പാണ്.ഞാന്‍ കൂടുതല്‍ ജാഗരൂകനായി.
ഇരിപ്പും സംസാരവും അനുയാത്രയും മറ്റും മറ്റുമായി ഏറ്റവുമടുത്ത ഒരു ബന്ധുത്വമാണ് എനിക്കിന്ന് എം.ടി.ഈയിടെ നിര്‍മ്മാല്യത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു ചില ലേഖനങ്ങള്‍ തയ്യാറാക്കുന്ന കാര്യം വന്നപ്പോള്‍ ആരോഗ്യപ്രശ്‌നം തടസ്സമായി.മരുമകന്‍ സതീഷിന്റെ കയ്യില്‍ കുറച്ചു പുസ്തകങ്ങള്‍ കൊടുത്തു വിട്ട ശേഷം വിളിച്ചുപറഞ്ഞു:'അതില്‍ കുറെ കാര്യങ്ങളുണ്ട്.വേണ്ട പോലെ ചെയ്‌തോളൂ'.കാര്യം കഴിഞ്ഞു നോക്കുമ്പോള്‍ പുസ്തകങ്ങളെല്ലാം ഓഥേഴ്സ് കോപ്പികള്‍! ഇതെല്ലാം തിരിച്ചു വേണോ ,ഒരെണ്ണം ഞാന്‍ വെച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ അങ്ങേ തലക്കല്‍ നിന്ന് മറുപടിയെത്തി,അതെല്ലാം വെച്ചോളൂ.ഇവിടെ വേറെയുണ്ട്. സന്തോഷമോ അഭിമാനമോ എല്ലാം ചേര്‍ന്ന വല്ലാത്തൊരനുഭൂതിയോ കൊണ്ട് ഞാനപ്പോള്‍ ആ പഴയ കൗമാരക്കാരനായി.വിദൂര താരം ഉള്ളില്‍ തെളിഞ്ഞു മിന്നുന്നതിന്റെ അവസാനിക്കാത്ത നിര്‍വൃതിയില്‍ നിന്നുകൊണ്ട് ആ മഹാപ്രതിഭക്ക് ആയുസ്സും ആരോഗ്യസൗഖ്യവും നിറഞ്ഞ നവതി പ്രണാമങ്ങള്‍ നേരട്ടെ .
Content Highlights: mt at 90 writer poet op suresh writes