'ആദരിക്കാന്‍ ചെല്ലുന്ന നേതാക്കള്‍ തീര്‍ച്ചയായും എം.ടിയുടെ ഒരു രചനയെങ്കിലും വായിച്ചിരിക്കണം'

ശശി തരൂര്‍ മലബാര്‍ പര്യടനത്തിന്റെ ഭാഗമായി എം.ടിയെ കാണാന്‍ ചെന്നവസരത്തില്‍ എം.ടി അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകങ്ങള്‍ കണ്ടു ആശ്ചര്യപ്പെട്ടു ചോദിക്കുകയുണ്ടായി ഇപ്പോഴും വായന സജീവമാണല്ലേ എന്ന്. മാതൃഭൂമി പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്തയില്‍ എം.ടിയുടെ പ്രതികരണം എന്തായിരുന്നുവെന്നു പറഞ്ഞിട്ടില്ല. എന്തായാലും, എം.ടി തന്റെ വായനയെക്കുറിച്ചു വീമ്പടിക്കാന്‍ നിന്നിട്ടുണ്ടാവില്ല, നല്ല വായനക്കാര്‍ അങ്ങനെയാണ്.
എം.ടി അന്നു വായിച്ചിരുന്ന ഒരു പുസ്തകത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നു. ബെന്‍ ഓക്രിയുടെ 'ഫ്രീഡം ആര്‍ട്ടിസ്റ്റ്'. എന്റെ വ്യക്തിപരമായ അനുഭവം കൂടിയുണ്ട്. ഒന്നരണ്ടു വര്‍ഷം മുമ്പാണ്. കോഴിക്കോട്ടെ പ്രമുഖ ബുക്സ്റ്റാളില്‍ പുസ്തകങ്ങള്‍ തിരയുന്ന വേളയിലാണ് എം.ടിയുടെ സുഹൃത്തും വിവര്‍ത്തകനുമായ കെ എസ് വെങ്കിടാചലത്തെ പരിചയപ്പെട്ടത്. ആയിടെ പ്രസിദ്ധീകരിച്ച ഒരു പുസ്തകം എനിക്ക് അദ്ദേഹം നിര്‍ദേശിച്ചു, മുറകാമിയുടെ 'ബെര്‍ത്ത്‌ഡേ സ്റ്റോറീസ്'. എം.ടി വായിച്ചു നല്ല കഥകളാണെന്നു പറഞ്ഞാണ് പ്രേരിപ്പിച്ചത്. എം.ടി യുടെ പ്രശസ്തമായ 'ഒരു പിറന്നാളിന്റെ ഓര്‍മ'യാണ് അപ്പോള്‍ ഓര്‍ത്തത്.
എം.ടിയുടെ വായനാ സംസ്‌കാരത്തെക്കുറിച്ചു പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുപ്പാട് പറയാനുണ്ടാകും. മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടത്തില്‍ ഏറ്റവും വലിയ വായനക്കാരിലൊരാള്‍ എം.ടി തന്നെയായിരിക്കും. എഴുത്തുകാരൊക്കെ നല്ല വായനക്കാരാണ് എന്നൊരു തെറ്റിദ്ധാരണയുണ്ട്. അത് ശരിയാകണമെന്നില്ല. കൂടുതല്‍ വായിച്ചു എന്നതുകൊണ്ടു വലിയ എഴുത്തുകാരനാകണമെന്നുമില്ല. വായനയില്‍ നിന്നാര്‍ജിച്ച അനുഭവങ്ങളും രൂപപ്പെട്ട കാഴ്ചപ്പാടും എം.ടി പല ലേഖനങ്ങളിലായി പകര്‍ന്നിട്ടുണ്ട്.
എം.ടിയുടെ വായനയുടെ വലിയലോകം അനാവൃതമാകുന്നത് നോണ്‍ഫിക്ഷന്‍ രചനകളിലാണ്. എം.ടിയുടെ സര്‍ഗാത്മകരചനകള്‍ പോലെ തന്നെ സശ്രദ്ധം വായന അര്‍ഹിക്കുന്നതാണ് ഈ എഴുത്തുകള്‍. പ്രമേയപരമായ വൈവിധ്യവും എം.ടി പങ്കുകൊണ്ട ആശയലോകത്തിന്റെ വൈപുല്യവും ഈ എഴുത്തുകളില്‍ ദര്‍ശിക്കാം. രാഷ്ട്രീയാദര്‍ശം, ജീവിതദര്‍ശനം, സാമൂഹിക കാഴ്ചപ്പാട്, നീതിദര്‍ശനം- എന്നതിനെക്കുറിച്ചു വ്യക്തിഗതമായ അനുഭവ സീമയില്‍ നിന്നുക്കൊണ്ടും വായനയില്‍ നിന്നു സ്വരൂപിച്ച ആശയങ്ങളും ചേര്‍ത്തുവെച്ചുള്ള പ്രതിപാദന രീതിയാണ് ഈ എഴുത്തുകളില്‍ കാണുക.
