കഥാപാത്രങ്ങള്‍ എം.ടിയുടേത് മാത്രമാകുന്നില്ല, വായിക്കുന്നവരുടെകൂടി സ്വന്തക്കാരും ബന്ധുക്കളും!

കുട്ടിക്കാലം മുതല്‍ വീട്ടകമായിരുന്നു എന്റെ ലോകം. അക്ഷരം പഠിച്ച് കൂട്ടിവായിക്കാന്‍ തുടങ്ങിയതോടെയാണ് വീടിനുപുറത്ത് മറ്റൊരു ലോകമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. വീട്ടില്‍ സ്ത്രീകള്‍ക്ക് വിലക്കുകളേറെയുണ്ടായിരുന്നെങ്കിലും പുസ്തകം വായിക്കുന്നത് ആരും തടസ്സപ്പെടുത്തിയിരുന്നില്ല. വീട്ടിലെ പുരുഷന്മാര്‍ വിദ്യാസമ്പന്നരും സാഹിത്യതല്പരരുമായതിനാല്‍ പുസ്തകങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. മാതൃഭൂൂമി ആഴ്ചപ്പതിപ്പും ഇലസ്‌ട്രേറ്റഡ് വീക്കിലിയും സ്ഥിരമായി വാങ്ങാറുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലായിരുന്നു വായനയുടെ തുടക്കം. എന്റെ അമ്മാവന്റെ മകനും സഹോദരീഭര്‍ത്താവുമായ വി അബ്ദുള്ളയ്ക്ക് അക്കാലത്തേ കേരളത്തിലെ പ്രമുഖ എഴുത്തുകാരുമായി സുഹൃദ്ബന്ധങ്ങളുണ്ടായിരുന്നു. ബഷീര്‍, തിക്കോടിയന്‍, എം.വി.ദേവന്‍, എം.ടി., എന്‍.പി.മുഹമ്മദ് തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. അതുമാത്രമല്ല അദ്ദേഹത്തിന് നല്ലൊരു ലൈബ്രറിയുമുണ്ടായിരുന്നു. എന്റെ സഹോദരന്‍ ബി.എം.ഗഫൂര്‍ നല്ല വായനക്കാരനായിരുന്നു. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകല പഠിക്കുന്ന കാലത്ത് അദ്ദേഹം തിക്കോടിയിലെ മാളിയക്കല്‍ വീട്ടില്‍ വെക്കേഷനെത്തുന്നത് അബ്ദുള്ള സാഹിബിന്റെ ലൈബ്രറിയില്‍ നിന്നെടുത്ത ഒരുകെട്ടു പുസ്തകങ്ങളുമായിട്ടാണ്. അതില്‍ ഇംഗ്‌ളീഷും മലയാളവുമുണ്ടാകും, വി.അബ്ദുള്ള സാഹിബിന് ഞാന്‍ ഇക്കാക്കയെന്നു വിളിക്കുന്ന ബി.എം,ഗഫൂറിനോട് അദ്ദേഹം കലാകാരനായതിനാലായിരിക്കം പ്രത്യേക മമതയായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടക്കാരില്‍ ഇടംപിടിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇക്കാക്ക കൊണ്ടുവരുന്ന പുസ്തകങ്ങള്‍ കണ്ടും കാണാതെയും വായിച്ചാണ് ഞാന്‍ വായനാലോകത്തേക്ക് കടന്നുചെല്ലുന്നത്, പുസ്തകങ്ങളിലൂടെ പരിചിതരായ എഴുത്തുകാരെ നേരിട്ടുകാണാന്‍ അവസരം കിട്ടിയപ്പോഴുള്ള എന്റെ അന്നത്തെ സന്തോഷം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ അതെഴുതിയവരുടെ രേഖാചിത്രം മനസ്സില്‍ കുറിച്ചിടുക കുട്ടിക്കാലം മുതലുള്ള ശീലമായിരുന്നു. ഉറൂബ്,ബഷീര്‍,എം.ടി., എന്‍.പി തുങ്ങിയവരുടെയൊക്കെ രൂപം ഞാന്‍ മനസ്സില്‍ കോറിയിട്ടിരുന്നു, അവരെയെല്ലാം പിന്നീട് നേരിട്ടുകാണാനും പരിചയപ്പെടാനും അവസരം കിട്ടിയപ്പോഴുള്ള ആഹ്‌ളാദം എന്റെ മാത്രം സ്വകാര്യതയായിരുന്നു. ബഷീറും എം.ടിയും എന്‍.പിയും തിക്കോടിയന്‍മാഷും പിന്നീട് അടുത്ത ബന്ധുക്കളായി മാറിയത് അവര്‍ കോഴിക്കോട്ടുകാരായതുകൊണ്ടു മാത്രമല്ല, അവര്‍ക്ക് എന്റ കുടുബാംഗങ്ങളില്‍ പലരുമായും അടുത്ത സൗഹൃദം ഉണ്ടായിരുന്നതുകൊണ്ടുകൂടിയാണ്
