എം.ടി: ഒരു മില്ലിമീറ്റര്‍ ചിരിവിഹിതവും ആര്‍ദ്രത എന്ന ദൃഢപേശിയും...

അനഭിമതരോട് 'അകലെ ' എന്ന് പറയുന്ന പുരികങ്ങളാണ് പാറുക്കുട്ടി എന്ന നായികാ കഥാപാത്രത്തിന് എന്ന് മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ സി.വി രാമന്‍പിള്ള വിവരിയ്ക്കുമ്പോള്‍, വാസുവമ്മാമന്റെ ഗൗരവമാര്‍ന്ന മുഖമാണ് എനിക്ക് മനസ്സിലെത്തുക.
സമീപകാലത്ത്, ദുല്‍ക്കര്‍ സല്‍മാനുമൊത്തുള്ള ഒരു പൊതുപരിപാടിയില്‍, എം.ടിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ സ്റ്റേജിലേയ്ക്ക് പാഞ്ഞുകേറി, ചുമലില്‍ പിടിച്ച ഒരു ന്യൂജെന്‍പിടപിടപ്പനെ, പ്രായം മറികടക്കുന്ന ആജ്ഞാശക്തിയോടെ, അകറ്റുന്നത് കണ്ടപ്പോഴും, ആ സി.വി കഥാപാത്രം പൊടുന്നനെ ഓര്‍മ്മയിലെത്തി.
തന്റെ പരിചയസഞ്ചയത്തിനുള്ളില്‍ത്തന്നെ, കൃത്യമായ ലക്ഷ്മണരേഖകള്‍ പാലിക്കുന്ന പത്രാധിപരായിരുന്നു എം.ടി എക്കാലവും. അതും പോരെങ്കില്‍, എഴുത്തുകാരന്റെ സ്വതസിദ്ധമായ അന്തര്‍മുഖത്വവും.
ഇതുകൊണ്ടൊക്കെയാവാം, കുട്ടിക്കാലം തൊട്ടേ കാണുന്നതാണെങ്കിലും, ആദരവിന്റെ വന്‍മതില്‍ ചാടിക്കടന്ന് വാസുവമ്മാമന്റെ അടുത്തെത്താന്‍ ആദ്യം ഒന്ന് മടിച്ചു.
എം.ടിയുമായി ആത്മബന്ധമുള്ള രണ്ടു വലിയ എഴുത്തുകാരുടെ പരാഗശോഭയിലാണ് എനിക്കുള്ള എന്‍ട്രിപാസ് എന്ന ചിന്തയും തെല്ല് കുഴക്കിയിരുന്നു. (റോസി തോമസിന്റെ ആത്മകഥ മാനുസ്‌ക്രീപ്റ്റായി കയ്യില്‍ എത്തുമ്പോള്‍, കൃതി മോശമെങ്കില്‍, സിജേ, റോസി, എം പി പോള്‍ എന്നീ സൗഹൃദങ്ങളുടെ പേരില്‍, അത് പറയാന്‍ ധര്‍മ്മസങ്കടമാവുമല്ലോ എന്ന് ചിന്തിച്ചതും വേണ്ടിവന്നില്ല എന്ന് ആശ്വസിച്ചതും, എം.ടി തന്നെ എഴുതിയിട്ടുണ്ടല്ലോ.) ആ വിധത്തില്‍ വാസുവമ്മാമനെ വിഷമിപ്പിക്കരുതല്ലൊ.
അതേസമയം, ഒന്നുണ്ട്. എന്റെ മുത്തശ്ശി ലളിതാംബിക അന്തര്‍ജ്ജനവും അച്ഛന്‍ എന്‍ മോഹനനുമായുള്ള എം.ടി യുടെ ദീര്‍ഘകാലത്തെ അടുപ്പം, അദ്ദേഹത്തിന്റെ വ്യക്തിത്വം, എഴുത്തുവ്യക്തിത്വം, പത്രാധിപവൈഭവം എന്നിവയുടെ വഴിത്തിരിവുകളുടെ സ്മൃതിരേഖ കൂടിയാണ് എന്ന് തീര്‍ച്ച.
