അച്ഛനെ ഇന്റര്‍വ്യൂ ചെയ്ത എം.ടി. ചോദിച്ചു; 'എസ്.കെ. എന്തിന് എഴുതുന്നു?'

അച്ഛന്‍ എം.ടി.യോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്‍ ആദ്യകാലത്ത് എഴുതിയിരുന്ന ഡയറിക്കുറിപ്പിലൂടെ ഞാനത് മനസ്സിലാക്കിയിരുന്നു. അച്ഛന്‍ ഒരിക്കല്‍ എം.ടി.യെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഞാനോര്‍ക്കുന്നു;''ഭാരതത്തിന് അഭിമാനിക്കാവുന്ന കരുത്തുറ്റ, അനുഗ്രഹീതനും പ്രതിഭാസമ്പന്നനുമായ ഒരു കലാകാരനാണ് എം.ടി. നമ്മുടെ കലാ-സാംസ്‌കാരിക ജീവിതത്തിന്റെ മാണിക്യക്കല്ല്...''
ഞാനും ചെറുപ്പംതൊട്ടേ അദ്ദേഹത്തിന്റെ കൃതികളും സിനിമകളും കണ്ടും വായിച്ചറിഞ്ഞും അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ആരാധിക കൂടിയാണ്. അച്ഛന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വെച്ച് നടത്തിയിരുന്ന 'ഓര്‍മയിലെ പൊറ്റെക്കാട്ട്' എന്ന പരിപാടിയുടെ ഉദ്ഘാടനം എം.ടി.യായിരുന്നു നിര്‍വഹിച്ചിരുന്നത്. അന്ന് അദ്ദേഹത്തോടൊപ്പം വേദിയില്‍ ഇരിക്കുവാനും പ്രസംഗിക്കുവാനുമൊക്കെയുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒന്ന് രണ്ടുതവണ എം.ടി. പ്രകാശനം ചെയ്ത അച്ഛന്റെ പുസ്തകം ഏറ്റവാങ്ങുവാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. അതിനൊക്കെയുപരിയായി ഞാന്‍ അച്ഛനെ കുറിച്ചെഴുതിയ 'അച്ഛനാണ് എന്റെ ദേശം' എന്ന എന്റെ പുസ്തകത്തിന് അവതാരിക എഴുതി തന്നത് ഞാന്‍ എക്കാലത്തും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരായിരുന്നു.
അവതാരിക എം.ടി.യെ കൊണ്ട് തന്നെ എഴുതിപ്പിക്കണം എന്ന എന്റെ ആഗ്രഹം പുസ്തകമെഴുതി തുടങ്ങിയപ്പോള്‍ മുതല്‍ മനസ്സിലുണ്ടായിരുന്നു. പക്ഷേ ആ മഹാമാരി കാലത്ത് (കോവിഡ്) അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് ശരിയാവില്ല എന്നുതോന്നി. മാത്രമല്ല, അദ്ദേഹത്തിന് അവതാരിക എഴുതുന്നതിന് വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ എന്നെല്ലാം മനസ്സില്‍ കരുതി ആശങ്കപ്പെട്ടിരിക്കുന്ന സമയത്താണ് അച്ഛന്റെ പുസ്തകശേഖരത്തില്‍ നിന്നും എം.ടി.യെക്കുറിച്ച് അച്ഛന്‍ എഴുതിയ ഈ വരികള്‍ എനിക്ക് കിട്ടിയത്.
