മാര്‍ക്കേസിന്റെ അരക്കാറ്റക്ക പോലെ എം.ടിയുടെ കൂടല്ലൂര്‍...

വെള്ളിനേഴിയിലെ ഒളപ്പമണ്ണമനയില്‍ വച്ചാണ് ഞാന്‍ എം.ടി.യെ ആദ്യമായി നേരിട്ട് കാണുന്നത്. അവിടെ എം.ടി. നാലുകെട്ടിന്റെ ഷൂട്ടിങ്ങില്‍ ആയിരുന്നു.
നാലുകെട്ട് ടെലിവിഷന്‍ സീരിയലായിരുന്നു. അതിന്റെ നിര്‍മാതാവ് കഥാകൃത്ത് ശത്രുഘ്‌നനും.
ഞാന്‍ എം.ടി.യെ കാണാന്‍ വന്നത് ബോംബയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു മാസികയ്ക്കു വേണ്ടി ഒരു എം.ടി.പതിപ്പ് തയ്യാറാക്കാനായിരുന്നു.അദ്ദേഹത്തിനു ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയിട്ട് രണ്ടാഴ്ചയെ ആവുന്നുള്ളൂ.
ഞാന്‍ വരുന്ന വിഷയം ശത്രുഘ്‌നന്‍ എം.ടി.യോട് സംസാരിച്ചിട്ടുണ്ട്. എനിക്ക് ബലമായി അക്ബര്‍ കക്കട്ടിലും കൂടെയുണ്ട്.
കോഴിക്കോട്ടു നിന്ന് ശത്രുഘ്‌നനും അക്ബര്‍ കക്കട്ടിലുമായിട്ടാണ് ഞങ്ങള്‍ വെള്ളിനേഴിയില്‍ എത്തിയിരിക്കുന്നത്. വൈകിട്ട് ആറുമണി ആയിരിക്കുന്നു. അന്നത്തെ അവസാന സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ മൂവരും എത്തുന്നത്.
എം.ടി.മോണിറ്ററില്‍ എടുത്ത സീന്‍ നോക്കുകയാണ്. എന്നിട്ട് ഓക്കേ പറഞ്ഞു കസേരയില്‍ നിന്നെഴുന്നേറ്റു. അപ്പോള്‍ ശത്രുഘ്‌നന്‍ എം.ടി.യുടെ അടുത്തു ചെന്നു എന്തോ അറിയിച്ചു. എം.ടി. അപ്പോള്‍ തിരിഞ്ഞു പിന്നിലേക്ക് നോക്കി.
ഞങ്ങള്‍ കോഴിക്കോട് നിന്നും കൊണ്ടുവന്ന കാറിലേക്കാണ് അക്ബര്‍ എം.ടി.യെ നയിച്ചത്. മുന്നില്‍ എം.ടി.യും പിന്നില്‍ ഞങ്ങള്‍ മൂവരും കയറി.
എം.ടി.പിന്നിലേക്ക് തിരിഞ്ഞു എന്നോട് മിണ്ടി.
നമ്മള്‍ ആദ്യായിട്ടാണ് കാണുന്നത് അല്ലേ?
അതെ എന്നു ഒറ്റ വാക്കില്‍ ഉത്തരം പറയുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ആ നിഗമനത്തെ ഓര്‍ത്തു അത്ഭുതപ്പെട്ടു.
വെള്ളിനേഴിയിലെ ഗവര്‍മെന്റ് ഗസ്റ്റ്ഹൗസിലാണ് അത്യാവശ്യം ക്രൂവും എം.ടി.യും തങ്ങുന്നത്. കാറില്‍ നിന്നിറങ്ങി എം.ടി.മുകളിലേക്കു പോയി.
താഴെ ക്രൂവിലെ ആള്‍ക്കാരും മറ്റും അവിടവിടെ കൂടി നില്‍പ്പുണ്ട്. ഞങ്ങള്‍ മൂവരും. അപ്പോള്‍ മുകളില്‍ നിന്നും ആരോ ശത്രുഘ്‌നനെ വിളിച്ചു. അദ്ദേഹം മുകളില്‍ പോയിട്ട് താഴേക്കുനോക്കി എന്നോട് പറഞ്ഞു, രാധാകൃഷ്ണനെ എം.ടി.വിളിക്കുന്നു എന്ന്.
ചെറിയൊരു ബ്രീഫ്‌കേസും തൂക്കി ഞാന്‍ മുകളിലേക്കു ചെന്നു. അതില്‍ കുറെ വെള്ള പേപ്പറും പേനയും ഉണ്ട്.
മുറിയില്‍ ഒരു ചാരുകസേരയില്‍ എം.ടി.ഇരിക്കുന്നു. അധികം പൊക്കമില്ലാത്ത ഒരു മേശമേല്‍ എഴുതിയ പേപ്പറുകള്‍ അടുക്കി വച്ചിരിക്കുന്നു. എം.ടി.യുടെ കയ്യക്ഷരമാണ് പേപ്പറില്‍. സ്‌ക്രിപ്റ്റ് ആവാം.