എം.ടിയുടെയും ബഷീറിന്റെയുമൊക്കെ കൃതികളൊക്കെ വായിച്ച് ത്രില്ലടിച്ചുനില്ക്കുന്ന കാലത്താണ് അവരെ നേരിട്ടുകാണാന്‍ ആദ്യമായി അവസരം കിട്ടുന്നത്. ബി.എം.ഗഫൂര്‍ ഒരിക്കല്‍ മദ്രാസില്‍ നിന്ന് തിക്കോടിയില്‍ അവധിക്കെത്തിയത് അദ്ദേഹത്തിന്റെ ഗുരുനാഥനായ എം.വി.ദേവനെ ഞങ്ങളുടെ തിക്കോടിയിലെ വീട്ടിലേയ്ക്കു ക്ഷണിക്കണമെന്ന തീരുമാനവുമായിട്ടാണ്. കൂടെ തന്റെ സഹൃത്തുക്കളായ എം.ടിയേയും എന്‍.പിയേയും ബഷീറിനെയുമൊക്കെ ക്ഷണിക്കണമെന്നത് ദേവന്റെ നിര്‍ദ്ദേശമായിരുന്നു. ഉമ്മയടക്കം വീട്ടിലെ പലരും നല്ല വായനക്കാരായിരുന്നതിനാല്‍ വിവരമറിഞ്ഞ് എല്ലാവരും ഉഷാറായി. ദിവസം തീരുമാനമായതും സാഹിത്യകാരന്മാര്‍ക്കുള്ള മെനുവിനെക്കുറിച്ചായി ചര്‍ച്ച. അലിസയും മുട്ടമാലയുമടക്കം മലബാറിലെ പ്രധാനപ്പെട്ട വിഭവങ്ങളെല്ലാം വേണമെന്നായിരുന്നു തീരുമാനം. പത്തരവണ്ടിക്കെത്തിയ എഴുത്തുകാരെ ഇക്കാക്ക സ്വീകരിച്ചു കൊണ്ടുവരുമ്പോള്‍ നാട്ടുകാരില്‍ പലരും അകമ്പടിയായി കൂടെയുണ്ടായിരുന്നു. അക്കാലത്ത് അതായിരുന്നു രീതി. നാട്ടിലെത്തുന്ന ഏതൊരതിഥിയും നാട്ടുകാരുടെ അതിഥികൂടിയാണ്.
തെക്കോട്ടേയ്ക്കും വടക്കോട്ടേക്കുമുള്ള നാലുതീവണ്ടികളാണ് അക്കാലത്ത് തിക്കോടി റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്താറുള്ളത്. അതുതന്നെയാണ് തിക്കോടിക്കാരുടെ പ്രധാന യാത്രാ മാര്‍ഗ്ഗവും. ലോകത്തിലെ നാനാഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്കു പന്നീട് അവസരം കിട്ടിയെങ്കിലും തിക്കോടിയില്‍നിന്ന് കോഴിക്കോട്ടേയ്ക്കും തലശ്ശേരിക്കും തിരിച്ചുമുള്ള യാത്രയോളം ഹൃദ്യമായിരുന്നില്ല അതൊന്നും. എം.ടിയെക്കുറിച്ച് എഴുതാന്‍ മാതൃഭൂമി ആവശ്യപ്പെട്ടത് പ്രകാരം ലാപ്‌ടോപ് തുറന്നപ്പോള്‍ പഴയകാല ചിത്രങ്ങള്‍ എനിക്കുകാണാമെന്നായി.
ചെറുപ്പക്കാരനായ എം.ടി. മറ്റുള്ളവരോടൊപ്പം തിക്കോടിക്കടപ്പുറത്തും വയല്‍വരമ്പിലും ഉത്സാഹത്തോടെ നടക്കുന്നത് എനിക്കുകാണാം. ഭക്ഷണം കഴിക്കാനിരുന്നപ്പോഴുള്ള അവരുടെ തമാശ പറച്ചിലുകള്‍ കേള്‍ക്കാം. വാതില്‍ മറഞ്ഞുനിന്ന് ഉമ്മയും മറ്റും അവരെ കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നതിനിടയില്‍ തിക്കിത്തിരക്കി അവരെ കാണുന്ന പാടവാടക്കാരിയായ എന്നേയും ഞാന്‍ കണ്ടു. ആ കഷണ്ടിക്കാരനാ ബഷീര്‍. കട്ടിമീശയുള്ള ചെറുപ്പക്കാരന്‍ എം.ടി. അങ്ങനെയാ ഒഫൂറ് പറഞ്ഞത്. ഉമ്മ എഴുത്തുകാരെ മറ്റുളളവര്‍ക്കു പരിചയപ്പെടുത്തുന്നു. ഗഫൂര്‍ ഉമ്മയ്ക്ക് ഒഫൂറാണ്, പിന്നീട് പലതവണ എം.ടിയെ അടുത്തുകാണാനും സംസാരിക്കാനും അവസരം കിട്ടിയെങ്കിലും എം.ടിയുടെ ആ ചിത്രമാണ് എന്നും എന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നത്.