മുത്തശ്ശിയെ അമ്മേ എന്ന് അഭിസംബോധന ചെയ്തുള്ള എം.ടി യുടെ കത്തുകള്‍ ഞങ്ങളുടെ (ലളിതാംബിക അന്തര്‍ജ്ജനം ട്രസ്റ്റിന്റെ ) ശേഖരത്തില്‍ ഉണ്ട്. 1955-ല്‍ എഴുതിയത്, 1978 -ല്‍ എഴുതിയത് എന്നിങ്ങനെ രണ്ടു കത്തുകള്‍ക്കിടയിലെ ഭാഷ ശ്രദ്ധിച്ചാല്‍ എഴുത്തുകാരന്‍ എന്ന നിലയില്‍, അദ്ദേഹത്തിന് കൈവന്ന ദൃഢത, പത്രാധിപര്‍ എന്ന നിലയിലെ ഉത്തമബോദ്ധ്യങ്ങള്‍ എന്നിവയുടെ ഗ്രാഫ് വരയ്ക്കാം.
1955-യില്‍ എഴുതിയ കത്ത് എം.ടി യുടെ നോവലിനു ലളിതംബിക അന്തര്‍ജ്ജനം അയച്ച അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിക്കുന്ന ദീര്‍ഘമായ മറുപടിയാണ്..
1978-ലെ കത്താവട്ടെ, പത്രാധിപര്‍ എന്ന റോളില്‍, പുതിയതായി പലതും എഴുതാന്‍ പ്രചോദിപ്പിക്കുന്നതും.
ലളിതാംബികയ്ക്കയച്ച ആദ്യത്തെ കത്തില്‍ ഇങ്ങിനെ:
'പാരിതോഷികമായി താങ്കളുടെ പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ അളവറ്റ സന്തോഷം തോന്നി. കൊല്ലങ്ങള്‍ക്ക് മുമ്പ് നാട്ടിന്‍പുറത്ത് എന്റെ കൊച്ചു ഗൃഹത്തില്‍ ഇരുന്നുകൊണ്ട് ഈ കഥകള്‍ പലപ്പോഴായി വായിച്ചപ്പോള്‍ ഇങ്ങനെ പരിചയപ്പെടാന്‍ ഇടയാകും എന്ന് ഞാന്‍ ധരിച്ചിരുന്നില്ല.
48, 49 കൊല്ലങ്ങളില്‍ ആറ് നാഴിക ദൂരം നടന്നാണ് ലൈബ്രറിയില്‍ നിന്നും ബഷീറിന്റെയും തകഴിയുടെയും ലളിതാംബിക അന്തര്‍ജനത്തിന്റെയും കാരൂരിന്റെയും എല്ലാം പുസ്തകങ്ങള്‍ കൊണ്ടുവരിക.'
പിന്നീടൊരിക്കല്‍, ഇങ്ങിനെയും എം.ടി എഴുതി.
'ഞാന്‍ പൊള്ള വാക്കുകള്‍ എഴുതുകയല്ല.
എനിക്ക് കൂടുതല്‍ ആവേശവും വിവരിക്കാന്‍ വയ്യാത്തതുമായ ഒരു ആശ്വാസബോധവും നല്‍കി ആ കത്ത്.
ആഴ്ച്ചതോറും നൂറുകണക്കിന് കത്തുകള്‍ -പലതും പകുതി ഔദ്യോഗികമാവും -വായിച്ചു കൊട്ടയില്‍ ഇടാറുള്ള ഞാന്‍ വിലപിടിപ്പുള്ള വസ്തുപോലെ ആദ്യമായി ഒരു കത്ത് സൂക്ഷിച്ചിരിക്കുന്നു. വീണ്ടും വായിച്ച് വാത്സല്യത്തിന്റെ ചൂടേറ്റ് എനിക്ക് ഉന്മേഷം കൊള്ളാമല്ലോ.'
ഈ രചനോന്മേഷം പകരല്‍, എം.ടിയില്‍ നിന്ന് തിരിച്ചും ധാരാളിത്തത്തോടെ ഉണ്ടായിരുന്നു. ലളിതാംബികയിലേയ്ക്ക് മാത്രമല്ല, അടുത്ത തലമുറയിലേയ്ക്കും ആ അക്ഷരമൈത്രി പ്രവാഹിച്ചിരുന്നു.
1978-ലെ കത്തില്‍, ലളിതാംബികയുടെ 'പ്രതികാരദേവത' എന്ന കഥയിലെ താത്രിക്കുട്ടിയെക്കുറിച്ചാണ് പരാമര്‍ശം.
'താത്രിക്കുട്ടി നോവല്‍ ആയി എഴുതാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ക്ലിയോപാട്രയെ പോലത്തെ ഒരു വിശ്വവിഖ്യാതകഥാപാത്രം ആകേണ്ടിയിരുന്നതാണ്.