അച്ഛന്റെ അനുഗ്രഹത്തോടെ ഞാന്‍ എം.ടി.യെ ഫോണ്‍ ചെയ്തു. അദ്ദേഹം തന്നെയാണ് ഫോണ്‍ എടുത്തിരുന്നത്. ചെറിയ ഭയത്തോടെയും ബഹുമാനത്തോടെയും കാര്യം സംസാരിച്ചു. സാറിന്റെ അവതാരിക കിട്ടിയാലേ ഈ പുസ്തകം പൂര്‍ണമാകുകയുള്ളൂ എന്നു പറഞ്ഞു. ഉടനെ മറുപടി കിട്ടി. 'മാറ്റര്‍ കൊണ്ടുവരൂ. ഞാന്‍ വായിച്ച് എഴുതി തരാം.' മറുപടി കേട്ടപ്പോള്‍ തോന്നിയ സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. മാറ്റര്‍ കൊണ്ടുപോയി കൊടുത്തപ്പോള്‍ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സരസ്വതി ടീച്ചര്‍ വാങ്ങിവെച്ചു. പിറ്റേന്ന് രാവിലെ മാറ്റര്‍ കൊടുത്ത കാര്യം പറയാന്‍ വിളിച്ചപ്പോള്‍ ''അവതാരിക എഴുതിവെച്ചിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും വന്നോളൂ, ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടായിരിക്കും'' എന്നാണ് പറഞ്ഞത്. ഉടനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ആ കൈപ്പടയില്‍ എഴുതിയ അവതാരിക അദ്ദേഹം വായിച്ച് കേള്‍പ്പിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി. അച്ഛനും എം.ടി.യുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മകളെല്ലാംകൊണ്ടും ഹൃദയം നിറഞ്ഞു. അദ്ദേഹത്തിന്റെ കാല്‍ക്കല്‍ നമസ്‌കരിച്ച് അനുഗ്രഹം നേടിയതിന് ശേഷമാണ് ഞാന്‍ മടങ്ങിയത്.
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടും സ്വന്തം കൈയ്യക്ഷരത്തില്‍ എനിക്കെഴുതി തന്ന അവതാരിക എന്റെ ജീവിതകാലം മുഴുവന്‍ ഭദ്രമായി സൂക്ഷിക്കും. ജീവിതത്തില്‍ കിട്ടുന്ന ഇത്തരം അമൂല്യനിമിഷങ്ങള്‍ ഒരിക്കലും മായാതെ മനസ്സില്‍ കിടക്കും. എന്തോ അറിയാതെ ഞാന്‍ അച്ഛനെ ഓര്‍ത്തുപോയി.
അച്ഛന്‍ ജ്ഞാനപീഠപുരസ്‌കാരം നേടിയതിനുശേഷം മദ്രാസ് ടി.വി. ക്ക് വേണ്ടി അച്ഛനെ ഇന്റര്‍വ്യൂ ചെയ്തത് എം.ടിയായിരുന്നു. അച്ഛനോട് പുതുമയുള്ള ഒരു ചോദ്യം ചോദിച്ചു.
''എസ്.കെ. എന്തിന് എഴുതുന്നു?''
അച്ഛന്‍ പറഞ്ഞ മറുപടി;
''എനിക്ക് കുറെയേറെ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇതേ, അതിന് മാര്‍ഗമുള്ളൂ എന്ന് തോന്നി. കുറെയൊക്കെ പറഞ്ഞു. ഇനിയും വളരെയധികം പറയാനുണ്ട്.'
എം.ടി.യുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന എഴുത്തുകാരുടെ മക്കളായ നാലുപേര്‍ പിറന്നാള്‍ സമ്മാനവുമായി അനുഗ്രഹം വാങ്ങാന്‍ പോയിരുന്നു. ബഷീറിന്റെ മകള്‍ ഷാഹിന, തിക്കോടിയന്റെ മകള്‍ പുഷ്പ, എന്‍.പി. മുഹമ്മദിന്റെ മകള്‍ ജാസ്മിന്‍, പിന്നെ ഞാനും. തുഞ്ചന്‍മഠത്തില്‍ എം.ടി.യുടെ നവതി ആഘോഷത്തിന്റെ ഭാഗമായി 'എം.ടി. തലമുറകളിലൂടെ' എന്ന പരിപാടിയില്‍ പങ്കെടുത്തതുമൊക്കെ നല്ല ഓര്‍മ്മകളായി മനസ്സില്‍ നിറയുന്നു. നവതി ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നേരുന്നു.
Content Highlights: M.T@90, M.T. Vasudevan Nair, Birth anniversary, Sumithra Jayaprakash writes about M.T.