'വാമൊഴിയെ എം.ടി തന്റെ കഥകളുടെ ആസ്തിയാക്കിമാറ്റുന്നു'- കരുണാകരന്‍

പാരമ്പര്യത്തിന്റെ സ്പര്‍ശം ഇല്ലാത്ത എന്താണ് മനുഷ്യരില്‍ ഉള്ളത്, ജനിതകമായും ഓര്‍മ്മയായും? എം.ടി. വാസുദേവന്‍ നായരുടെ 'ഫിക്ഷന്‍', ഒരുപക്ഷെ, നമുക്ക് ഇങ്ങനെ സംഗ്രഹിക്കാനാകും.
ഹൃദ്യമായ ആ ഗദ്യത്തിന്റെ സ്വത്വം അത്തരമൊരു ഓര്‍മ്മയുടെതാണ്. വാമൊഴിയുടെ കഥാകൃത്ത് എന്ന് തോന്നിക്കും വിധം. എം.ടി.തന്റെ ഇതിവൃത്തങ്ങളെ അവയുടെ സംഘര്‍ഷങ്ങളുടെ പരിസരത്ത് കാണാന്‍ ഇഷ്ടപ്പെടുന്നു. ആ കൃതികള്‍ പലപ്പോഴും ഒരു ചുഴിക്കുചുറ്റും വികസിക്കുന്നു. ഒരു പുഴ അതിലെ കയങ്ങള്‍ തിരയുന്നപോലെയാണ് ആ കഥകള്‍ രൂപപ്പെടുന്നത്; കഥകളിലും നോവലുകളിലും.
എന്റെ അച്ഛന്റെനാടും എം.ടി.യുടെ നാടും ഒന്നാണ്. അച്ഛന്റെ അനുജന്‍ സ്‌കൂളില്‍ അച്ഛന്റെ സഹപാഠിയുമായിരുന്നു. അതേ പേരുമായിരുന്നു. അങ്ങനെ ആദ്യം ആ പേരാണ് എന്റെ കുട്ടിക്കാലത്തെ സന്ദര്‍ശിക്കുന്നത്. പിന്നീട് വളരെ മുതിര്‍ന്ന് ഒരിക്കല്‍ മാത്രം ഞാന്‍ എം.ടിയെ കണ്ടു. കുവൈറ്റില്‍ അദ്ദേഹം പങ്കെടുത്ത ഒരു പൊതുയോഗത്തില്‍ വെച്ച്. ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുന്ന എം.ടിക്ക് നേരെ ആ തിരക്കിലൂടെ ഞാന്‍ കൈയ്യില്‍ സമ്മാനമായി കരുതിയിരുന്ന പുസ്തകം നീട്ടി. ചെക്ക് നാടകകൃത്തും പില്‍ക്കാലത്ത് രാഷ്ട്രനേതാവുമായിരുന്ന വാസ്ലേവ് ഹാവേലിന്റെ നാടകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു, അത്. ആള്‍ക്കൂട്ടത്തില്‍ നിന്നും അദ്ദേഹം ആ പുസ്തകം വാങ്ങിനോക്കി, പിന്നെ എന്നെയും നോക്കി, 'ഓ! ഹാവേല്‍!'' എന്നുപറഞ്ഞു. അതായിരുന്നു എം.ടിയുമായുള്ള എന്റെ ഒരേയൊരു കമ്മ്യൂണിക്കേഷന്‍ എന്നപോലെ ആ രംഗം ഇപ്പോഴും തെളിമയോടെ, വളരെ വര്‍ഷങ്ങള്‍ക്കുശേഷവും, ഓര്‍മ്മയില്‍ ബാക്കിയായിരിക്കുന്നു.