എനിക്ക് പരിഭ്രമം നിശ്ചമായും ഉണ്ട്. ഇതാ എന്റെ മുമ്പില്‍ വായനയില്‍ ആരെയും മോഹിപ്പിച്ച വമ്പന്‍. ലക്ഷക്കണക്കിന് ആരാധകരുടെ എം.ടി.വാസുദേവന്‍ നായര്‍.
എതിരെ കിടന്ന കസേര ചൂണ്ടി ഇരിക്കാന്‍ പറഞ്ഞു.ടേപ്പ് റിക്കാര്‍ഡര്‍ കൊണ്ടു വന്നിട്ടുണ്ടോ? എം.ടി. ചോദിച്ചു
ഇല്ല ഞാന്‍ പറഞ്ഞു, ഞാന്‍ എഴുതിയെടുത്തുകൊള്ളാം.
എം.ടി.യുടെ കാല്‍ക്കല്‍ ഞാന്‍ മടിയില്‍ ബ്രീഫ്‌കേസ് വച്ചു അതിന്റെ മുകളില്‍ പേപ്പറുകള്‍ വച്ചു എഴുതിയെടുക്കാന്‍ ഇരുന്നു.
ചോദ്യങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നു.
എഴോ എട്ടോ ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പരിചാരകന്‍ എം.ടി.ക്കു അത്താഴം കൊണ്ടു വന്നു.
ഞാന്‍ അപ്പോള്‍ വേഗം തീര്‍ക്കാന്‍ ധൃതിവെച്ചത് മനസ്സിലാക്കി എം.ടി.പറഞ്ഞു, സാവധാനം സമാധാനായി തുടര്‍ന്നോളൂ.
തയ്യാറാക്കി വന്ന ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഉത്തരങ്ങള്‍ എഴുതിയെടുത്ത പേപ്പറുകള്‍ അടുക്കി.
എം.ടി.അപ്പോള്‍ പറഞ്ഞു, ഇനിയും എന്തെങ്കിലും ബാക്കി ചോദിക്കാനുണ്ടങ്കില്‍ ആവാം എനിക്ക് ധൃതി ഒന്നുമില്ല.
ഞാന്‍ വിനയപൂര്‍വ്വം നന്ദി പറഞ്ഞു കൊണ്ട് എഴുന്നേറ്റു.
കോഴിക്കോട് ഞാന്‍ കാണാന്‍ പോണവരുടെ ലിസ്റ്റ് പറഞ്ഞു, അതൊക്കെ തലകുലുക്കി സമ്മതിച്ചു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു ആ പുതുക്കുടി ബാലേട്ടനെയും ഒന്നു കണ്ടോളൂ.
എന്നിട്ട് എന്റെ പരിപാടികള്‍ എന്തൊക്കെയാണന്നു ചോദിച്ചു.
നാളെ രാവിലെ ഞാന്‍ കൂടല്ലൂര്‍ക്കു പോവും. അവിടുന്നു കോഴിക്കോട് പോയി എം പി മുഹമ്മദ്,പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരുടെയുമൊക്കെ മാറ്ററുകളും വാങ്ങി മൂന്നാം ദിവസം ബോംബെക്കു മടങ്ങാനാണ് പ്ലാന്‍. സിതാരയില്‍ ചേച്ചിയെയും അശ്വതിയെയും പോയി കാണും.
ഒരു ദിവസംകൂടി നില്‍ക്കൂ. എനിക്ക് മാതൃഭൂമി ഒരു സ്വീകരണം തരുന്നുണ്ട് അതുകഴിഞ്ഞു പോയാല്‍ പോരേ?
തീര്‍ച്ചയായും, ഞാന്‍ വിനയത്തോടെ പറഞ്ഞു.
യാത്ര പറയും മുമ്പ് ഞാന്‍ എം.ടി.യോട് പറഞ്ഞു, എനിക്കൊരു ആഗ്രഹമുണ്ട്.
എം.ടി.എന്നെ നോക്കിക്കൊണ്ട് ചോദിക്കുന്നു എന്താ ആഗ്രഹം?
എനിക്കാ കാലുതൊട്ടു തൊഴണം, ഞാന്‍ വിക്കി വിക്കി പറഞ്ഞു
ഇതു പറയുകയും കാലു തൊട്ടു തൊഴുതുകൊണ്ടു ഉയര്‍ന്നതും ഞാന്‍ പെട്ടെന്നു പൊട്ടിക്കരഞ്ഞുപോയി.
ഞാന്‍ നിറകണ്ണുകളും വിങ്ങലുമായി എം.ടി.യെ കെട്ടിപിടിച്ചു.
എം ടി യുടെ നെഞ്ചും കുറുകുന്ന പോലെ.
എന്തിനാണ് ഞാന്‍ കരഞ്ഞു പോയതെന്നറിയില്ല. അന്നും. ഇന്നും.