ചരിത്രം, നാട്ടുചരിത്രം, ഇതിഹാസം, പുരാവൃത്തം, ഫോക്ലോർ എന്നിവയെക്കുറിച്ചുള്ള വൈജ്ഞാനികമായ അവബോധത്തോടെയുള്ള ഗവേഷണ പഠന സ്വഭാവമുള്ള ആശയവിസ്താരം, പാരിസ്ഥിതിക ശാസ്ത്രത്തെ മുന്‍നിര്‍ത്തിയുള്ള പുതിയ പരിചിന്തനം, എഴുത്തിനെയും എഴുത്തുകാരെയുംക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍, സമകാലിക ജീവിതാവസ്ഥകളോടുള്ള പ്രതികരണങ്ങള്‍, ലോകത്തിലെ ഇതരസംസ്‌കാരങ്ങളെ നേരിട്ടുകണ്ടും അതിന്റെ അനുഭവങ്ങളുടെ പങ്കുവെയ്ക്കല്‍, നിരൂപക ദൃഷ്ടിയോടെ സാഹിത്യത്തെയും കലയെയുംക്കുറിച്ചുള്ള നീരിക്ഷങ്ങള്‍...അതിവിസ്തൃതമാണ് എം.ടിയുടെ ഫിക്ഷണേതര എഴുത്തിന്റെ ചക്രവാളം.
എം.ടിയുടെ സര്‍ഗാത്മക രചനകള്‍ പ്രതിനിധാനം ചെയ്യുന്ന അനുഭവ ലോകത്തെയും സംസ്‌കാരത്തെയും സാമൂഹികവീക്ഷണത്തെയുംക്കുറിച്ചൊക്കെ മലയാളത്തിലെ നിരൂപണ സാഹിത്യം ഏതാണ്ട് തീര്‍പ്പാക്കിയിരിക്കുന്ന ചില പൊതുകാഴ്ച്പ്പാടുകളുണ്ട്. ഓരോ നിരൂപകനും-പഴയതോ പുതിയതാവാകട്ടെ- ഈ പൊതുവീക്ഷണത്തെ അംഗീകരിച്ചുക്കൊണ്ടാണ് തന്റെ സൈദ്ധാന്തികപരമോ അല്ലെങ്കില്‍ ആഖ്യാനപരമോ ഭാഷാപരമോ ഇമ്പ്രെഷനിസ്റ്റിക്കായ എം.ടി സാഹിത്യത്തെക്കുറിച്ചുള്ള വായനാനുഭവങ്ങള്‍ എഴുതാറുള്ളത്.
തീര്‍പ്പായ പൊതുവീക്ഷണമെന്തെന്നാല്‍ എം.ടിയുടെ ആഖ്യാനങ്ങളിലെ സവിശേഷമായ തദ്ദേശീയത, ജീര്‍ണാവസ്ഥയിലെത്തിയ ഫ്യൂഡല്‍ ജീവിതവ്യവസ്ഥയുടെ തകര്‍ച്ച അതു മനുഷ്യരേല്പിച്ച ഉണങ്ങാത്ത പോറലുകള്‍, പുതുതായി നാമ്പിട്ട ആധുനികതയുടെ മൂല്യങ്ങളാല്‍ മാനസിക പരിവര്‍ത്തനം വന്ന വ്യക്തികള്‍ മാറാന്‍ വിസമ്മതിക്കുന്ന സാമൂഹിക ചട്ടങ്ങളോട് നടത്തിയ ഏകാന്ത കലാപങ്ങള്‍, കേരളത്തിലെ കുടുംബവ്യവസ്ഥകളുടെ പരിണാമങ്ങളിലൂടെ രൂപപ്പെട്ട പുരുഷ കാമന അഭിമുഖീകരിച്ച വിവിധ പ്രതിസന്ധികള്‍. എം.ടിയുടെ സാഹിത്യലോകത്തിലെ മനുഷ്യാനുഭവങ്ങള്‍ ഇതൊക്കെയാണ്.
എപ്പോഴും മൗലികതയുള്ള ഒരു എഴുത്തുകാരനെ തിരിച്ചറിയാന്‍ പറ്റുന്നത് എഴുത്തുകാരന്‍ സ്വന്തമായി സൃഷ്ടിച്ച അയാളുടെ എഴുത്തിന്റെ സ്വത്വം തന്മയപ്പെട്ടു നില്‍ക്കുന്ന ഒരു സവിശേഷമായ അനുഭവലോകം സ്വന്തമായിമുണ്ടായിരിക്കുമെന്നാണ്. Emblematic എന്നു തന്നെ പറയാനാകും. വായനക്കാര്‍ക്ക് തിരിച്ചറിയുന്ന ഒരു ലോകമാണത്. ബഷീറിന്റെ ലോകം, എം.ടിയുടെ ലോകം. മാധവിക്കുട്ടിയുടെ ലോകം, വി കെ എന്നിന്റെ ലോകം എന്നിങ്ങനെ തിരിച്ചറിയപ്പെടാവുന്ന സവിശേഷതകള്‍ ചേര്‍ന്നുള്ളതാണീ ഓരോരോ ലോകങ്ങളും.