എം.ടിയുടെ വാചാലമായ മൗനം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കാന്‍ അവസരം കിട്ടുക എന്നത് വല്ലപ്പോഴും വീണുകിട്ടുന്ന അനുഭവങ്ങളിലൊന്നാണ്. ചുണ്ടത്ത് ബീഡിയുമായി എങ്ങോട്ടോ കണ്ണുംനട്ടിരിക്കുന്ന എം.ടിയുടെ മുന്നില്‍ ഞാന്‍ പലപ്പോഴും ഏറെ നേരം അന്തംവിട്ടിരുന്നിട്ടുണ്ട്. അന്നേരം എന്റെ മുന്നില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ നീണ്ട നിരയായിരിക്കും. നല്ല മൂഡിലാണെങ്കില്‍ ചിലപ്പോള്‍ ഏറെ നേരം സംസാരിച്ചെന്നുമിരിക്കും. അപ്പോള്‍ അറിവിന്റെ ഭണ്ഡാരപ്പെട്ടി തുറന്നതുപോലെയാണ് എനിക്കു തോന്നാറുള്ളത്. വായിച്ച പുതിയ പുസ്തകങ്ങളെക്കുറിച്ചും ലോകസാഹിത്യത്തെക്കുറിച്ചും എം.ടി, സംസാരിക്കുമ്പോള്‍ പുതിയൊരു ലോകത്തിലേക്കുള്ള വാതിലാണ് എനിക്കു തുറന്നു കിട്ടാറുള്ളത്. എം.ടിയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റയും ഒ.എന്‍.വി സാറിന്റെയുമൊക്കെ മുന്നില്‍ അവര്‍ പറയുന്നത് കേട്ട് ഞാന്‍ എത്രയോ തവണ ശ്വാസമടക്കിപ്പിടിച്ചിരുന്നിട്ടുണ്ട്. അറിവിന്റെ വലിയൊരു ലോകത്തേക്കാണ് അവരെന്നെ കൂട്ടിക്കൊണ്ടുപോയത്. അവരുടെ വാക്കുകള്‍ അടുക്കിപ്പെറുക്കി മനസ്സില്‍ സൂക്ഷിക്കുമ്പോഴുള്ള ആഹ്ലാദം വളരെ വലുതായിരുന്നു.
ചങ്ങമ്പുഴ ജന്മശതാബ്ദി സ്മാരകഗ്രന്ഥത്തിനുവേണ്ടി എം.ടിയെ കണ്ട് സംസാരിച്ച് ഒരു ലേഖനം തയാറാക്കണമെന്ന് പീരപ്പന്‍കോട് മുരളി വിളിച്ചു പറഞ്ഞപ്പോള്‍, അതു നടക്കുന്ന കാര്യമല്ലെന്നു പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. സുഹറ വിചാരിച്ചാല്‍ നടക്കും ഒന്നു ശ്രമിച്ചുനോക്ക് എന്ന് അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ ഒരുകൈ നോക്കാമെന്നൊരു തോന്നല്‍. കുട്ടിക്കാലത്ത് രമണനിലെ വരികള്‍ മൂളി നടക്കുമെന്നല്ലാതെ ചങ്ങമ്പുഴ എന്ന കവിയെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ആഴത്തിലൊരു പഠനമൊന്നും ഞാന്‍ നടത്തിയിട്ടില്ല. നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് രണ്ടും കല്പിച്ച് എം.ടിയെ ചെന്നുകണ്ടത്. ഞാന്‍ പ്രതീക്ഷിച്ചതുപോലെതന്നെ അതൊന്നും ശരിയാവില്ല. ഞാനാലോചിക്കട്ടെ എന്നായിരുന്നു മറുപടി. ''രമണീയം ഒരു കാലം'' എന്ന കൃതിയില്‍ ചങ്ങമ്പുഴയെക്കുറിച്ച് എനിക്കു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു എന്നൊരു വിശദീകരണവും നല്കി. എന്റെ നിരാശ മുഖത്ത് പ്രകടമായിരുന്നു. അതു കണ്ടിട്ടാണോ എന്നറിയില്ല ഏതായാലും അടുത്തയാഴ്ച എന്നെ ഒന്നു വിളിച്ചിട്ട് സുഹറ വരൂ. എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ മുഖത്ത് നൂറ് വാള്‍ട്ട് ബള്‍ബിന്റെ പ്രകാശം. വല്ലപ്പോഴും ചിരിക്കാറുള്ള എം.ടി. ചുണ്ട്‌കോട്ടി ഒന്നു ചിരിക്കുകകൂടി ചെയ്തപ്പോള്‍ എനിക്കു കൈകൂപ്പി തൊഴാനാണ് തോന്നിയത്.
