എം.ടിയും കലാമണ്ഡലം രാമൻകുട്ടിനായരും; അവതരണത്തിലെ ആഡംബരമായി മൗനം!

#കലാമണ്ഡലം എം.പി.എസ് നമ്പൂതിരി
കലാമണ്ഡലം രാമൻകുട്ടി നായർ, എം.ടി
കലാമണ്ഡലം രാമൻകുട്ടി നായർ, എം.ടി

'മൗനം  വാചാലമാണ് ' എന്നുപറയാറുണ്ട്. അത് അനുഭവിയ്ക്കുമ്പോഴേ അതിന്റെ സത്യം ബോദ്ധ്യപ്പെടൂ; ശക്തിയും. വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീ.ശ്രീ. രവിശങ്കറിന്റെ ജീവനകല (Art of Living)യുടെ കോഴ്‌സ് ചെയ്തപ്പോഴാണ് അത്തരമൊരനുഭവം എനിക്കുണ്ടായത്. 

 'മൗനം വിദ്വാന് ഭൂഷണം', 'മിതം ച സാരം ച വചോ ഹി വാഗ്മിതാ' തുടങ്ങി വേറെയും ചൊല്ലുകള്‍. അല്പം മാത്രം പറയുക. അത് സാരവത്താകുക. അത് ഒരു പ്രത്യേക കഴിവാണ്. അതിനെ സിദ്ധി എന്ന് പറയാമോ? അറിയില്ല. ഏതായാലും അതൊരു ഭൂഷണം തന്നെ. ആദരണീയവും അഭിനന്ദനീയവുമാണ്. ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, സര്‍ഗ്ഗധനരായ, താരതമ്യേന മിതഭാഷികളായ രണ്ടു മഹദ് വ്യക്തികളെ (എം.ടി.വാസുദേവന്‍ നായര്‍, പത്മഭൂഷണ്‍ ഡോ.കലാമണ്ഡലം രാമന്‍കുട്ടി നായര്‍)ക്കുറിച്ചുള്ളതാണ് ഈ കുറിപ്പ്. 

 അഭിവന്ദ്യനായ രാമന്‍കുട്ടി ആശാന്‍ എന്റെ ഗുരുനാഥനാണ്. ആറ് പതിറ്റാണ്ടുള്ള ഗുരുശിഷ്യബന്ധം ആ വ്യക്തിത്വവുമായി അടുത്ത് ഇടപഴകാന്‍ കാരണമായി. കലാമണ്ഡലത്തില്‍ ചേരുന്നതിന്നള്ള (1958) മുഖാമുഖം നടന്നത് തന്നെ ആശാന്റെ മുന്നിലായിരുന്നു. അതിന്റെ ഒരോര്‍മ്മ: 

ആശാന്‍ എന്നെ അടിമുടി ഒന്നു നോക്കി. തുടര്‍ന്ന് ചോദിച്ച ഒരു ചോദ്യം .
'നമ്പൂരിക്കുട്ടിയ്ക്ക് എങ്ങനാ ഇല്ലത്ത് ശാപ്പാടിന്ന് വകയില്ലേ?'. 
ഞാന്‍ അന്തം വിട്ടു. 
'വേറെ എന്തെല്ലാം ചോദിയ്ക്കാം.' 

 എന്നാല്‍ ഇതിന്റെ പ്രസക്തി പിന്നീടാണ് മനസ്സിലായത്. ദരിദ്രകുടുംബത്തില്‍ നിന്നുള്ളവരാണ് സാധാരണ അപേക്ഷിക്കാറ്. മാത്രമല്ല നമ്പൂരി സമുദായത്തില്‍ നിന്ന് വരുന്നവര്‍ വളരെ ദുര്‍ലഭവും.  

'അതേയ്, ഇവിടെ തല്ലും കുത്തും ചവിട്ടുമൊക്കെ കിട്ടും. കുട്ടി അതിനൊന്നും നില്‍ക്കണ്ട. വിദ്യാഭ്യാസണ്ടല്ലൊ. (ഞാന്‍ ഗവ: വിക്ടോറിയ കോളേജില്‍ ഒരു കൊല്ലത്തെ പഠനം കഴിഞ്ഞാണ് വരുന്നത്.) നല്ലോണം പഠിച്ച് വല്ല എന്‍ജിനീയറോ ഡോക്ടറോ ആയിക്കൊള്ളൂ.''

