'ശമ്പളമായിരുന്നില്ല, എം.ടി.യോടൊപ്പം ജോലി ചെയ്യുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം'

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയസ്ഥിതിയ്ക്ക് നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്നായി മോഹം. അങ്ങനെയാണ് തൃശ്ശൂരിലെ ഒന്നുരണ്ട് സുഹൃത്തുക്കളോടൊപ്പം ടെലഗ്രാഫ്റ്റ് മുവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങിയത്. റേഡിയോ-ടി.വി. പരസ്യങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അതിന്റെ ചെയര്‍മാനായി എന്റെ നിര്‍ബന്ധത്തിനു വഴങ്ങി എം.ടി. ഇരുന്നു. ഷെയര്‍ ഇനത്തിലേയ്ക്ക് പതിനായിരം രൂപയും തന്നു. ഞങ്ങള്‍ എല്ലാവരും കുറെശ്ശേ കാശ് മുടക്കിയിരുന്നു. ഗള്‍ഫില്‍ ഉള്ള എന്റെ ചില സുഹൃത്തുക്കളടക്കം. ആര്‍ക്കും ആ കാശ് തിരിച്ചു കിട്ടിയിട്ടില്ല. ഇനി കിട്ടുമെന്നും തോന്നുന്നില്ല.
ആയിടയ്ക്കാണ് എം.ടി. വീണ്ടും മാതൃഭൂമിയില്‍ ചേരാന്‍ പോകുന്നു. എന്നറിഞ്ഞത്. എം.ടി.യോടൊപ്പം മാതൃഭൂമിയില്‍ ജോലി ചെയ്താല്‍ കൊള്ളാം എന്ന ആഗ്രഹം ഞാന്‍ എം.ടി.യോടല്ല പറഞ്ഞത്, വി. രാജഗോപാലിനോടാണ്. തൃശ്ശൂരില്‍ ടെലക്രാഫ്റ്റ് മുവീസിന്റെ ഒരു മീറ്റിങ്ങിന് വന്നപ്പോള്‍ എം.ടി. എന്നോട് ചോദിച്ചു: ''മാതൃഭൂമിയില്‍ ജോലി ചെയ്യണമെന്നുണ്ടോ?''
''എം.ടി.യോടൊപ്പം ജോലി ചെയ്യണമെന്നുണ്ട്.'' ഞാന്‍ പറഞ്ഞു.
''എനിക്കു വിരോധമില്ല. ഞാന്‍ പറയാം."
അധികം വൈകാതെ എനിക്ക് മാതൃഭൂമിയില്‍ നിന്ന് കത്തുവന്നു. ഒരു ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ വെറും ഔപചാരികം മാത്രം എന്ന് എം.ടി. മുമ്പേ പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ മാതൃഭൂമിയില്‍ പീരിയോഡിക്കല്‍ സബ് എഡിറ്ററായി ജോലിക്കു ചേര്‍ന്നു. പീരിയോഡിക്കല്‍സ് ആണെങ്കിലും ആഴ്ചപ്പതിപ്പിലെ കഥകളുടെ ചുമതലയാണ് എം.ടി. എന്നെ പ്രധാനമായും ഏല്പിച്ചത്. 'കഥകള്‍ക്ക് വായനക്കാര്‍ കുറഞ്ഞുവരികയാണ്.
എം.ടി. പറഞ്ഞു: ''ഒരു കാലത്ത് കഥാരംഗത്തുണ്ടായിരുന്ന വസന്തകാലം വീണ്ടും കൊണ്ടുവരാമോ എന്ന് ശ്രമിച്ചുനോക്കാം നമുക്ക്." എന്റെയും ആഗ്രഹം അതുതന്നെ ആയിരുന്നു. കഥകള്‍ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുന്നതിന്റെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എം.ടി. എനിക്ക് തന്നു. ഞാന്‍ പാലക്കാട്ടെ വീട് വാടകയ്ക്ക് കൊടുത്ത് കുടുംബസമേതം കോഴിക്കോട്ടേയ്ക്ക് താമസം മാറ്റി.
