സൂതരേ, മാഗധരേ... അതുകൊണ്ട് ആ ഗാഥകള്‍ നമുക്കിനിയും പാടാം...

#ഷീജ വക്കം
ഫോട്ടോ: കെ.കെ സന്തോഷ്
ഫോട്ടോ: കെ.കെ സന്തോഷ്

നമേജയന്റെ സര്‍പ്പസത്രത്തില്‍ വെച്ച്, ലോ മഹര്‍ഷണന്റെ പുത്രന്‍ ഉഗ്രശവസ്സ്, വ്യാസശിഷ്യനായ വൈശമ്പായനനില്‍ നിന്ന് കേട്ട കഥ! പ്രളയവും ഭൂകമ്പവും അശനിപാതങ്ങളുമായി  തമസ്‌കരിക്കാനെത്തിയ മഹാകാലത്തെ അതിജീവിച്ച്, ഇന്നും സദാസാന്നിദ്ധ്യമായി ഭാരതജനതയില്‍ ജീവിക്കുന്ന സാക്ഷാല്‍ മഹാഭാരതം. ഇതില്‍ നിന്നുരുത്തിരിഞ്ഞ അനേകമനേകം പില്‍ക്കാലരചനകളില്‍ മലയാളത്തിന്റെ ശക്തസാന്നിദ്ധ്യം കുറിച്ച കൃതിയാണ് എം.ടിയുടെ 'രണ്ടാമൂഴം'.

എം.ടിയുടെ ചെറുകഥകളും നോവലുകളും കുട്ടിക്കാലത്തേ വായിച്ചിരുന്നുവെങ്കിലും ഏറ്റവും അധികം ആകര്‍ഷിച്ച എം.ടി. കൃതി രണ്ടാമൂഴം തന്നെ. എത്രയെത്രയോ വട്ടം വായിച്ച പുസ്തകം.

സാക്ഷാല്‍ മഹാഭാരതത്തില്‍ മനുഷ്യജീവിതവ്യഥകളും സംഘര്‍ഷങ്ങളുമാണ് ആവിഷ്‌ക്കരിക്കപ്പെടുന്നതെങ്കില്‍പ്പോലും അദ്ഭുതശക്തികളുടെ, മായാജാലങ്ങളുടെ അമിതഭക്തിയുടെ പരിവേഷത്തോടെയാണ് പലപ്പൊഴും സാധാരണസമൂഹത്തില്‍ ഇതിഹാസകഥാപാത്രങ്ങളുടെ കെട്ടിയിറക്കം. ഇതിഹാസത്തില്‍, അവതാരങ്ങള്‍ വിരല്‍ചൂണ്ടി ശത്രുവിനെ ഭസ്മമാക്കുകയല്ല ,മുറിവേറ്റും മുറിവേല്‍പ്പിച്ചും ബന്ധുനഷ്ടത്തില്‍ വിലപിച്ചും ഉപജാപങ്ങളിലേര്‍പ്പെട്ടും കഠിനയത്‌നപ്പെട്ടാണ് പകുതി വിജയമെങ്കിലും തരപ്പെടുത്തുന്നത്. പക്ഷേ, ഈ മഹാഭാരതത്തിന്റെ നേര്‍വായന എത്ര പേരാല്‍ സാദ്ധ്യമാവും? സര്‍വ്വസാധാരണമായ കുട്ടിക്കഥകളിലെ, ദൈവികപരിവേഷമാണ് അതുകൊണ്ടുതന്നെ ഭൂരിഭാഗം ഇതിഹാസമനുഷ്യരുടെയും ദുര്‍വ്വിധി.

മഹാഭാരതം അവതരിപ്പിക്കുന്ന ദുര്‍ഗ്രഹമനുഷ്യജീവിതത്തെ, യാഥാസ്ഥിതികബുദ്ധിയെ ഞെട്ടിച്ചുകൊണ്ട് സാധാരണപ്പെടുത്തിയ മഹാപ്രതിഭയാണ് എം.ടി.
ഇങ്ങനെയും ഒരു കൃഷ്ണനോ എന്ന് ഞെട്ടിത്തരിച്ച കാലത്ത് മഹാഭാരതം വായിച്ചിരുന്നില്ല. പക്ഷേ, പിന്നീട് അത് വിശദമായി വായിക്കാന്‍ സാധിച്ചപ്പോഴാണ്, ഭീമപുത്രനായ ഘടോല്‍ക്കചന്‍ മരിച്ചപ്പോള്‍ ആഘോഷിക്കുന്ന കൃഷ്ണനെന്ന യാദവരാജാവിനെക്കണ്ടത്. എത്രയായാലും കാട്ടാളനല്ലേ, ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ തന്നെ വധിക്കേണ്ടി വന്നേനെയെന്ന ആത്മഗതം കേട്ടത്!

എം.ടിയുടെ ഭീമന്‍ സര്‍വ്വദൗര്‍ബ്ബല്യങ്ങളും വൈകാരികതകളുമുള്ള ഒരു മനുഷ്യനായി നമുക്കു മുന്നില്‍ വന്നു. അതുവരെ വൃകോദരനായും വൃഥാസ്ഥൂലനായുമായിരുന്നു നമുക്കയാളെ പരിചയം. വീരന്റെ പേശിബലത്തെക്കാള്‍, പൊണ്ണത്തടിയന്റെ ശരീരവലിപ്പമായിരുന്നു അയാളുടെ അടയാളം. അയാളുടെ അസാധാരണധൈര്യം, പോരാട്ടത്തിലെ പ്രതിഭ, മഹാവിജയങ്ങള്‍ക്കു ശില്‍പ്പിയായിരുന്നിട്ടും അംഗീകരിക്കപ്പെട്ടിരുന്നില്ല. ധനുര്‍ധാരിയായ അര്‍ജ്ജുനനെപ്പോലെ ഗദാധാരിയായ ഭീമന്‍ വാഴ്ത്തപ്പെട്ടില്ല. പകരം, വൃകോദരനായി, ഒരു കോമാളിവേഷമായി പലപ്പോഴും അവതരിപ്പിക്കപ്പെട്ടു. ഒരു നോവല്‍ ഈ കഥാപാത്രത്തെ നായകനാക്കി, അതുവരെയുള്ള ഭീമസേനസങ്കല്‍പ്പങ്ങളെ തച്ചുടച്ച്, അദ്ദേഹത്തെ വായനക്കാരന്റെയുള്ളില്‍ മഹാബലനായി ചിരപ്രതിഷ്ഠിതനാക്കിയെങ്കില്‍, ആ മിഴിവാര്‍ന്ന അസാധാരണ രചനാസിദ്ധിയുടെ പേരാണ് എം.ടി.

സൂതരേ, മാഗധരേ... അതു കൊണ്ട് എം.ടിയുടെ ഗാഥകള്‍ നമുക്കിനിയും പാടാം. സന്താനപ്പൂ നുള്ളുമ്പോലെ പെണ്ണിനെ തൊടാനറിയുന്ന;  പ്രണയിച്ചവള്‍ക്കായി പ്രതികാരമേറ്റെടുക്കുന്ന; സുരയില്‍ മധുരം പോലെ വീര്യത്തില്‍ പ്രേമവും കാമവും അനുതാപവുമലിഞ്ഞു ചേര്‍ന്ന പുരുഷന്‍...! ഏതു സ്ത്രീയാണ് ഭീമനെ മോഹിക്കാത്തത്!

Content Highlights: mt at 90 poet sheeja vakkom writes