ഒരു എഴുത്തുകാരന്റെ എല്ലാ സര്‍ഗാത്മകരചനകളും ഈ ലോകത്തെ വിഭിന്നവിതാനങ്ങളെ മിഴിവോടെ കാട്ടിത്തരും. ഈ നിലയില്‍ എം.ടിയുടെ സര്‍ഗാത്മക രചനകളുടെ ലോകം സവിശേഷമായ തദ്ദേശീയതയെ പ്രതിഫലിപ്പിക്കുന്നുവെങ്കില്‍ എം.ടിയുടെ വായനാ ലോകവും അതിന്റെ പ്രതിസ്ഫുരണങ്ങളായ ലേഖനങ്ങളും എം.ടിയുടെ ആശയാനുഭവലോകത്തിന്റെ അന്തര്‍ദേശീയ മാനങ്ങളെയാണ് വായനക്കാര്‍ക്ക് അനുഭവപ്രാപ്യമാക്കുന്നത്.
വിപുലമായ വായനാനുഭവം എം.ടിക്കുണ്ടെങ്കിലും വായിച്ച പുസ്തകങ്ങളെക്കുറിച്ചും വളരെ കുറച്ചേ എഴുതിയിട്ടുള്ളു എന്നുവേണം അനുമാനിക്കാന്‍. ലോക നോവല്‍ സാഹിത്യത്തെക്കുറിച്ചും, പുത്തന്‍ പ്രമേയങ്ങളെക്കുറിച്ചു അതിന്റെ ആവിഷ്‌ക്കാരങ്ങളെക്കുറിച്ചു, ആഖ്യാനകലയിലെ പരീക്ഷണങ്ങളെക്കുറിച്ചും എം.ടി പലപ്പോഴായി പല ലേഖനങ്ങളിലായി എഴുതിയിട്ടുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല എം.ടിയുടെ പത്രാധിപര്‍ എന്ന വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിലും വിപുലമായ വായന പ്രധാന ഘടകമായിട്ടുണ്ടാകണം.
പത്രാധിപര്‍ എന്ന നിലയില്‍ എം.ടിയോട് മലയാളം കടപ്പെട്ടിരിക്കുന്നത് പുതിയ എഴുത്തുകാരെയും പ്രവണതകളെയും കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം കൊടുത്തു എഴുത്തില്‍ ഇടം നല്‍കി എന്നാണ്. പത്രാധിപര്‍ ഒരു ഉന്നതമായ വ്യക്തിത്വമാകുന്നത് ഇങ്ങനെ പുതിയ എഴുത്തുകള്‍ക്കും ഭാവുകത്വത്തെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കുന്ന പ്രവണതകള്‍ക്കും സംസ്‌കാരത്തിന്റെ പൊതുമണ്ഡലത്തിലേക്ക് പ്രവേശം നല്കുക എന്നതിനാലാണ്. വായനയില്‍ നിന്ന് ലഭിച്ച വൈവൈദ്യമാര്‍ന്ന അനുഭവപരിചയമാണ് എം.ടിയിലെ പ്രതാധിപരെ പ്രചോദിപ്പിച്ചിരിക്കുക ഇത് സാഹസികമായ പ്രവൃത്തികൂടിയാണ്.
നടപ്പു ഭാവുകത്വത്തെയും അതിന്റെ ആചാരമര്യാദകളെയും ലംഘിക്കുക എന്നത് അധീശത്വം വഹിക്കുന്ന ഭാവുകത്വത്തില്‍ നിന്ന് എതിര്‍പ്പ് ക്ഷണിച്ചു വരുത്തും. എം.ടിആനുകാലികത്തിന്റെ പത്രാധിപരായിരുന്ന സമയത്താകണം ബോര്‍ഹെസ് പ്രധാനപ്പെട്ട രചനകളൊക്കെ ഇംഗ്ലീഷില്‍ ലഭ്യമാകുന്നത്. തന്നെ വായിക്കാത്തതുക്കൊണ്ടു ബോര്‍ഹെസിനെ എം.ടി വായിക്കില്ല എന്നവിധമുള്ള ആത്മമൗലികവാദപരവും അല്പത്വമാര്‍ന്ന അഭിപ്രായം എം.ടിയെ പ്പോലെയുള്ള എഴുത്തുകാരനും പത്രാധിപര്‍ക്കുമുണ്ടായിരുന്നില്ല എന്നതാണ് സാഹിത്യപ്രധാനമായ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ നവഭാവുകത്വ മുന്നേറ്റത്തെ സാധ്യമാക്കിയത്. ഈ നിലയില്‍കൂടി വേണം എം.ടിയുടെ ഫിക്ഷണേതര ലോകത്തെ മനസ്സിലാക്കാന്‍.