നമ്മുടെ നാട്ടില്‍ ആരും ഈ കഥയില്‍ കണ്ടതുപോലെ അവരെ കാണാന്‍ ശ്രമിച്ചിട്ടില്ല.' എം ടി എഴുതി.
താത്രിക്കുട്ടിയെ നോവലില്‍ ചിത്രീകരിയ്ക്കാന്‍ ലളിതാംബിക മുതിര്‍ന്നില്ല. പക്ഷെ, താത്രിക്കുട്ടിയെകുറിച്ചുള്ള ആ ആഖ്യാനം എം.ടി സിനിമയായി പിന്നീട് എടുക്കുകയുണ്ടായി. 'പരിണയം 'എന്ന സിനിമയുടെ ക്രെഡിറ്റ്‌സില്‍ കഥയുടെ പ്രചോദനം ലളിതാംബികയുടെ 'പ്രതികാരദേവത'യ്ക്ക് നല്‍കിയിട്ടുണ്ട്.
എം.ടിയുടെ സ്‌നേഹനിര്‍ബന്ധങ്ങള്‍ ഇല്ലെങ്കില്‍ മുത്തശ്ശിയുടെ അഗ്‌നിസാക്ഷി എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പിറവിയെടുക്കില്ലായിരുന്നു.
ഏതാണ്ട് 25 വര്‍ഷം നീണ്ടുനിന്ന രചനാപ്രവാസത്തിന് ശേഷം, എന്റെ അച്ഛന്‍ 'ശേഷപത്രം' എന്ന കഥയിലൂടെ എഴുത്തിലേയ്ക്ക് തിരിച്ചുവരില്ലായിരുന്നു. മുത്തശ്ശിയുടെ 'അഗ്‌നിസാക്ഷി, ' 'പ്രസാദം 'എന്ന പേരില്‍ ഒരു ആകാശവാണി പ്രോഗ്രാമായി മാഞ്ഞുപോയേനെ.
എം.ടി യും എന്റെ അച്ഛനും എടാ -പോടാ സംബോധനാസ്വാതന്ത്യങ്ങള്‍ പങ്കിടുന്നവിധം ചങ്ങാതികളായിരുന്നു. ഇരുവരുടെയും യൗവ്വനകാലത്ത് ചില സ്‌നേഹവ്യഥകളില്‍ പരസ്പരം താങ്ങായിരുന്നു. (എനിക്കറിയാവുന്ന പല പങ്കിടലുകളും, വ്യക്തിസ്വകാര്യതയുടെ അതിരുകള്‍ കടന്നേക്കും എന്നത് കൊണ്ട്, ഇവിടെ ഉദാഹരിക്കാന്‍ ആവില്ല.). പക്ഷെ, വളരെയേറെ അടുപ്പമായിരുന്നു എന്നുമാത്രം പറയാം.
എം.ടി യും ഒഎന്‍വി യും, എം ടി യും അരവിന്ദനും, അങ്ങിനെ പല സൗഹാര്‍ദ്ദങ്ങളുടെയും ഇണക്കുകണ്ണിയായിരുന്നു എന്‍ മോഹനന്‍. അച്ഛന് ഇഷ്ടമിത്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ആവേശവും അഭിനിവേശവുമായിരുന്നു.
എം.ടിയെപ്പോലെ, ജിജ്ഞാസഭരിതനായ ഒരു വായനക്കാരന്‍ ആയിരുന്നു അച്ഛനും.വിശ്വസാഹിത്യത്തിലെ പുതുനാമ്പുകള്‍ ഉടനുടന്‍ ശ്രദ്ധിയ്ക്കുന്ന കാര്യത്തില്‍, ഒരേ തൂവല്‍പക്ഷികള്‍ ആയിരുന്നു. ഏലിയാസ് കനേറ്റി, സോള്‍ ബെലോ, ഗുണ്ടര്‍ ഗ്രാസ് തുടങ്ങിയ പേരുകള്‍ ഞാന്‍ അവരുടെ സംഭാഷണങ്ങളില്‍ നിന്നാണ് ആദ്യം കേള്‍ക്കുന്നത്. സാഹിത്യത്തിന്റെ നൊബേല്‍ ഇക്കുറി ആര്‍ക്ക് കിട്ടും, പുലിറ്റ്‌സര്‍ ആര്‍ക്ക് കിട്ടും ബുക്കര്‍ ആര്‍ക്ക് കിട്ടും എന്നൊക്ക അവര്‍ ഫോണില്‍ പരസ്പരം കളിയായി വാതുവയ്ക്കുന്നത് കേട്ടിട്ടുണ്ട്.