സ്വല്പം വിക്കലോടെയാണ് പറഞ്ഞത്. അന്ന് നിരാശയോടെ മടങ്ങിയെങ്കിലും പിന്നീട് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതായി കത്ത് വന്നു. ആശാനുമായി പരിചയപ്പെട്ടതിന്റെ തുടക്കം ഇങ്ങിനെയായിരുന്നു.

എന്തോ അന്ന് മുതല്‍ ആശാനെ നിരീക്ഷിക്കുന്നത് കൗതുകമാര്‍ന്ന അനുഭവമായി. അധൃഷ്യത കാരണം അടുക്കാന്‍ ഭയം. സഹപ്രവര്‍ത്തകര്‍ കൂടി അധികം സംസാരിച്ച് കാണാറില്ല. പിന്നെയല്ലേ കുട്ടികള്‍! മൂന്നുവര്‍ഷത്തിന്ന് ശേഷം (ആദ്യ മൂന്നു വര്‍ഷം ഗോപി ആശാന്‍) ഞാന്‍ ആശാന്റെ കളരിയില്‍ എത്തി. അത് ആശാന്റെ ശിക്ഷണരീതിയുടെ സവിശേഷത അപഗ്രഥിച്ച് മനസ്സിലാക്കാനും അനുഭവിയ്ക്കാനും അവസരം തന്നു.

പൂര്‍ണ്ണത ഒരു സങ്കല്‍പമാണ്, ഒപ്പം ലക്ഷ്യവുമാണ്. അതിലേയ്ക്ക് എത്തുക എന്നതായിരുന്ന ആശാന്റെ ലക്ഷ്യം എന്ന് പറയാം. അരങ്ങിലെയും ജീവിതത്തിലെയും നിസ്സാരമെന്ന് തോന്നുന്ന പ്രവൃത്തിയില്‍ പോലും പാലിച്ചിരുന്ന സൂക്ഷ്മത. എന്തിനേറെ, ആശാന്റെ വെറ്റിലമുറുക്ക് പോലും കണ്ടാസ്വദിയ്ക്കാന്‍ തോന്നും. അന്തരിച്ച ബ്രഹ്‌മശ്രീ. പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ഒരു കമന്റ് ഇവിടെ ഓര്‍മ്മ വരുന്നു.

 'എല്ലാ വേഷക്കാരും വേഷംകെട്ടി അരങ്ങത്തേയ്ക്ക് പോകുമ്പോലെയാ രാമന്‍കുട്ടി അരങ്ങത്ത് നിന്ന് തിരിച്ചുവരിക.' എന്തൊരു സൂക്ഷ്മനിരീക്ഷണം!

ഉത്ഭവത്തിലെ രാവണനായാലും ചെറിയ നരകാസുരനായാലും മണിക്കൂറുകളോളം നീണ്ടുനില്ക്കുന്ന അരങ്ങിലെ പ്രകടനത്തിന്നിടയിലും മുഖത്തെ ചുട്ടിയ്‌ക്കോ ആടയാഭരണങ്ങള്‍ക്കോ ചെറിയസ്ഥാനഭ്രംശം പോലും സംഭവിച്ചിട്ടുണ്ടാവില്ല. ഓരോ ചലനങ്ങളും അത്രമാത്രം Restrained ആയിട്ടായിരിക്കും അവതരിപ്പിക്കുക. 'പട്ടിയ്ക്കാംതൊടി കളരിയുടെ താഴികക്കുടം'എന്ന മഹാകവി ഒളപ്പമണ്ണയുടെ വിശേഷണം ഇവിടെ ഓര്‍ക്കുന്നു.

കലാമണ്ഡലം രാമൻകുട്ടി നായർ, എം.ടി
​​​

 ആശാന്റെ സമയനിഷ്ഠ ശ്രദ്ധേയമാണ്, അനുകരണീയമാണ്. കളരിയിലും അരങ്ങിലും അതിന്റെ പ്രതിഫലനം കാണാം. കളരിപാഠങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്ന പതിവില്ല. പകരം തന്റെ പ്രവൃത്തിയാണ് വാക്ക്. വേണമെങ്കില്‍ കണ്ട് പഠിച്ചോളൂ. അതായത് പ്രവൃത്തി = വാക്ക് എന്നാണ് ആശാന്റെ അദ്ധ്യയനരീതി. കളരിയില്‍ പാട്ടുകാര്‍ക്കോ മേളക്കാര്‍ക്കൊ നല്‍കുന്ന സൂചനകള്‍ ഏതാനും വാക്കുകളില്‍ ഒതുങ്ങും ചിലപ്പോള്‍ ഒരു മൂളല്‍ മാത്രം . ശീലിച്ചവര്‍ക്ക് അതുമതി കാര്യം അറിയാന്‍. 