സഞ്ചാരസാഹിത്യം കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ എം.ടിയുടെ നോണ്‍ഫിക്ഷന്‍ ലോകത്തില്‍ യാത്രാവിവരണം, പുസ്തക നിരൂപണം, വ്യക്തിഗത അനുഭവങ്ങള്‍, സാമൂഹിക നീരിക്ഷണങ്ങള്‍ പങ്കുവെയ്ക്കുന്ന ലേഖനങ്ങള്‍, ആസ്വാദന കുറിപ്പുകള്‍, ഓര്‍മക്കുറിപ്പുകള്‍, ആമുഖങ്ങള്‍, പഠനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടിട്ടൂള്ള എഴുത്തുകള്‍ കാണാം.
ഇതില്‍ 'കിളിവാതിലിലൂടെ', 'രമണീയമൊരു കാലം', 'ഏകാകികളുടെ ശബ്ദം', 'ആള്‍ക്കൂട്ടത്തില്‍ തനിയെ', കണ്ണാന്തളിപൂക്കളുടെ കാലം'. വളരെ മുമ്പെഴുതിയ 'ഹെമിംഗ് വേ: ഒരു മുഖവുര' എന്നിവയാണ് പ്രധാന ലേഖനസമാഹരങ്ങള്‍. കാഥികന്റെ കല'യും, 'കാഥികന്റെ പണിപ്പുരയും' എഴുത്തിന്റെ ക്രാഫ്റ്റിന്റെക്കുറിച്ചുള്ള രചനകളാണ്. 'പുസ്തകത്തിന്റെ ആമുഖം'- എം.ടിഎഴുതിയ മുഖക്കുറിപ്പുകളുടെയും മുഖവുരകളുടെയും സമാഹാരമാണ്. എം.ടി യുടെ പ്രഭാഷണങ്ങളും സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ഓര്‍മ്മക്കുറിപ്പികളുടെയും അനുഭവക്കുറിപ്പുകളുടെയും മറ്റു സമാഹാരങ്ങളും.
വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടിട്ടുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകളില്‍ എം.ടി ഏറ്റവും താഴ്ന്ന നിലവാരത്തില്‍ കണ്ടിരുന്നത് പുസ്തകാഭിപ്രായത്തെയാണ്. എം.ടിയുടെ ലേഖനങ്ങളില്‍ ഇതുസംബന്ധിച്ചു ഒന്നുരണ്ടിടത്തു ഈവിധം നീരിക്ഷണങ്ങള്‍ കാണാം. നിരൂപണത്തെ സര്‍ഗാത്മക രചനയായി കാണുന്ന എം.ടി പുസ്തകാഭിപ്രായത്തിനു ഒട്ടും തന്നെ സവിശേഷത നല്‍കുന്നില്ല എന്നു മാത്രമല്ല ആനുകാലിക പത്രാധിപരായിരിക്കെ സര്‍ഗാത്മക രചനകള്‍ നടത്താന്‍ കെല്പില്ലാത്തവര്‍ക്ക് പുസ്തകാഭിപ്രായം എഴുതാന്‍ അവസരം നല്‍കിയെന്നു ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
വായിച്ച പുസ്തകത്തെക്കുറിച്ചു പുസ്തകാഭിപ്രായ മട്ടിലുള്ള എഴുത്തല്ല എം.ടിയുടേത്. വായനയില്‍ ഒരു പുതിയനുഭവം സൃഷ്ടിച്ച പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള വിചാരത്തില്‍ മറ്റു പുസ്തകങ്ങളും വ്യക്തിഗത അനുഭവങ്ങളും കടന്നുവരും. ഇത്തരമൊരു സമ്പൂഷ്ടീകരണത്തിലൂടെ വായന തന്നെ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹികവ്യവസ്ഥയെക്കുറിച്ചുമുള്ള അന്വേഷണമാവുന്നു എന്നു മാത്രമല്ല വായനയിലൂടെയും അനുഭവങ്ങളിലൂടെയും സ്വായത്തമാക്കിയ എം.ടിയുടെ ഒരാന്തരിക സാംസ്‌കാരികലോകത്തെയും നമ്മുക്ക് ഇതില്‍ ദര്‍ശിക്കാം.
എം.ടിയുടെ ലേഖനങ്ങളില്‍ എം.ടിയുടെ സാമൂഹിക കാഴ്ചപ്പാടുകള്‍ പോലെ തന്നെ രാഷ്ട്രീയദര്‍ശവും തെളിഞ്ഞുകാണാം. ഒ.വി വിജയനെപ്പോാലെയോ ആനന്ദിനെപ്പോലെയോ രാഷ്ട്രീയോന്മുഖമായ ദാര്‍ശനിക സമസ്യകളും വിചാരങ്ങളും പ്രതിപാദിച്ച എഴുത്തുകാരനായിരുന്നില്ല എം.ടിഎന്നാണ് പൊതുവിലെ നിരൂപക വിവക്ഷ. സാംസ്‌കാരിക വിമര്‍ശനത്തിന്റെ കാഴ്ചപ്പാടില്‍ ഇത് ശരിയോ എന്ന് സന്ദേഹിക്കാവുന്നതാണ്.