എന്തുകൊണ്ടാകും എം.ടിക്ക് അന്ന് ഹാവേലിന്റെ പുസ്തകം സമ്മാനിച്ചത് എന്ന് ഇപ്പോഴും നിശ്ചയമില്ല. എന്നാല്‍, എഴുത്തില്‍ കുടുങ്ങിക്കിടക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒച്ച, ചിലപ്പോള്‍ ഭീതിയുടെയും, ചിലപ്പോള്‍ സ്വാതന്ത്ര്യത്തിന്റെയും, ചിലപ്പോള്‍ ആനന്ദത്തിന്റെയും, ചിലപ്പോള്‍ ദുഃഖത്തിന്റെയും, ചിലപ്പോള്‍ അന്തമില്ലാത്ത ഖേദത്തിന്റെയുമായിരിക്കുമെന്നു വാസ്ലെവ് ഹാവേല്‍ എന്നുമെന്നെ ഓര്‍മ്മിപ്പിച്ചിരുന്നു. തന്റെ കാലത്തെ ഏറ്റവും പൊതുജനസമ്മതിയുണ്ടായിരുന്ന ഒരു സ്വേച്ഛാധിപത്യഘടനയോടായിരുന്നു ഹാവേലിനു നേരിടേണ്ടിയിരുന്നത്. അതും അഹിംസയുടെ സമരോത്സുകമായ രൂപത്തിലൂടെ; ഒരുപക്ഷേ അത് എഴുത്തിന്റെ കൂടി ജീവിതവുമായിരുന്നു. അല്ലെങ്കില്‍, ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരന്തര സമരമായിരുന്നു ഹാവേലിന്റെ എഴുത്തും ജീവിതവും. ദൈനംദിന ജീവിതത്തിലെത്തന്നെയുള്ള അധികാരഘടനയെക്കുറിച്ചു എഴുത്തുകാര്‍ പുലര്‍ത്തുന്ന അറിവും ജാഗ്രതയും ഹാവേലിന്റെ കലയും ജീവിതവും ഓര്‍മ്മിപ്പിക്കുന്നു. എന്നെ നോക്കി 'ഹാവേല്‍!'എന്ന് എം.ടി. പറയുമ്പോള്‍ കലയുടെ ഈ ജിവിതംതന്നെയായിരിക്കും എം.ടി.യും ഓര്‍ത്തിരിക്കുക.
തൊണ്ണൂറുകളില്‍ എഴുതാന്‍ തുടങ്ങുന്ന എന്നെപ്പോലെ ഒരാള്‍ക്ക് ഭാഷയും കാലവും സമ്മാനിക്കുന്നത് ലോകമായിരുന്നു, ശരിക്ക് പറഞ്ഞാല്‍ രാജ്യങ്ങള്‍. മുമ്പേ വന്ന എഴുത്തുകാരായിരുന്നില്ല. അല്ലെങ്കില്‍ അത്തരമൊരു പാരമ്പര്യത്തിന് അധികം ഊഴമുണ്ടായിരുന്നില്ല. കഥയിലെയും കവിതയിലെയും 'ആധുനികത'യുടെ തിര ഒടുങ്ങിയ ശേഷമായിരുന്നു അല്ലെങ്കില്‍ ഞാന്‍ കഥയിലേക്ക് വരുന്നത്. അക്കാലത്താകട്ടെ, സാഹിത്യത്തില്‍ രാജ്യങ്ങള്‍ ഇടപെടുന്നത് പ്രധാനമായും ഭാവനയെ രാ്ര്രഷ്ടീയവല്ക്കരിച്ചുകൊണ്ടായിരുന്നു. തൊട്ടുമുമ്പുള്ള എണ്‍പതുകള്‍ ലോകംമുഴുവന്‍ അങ്ങനെയായിരുന്നു ഇടപെട്ടിരുന്നത്. നമ്മള്‍ ആനന്ദില്‍ കണ്ടുമുട്ടുന്ന ചിതറല്‍ പോലെ ഒന്ന് അന്ന് മിക്കവാറും എല്ലാ എഴുത്തുകാരിലും ഉണ്ടായിരുന്നു. അനുകരണമായല്ല ഭാവനയുടെ പിടിവള്ളി പോലെ. ഏറെ സ്‌നേഹത്തോടെ ഓര്‍ക്കട്ടെ, 'മാതൃഭൂമി'യിലെ എം.ടി.യുടെ രണ്ടാം വരവിലാണ് എന്റെ ആദ്യത്തെ 'മാതൃഭൂമി കഥ' പ്രസിദ്ധീകരിക്കുന്നത്. ആ പത്രാധിപരുടെ ആദ്യത്തെ ഖണ്ഡത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മലയാളത്തിലെ 'വേറെയും എഴുത്തി'നെ പരിചയപ്പെടുത്തിയതുപോലെ ഒരു സന്ദര്‍ഭം എന്ന് എം.ടി.യുടെ ഈ രണ്ടാം വരിവിനെയും ഓര്‍ക്കുന്ന വേറെയും എഴുത്തുകാരുണ്ടാവും എനിക്കത് ഹൃദ്യമായ ഓര്‍മ്മയാണ്.
എന്തായാലും, സാഹിത്യത്തില്‍, മനുഷ്യരില്‍ എന്നപോലെ, ഏതെങ്കിലും ഒന്നിന്റെ തുടര്‍ച്ചയല്ല, മറിച്ച് ഒരു ചിതറലിന്റെ ശേഖരമാണ് സംഭവിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയാണ് എഴുത്തില്‍ നമ്മള്‍ 'തലമുറ'കളെ അടയാളപ്പെടുത്തുന്നത്.