ഇറങ്ങാന്‍ നേരം നോക്കുമ്പോള്‍ വാത്സല്യത്തിന്റെ ഒരു മുഖം എന്നെ യാത്രയാക്കുന്നു
കുടല്ലൂരിലെ മാടത്തു തെക്കെപ്പാട്ട് തറവാട്ടില്‍ അന്ന് എം.ടി.യുടെ ഏറ്റവും മൂത്ത ചേട്ടന്‍ എം.ടി.ഗോവിന്ദന്‍ നായരും ഭാര്യ മാധവിക്കുട്ടി അമ്മയുമുണ്ട്.
മാഷായിരുന്നല്ലോ മൂത്ത ചേട്ടന്‍ ഗോവിന്ദന്‍ നായര്‍. അതിന്റെ ഗൗരവവും കയ്യടക്കവുമുണ്ട്.
എം.ടി.യെപ്പറ്റി വളരെ അഭിമാനത്തോടെയായിരുന്നു അദ്ദേഹം സംസാരിച്ചത്. ജ്ഞാനപീഠ പുരസ്‌ക്കാരത്തെപ്പറ്റി ചോദിച്ചപ്പോള്‍ അവന് ഏതു വര്‍ഷമാണ് അവാര്‍ഡ് കിട്ടാതിരുന്നിട്ടുള്ളത്.. എല്ലാ വര്‍ഷവും ഏതെങ്കിലും ഒരവാര്‍ഡ് ഉണ്ടാവും..
അദ്ദേഹം മറ്റൊരു കാര്യം കൂടി കര്‍ശനമായി എടുത്തു പറഞ്ഞു.
നിങ്ങള്‍ അവന്റെ കഥകളിലും മറ്റും വായിച്ച ദാരിദ്ര്യമൊന്നും ഞങ്ങളുടെ തറവാട്ടില്‍ ഉണ്ടായിട്ടേയില്ല. ആ ദാരിദ്ര്യം അവന്റെ ഭാവന മാത്രമാണ്.
സംസാരത്തിനിടയില്‍ എനിക്കൊരു കാര്യം പിടി കിട്ടി. എം.ടി.യുടെ ചേട്ടത്തി അമ്മ എം.ടി.യെറ്റി ഒരു ലേഖനം എഴുതി വച്ചിരിക്കുന്നു. അത് ചൂണ്ടാന്‍ നോക്കുമ്പോള്‍ ഗോവിന്ദന്‍ നായര്‍ ഇടപെട്ടു പറഞ്ഞു, അത് തരില്ല.
കരഞ്ഞും പിഴിഞ്ഞും ആ വിലപ്പെട്ട മാറ്റര്‍ കരസ്ഥമാക്കുക തന്നെ ചെയ്തു. മറുനാട് മാസികയുടെ എം.ടി.പതിപ്പില്‍ അത് പ്രാധാന്യത്തോടെ കൊടുക്കുകയും ചെയ്തു.
പുഴയെ കണ്ടുകൊണ്ടിരുന്ന് എഴുതാന്‍ പണി കഴിപ്പിച്ച ചെറിയ വീടിനു മകളുടെ പേരാണ് ഇട്ടിരിക്കുന്നത്- അശ്വതി.
1995- ലാണ് ഞാന്‍ കൂടല്ലൂര്‍ പോവുന്നത്. അന്ന് പുഴക്കരയില്‍ മണല്‍ ലോറികള്‍ എത്തിയിരുന്നില്ലന്നു തോന്നുന്നു.
പൂട്ടിയിട്ടിരിക്കുന്ന വീട് നോക്കാന്‍ ഒരാളെ വച്ചിട്ടുണ്ട്. എം.ടി.യുടെ ഇളയമ്മയുടെ മോന്‍ എം.ടി.രവീന്ദ്രനും കുടുംബവും അശ്വതിക്കു തൊട്ടാണ് താമസിക്കുന്നത്.
എം.ടി.യുടെ തറവാടും പരിസരവും കൂടല്ലൂരും ഞാന്‍ പോയ ആ കാലത്തും ഒരു ഗ്രാമം തന്നെയായിരുന്നു.
കൂടല്ലൂര്‍ ഗ്രാമത്തിലൂടെ കുറെ ദൂരം നടന്നു ചെന്നപ്പോള്‍ ചില സ്‌കൂള്‍ കുട്ടികള്‍ എതിരെ വരുന്നു അവരോടു എം.ടി.യെ അറിയുമോ എന്നു ചോദിച്ചപ്പോള്‍ മിടുക്കന്മാരായ ആ എല്ലാ കുട്ടികള്‍ക്കും അറിയാം.
മൂന്നിലോ നാലിലോ പഠിക്കുന്ന ആ കുട്ടികള്‍ എം.ടി.യുടെ വീടിന്റെ ദിക്കിലേക്ക് വിരല്‍ ചൂണ്ടി ദാ അതാണ് വീട് എന്നും കാട്ടിത്തന്നു.
അരക്കാറ്റക്കയില്‍ ഏതൊരു കുഞ്ഞിനും മാര്‍ക്കേസിനെ അറിയുന്ന പോലെ!
Content Highlights: mt at 90 mg radhakrishnan writes