വ്യക്തിപരമായി ഏറ്റവും അടുപ്പം തോന്നിയിട്ടുള്ളതും ആവര്‍ത്തിച്ചുവായിച്ചതുമായ എം.ടിയുടെ ഏറ്റവും അനുഭവതീവ്രവും ആശ്യാസമ്പുഷ്ടവും നോവലെന്ന എനിക്ക് അനുഭവപ്പെട്ടിട്ടുള്ള 'അസുരവിത്താണ്. എത്ര ഉള്‍കാഴ്ചയോടെയും ദീര്‍ഘവീക്ഷണത്തോടെയുമാണ് വിദ്വേഷ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയും മാനവികമായ പ്രതിരോധവും മതേതരജീവിതസങ്കീര്‍ണതകളും എം.ടി ഇതില്‍ പ്രതിപാദിച്ചിട്ടിട്ടുള്ളത്. സവിശേഷമായ രാഷ്ട്രീയം തന്നെ ഇതില്‍ പ്രതിപാദ്യമാകുന്നുണ്ട്.
രാഷ്ട്രീയനിലപാടുകള്‍ നല്ല വെടിപ്പോടെ അവതരിപ്പിക്കാന്‍ എം.ടി എഴുത്തുകളില്‍ മടിക്കാറില്ല. ഫിക്ഷണേതര രചനകളില്‍ ഇതു കൂടുതല്‍ തെളിച്ചതോടെ കാണാം. അധികാര ദുഷ്പ്രഭുത്വതോടുള്ള തീവ്രമായ എതിര്‍പ്പും അറപ്പും, ചെറുത്തുനില്പുകളോടുള്ള സഹജമായ മാനവീയ അനുഭാവവും, അടിയാളരുടെ പ്രതിരോധങ്ങളുടെ ആര്‍ജവത്വത്തോടുള്ള ആദരവും എം ടിയുടെ ലേഖനങ്ങളില്‍ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. നെല്‍സണ്‍ മണ്ടേല എം.ടിയുടെ ആദര്‍ശ രാഷ്ട്രീയ നേതാവാണ്.
ആഫ്രിക്കയിലെ സാമൂഹിക ജീവിതത്തെക്കുറിച്ചും ഗോത്രവ്യവസ്ഥകളെക്കുറിച്ചും എം.ടി ആഴത്തില്‍ മനസ്സിലാക്കിയിരുന്നു എന്ന് പല ലേഖനങ്ങളില്‍ നിന്നായി മനസ്സിലാക്കാം. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള എഴുത്തുകാരും അവരുടെ രചനകളുമായി എം.ടിക്ക് വിപുലമായ പരിചയമുണ്ടായിരുന്നു. ബെന്‍ ഓക്രിയുടെ സമീപകാല നോവലായ 'ഫ്രീഡം ആര്‍ട്ടിസ്റ്റ്' എം.ടി എങ്ങനെ വായിച്ചു എന്നറിയാനുള്ള കൗതുകമുണ്ട്. ഇക്കാലത്തെ സമഗ്രാധികാര പ്രവണതകളെയും മര്‍ദ്ദന വ്യവസ്ഥയുടെ സ്വഭാവഘടനകളുടെ ഉള്‍കിടിലപ്പെടുന്ന വിവരണവുമാണ് ഈ നോവലിന്റെ അന്തഃസത്ത.
സ്വേച്ഛാധികാരത്തിന്റെ നിലനില്പിനും അധികാര തുടര്‍ച്ചകള്‍ക്കുമായി അത് ചെയ്തുക്കൂട്ടുന്ന കൊടുംകൃത്യങ്ങളും ജനതയ്ക്ക് മേലേല്പിക്കുന്ന ആഘാതങ്ങളും എം.ടിയുടെ പ്രധാന അന്വേഷണവിഷയങ്ങളിലൊന്നാണ്, സ്വേച്ഛാധിപത്യ വിരുദ്ധവും ദുശ്ശാസകമായ അധികാരത്തിനെതിരെയും ജനാധിപത്യവാദിയുടെ ജാഗ്രത്തായ കാഴ്ചപ്പാട് പ്രതിപാദിപ്പിക്കുന്ന ഏറെ ശ്രദ്ധേയമായ, ഈക്കാലത്തു പലതവണ വായിക്കേണ്ട ലേഖനമാണ് എം.ടിയുടെ 'അധികാരത്തിന്റെ പരിവേഷം'.