 അരങ്ങിലെ ആശാന്റെ ആട്ടശൈലിയുടെ ഒരു സവിശേഷത ലാളിത്യമാണ്. ഗഹനമായ ആശയങ്ങളൊന്നും പ്രയോഗിയ്ക്കാറില്ല. എല്ലാ ആശയങ്ങളും എന്തിന് വാക്കുകള്‍ പോലും ആംഗ്യഭാഷയ്ക്ക് വഴങ്ങിക്കൊള്ളണമെന്നില്ല. അവിടെ ശരീരത്തിന്റെ ചലനം മാത്രം. ആശയസംവേദനം ശക്തം. ഇവിടെ മഹാകവിയുടെ ഒരു സ്ത്രീസൗന്ദര്യവര്‍ണ്ണനയുണ്ട്. 'ലാവണ്യക്കടലില്‍ ....'എന്നുതുടങ്ങുന്ന ഒരു പ്രസിദ്ധശ്ലോകം. അതില്‍ 'ശൃംഗാര സൂക്തോന്മിഷല്‍  കൈവല്യപ്പൊരുളോ?' എന്ന ഭാഗം എങ്ങിനെ മുദ്ര കാണിയ്ക്കും? എന്ന് മഹാകവിയോടു തന്നെ ചൊദിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്. വാക്കുകള്‍ക്ക് വഴങ്ങുന്ന കൃത്യമായ മുദ്രകള്‍, ഒരു നോട്ടം, ഒരു ചിന്ത, ലഘുചലനങ്ങള്‍ എന്നിവയിലൂടെ പ്രേക്ഷകരിലേയ്ക്ക് ആശയ വിനിമയം സാധിച്ചെടുക്കുന്ന അഭിനയരീതി പ്രശംസനീയമാണ്. അനുകരിച്ചാല്‍ ഫലവത്താകില്ല. കോപ്പിയടിയേ ആകൂ. ലവണാസുരവധം കഥയില്‍ ഹനുമാന്‍, കുശല വന്മാരേയും സീതയേയും കണ്ടുമുട്ടുന്ന രംഗത്തെ ആട്ടം ഉദാഹരണം. ആ രംഗം കണ്ടവരോട് അതേക്കുറിച്ച് വിസ്തരിയ്‌ക്കേണ്ടതില്ല. കഥകളി നടന്ന് വാചികമില്ല.എന്നാല്‍ പച്ച മിനുക്ക് ഒഴിച്ചുള്ള കഥാപാത്രങ്ങള്‍ പലരീതിയിലുള്ള അലര്‍ച്ചകള്‍ ഉണ്ട്. മേല്‍പ്പറഞ്ഞവയ്ക്ക് പുറമെ ഈ രീതിയിലുള്ള ശബ്ദ പ്രയോഗങ്ങള്‍ ഭവാനുസൃതമായി പ്രയോഗിയ്ക്കാം. എം.ടി.യുടെ എഴുത്ത്ഭാഷ യുടെ രചനാതന്ത്രവുമായി ഇതിനെ താരതമ്യപ്പെടുത്തി ചിന്തിയ്ക്കാവുന്നതാണ്.

 സമയത്തിന്റെ കാര്യത്തില്‍ ദീക്ഷിയ്ക്കുന്ന കൃത്യത മറ്റൊന്നാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ (വേഷങ്ങള്‍) അണിഞ്ഞൊരുങ്ങുന്നതിന്ന് എടുക്കുന്ന സമയദൈര്‍ഘ്യം വിഭിന്നമാണ്. ആശാന് ഒരു കത്തിവേഷം (രാവണന്‍) ഒരുങ്ങാന്‍ അഞ്ച് മണിക്കൂര്‍ വേണം...കൃത്യസമയത്ത് തുടങ്ങി കൃത്യസമയത്തു തന്നെ അരങ്ങിലെത്തുകയും ചെയ്യും. എല്ലാം നൂറ് ശതമാനം തന്നെ. അങ്ങനെ സിദ്ധിയും സാധനയും ഈ നാട്യാചാര്യനെ ഒരു കാലഘട്ടത്തെ കഥകളിയുടെ മാനദണ്ഡമാക്കി.