എഴുത്തിലൂടെ മെനഞ്ഞെടുത്ത ഒരു സുവര്‍ണ്ണ സൗഭ്രാത്രത്തിന്റെ ഋതുവായിരുന്നു അന്ന്.
'Bliss was it in that dawn to be alive.' എന്ന് വേര്‍ഡ്സ് വര്‍ത് പറഞ്ഞത് അമ്മാതിരി കൂട്ടായ്മകളുടെ വസന്തകാലത്തെപ്പറ്റി ആവണം.
അതേസമയം, അന്നൊക്കെ എനിക്ക് -മൂന്നാം തലമുറക്കാരിയായ എനിക്ക്-എം.ടി യുമായി, വായന വഴിയുള്ള അടുപ്പമേ ഉണ്ടായിരുന്നുള്ളു.. (രസമെന്തന്നോ? ഞാന്‍ എം.ടിയെ ആദ്യമായി വായിച്ചത് ഇംഗ്ലീഷിലാണ്.) 1972-ല്‍, ഇലസ്ട്രെറ്റഡ് വീക്ക്ലിയിലെ ഒരു എം.ടി ഇന്റര്‍വ്യൂ വായിക്കുമ്പോള്‍, ഞാന്‍ പ്രൈമറിസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്..
Solitude is my mistress. എന്ന എം.ടി ഉദ്ധരണി എന്റെ മനസ്സില്‍ തടഞ്ഞുകിടന്നു. Mistress എന്ന വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ എന്നെ ബാധിച്ചു എന്ന് തന്നെ പറയാം.
ഹൈസ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ നടത്തിയിരുന്ന 'വാസന 'എന്ന ബൈലിംഗ്വല്‍ കയ്യെഴുത്ത് മാസികയുടെ ഒരു ലക്കത്തിന്റെ തീം തന്നെ എം ടിയാല്‍ പ്രചോദിതമായ creative solitude ആയിത്തീര്‍ന്നു.
ആ കാലത്ത്, അച്ഛനും എം.ടിയുമായി നിരന്തരം സമ്പര്‍ക്കവും, വീട്ടില്‍ വരലും ഒക്കെ ഉണ്ടായിരുന്നെങ്കിലും, അന്ന് കുട്ടിയായ ഞാന്‍ solitude is my mistress എന്ന അദ്ദേഹത്തിന്റെ ആ മാന്ത്രികവൃത്തത്തിലേയ്ക്ക് അതിക്രമിച്ചു കയറാന്‍ സാഹസപ്പെട്ടില്ല.
സര്‍ഗ്ഗവഴികളില്‍ സഞ്ചരിക്കുന്ന ഒരുവള്‍ എന്ന നിലയിലും ഒരു സാമ്പത്തിക പത്രപ്രവര്‍ത്തക എന്ന നിലയിലും, എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത്, എം.ടി യിലെ ഉള്‍ക്കൃഷ്ടമായ കമ്മ്യൂണിക്കേഷന്‍ വൈഭവവും മാനജ്‌മെന്റ് കയ്യടക്കവുമാണ്.
ചിരി നല്‍കുന്നതില്‍ തൊട്ട് തുടങ്ങുന്നു ആ മിതവ്യയം. വിവാദങ്ങള്‍ കൊണ്ട് ചൊറിഞ്ഞ് പ്രകോപനമുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാലും, സുദൃഢമായ നിശ്ശബ്ദത.
സംസാരിക്കുമ്പോഴോ? വാക്കുകളുടെ സൂക്ഷ്മവിന്യാസങ്ങള്‍.
എന്നാല്‍, തന്റെ കാലത്തിനും, വേരുകള്‍ക്കും അപ്പുറത്തേയ്ക്ക് പടരുന്ന വലിയ-കാന്‍വാസ് സ്വപ്നങ്ങളും, അവ വെടിപ്പായി നടപ്പിലാക്കാനുള്ള കയ്യടക്കവും എം.ടി യ്ക്ക് മാത്രമേ കണ്ടിട്ടുള്ളൂ.