ഹെയ്തിയിലെ ഏകാധിപതിയായിരുന്ന ഴാങ് ക്ലോഡ് ഡുവാലിയറുടെ ശവഘോഷയാത്രയുടെ വിവരണത്തോടെയാണ് ഈ ലേഖനം തുടങ്ങുന്നത്. പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ മോര്‍ട്ട് റോസെന്‍സിന്റെ ദൃക്സാക്ഷി വിവരണമാണ് ഇതിനായി അവലംബിക്കുന്നത്. ഡുവാലിയേഴ്‌സ് എന്നാല്‍ പാപ്പാ ഡോക്കും മകന്‍ ബേബി ഡോക്കും. ഒരുപ്പിടി മണല്‍ത്തരിയില്‍ ഭയം ഹെയ്തിയിലെ ജനത്തിനു കാണിച്ചുകൊടുത്ത ദുശ്ശാസകര്‍.
സ്വര്‍ഗത്തിങ്കല്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ പിതാവ് എന്ന പ്രസിദ്ധ ക്രിസ്തീയ പ്രാര്‍ത്ഥനയില്‍ പിതാവിന്റെ സ്ഥാനത്തു ഡോക് എന്നു പുനരെഴുതിക്കൊണ്ടു ഹെയ്തിയിലെ ബഹുഭൂരിപക്ഷം വരുന്ന ആഫ്രിക്കന്‍ വംശജരുള്‍പ്പെടെ എല്ലാവരെക്കൊണ്ടും നിത്യവും നിർബന്ധപൂര്‍വം ചൊല്ലിച്ച ഏകാധിപതിയാണ്. പുനരെഴുതപ്പെട്ട പ്രാര്‍ഥനാഗീതം മുഴുവനായും തന്നെ ലേഖനത്തിന്റെ ആരംഭത്തില്‍ നല്‍കിയിട്ടുണ്ട്. പാപ്പാ ഡോക്കിനെ ദൈവത്തെ പോലെ അനുസരിക്കാനും ഡുവാലിയേഴ്സ് അധികാര കള്‍ട്ടിന്റെ മുമ്പില്‍ മുട്ടുക്കുത്താനും അവരെ പഠിപ്പിച്ചിട്ടുണ്ട്. ഹിരണ്യകശിപു എല്ലാ സമഗ്രാധികാരികളുടെയും ആദ്യരൂപമാണ്.
എക്കാലത്തെയും ദുശ്ശാസകര്‍ക്കും ദുശ്ശാസകവ്യവസ്ഥയ്ക്കുമുണ്ടാകുമല്ലൊ ചിയര്‍ ലീഡേഴ്സ്. ഇന്ന് ഇത്തരക്കാരേറെയും സാമൂഹ്യ മാധ്യമത്തിന്റെ അരങ്ങാതാണെന്നു മാത്രം. പപ്പാ ഡോക്കിന്റെ മരണാന്തര യാത്ര ജനത്തിനു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പഠിപ്പിച്ച പ്രകാരം വഴിയരികില്‍ മുട്ടുകുത്തി ആദരം പ്രകടിപ്പിക്കാനാണ് പൗരസഞ്ചയത്തെ സൈന്യം പഠിപ്പിച്ചിരുന്നത്. പക്ഷെ പെട്ടെന്നാണ് അസാധാരണമായ രീതിയില്‍ ജനം ഒന്നടങ്കം ശവവണ്ടി അടുത്തെത്തുമ്പോഴേക്കും ഭ്രാന്തിളകിയവരെ പോലെ തെരുവിനെ കലാപോന്മുഖമാക്കിയത്.
ഒരുപക്ഷെ എല്ലാ സമഗ്രാധികാര പ്രവണതകളുള്ള അധികാരികളും അവരുടെ രക്ഷാസൈന്യങ്ങളും അടിയാളന്മാരും പൗരസഞ്ചയവും വിശ്വസിക്കുന്നത് ദുശ്ശാസകര്‍ ചിരഞ്ജീവിത്വവും ആര്‍ജിച്ചവരാണെന്നാണ്. എല്ലാവരെയും വന്നു മുട്ടിവിളിച്ചുകൊണ്ടുപോകാറുള്ള യമവണ്ടി ഇവരെ തേടി വരില്ല എന്നുറച്ചും അവര്‍ വിശ്വസിച്ചിരിക്കണം. അതുകൊണ്ടു കോമാളി ശ്രീമാന്‍ ശരിക്കും വന്നുവിളിച്ചുകൊണ്ടുപോയപ്പോള്‍ ഭൃത്യഗണങ്ങളും ജനവും അന്തംവിട്ടുപോയി. എല്ലാവരുടെയും ഉടയനാഥനും മരണമാണോ വിധിച്ചത് എന്ന അങ്കലാപ്പും ആഹ്‌ളാദവും ഒരേസമയം തിരയടിച്ചപ്പോള്‍ ജനം ഭ്രാന്തിളകിയവരെ പോലെയായി. എം ടി ഈ രംഗം ഒരു തിരക്കഥയിലെന്ന പോലെ വിവരിച്ചിട്ടുണ്ട്.
