ഒരു വലിയമ്മാവന്റെ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ കത്ത്!

അക്ഷരം കൂട്ടിവായിക്കാന്‍ പോലുമാവാത്ത ഒരു നാലുവയസ്സുകാരിക്ക് മാതൃഭൂമിയുടെ ലെറ്റര്‍പാഡില്‍ പച്ചമഷികൊണ്ട് തീയതിയും ഒപ്പും ഒക്കെ ഇട്ട് എഴുതിയ ഒരു കത്തിപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്. അതില്‍ ഒരു വലിയമ്മാവന്റെ സ്നേഹത്തിന്റെ, പരിഗണനയുടെ, വാത്സല്യത്തിന്റെ ഒരെഴുത്തുകാരന്റെ ഇച്ഛാശക്തിയുടെ, ആത്മവിശ്വാസത്തിന്റെ, അങ്ങനെ അസംഖ്യം വികാരങ്ങളുടെ അലകള്‍ കാണാം.
ഗൗരവത്തിന്റെ മുഖംമൂടിക്കുള്ളില്‍ വളരെ ആര്‍ദ്രമാണ് ആ മനസ്സ്. ഏത് വിഷയങ്ങളിലും ആപത്തുകളിലും താങ്ങും തണലുമാണ് ഞങ്ങള്‍ക്ക് ഇന്നും ഉണ്ണിമാമ.
ഉണ്ണിമാമയെപ്പറ്റി എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്ന ഓര്‍മ അദ്ദേഹത്തിന്റെ സാഹിത്യമോ സിനിമയോ പ്രശസ്തിയോ ഒന്നുമല്ല. അദ്ദേഹം കൊണ്ടുത്തരാറുള്ള വിശിഷ്ടമായ ചോക്ലേറ്റ്‌സ്, പിന്നെ പുസ്തകങ്ങള്‍, തെക്കെപ്പാട്ടുതറവാട്ടില്‍ വടക്കേ അറയിലെ ട്രങ്കുപെട്ടിയില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന കുറച്ചു കത്തുകള്‍. ആ സ്നേഹവും കരുതലും.
മുത്തശ്ശന്‍ പൂമുഖത്തുനിന്ന് മെല്ലെ അടുക്കള വാതിക്കലെത്തി അമ്മമ്മയോട് പറയും: ''കുട്ട്യേ വാസു വരുന്നുണ്ട്.'' കേള്‍ക്കേണ്ട താമസം ഞാന്‍ പടിക്കലേക്ക് ഓടും. ഒരു കൈകൊണ്ടു മുണ്ടിന്റെയറ്റം ഉയര്‍ത്തിപ്പിടിച്ചു പാടവരമ്പിലൂടെ വേഗത്തിലുള്ള നടപ്പാണ്. അടുത്തെത്തിയാല്‍ തറഞ്ഞു ഒന്നുനോക്കി, തുറന്ന ഒരു ചിരി സമ്മാനിക്കും.
മിക്കവാറും കൈയില്‍ ചോക്ലേറ്റുകളും കഥാപുസ്തകങ്ങളും കാണും. അത് സാധാരണതരം ഒന്നുമല്ല. യാത്രകള്‍ക്കിടയില്‍ വാങ്ങുന്നത് ആയിരിക്കണം. നീലനിറത്തില്‍ ഒരു തീവണ്ടി എന്‍ജിനും ബോഗികളും, രണ്ടും തുറക്കാന്‍ വാതിലുകള്‍, അതിനുള്ളില്‍ നിറയെ പലനിറത്തില്‍ ഉള്ള ചോക്ലേറ്റുകള്‍. പെയിന്റ് ഒക്കെ ഇളകിപ്പോയി തുരുമ്പുപിടിച്ചെങ്കിലും ആ മിഠായിത്തീവണ്ടി ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. എന്റെ ഒരു സ്വകാര്യ അഹങ്കാരമായി അദ്ദേഹത്തിന്റെ കുറച്ചു കത്തുകളും.
അധികവും റഷ്യന്‍ ക്ലാസിക്കുകളുടെ പരിഭാഷകള്‍ ആണ് കൊണ്ടുത്തരാറുള്ളത്. 'ചുക്കും ഗെക്കും' എന്ന രണ്ടു റഷ്യന്‍ വികൃതിക്കുട്ടികളുടെ കഥ, 101 ബാലകഥകള്‍, കുട്ടന്റെ ഗോലി കളി, തേച്ചുകുളി ഇതെല്ലാം ഉണ്ണിമാമ കൊണ്ടുവന്ന പുസ്തകങ്ങളാണ്. ഇന്നും ഓര്‍മയില്‍ നില്‍ക്കുന്ന കാമ്പുള്ള കഥകള്‍. കുഞ്ഞുറാണിയെ മോഡലാക്കി ചില ചിത്രങ്ങളൊക്കെ ഇടയ്ക്ക് എടുക്കും.