ഞാന്‍ ഏറ്റവും കൂടുതല്‍ സമയം എം.ടിയുടെ മുന്നിലിരുന്നത് ഈയൊരവസരത്തിലായിരുന്നു. സംശയങ്ങളും ചോദ്യങ്ങളും ഞാന്‍ തയാറാക്കിയിരുന്നെങ്കിലും അതൊന്നും എനിക്കു ചോദിക്കേണ്ടി വന്നില്ല. എം.ടി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മലമുകളില്‍നിന്ന് വെള്ളം കുത്തി ഒലിക്കുന്നതുപോലെ വാക്കുകളുടെ ഇടതടവില്ലാത്ത ഒഴുക്കായിരുന്നു. സമൂഹം ഏറെ തെറ്റിദ്ധരിച്ച ചങ്ങമ്പുഴ എന്ന വ്യക്തിയെക്കുറിച്ചാണ് എനിക്കു പറയാനുള്ളത് എന്നു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോള്‍ വ്യക്തിജീവിതത്തെക്കുറിച്ചു മാത്രമല്ല ചങ്ങമ്പുഴയുടെ വ്യത്യസ്തമായ പ്രേമസങ്കല്പങ്ങളെക്കുറിച്ചും സ്ത്രീപുരുഷബന്ധങ്ങളുടെ ആഴങ്ങളെക്കുറിച്ചുമൊക്കെ ഏറെ നേരം സംസാരിച്ചു, ചങ്ങമ്പുഴ മദ്യപിച്ചും ധൂര്‍ത്തടിച്ചും ജീവിച്ച് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വസ്ഥതകെടുത്തി എന്നതിനോടാണ് എം.ടി. ഏറ്റവും കൂടുതല്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്,
''ചങ്ങമ്പുഴയ്ക്ക് മദ്യപാനം വൈകുന്നേരങ്ങളില്‍ അടുത്ത സുഹൃത്തുക്കളോടൊപ്പം മാത്രം നടത്തുന്ന സ്വകാര്യമായ ഇടപാടായിരുന്നു. അല്ലാതെ എഴുതാനുള്ള പ്രചോദനത്തിനുവേണ്ടിയായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ജന്മനാ കവിയായിരുന്നു. മഹത്തുക്കളായ കവികള്‍ക്കു പൊതുവെയുള്ള ചില ഫാന്റസികളും ഭ്രാന്തസങ്കല്പങ്ങളും അദ്ദേഹത്തിനുമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മഹാനായ കവിയായയത്. അതുകൊണ്ടാണ് അദ്ദേഹം ഇന്നും ജനമനസ്സുകളില്‍ നിലനില്ക്കുന്നത്. ചങ്ങമ്പുഴയെക്കുറിച്ച് വായനക്കാര്‍ക്കുള്ള തെറ്റിദ്ധാരണ തിരുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നു തോന്നിയതുകൊണ്ടാണ് ഞാനീ മുഖാമുഖത്തിനു സമ്മതിച്ചത്'' എന്നു പറഞ്ഞ് ഫുള്‍സ്റ്റോപിട്ട് അദ്ദേഹം ബീഡി കത്തിച്ചപ്പോള്‍ അത് എനിക്കു പോകാനുള്ള നിര്‍ദ്ദേശമാണെന്നു മനസ്സിലാക്കി ഞാനെഴുന്നേറ്റു. ചങ്ങമ്പുഴ തെറ്റിദ്ധരിക്കപ്പെട്ട കവി എന്ന പേരില്‍ എം.ടിയുമായുള്ള അഭിമുഖം തയാറാക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് ഞാന്‍ കരുതുന്നത്.
ഞാനറിയുന്ന എം.ടിയെക്കുറിച്ചു പറയുമ്പോള്‍ പൊതുവെ കുറച്ചുമാത്രം സംസാരിക്കുന്ന ഞാന്‍ പലപ്പോഴും വാചാലയാകും. കാരണം എം.ടിയെപ്പോലെതന്നെ അദ്ദേഹത്തിന്റെ രചനകളും അതിലെ കഥാപാത്രങ്ങളും എന്റെ സ്വന്തക്കാരും ബന്ധുക്കളുമാണ്. എനിക്കു മാത്രമല്ല, എം.ടി.യെ വായിക്കുന്ന മിക്കവര്‍ക്കും അങ്ങനെതന്നെയാണ്.
Content Highlights: mt at 90 bm suhara writes