വി.കെ. മാധവന്‍കുട്ടി അന്ന് കോഴിക്കോട്ട് മാതൃഭൂമിയിലുണ്ട്. ഒരിക്കല്‍ അദ്ദേഹം എന്നോട് ചോദിച്ചു: ''നിങ്ങള്‍ എന്തിനാണ് ഇത്രയും ചെറിയ ശമ്പളത്തിന് മാതൃഭൂമിയില്‍ ജോലിക്കു ചേര്‍ന്നത്?' ഞാന്‍ പറഞ്ഞു: ''ശമ്പളമായിരുന്നില്ല എന്റെ പ്രധാന ലക്ഷ്യം. എം.ടി.യോടൊപ്പം ജോലി ചെയ്യുക എന്നതായിരുന്നു."
''ഓ.'' എന്നൊന്ന് നീട്ടിമൂളി, മാധവന്‍കുട്ടി.
തിരഞ്ഞെടുത്ത കഥകളെക്കുറിച്ച് എഴുത്തുകാര്‍ക്ക് വിവരം നല്‍കുമ്പോഴും തിരഞ്ഞെടുക്കാത്ത കഥകള്‍ തിരിച്ചയ്ക്കുമ്പോഴും ഞാന്‍ ശത്രുഘ്‌നന്‍ എന്ന പേര് വെച്ചിരുന്നില്ല. ഒരിക്കല്‍ ഒരെഴുത്തുകാരി എം.ടി.ക്ക് എഴുതി; 'കഥ എന്തെന്നറിയാത്ത, ജീവിതത്തില്‍ ഒരു കഥയെങ്കിലും എഴുതിയിട്ടില്ലാത്ത ഒരു ഗോവിന്ദന്‍കുട്ടിയാണ് ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകല്‍ നോക്കുന്നത്. ആ മനുഷ്യന്‍ എന്റെ കഥകള്‍ തുടര്‍ച്ചയായി തിരിച്ചയ്ക്കുന്നു. കഥയെക്കുറിച്ച് എന്തെങ്കിലും വിവരമുള്ള ആരെയെങ്കിലും നിയമിച്ചുകൂടെ അവിടെ?'- കത്ത് എം.ടി. എനിക്ക് തന്നു. ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.
ആഴ്ചപ്പതിപ്പില്‍ ആദ്യപേജില്‍ അതിന്റെ നടത്തിപ്പുകാരുടെ പേരുവെക്കുന്ന സമ്പ്രദായവും എം.ടി നിര്‍ത്തി. ആര് നടത്തുന്നു എന്നതല്ല പ്രധാനം. ഇതിനകത്ത് വായിക്കാന്‍ എന്തുണ്ട് എന്നാണ്. എം.ടി.യുടെ മേശപ്പുറത്ത് ഒരുകുന്ന് കടലാസുകളുണ്ടാവും. അതില്‍ നിന്ന് ഒരു മജീഷ്യന്റെ പാടവത്തോടെ കമ്പോസിങ്ങിന് കൊടുക്കാനുള്ള മാറ്റര്‍ എടുത്ത് എന്നെ ഏല്‍പിക്കുന്നത് പലപ്പോഴും അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട് ഞാന്‍.
ഒരു ഹാളിന്റെ ഒരു വശം ഒരു ക്യാബിനാക്കി. അതില്‍ എം.ടിയും പുറത്ത് ഞാനും ആയിരുന്നു ആദ്യത്തെ കുറച്ചു വര്‍ഷങ്ങള്‍. ബാക്കി സ്റ്റാഫെല്ലാം കുറച്ചപ്പുറത്തുള്ള എം.എം. പ്രസ്സിലാണ്. ചില മാറ്ററുകള്‍ വാങ്ങാനും കൊടുക്കാനുമൊക്കെ ചില ദിവസങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും പല പ്രാവശ്യം പോകേണ്ടിവരും. അതും ഒരു വ്യായാമം.
അക്കാലത്ത് ചില നല്ല കഥകള്‍ ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നു. എന്‍.എസ്. മാധവന്റെ 'ഹിഗ്വിറ്റ' അടക്കം. കഥയുടെ നല്ലകാലം വന്നെന്ന് കഥാപ്രേമികള്‍ പറയാനും തുടങ്ങി.
കഥയായാലും നോവലായാലും ലേഖനമായാലും, എം.ടി. എഡിറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ ഒരു കൗതുകമുണ്ട്. ഞാനത് കൗതുകത്തോടെ നോക്കി നിന്നിട്ടുമുണ്ട്. ഇത് കാണാന്‍ വേണ്ടിക്കൂടി ആയിരുന്നുവല്ലോ ഞാന്‍ മാതൃഭൂമിയില്‍ ജോലിക്കു ചേര്‍ന്നത്.