'അധികാരത്തിന്റെ പരിവേഷം' എന്ന ലേഖനം ഏലിയാസ് കനേറ്റിയുടെ 'ആള്‍ക്കൂട്ടവും അധികാരവും' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള സ്വേച്ഛാധികാരത്തിന്റെ ചരിത്രപരമായ നൈരന്തര്യത്തെക്കുറിച്ചുള്ള ആലോചനകളാണ്. ഈ പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകൃതമായ സമയത്തു തന്നെ എം.ടി ഇതിനെകുറിച്ചെഴുതുകയാണ്. കനേറ്റിയുടെ ഈ സാമൂഹ്യശാസ്ത്ര ദര്‍ശനത്തെക്കുറിച്ചു എം.ടി പറയുന്നത് 'കഴിഞ്ഞ അരനൂറ്റാണ്ടിടയ്ക്ക് എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമായ പത്തുപുസ്തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പട്ടികയില്‍ അധികം താഴെയല്ലാതെതന്നെ സ്ഥാനം കൊടുക്കേണ്ടിവരുന്നതാണീ ഗ്രന്ഥം'.
ഈ ഗ്രന്ഥത്തിലേക്ക് പ്രത്യേക ആംഗിളില്‍ നിന്നാണ് എം.ടി ഫോക്‌സ് ചെയ്യുന്നത്. അധികാരം കൈയാളുന്നവര്‍ അതിന്റെ തുടര്‍നിലനില്പിനായി എന്തെല്ലാം ചെയ്തുകൂട്ടും എന്നതാണ് എം.ടി വിശദീകരിക്കുന്നത്. ആരാധകവൃന്ദവും അനുയായികളും തന്നെ നിലനില്പിന്റെ അസ്തിത്വചോദനയ്ക്ക് വിഘാതമാകുമ്പോള്‍ അവരെ തന്നെ കുരുതി കൊടുത്താണ് ഏകാധിപതികള്‍ അധികാരത്തില്‍ നിലനില്‍ക്കുന്നത്. ഇത് വിശദീകരിക്കാന്‍ ചരിത്രത്തില്‍ നിന്നും ഇതിഹാസത്തില്‍ നിന്നും ഉപകഥകള്‍ ഈ കനേറ്റിയുടെ പുസ്തകത്തില്‍ നിന്ന് തന്നെ കണ്ടെത്തി വിവരിക്കുന്നു.
ദുശ്ശാസകര്‍ നിലനില്പിനായി ജനങ്ങള്‍ക്കിടയില്‍ ഭയം വിതറുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കപ്പെടുന്നു. ഭയപ്പെടാത്തവരെ കൊല്ലുക എന്നതായിരുന്നു ഗോത്രസ്വഭാവമുള്ള അധികാര ഘടനകള്‍ സ്വീകരിച്ചിരുന്ന മാര്‍ഗമെങ്കില്‍ ഇന്നത്തെ അധികാരികളും അവരുടെ വൈതാളികരും തേജോവധമാക്കി ഇതിനെ മാറ്റിയിരിക്കുന്നു. കനേറ്റിയെ അധികരിച്ചുക്കൊണ്ടു എം.ടി പറയുന്നു: 'തന്നെ ഭയപ്പെടാത്തവരെ കൊല്ലാനുള്ള അധികാരമായിരുന്നു എല്ലാ ആഫ്രിക്കന്‍ രാജാക്കന്മാരുടെയും മുഖ്യശക്തി. അധികാരം നിലനിര്‍ത്താന്‍ ഈക്കാലത്തും ഭയം എന്ന വരായുധമാണ് ഭരണത്തലത്തിലുള്ളവര്‍ ഉപയോഗിക്കുന്നത്.'
ഇന്ത്യാചരിത്രത്തില്‍ നിന്ന് മുഹമ്മദ് ബിന്‍ തുഗ്‌ളക്കിന്റെ സ്വേച്ഛാധികാരപ്രയോഗങ്ങളെയാണ് എം.ടി തന്റെ അധികാരവിമര്‍ശനത്തിനായി ഉദാഹരിക്കുന്നത്. തുഗ്ലക്കിന്റെ ഒരു പ്രത്യേകത അയാള്‍ ക്രൂരനായ അധികാരിയായിരിക്കെ തന്നെ ബഹുഭാഷാപണ്ഡിതനും മതഭകതനും കവിതാകമ്പക്കാരനുമായിരുന്നു എന്നാണ്. പക്ഷെ അധികാരം നിലനിര്‍ത്തുന്നതിനായി എന്തുമാകാമെന്നും വിശ്വസിച്ചിരുന്നു; നടപ്പാക്കിയിരുന്നു.