എം.ടിയുമായി ഇത്തരമൊരു അടുത്തബന്ധം പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. അകന്നുനിന്ന് ആ വ്യക്തിത്വത്തെ അറിയാന്‍ ശ്രമിയ്ക്കുക മാത്രമേ  ഉണ്ടായിട്ടുള്ളൂ. അതിനാല്‍ വളരെ പരിമിതിയുണ്ട്. പക്ഷെ രസകരമായ സംഗതി ഇവരില്‍ രണ്ടുപേരിലും പ്രാഥമികതലത്തില്‍ത്തന്നെ സമാനമായ കാണുന്ന ചില സവിശേഷതകള്‍ എന്നില്‍ കൗതുകമുണ്ടാക്കി. വെടിവട്ടത്തില്‍ അത് വിഷയമാകാറുണ്ട്. അതില്‍ ഏറ്റവും പ്രകടമായി അനുഭവപ്പെട്ടത് രണ്ടു പേരുടെയും ശരീരഭാഷയിലൂടെ പ്രകടമാകുന്ന അത്യന്തം ഗൗരവമാര്‍ന്ന സ്വഭാവവും- അധൂഷ്യത എന്നു തന്നെ പറയാം- സാന്നിദ്ധ്യവും തന്നെ. അതിന്നിടയില്‍ ഒളി മിന്നുന്ന രാമന്‍കുട്ടി ആശാനിലെ നര്‍മ്മം എനിയ്ക്ക് പരിചിതമാണ്. എം.ടി.യുമായി അടുത്ത ബന്ധമില്ലാത്തതു കൊണ്ട് ആ ഭാഗം വിടുന്നു. എന്നാല്‍ അതിരറ്റ ആത്മവിശ്വാസം രണ്ടുപേരുടെയും പൊതുസ്വഭാവത്തിന്റെ ഭാഗമാണ്. എം.ടി.യുടെ ചിരിച്ചുകൊണ്ടുള്ള മുഖം വിരളമായേ കണ്ടിട്ടുള്ളൂ. ഈയ്യിടെ ഭാഷാപോഷിണിയിലാണെന്ന് തോന്നുന്നു ആരോ എഴുതിക്കണ്ടു.'എം.ടി.ചിരിക്കുന്നത് അപൂര്‍വ്വം. പൊട്ടിച്ചിരിക്കുന്നത് ഇല്ലേ ഇല്ല.' ആശാന്റെ കാര്യത്തിലും കുറെയൊക്കെ അങ്ങിനെത്തന്നെ. ജീവിതശൈലിയായ പതികാലം മറ്റൊരു സവിശേഷതയായി തോന്നിയിട്ടുണ്ട്. ഇത് അരങ്ങിലും കാണാം. അവിടെ എന്തുപ്രവൃത്തികളും അതിന്റേതായ സമയമെടുത്തുകൊണ്ട് തെളിമയാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുന്ന രീതി നൈസര്‍ഗ്ഗികമായി ലഭിച്ച താവാം. പൂര്‍ണ്ണതയെക്കുറിച്ച് ആശാന്‍ പറയുന്നില്ലെങ്കിലും അത് പ്രവൃത്തിയില്‍ കാണാം. എം.ടി.യുടെ ലക്ഷ്യവും അതുതന്നെ. എം.ടി.യുടെ 'തിരഞ്ഞെടുത്ത കഥകളു'ടെ 7-ാം പതിപ്പില്‍ ,(1999) 'നന്ദി', എന്ന ആമുഖത്തില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു.

 'ഉവ്വ്, ചെറുകഥയോട് എനിക്ക് പ്രത്യേകമായ ഒരു പക്ഷപാതമുണ്ട്. കവിതപോലെത്തന്നെ പൂര്‍ണ്ണതയിലേയ്‌ക്കെത്തിക്കാവുന്ന, അല്ലെങ്കില്‍ പൂര്‍ണ്ണത ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാവുന്ന ഒരു സാഹിത്യരൂപമാണിത്. '

'ചെറുകഥയ്ക്ക് ഒരു വാസ്തുശില്‍പ സൃഷ്ടി പോലെ ത്രിമാനങ്ങളിലുള്ള ഒരു സുന്ദരരൂപം നല്‍കാന്‍ സാധിക്കുന്നു. ചെറുകഥയില്‍ ഒരു വാചകം, ചിലപ്പോള്‍ ഒരു വാക്കുതന്നെ അധികപ്പറ്റാകുന്നു.' 