ഒരു വെട്ട്. ഒരു വാക്ക് ഇപ്പുറത്ത്. ഒരു വാക്ക് അപ്പുറത്ത്. അതോടെ മാറ്ററിന് ഒരു പുതുജീവന്‍. ആദ്യത്തെ രണ്ടുമൂന്നു വാചകങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍ പിന്നെ അവസാനത്തെ പാരഗ്രാഫാണ് വായിക്കുക. എന്നിട്ടേ തീരുമാനിക്കൂ എഡിറ്റ് ചെയ്യണോ എന്ന്. അതല്ലെങ്കില്‍, അലസമായി മേശപ്പുറത്തിന്റെ ഒരു മൂലയിലേയ്ക്കിടും. തിരിച്ചയയ്ക്കാം എന്നാണ് അതിന്റെ അര്‍ത്ഥം.
വായന. പരന്ന വായന. ചിന്ത. ആഴത്തിലുള്ള ചിന്ത. ഒരു പത്രാധിപര്‍ക്ക് ഇതൊക്കെ കൂടിയേതീരൂ എന്ന് എം.ടി. പറയും. എം.ടി. തന്നെ മുമ്പ് എവിടെയോ എഴുതിയിട്ടുമുണ്ട്. ആദ്യത്തെ വാചകം വായിച്ചാല്‍ രണ്ടാമത്തെ വാചകം വായിക്കാന്‍ തോന്നണം. ആദ്യത്തെ പാരഗ്രാഫ് വായിച്ചാല്‍ അടുത്ത പാരഗ്രാഫ് വായിക്കാന്‍ തോന്നണം. എഴുത്ത് എന്ന മാന്ത്രികവിദ്യ അങ്ങനെയാണ്. ആ മാന്ത്രികവിദ്യ തികച്ചും മനസ്സിലാ ക്കിയ ആളുമാണല്ലോ എം.ടി.
ആ പരുക്കന്‍ പെരുമാറ്റത്തിന് പിന്നിലുള്ള സ്‌നേഹത്തിന്റെ നീരുറവ അനുഭവിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. വേദനകൊടുത്ത പാഠമാണ് ഈ പരുക്കന്‍ മട്ട് എന്ന് പലര്‍ക്കും അറിയില്ല.
ഒരു ബംഗാളി നോവല്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചുവന്നിരുന്നു അക്കാലത്ത്. എം.ടി.യും ഞാനും അവിടെ എത്തുന്നതിനുമുന്‍പ് തുടങ്ങിയതാണ്. അതിന്റെ മാറ്റര്‍ വരുത്തിച്ച് എം.ടി. ലക്ഷണം കണ്ടിട്ട് ഒരു രണ്ട് കൊല്ലത്തേക്കെങ്കിലും ഉണ്ടാവും നോവല്‍.
എം.ടി. എന്നോട് പറഞ്ഞു:
'ഇതൊന്ന് ചെറുതാക്കണം. കഥയുടെ സാരാംശം ചോര്‍ന്നുപോകാതെ അനാവശ്യവിവരണങ്ങള്‍ ഒഴിവാക്കി വലുപ്പം കുറയ്ക്കണം.
എഡിറ്റിങ്ങില്‍ എനിക്കുള്ള ആദ്യപരിശീലനം, ഞാനാ നോവലിനെ നാലില്‍ ഒന്നാക്കി കുറച്ചു. എം.ടി.ക്ക് കാണിച്ചുകൊടുത്തു.''ആ, അതു മതി.'' എം.ടി. പറഞ്ഞു.