എന്നാല്‍ തുഗ്‌ളക്കിനും സ്വസ്ഥതകെടാനുള്ള കാരണമുണ്ടായിരുന്നു. അതറിയുന്നവര്‍ അയാളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ദില്ലിയില്‍ നിന്ന് രാജ്യതലസ്ഥാനം മാറ്റാനും കൂടെ ഒന്നൊഴിയാതെ ജനങ്ങളെ അവിടെ നിന്നുകൊണ്ടുപോകാനും ഒരു കാരണമായത് തുഗ്ലക്കിനു രാത്രിക്കാലങ്ങളില്‍ ലഭിച്ചിരുന്ന അരക്കുവെച്ചൊട്ടിച്ചു തുഗ്ലക്കിന്റെ മട്ടുപ്ലാവിലേക്ക് സുല്‍ത്താന്‍ വായിക്കാനായി വലിച്ചെറിയപ്പെട്ടിരുന്ന കത്തുകളായിരുന്നു. എന്തായിരുന്നു കത്തില്‍? തുഗ്ലളക്ക് അധികാരം കൈയടക്കാനായി തന്റെ പിതാവിനെയും സഹോദരനെയും കൊന്ന സംഭവത്തിന്റെ ഓര്‍മപ്പെടുത്തലുകളാണ്. സ്വന്തം ഭൂതകാല ചെയ്തികള്‍ ഒരു സമഗ്രാധികാരിയും കേള്‍ക്കാന്‍ ഇഷ്ടപ്പെടുകയില്ല. ഭൂതകാലത്തെക്കുറിച്ചു എന്തെങ്കിലും ചോദ്യങ്ങളും സംശയങ്ങളും ഉയരുമെന്ന ഭയത്താല്‍ പത്രസമ്മേളനങ്ങള്‍ നടത്താന്‍ പോലും വിമുഖതയാണ്.
രാഷ്ട്രീയ തത്വചിന്താപരമായി അരാജകത്വത്തോടും അധികാരത്തിനു പരിധികള്‍ നിര്‍ണയിക്കാന്‍ പ്രാപ്തമായ പ്രായോഗിക ദര്‍ശനമെന്ന നിലയില്‍ ജനാധിപത്യത്തെയും ഉള്‍ക്കൊണ്ട എം.ടിയുടെ രാഷ്ട്രീയാദര്‍ശം അധികാരത്തിന്റെ യഥാര്‍ത്ഥ പരിവേഷത്തെ തുറന്നുകാണിക്കുന്നു. എം.ടിയുടെ അധികാര വിമര്‍ശത്തിന്റെ കാതലെന്നു പറയുന്നത് കനേറ്റിയുടെ പുസ്തകത്തില്‍ നിന്നുള്ള എം.ടി വിവര്‍ത്തനം ചെയ്ത ഉദ്ധരണിയിലുണ്ട്:
'അയാളെ (അധികാരിയെ) സ്വന്തം സങ്കേതത്തില്‍ നിന്ന് പുറത്തുകൊണ്ടുവന്നു അയാളെന്താണെന്നു എന്നും ആരായിരുന്നു എന്നും കാണിക്കുവാനാണ് ഞാന്‍ ശ്രമിച്ചത്. അയാള്‍ ചിലപ്പോള്‍ വീരനായകനായി വാഴ്ത്തപ്പെട്ടു. ഭരണാധിപനായി അനുസ്മരിക്കപ്പെടുന്നു. പക്ഷെ, അടിസ്ഥാനപരമായി അയാള്‍ എന്നും ഇതായിരുന്നു. അയാളുടെ വംശം നശിച്ചിട്ടില്ല. അയാളുടെ അത്ഭുതകരമായ വിജയം നമ്മുടെ കാലഘട്ടത്തിലുണ്ടായി. മാനുഷികമൂല്യത്തെ സ്‌നേഹിച്ച ജനതയ്ക്കിടയില്‍ വെച്ചുപോലും. അയാളുടെ പ്രശസ്തിയുടെ പ്രഭാവലയവും പ്രച്ഛന്നവേഷവും നീക്കി, അയാളെ ശരിക്കും കാണാനുള്ള കരുത്തു നാമാര്‍ജ്ജിക്കുന്നതുവരെ അയാള്‍ നിലനിന്നുകൊണ്ടേയിരിക്കും.'
എം.ടിയെ കാണുവാനും എം.ടിയെ ആദരിക്കാനും (അതുവഴി സ്വയം ആദരിക്കപ്പെടാനും) ചെല്ലുന്ന കക്ഷി രാഷ്ട്രീയ നേതാക്കള്‍ എം.ടിയുടെ സര്‍ഗാത്മക രചനകള്‍ വായിച്ചിട്ടുണ്ടാകും. സമയതിരക്കുമൂലം വായന പിന്നത്തേക്കെങ്ങാനും വെച്ചിട്ടുണ്ടെകില്‍ ഒരു താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ തീര്‍ച്ചയായും ഒരു രചനയെങ്കിലും വായിച്ചിരിക്കണം. 'അധികാരത്തിന്റെ പരിവേഷമാണ്' ലേഖനമാണ് ഇത്. ഒന്നുരണ്ടു തവണ വായിക്കുമ്പോഴേക്കും അധികാരത്തിന്റെ ആന്തരിക മലീമസതയെക്കുറിച്ചു ഏതാണ്ടൊരു ധാരണ കിട്ടും.
Content Highlights: mt at 90 damodar prasad writes