 ഇതു വായിക്കുമ്പോള്‍ രണ്ടുപേരുടേയും കാഴ്ചപ്പാടിലും, ലക്ഷ്യബോധത്തിലുള്ള സമാനത വ്യക്തമാകുന്നു. ഓരോരുത്തരുടെ പ്രവര്‍ത്തനമേഖലയുടെ സ്വഭാവത്തിന്നനുസരിച്ച് ഇതിനെ വായിച്ചെടുക്കണമെന്നു മാത്രം. 

 ഞാന്‍ എം.ടി.യുടെ സാഹിത്യ രചനകളുടെ സ്ഥിരം വായനക്കാരനല്ല. 'നാലുകെട്ട്' പോലുള്ള ആദ്യകാല രചനകള്‍ വായിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ആ സര്‍ഗ്ഗാത്മകതയുമായി അടുത്തബന്ധം എനിക്ക് അവകാശപ്പെടാന്‍ ഇല്ല. പക്ഷെ ഇതൊരു കൗതുകമായി തോന്നി .

രണ്ടു പേരുമായി ബന്ധപ്പെട്ട ഒരു സംഭവം കൂടി കുറിക്കട്ടെ.

ആശാന്റെ എഴുപതാം പിറന്നാളിന്റെ ആഘോഷം. വെള്ളിനേഴിയിലെ ഞാളാംകുറിശ്ശിയിലെ വീട്ടില്‍ത്തന്നെ. വര്‍ഷക്കാലം. മുന്‍കരുതല്‍ എന്ന നിലയില്‍ പറമ്പ് മുഴുവന്‍ വലിയ ഒരു പന്തല്‍. ബന്ധുക്കളും ശിഷ്യന്മാരും സുഹൃത്തുക്കളുമായി വലിയ ഒരു ജനാവലി നാടിന്റെ അഭിമാനമായ വലിയ കലാകാരന്ന് ആശംസയര്‍പ്പിയ്ക്കാന്‍ എത്തിയിട്ടുണ്ട്. കാര്‍ മാര്‍ഗം എത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലം. തലേദിവസം രാത്രിയിലെ മഴ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി. കാലത്ത് ആശാന്റെ കലാസപര്യയെക്കുറിച്ച് സംവാദം. സഹൃദയ ശ്രേഷ്ഠനും ആത്മസുഹൃത്തുമായ കിള്ളിമംഗലം വാസുദേവന്‍ നമ്പൂത്തിരിപ്പാട് അധ്യക്ഷന്‍. ഉച്ചയ്ക്ക് ഗംഭീരസദ്യ. വൈകന്നേരം നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന അനുമോദന സമ്മേളനം. ഉദ്ഘാടകനായ എം.ടി.വാസു ദേവന്‍ നായരുടെ വാക്കുകള്‍ക്ക് സദസ്സ് കാതോര്‍ത്ത് നില്‍ക്കുന്നു. പ്രസംഗത്തില്‍ താന്‍ കുറേ കാലം മുമ്പ് ഒരപൂര്‍വ്വ പുസ്തകത്തിന്ന് വേണ്ടി തഞ്ചാവൂര്‍ക്കോ മറ്റോ പോയി തിരഞ്ഞു തിരഞ്ഞു മടുത്ത ഒരു കഥ വളരെ നാടകീയമായി അവതരിപ്പിച്ചു. അവസാനം ആരുമാരും അധികം ശ്രദ്ധിയ്ക്കപ്പെടാത്ത തെരുവിന്റെ ഏതോ ഒരിടത്തു നിന്ന് ഉദ്ദേശിച്ച പുസ്തകം കിട്ടി. സന്തോഷമായി. പുസ്തകം തന്ന ആള്‍ക്ക് വിലയും നല്‍കിയ ശേഷം ചോദിച്ചുവത്രെ : 'നിങ്ങള്‍ക്ക് ഒരു ബോര്‍ഡ് എഴുതിവെച്ചൂടേ?എന്നാല്‍ സ്ഥലം കണ്ടെത്താന്‍ എളുപ്പമല്ലെ?'