എഴുത്തുകാര്‍ അകപ്പെടുന്ന ഒരു 'കെണി' അവരുടെ സാംസ്‌കാരികാഭിമുഖ്യത്തിന്റെയാണ്: പിറന്ന നാടിന്റെയോ വര്‍ഗ്ഗത്തിന്റെയോ ജാതിയുടെയോ കാലത്തിന്റെയോ എല്ലാം മിത്രമോ ശത്രുവോ ആയി ഉറയ്ക്കുന്ന തങ്ങളുടെ ഇതിവൃത്തത്തില്‍ ആ കെണി അവരെ പൂട്ടിവെയ്ക്കുന്നു. എം.ടി.യെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അങ്ങനെ തോന്നാറുണ്ട്. ആ സാഹിത്യലോകത്ത് ഇങ്ങനെയൊരുകാലം നീണ്ടുകിടക്കുന്നുവല്ലോ എന്ന് തോന്നാറുണ്ട്. അപ്പോഴും, അവയില്‍ പലതിലുമുള്ള പ്രകടമായ 'അതൃപ്തി', ('അസ്വതന്ത്രതാബോധം'?) അനുഭവിക്കാനുമാകുന്നു. ഒരു പക്ഷെ അതായിരിക്കും എം.ടി. യുടെ എഴുത്തിലെ 'ലിറ്ററെറി എലമെന്റ് ' എന്ന് തോന്നുന്നു. എങ്കില്‍, ആ 'അതൃപ്തി' അദ്ദേഹത്തിന്റെ എഴുത്തില്‍ ഉടനീളം ഉണ്ടായിരുന്നുതാനും. എം ടി, അതിനെ കാര്യമായി എടുത്തില്ല എന്നും തോന്നാറുണ്ട്. മറ്റു മാധ്യമങ്ങളിലേക്കു കൂടി കൂടുമാറാനുള്ള തന്റെ സര്‍ഗ്ഗശേഷിയെ അത്രയും വിലമതിച്ചതു കൊണ്ടാകാം, അങ്ങനെ. എന്നാല്‍, ആ സാഹിത്യജീവിതത്തിനുകിട്ടിയ നിരൂപകര്‍ ഏറെയും ഇതേ കെണിയുടെ ഇരകള്‍ പോലെയാണ് നിരന്നത്. ഇപ്പോള്‍ എം.ടി.യുടെ നവതി ആഘോഷത്തില്‍ നമ്മള്‍ വായിക്കുന്ന പ്രസംഗങ്ങള്‍ /ലേഖനങ്ങള്‍ /അഭിപ്രായങ്ങള്‍ പലതും അത്തരത്തിലുള്ളതാണ്. എന്നാല്‍, മലയാളത്തിലെ വലിയൊരു എഴുത്തുകാരനെ 'Critical' ആയി വായിച്ചാസ്വദിക്കാന്‍ ഇപ്പോഴും വെടിവട്ടങ്ങളേ ഉള്ളൂ എന്ന് വരുന്നത് ഖേദകരമാണ്!
എം.ടി.യുടെ സാഹിത്യത്തെയും ചലചിത്രങ്ങളെയും 'സംഘര്‍ഷം' എന്ന സങ്കല്‍പ്പം എങ്ങനെ മുമ്പോട്ടുനയിക്കുന്നു എന്നതിനൊരുദാഹരണം 'പെരുന്തച്ചന്‍' എന്ന ചലച്ചിത്രമാകണം. എം.ടി.യുടെ പ്രധാനപ്പെട്ട ചലച്ചിത്ര രചനകളിലൊന്നാണ് 'പെരുന്തച്ചന്‍',
ഈ തിരക്കഥയെ ആസ്പദമാക്കി അജയന്‍ സംവിധാനം ചെയ്ത ചലച്ചിത്രവും പ്രസിദ്ധമാണ്. മലയാളചലച്ചിത്രലോകത്ത് ഇന്നും പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ചലച്ചിത്രമാണ് അത്. തന്റെ തിരക്കഥയിലൂടെ പ്രഥമമായും എം.ടി. ആഗ്രഹിക്കുന്നത് 'കേട്ടറിഞ്ഞ കഥകളില്‍'നിന്നും അഥവാ മിത്തുകളില്‍ നിന്നും പെരുന്തച്ചനെ മോചിപ്പിക്കുക എന്നാണ്. അതേസമയം, അദ്ദേഹം പെരുന്തച്ചനെ ചുറ്റിപ്പറ്റിയുള്ള മിത്തുകളില്‍ നിന്നും തന്റെ തിരക്കഥയെ വേര്‍പെടുത്തുന്നുമില്ല. ഐതിഹ്യത്തിലൂടെ നമുക്ക് പരിചയമുള്ള പെരുന്തച്ചന്‍ രാജശില്പി ആണെന്ന് എം.