ഗള്‍ഫിലായിരിക്കുമ്പോള്‍ ഞാന്‍ ഒരു തിരക്കഥ എഴുതിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ത്തന്നെ വന്ന അഹമ്മദ് ഹംസ' എന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് നടത്താന്‍ ശ്രമിച്ചത്. ഗള്‍ഫ് പശ്ചാത്തലമാക്കിയാണ് അതെഴുതിയത്. തിരക്കഥയുടെ സാങ്കേതികവശങ്ങള്‍ പഠിക്കുന്നതിനു മുന്‍പ് എഴുതിയ തിരക്കഥ. മടിച്ചുമടിച്ചാണ് ഒരു ദിവസം ഞാന്‍ എം.ടിയോട് തിരക്കഥയുടെ കാര്യം പറഞ്ഞത്. വളരെ താല്‍പ്പര്യത്തോടെ അത് മുഴുവന്‍ വായിച്ചു, എം.ടി. ഓരോ സീനിന്റെയും അപാകതകളെ വിവരിച്ചുതന്നു. കൂട്ടത്തില്‍ 'നിര്‍മ്മാല്യ'ത്തിന്റെ തിരക്കഥയുടെ കാര്യവും പറഞ്ഞു.
''ഒരു കഥാപാത്രത്തില്‍ നിന്ന് കുറേ സംഭവങ്ങളിലേയ്ക്ക് ടെയ്ക്ക് ഓഫ് ചെയ്യുന്നതാണ് തിരക്കഥയായി മാറുന്നത്. 'പള്ളിവാളും കാല്‍ച്ചിലമ്പും' എന്ന കഥയില്‍ ഒരു വെളിച്ചപ്പാടുണ്ട്. വെളിച്ചപ്പാടിന്റെ കുടുംബമുണ്ട്. ആ കുടുംബത്തില്‍ നടന്ന ചില സംഭവങ്ങളുണ്ട്. അത്രയേ ഉള്ളൂ. സിനിമയ്ക്ക് അതുപോര. കാണാനുള്ളതാണ് സിനിമ. കാണാന്‍ എന്തെങ്കിലും ഉണ്ടാവണം. അത് തിരക്കഥയിലും ഉണ്ടാവണം.
'കഥയും തിരക്കഥയും' എന്ന പേരില്‍ 'മാക്ട'യുടെ (സിനിമാസംഘടന) മാസികയില്‍ ഒരു ലേഖന പരമ്പര ഞാന്‍ എഴുതിയപ്പോഴും ഈ വസ്തുതയാണ് പ്രധാനമായും എഴുതിയത്; അതും വളരെ വര്‍ഷങ്ങള്‍ക്കു ശേഷം; എട്ടോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയതിനുശേഷം.
മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു തിരക്കഥാമത്സരം സംഘടിപ്പിച്ചിരുന്നു. അങ്ങനെ ഒരാശയം മുന്നോട്ടുകൊണ്ടുവന്നത് എം.ടി.യാണ്. ആയിടയ്ക്ക് തുളസീദാസിനുവേണ്ടി 'പാരലല്‍ കോളേജ്' എന്ന ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാന്‍ ഞാന്‍ തയ്യാറെടുക്കുകയായിരുന്നു.
തിരക്കഥാമത്സരത്തിന് കൊണ്ടുവന്ന രചനകള്‍ ഞാനാണ് വാങ്ങിവെച്ചിരുന്നത്. അത് പരിശോധിക്കേണ്ട ജോലി എനിക്കല്ല. അതിന് ആളുകള്‍ വേറെയുണ്ട്. സ്വാഭാവികമായും കിട്ടിയ രചനകള്‍ അടുക്കിവെക്കുക എന്ന ജോലിയേ എനിക്കുണ്ടായിരുന്നുള്ളു.
പക്ഷേ, 'പാരലല്‍ കോളേജ്' എന്ന സിനിമയുടെ വാര്‍ത്ത വന്നപ്പോള്‍ എനിക്കൊരു വക്കീല്‍ നോട്ടീസ് കിട്ടി. മത്സരത്തിന് കൊണ്ടുവന്നുതന്ന രചനകളുടെ കൂട്ടത്തില്‍ 'പാരലല്‍ കോളേജ്' എന്നപേരില്‍ ഒരു തിരക്കഥയുണ്ടായിരുന്നു. വക്കീല്‍ നോട്ടീസ് കിട്ടിയപ്പോഴാണ് ഞാനത് അറിയുന്നത്. ഭയത്തോടെയാണ് ഞാന്‍ ആ വക്കീല്‍ നോട്ടീസും കൊണ്ട് എം.ടി.യുടെ ക്യാബിനിലേക്ക് ചെന്നത്.