അതിന്നുള്ള കടക്കാരന്റെ മറുപടി: 'ആവശ്യക്കാര്‍ ഇവിടെ വന്നെത്തി പുസ്തകം വാങ്ങിച്ചോളും. നിങ്ങളും അങ്ങനെ എത്തിയതല്ലേ?''
മറുപടി എം.ടി.യെ ചിന്തിപ്പിച്ചു എന്ന് തോന്നുന്നു.   

 'ശരിയാണ്. ഞാനും അങ്ങിനെ വന്നതാണല്ലൊ! അതുപോലെത്തന്നെ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ എന്ന പ്രതിഭാശാലിയായ നാട്യാചാര്യനെ കണ്ട് വന്ദിക്കാനും ദീര്‍ഘായുസ്സും ആരോഗ്യവും നേരാനും താല്‍പര്യമുള്ള ബന്ധുക്കളടക്കമുള്ള ആരാധകരും ശിഷ്യരും ഇവിടെ എത്ര ബുദ്ധിമുട്ടിയാലും ഈ സപ്തിയ്ക്ക് എത്താതിരിക്കില്ല എന്നതിന്റെ തെളിവാണ് ഈ ജനസഞ്ചയം.' 

തിരഞ്ഞെടുത്ത വാക്കുകളിലൂടെയുള്ള ഘനഗംഭീരമായ പ്രസംഗം കേട്ടുനിന്നവര്‍ ആവേശത്തോടെ കയ്യടിച്ച് സ്വീകരിച്ചു.

 രാമന്‍കുട്ടി ആശാന്റെ അരങ്ങത്തെ തിരനോട്ടം പ്രസിദ്ധമാണല്ലോ. രാത്രിയുടെ മദ്ധ്യയാമങ്ങളില്‍ പോലും സ്വര്‍ണ്ണ മോതിരങ്ങളിട്ട ആ വിരലുകള്‍ തിരശ്ശീലയ്ക്ക് മുകളില്‍ കാണാന്‍ വേണ്ടി കാത്തിരിയ്ക്കുന്ന ഒരു കൂട്ടം കളിഭ്രാന്തന്മാര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കേരളത്തിലങ്ങോള മിങ്ങോളമുണ്ടായിരുന്നത് ചരിത്രമാണ്. പിന്നീട് സംഭവബഹുലമായ തന്റെ കലാജീവിതത്തിലെ അനുഭവങ്ങളും ഓര്‍മ്മകളും ആത്മകഥാരൂപത്തില്‍ എഴുതി തയ്യാറാക്കിയത് 'പ്രസിദ്ധീകരിക്കാമോ?' എന്ന് ചോദിച്ച് കൊണ്ട് എഴുതിയതിനെക്കുറിച്ചുള്ള എം.ടി.യുടെ പ്രതികരണം കൂടി ഇവിടെ ചേര്‍ക്കട്ടെ.

 'എഴുതേണ്ടതു തന്നെ. പക്ഷെ എങ്ങിനെ എഴുതിയിരിക്കുന്നു എന്നാണറിയേണ്ടത്. രാമന്‍കുട്ടി നായരുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. വായിച്ച് വിരസമാണെന്ന് ഒഴിവാക്കേണ്ടി വന്നാലോ എന്ന ഭയമായിരുന്നു മനസ്സില്‍ വായിച്ചുനോക്കിയ ശേഷം മാറ്റങ്ങള്‍ വേണമോ എന്നാലോചിയ്ക്കാം. എന്ന സൂചനയോടെ അയയ്ക്കാന്‍ എഴുതി. കയ്യെഴുത്ത്പ്രതി വന്നു. വായിച്ചപ്പോള്‍, ഇതാ തെളിനീരൊഴുക്ക് പോലെ ഓര്‍മ്മകളുടെ മധുരോദാരമായ ഒരു പ്രവാഹം. ഒരു കാലഘട്ടം മുഴുവന്‍ കണ്‍മുന്നില്‍. പത്രമാപ്പീസിലെ വിരസതയ്ക്കിടയ്ക്ക് വീണുകിട്ടുന്ന ഹൃദ്യമായ വേളകളിലൊന്നായി മാറി കയ്യെഴുത്ത് പ്രതിയുടെ വായന.' ('തിരനോട്ടം' ഡി.സി.ബുക്ക്‌സ്.കോട്ടയം അവതാരിക - 'കല തന്നെ ജീവിതം' - 1993. എം.ടി.വാസുദേവന്‍ നായര്‍.)

Content Highlights: mt at 90 kalamandalam mps namboothiri writes about silence in mt and ramankutty nair