ടി. പറയുന്നു. ഭവനങ്ങളും ക്ഷേത്രങ്ങളും ചെയ്തിരുന്നു. കല്ലും മരവും ചെമ്പും എല്ലാം പെരുന്തച്ചന്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഐതിഹ്യത്തിലെ പെരുന്തച്ചന്‍ അസൂയാലുവായ ഒരു 'കലാകാരന്‍' കൂടിയാണ്. പെരുന്തച്ചനെക്കുറിച്ച് പ്രചാരത്തിലുള്ള ഐതിഹ്യത്തെ എം.ടി മറ്റൊരു തലത്തില്‍ നിന്നും നോക്കിക്കാണുന്നു. തൊഴിലില്‍ തന്നെക്കാള്‍ പ്രഗത്ഭനായ മകനോട് അച്ഛന് അസൂയയുണ്ടായിരുന്നു എന്ന് എം.ടി നമ്മെ വിശ്വസിപ്പിക്കുന്നു. അതാണ് അല്ലെങ്കില്‍ നാം കേട്ടിട്ടുള്ള കഥ. എന്നാല്‍ അതല്ല, മകന്റെ കഴിവില്‍ അച്ഛന് അഭിമാനവും ഉണ്ടായിരുന്നുവെന്നും എം.ടി അനുമാനിക്കുന്നു. എന്നാല്‍ ഇതല്ല മകനെ കൊല്ലാനുള്ള കാരണം എന്ന് എം.ടി പറയുന്നു. തന്റെ വിശ്വാസപ്രമാണങ്ങളുടെ നേരെ മകന്‍ (മറ്റൊരു തലമുറ) ഉയര്‍ത്തിയ വെല്ലുവിളികള്‍ ആയിരിക്കണമെന്നും എം.ടി നമ്മെ തന്റെ രചനയിലൂടെ വിശ്വസിപ്പിക്കുന്നു.
അക്കാലത്ത് നിലനിന്നിരുന്ന ജാത്യാചാരങ്ങളെ അനുസരിക്കാന്‍ തയ്യാറായ അച്ഛനും അവയെ വെല്ലുവിളിക്കാന്‍ തയ്യാറായ മകനും തമ്മിലുള്ള സംഘര്‍ഷമാണ് തന്റെ പെരുന്തന്തച്ചന്‍ എന്നും ഓര്‍മ്മിപ്പിക്കുന്നു. ഇതിന് അദ്ദേഹം ആസ്പദമാക്കിയത് തച്ചന്റെ മകനുണ്ടായിരുന്ന പ്രേമത്തിന്റെ കഥയാണ്. അതാകട്ടെ തന്റെ നാട്ടില്‍ പ്രചരിച്ചിരുന്ന 'കഥ'യായിരുന്നു എന്നും എം.ടി പറയുന്നു. അഥവാ, വാമൊഴിയെ തന്റെ കഥയുടെ ആസ്തിയാക്കുന്നു. എം.ടി യുടെ പ്രശസ്തങ്ങളായ പല രചനകളുടെയും സാഹിത്യധാര ഈ 'അനുമാനങ്ങള്‍' ആകുന്നുവെന്നു തോന്നും. എങ്കില്‍, ആ അനുമാനത്തെ സാഹിത്യപരമായി വിശ്വസിപ്പിക്കുക എന്നായിരുന്നു ആ കൃതികള്‍ ചെയ്തതും.
'മിനിമല്‍': ഒരുപക്ഷെ, എം.ടിയുടെ 'എഴുത്തിന്റെ' സവിശേഷതയെ ഈ സങ്കല്‍പ്പംകൊണ്ടാകും പരിചയപ്പെടുത്താന്‍ തോന്നുക. അത്രമാത്രം അത് ഭാഷയുടെ ഉപയോഗത്തില്‍ പിശുക്ക് കാണിക്കുന്നു. 'മിനിമല്‍' എന്നത് നാടകവേദിയെ മാത്രമല്ല, സാഹിത്യത്തെയും ചിത്രകലയേയുമൊക്കെ വളരെ മുമ്പേ സ്വാധീനിച്ച ഒന്നാണ്. എം.ടിയുടെ എല്ലാ രചനകളിലും അങ്ങനെയൊരു 'ഉപയോഗം' കാണാം. ഭാവനയെ ഭാഷകൊണ്ട് കീഴടക്കാന്‍ അദ്ദേഹം വിസമ്മതിക്കുന്നു.
Content Highlights: mt at 90 writer karunakaran about mts craft in storytelling