എഴുത്തുകാര്‍ക്കിടയില്‍ ചെറുപ്രായത്തില്‍ ആഴ്ചപ്പതിപ്പിന്റെ ചുമതല എന്നത് മാത്രമല്ല, കഥകളും നോവലുകളും, സ്‌ക്രിപ്റ്റ്കളും മാത്രമല്ല സിനിമാസംവിധാനവും മാത്രമല്ല, കാസ്റ്റിങ്ങിനുള്ള ഗരുഡന്‍കണ്ണും. വരുംതലമുറയ്ക്കായി തുഞ്ചന്‍പറമ്പില്‍ അക്ഷരങ്ങള്‍ക്കായി ഒരു സാംസ്‌കാരികഗ്രാമം തന്നെ വിഭാവന ചെയ്തു, നടപ്പിലാക്കുകയും ചെയ്തു.
കാല്പനികസൃഷ്ടി നടത്തുന്നവരൊക്കെ സ്വപ്നജീവികളാണെന്നാണല്ലോ വെയ്പ്പ്. ആ ധാരണയ്ക്ക് വിപരീതമായി, ധനവും, മറ്റു വിഭവശേഷികളും ക്രിയാത്മമായി ഉപയോഗിച്ചവര്‍ അപൂര്‍വ്വം. എം.ടി യുമായി ഇക്കാര്യത്തില്‍ താരതമ്യത്തിനെങ്കിലും, ഒപ്പമെത്തുന്നത് കുമാരനാശാന്‍ ആണ്. ഓട്ടുകമ്പനി നടത്തിയിരുന്നു. എസ് എന്‍ ഡി പിയുടെ കാര്യദര്‍ശിയായിരുന്നു, കവിതയുടെ കാല്പനികതരംഗത്തിന്റെ അമരക്കാരനായിരിക്കുമ്പോഴും. കുമാരനാശന്‍ അകാലത്തില്‍ അസ്തമിച്ചുപോയത് കൊണ്ട് കൂടുതല്‍ താരതമ്യം, സാധുവാവുന്നില്ല എന്നേയുള്ളു. എം.ടി യെപ്പോലെ ഒരു സാംസ്‌കാരികചാലകശക്തി കൂടിയായി പ്രകാശിയ്ക്കാന്‍ ഏറെ എഴുത്തുകാര്‍ക്ക് സാധിച്ചിട്ടില്ല.
ഇത്രയും പറയുമ്പോള്‍, എന്റെ അച്ഛന്റെ സുഹൃത്ത് ആയിരുന്നു എന്നതിനാലോ, മുത്തശ്ശിയോട് ആദരമുണ്ടായിരുന്നു എന്നതിനാലോ, എം.ടി യില്‍ നിന്നും ഒരു വിധത്തിലുള്ള അധികപ്രീതിയും എനിക്ക് ലഭിച്ചിരുന്നു എന്ന് കരുതേണ്ട.
കുട്ടിയായിരുന്നപ്പോഴേ, എത്രയോ വട്ടം കണ്ടിട്ടുണ്ട്. എല്ലാ എഴുത്തുജീവിതകാംക്ഷികള്‍ക്കും എന്ന പോലെ, അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ ആ ഒരു മില്ലിമീറ്റര്‍ ചിരി എനിക്കും കിട്ടാറുണ്ടായിരുന്നു. അതില്‍ കൂടുതലും ഇല്ല, കുറവുമില്ല.
പക്ഷെ, അത് പണ്ട്. 1999-ലാണ്, എനിക്കും വാത്സല്യധനനായ ഒരു എം.ടിയുണ്ടായത്.
1999-ല്‍, തീരെ അവിചാരിതമായി എന്റെ അച്ഛന്‍ എന്‍ മോഹനന്‍ മരണമടഞ്ഞു.
ആ ആഴ്ചയില്‍, ചെന്നൈയില്‍ നിന്ന്, എനിക്ക് ഒരു കത്ത് കിട്ടി.
'സരിത പരിഭ്രമിയ്ക്കണ്ട. ഞങ്ങളൊക്കെ
ഉണ്ട്. '
എന്ന്
വാസുവമ്മാമന്‍
വെറും ആറു വാക്കുകളില്‍ സമാശ്വാസവും കരുതലും വാത്സല്യവും കാച്ചിക്കുറുക്കിയ ഒരു ചെറുകത്ത്!
ആവശ്യഘട്ടത്തില്‍, ഒരൊറ്റ കടല്‍ചാട്ടത്തില്‍ 'എല്ലാവരുടെയും എം.ടി'യില്‍ നിന്ന് 'എന്റെ വാസുവമ്മാമന്‍' ആയി അദ്ദേഹം. എന്താവശ്യത്തിലും, ആ തണല്‍ അവിടെയുണ്ട് എന്നെനിയ്ക്ക് ഇപ്പോള്‍ അറിയാം.