''എനിക്കും കിട്ടിയിട്ടുണ്ട് ഒരു നോട്ടീസ്. എം.ടി. ശാന്തഭാവത്തില്‍ പറഞ്ഞു. മാതൃഭൂമിയുടെ മാനേജിങ്ങ് എഡിറ്റര്‍ പി.വി. ചന്ദ്രനുപോലും അയച്ചിരുന്നു അവര്‍ നോട്ടീസ്.
ഭാഗ്യത്തിന്, തിരക്കഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിന് മുമ്പുതന്നെ തുളസിദാസും കൂട്ടരും ''പാരലല്‍ കാളേജ്''എന്ന പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. അതുകൊണ്ട് തുടര്‍ന്ന് കേസൊന്നും ഉണ്ടായില്ല. ആ സിനിമയ്ക്ക് ഞാന്‍ തിരക്കഥ എഴുതിയതുമില്ല.
പലപ്പോഴും എം.ടി.യെ ഫോണില്‍ വിളിച്ച് നിരന്തരം ചീത്ത പറയുന്ന ഒരാളുണ്ടായിരുന്നു. പേരൊന്നും പറയാതെയാണ് ചീത്ത. ഫോണ്‍ ഞാനാണ് എടുത്തിരുന്നത്. മാതൃഭൂമിയില്‍ത്തന്നെയുള്ള ഒരാളാണ് അതെന്ന് തുടരന്വേഷണത്തില്‍ ഞാനും വി. രാജഗോപാലുംകൂടി കണ്ടുപിടിച്ചു. ആളെ കണ്ടുപിടിച്ചു എന്ന് അറിഞ്ഞതോടെ വിളിയും നിന്നു. 'എത്രയധികം ചീത്ത മനസ്സുകളാണ് നമുക്കുചുറ്റും.' ഞാന്‍ എം.ടി.യോട് പറഞ്ഞു.
ചുണ്ടൊന്ന് ഇടത്തോട്ട് കോട്ടി പുഞ്ചിരിച്ചു എം.ടി. 'ഗോവിന്ദന്‍കുട്ടി ഇതൊന്നല്ലേ കണ്ടുള്ളൂ. ഞാന്‍ എത്രയോ കണ്ടിരിക്കുന്നു.' മുഖത്ത് ശാന്തഭാവം. എല്ലാം അറിയുന്ന ഒരാള്‍ക്കേ ഇത്രയും ശാന്തഭാവം ഉണ്ടാവൂ. ഞാന്‍ മനസ്സില്‍ പറഞ്ഞു.
വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും എം.ടി.യെ ദ്രോഹിച്ച പലരുമുണ്ട്. പ്രശസ്ത കഥാകൃത്തുക്കള്‍വരെയുണ്ട്. സഹിക്കാന്‍ കഴിയാതെ എം.ടി.ക്ക് കേസ് ഫയല്‍ ചെയ്യേണ്ടതായിപ്പോലും വന്നിട്ടുണ്ട്. പണ്ടെന്നോ അയച്ച ഒരു പുസ്തകം നിരൂപണത്തിന് അയച്ചുകൊടുത്തില്ല എന്നതിന്റെ പേരില്‍ ഇപ്പോഴും ശത്രുത വെച്ചു പുലര്‍ത്തുന്ന ഒരാള്‍. എനിക്കു തോന്നിയിട്ടുണ്ട് ഈ ശത്രുതയില്‍ നിന്നൊക്കെയാവാം എം.ടി. തനിക്കു പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം കണ്ടെത്തുന്നത്, എന്ന്.
ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് ഊമക്കത്തെഴുതി എന്നെ ഉപദ്രവിച്ച ഒരാളുണ്ടായിരുന്നു. ഇക്കാര്യം എം.ടി.യോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും അങ്ങനെ ചില അനുഭവങ്ങള്‍ ഉണ്ടായ കാര്യം പറഞ്ഞു. ശരിയാണ്. ഞാന്‍ ഒന്നോ രണ്ടോ ചീത്ത മനസ്സുകളെയല്ലേ കണ്ടുള്ളൂ? എം.ടി. എത്രയോ എണ്ണത്തിനെ കണ്ടിരിക്കുന്നു. അനുഭവിച്ചിരിക്കുന്നു!
Content Highlights: M.T@90, M.T. Vasudevan Nair, Birth anniversary, Sathrugnan writes about M.T. Vasudevan Nair