നടക്കാത്ത മോഹമെന്ന് ബോദ്ധ്യമാണെങ്കിലും, ആ കത്തിനെക്കുറിച്ച് എന്റെ അച്ഛനോടും മുത്തശ്ശിയോടും പറയാന്‍ ഞാന്‍ എത്ര ആഗ്രഹിക്കുന്നെന്നോ! ആര്‍ദ്രതയെന്നത്, വാസുവമ്മാമന്, ആവശ്യഘട്ടങ്ങളില്‍ മാത്രം ഉണര്‍ന്നെണീയ്ക്കുന്ന സരസ്വതീപേശിയാണെന്ന് അച്ഛനോളം പരിചയമുള്ളവര്‍ ഏറെയുണ്ടാവില്ലല്ലോ. ഇപ്പോള്‍, തമ്മില്‍ കാണാനാവുമായിരുന്നെങ്കില്‍, മാറുന്ന കാലത്തെക്കുറിച്ച്, എന്താവും അവര്‍ സംസാരിക്കുക!
എം.ടിയെപ്പോലെ ഒരാള്‍ക്ക്, ഏത് പ്രായത്തിലും, പ്രാണവായു പോലെത്തന്നെ പ്രധാനമാണ് സര്‍ഗ്ഗസപര്യ. ജൂണ്‍മാസത്തില്‍, തിരൂര്‍ തുഞ്ചന്‍പറമ്പില്‍,
എം.ടിയുടെ നവതിആഘോഷത്തിന്റെ ഭാഗമായി, മകള്‍ അശ്വതി എഴുത്തച്ഛന്റെ 'ഗാന്ധാരീവിലാപ'മാണ് നൃത്തരൂപത്തില്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത്.
വാസുവമ്മാമന് ഏറ്റവും പ്രിയപ്പെട്ട കവിതഭാഗമാണത്. 'കൊല്ലിക്കയല്ലേ നിനക്കു രസമെടോ,' എന്ന് ഒരു ഈശ്വരാവതാരത്തോട്, ഗാന്ധാരിയെക്കൊണ്ട് (ഒരു ഭക്തകവിയായി എണ്ണപ്പെടുന്ന) എഴുത്തച്ഛന്‍ ചോദിപ്പിക്കുന്ന ഭാഗം.
ആ കവിതയും നൃത്തവും, എം.ടിയില്‍ ദൃശ്യമായ ഭാവപ്പകര്‍ച്ചയുണ്ടാക്കി എന്ന് എഴുത്തുകാരന്‍ എന്‍ ഇ സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് വായിച്ചറിയാനായി. 'എത്ര പവര്‍ഫുള്‍ ആണത് ഇപ്പോഴും,' എന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞുവത്രേ.
ഇഷ്ടമുള്ള കവിത തീക്ഷ്ണമായി അവതരിപ്പിച്ചു കാണുമ്പോള്‍, അദ്ദേഹത്തിന്റെ വൈകാരിക റിഫ്‌ളക്‌സുകള്‍, പ്രായാതീതമായി ഉഷാറായി പ്രവര്‍ത്തിയ്ക്കുന്നു എന്നത് തന്നെ ഏറെ ആവേശകരമാണ്.
ജന്മദിനത്തില്‍, വാസുവമ്മാവന് സ്മൃതിപുഷ്ടിയും സര്‍ഗ്ഗശേഷിയും നേരുന്നു. 90-കള്‍ ആരോഗ്യം തുളുമ്പുന്നതാവട്ടെ. പ്രായമോ, ചിരിനീളമോ അല്ല കാര്യം, ആര്‍ദ്രതയും ഓര്‍മ്മയുടെ കലവറത്താക്കോലും മാത്രമാണ് നിര്‍ണ്ണായകമാവുക.
ഏതാണ്ടങ്ങിനെയൊക്കെ, എം ടിയുടെ ഇഷ്ടനോവലിസ്റ്റുകളിലൊരാളായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വെസ് പറഞ്ഞിട്ടുണ്ടല്ലോ.
('What matters in life is not what happens to you but what you remember and how you remember it.'). എന്താണ് ഓര്‍ത്തെടുക്കുന്നത്, എങ്ങിനെ, എന്നതാണ് പരമപ്രധാനം!
Content Highlights: mt at 90 saritha mohanan bhama writes