നല്ല ഓര്‍മയില്ല, അമ്മയും അമ്മുമ്മയും പറഞ്ഞുകേട്ട അറിവാണ്. മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ ഉണ്ണിമാമ ഒരു മേജര്‍ സര്‍ജറി കഴിഞ്ഞു വിശ്രമിക്കാനായി കൂടല്ലൂരില്‍ ഉണ്ടായിരുന്നു. അന്ന് കിടക്കയുടെ തലയ്ക്കലും കാല്‍ക്കലുമായി മാറാതെ ഞാനും കൂടെ ഉണ്ടായിരുന്നത്രേ! ''അവനു നല്ല സുഖമില്ല, നീ അവനു കുറച്ചു സൈ്വരം കൊടുക്കണം'' എന്ന് മുത്തശ്ശന്റെ ഉഗ്രശാസനം ഉണ്ടായിരുന്നതുകൊണ്ടാകാം, അധികം സംസാരിച്ചു ശല്യപ്പെടുത്താതെ, മൂകമായ ചില ആശയവിനിമയങ്ങള്‍ നടത്തി ഞങ്ങള്‍ ബന്ധം ദൃഢമാക്കി.
അസുഖമെല്ലാം മാറി, കോഴിക്കോട്ടേക്ക് മടങ്ങിയപ്പോഴും ആ മനസ്സില്‍ കുഞ്ഞുറാണി ഉണ്ടായിരുന്നിരിക്കണം. പിന്നീട് കോഴിക്കോട്ടുനിന്നും കൂടല്ലൂരിലേക്കുള്ള ചില യാത്രകളില്‍, ഉത്തരവാദിത്വങ്ങളുടെ ചുഴിയില്‍, തിരക്കുകളില്‍, റാണിക്കുള്ള മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങാന്‍ മറന്നുപോവും. ആ മുഖത്ത് അപ്പോള്‍ കുറ്റബോധം കാണാം.
പടിക്കല്‍ അക്ഷമയോടെ കാത്തുനില്‍ക്കുന്ന അവളെ എങ്ങനെ അഭിമുഖീകരിക്കും എന്ന വിഷമം ഉണ്ടാവും. ഒരിക്കല്‍ വന്നപ്പോള്‍ പടിക്കല്‍ അവളെ കണ്ടില്ല. പൂമുഖത്തേക്ക് കയറുമ്പോള്‍ അമ്മമ്മയോട് ചോദിച്ചിട്ടുണ്ടാവും ''റാണിമോള്‍ എവിടെ ഓപ്പു''?
''നളിനി അവളെ പൊന്നാനിക്ക് കൊണ്ടുപോയി. ഇവിടെ പാടത്തും പറമ്പിലും ഓടിനടക്കുകയല്ലേ, സ്‌കൂളില്‍ ചേര്‍ക്കാന്‍.'' തിരിച്ചു കോഴിക്കോട് എത്തി മാതൃഭൂമി പത്രാധിപരുടെ തിരക്കുപിടിച്ച കസരയില്‍ ഇരിക്കുമ്പോള്‍ റാണി ഓര്‍മയില്‍ വന്നിരിക്കണം. അതാണീ കത്ത്...
5.3.77
പ്രിയപ്പെട്ട റാണിക്ക്
ഞാനിന്നലെ കൂടല്ലൂരില്‍ വന്നു. നീയും അമ്മയും പൊന്നാനിയിലാണെന്നറിഞ്ഞു. വൈകിയതുകൊണ്ട് പൊന്നാനിയില്‍ വരാന്‍ പറ്റിയില്ല. പോരാത്തത് സാധാരണ സംഭവിക്കാറുള്ളതുപോലെ നിനക്ക് മിട്ടായിയൊന്നും വാങ്ങാനും ഓര്‍മിച്ചില്ല.
ഉണ്ണിമ്മാമ യാത്രചെയ്യുമ്പോള്‍ എപ്പോഴും തലയില്‍ നൂറുകൂട്ടം കാര്യങ്ങളാവും. റാണിയെ ഓര്‍മയുണ്ടാവും. പക്ഷേ, റാണിയ്ക്കുള്ള മിട്ടായിയുടെ കാര്യം ഓര്‍മയുണ്ടാവില്ല.
റാണിക്കുവേണ്ടി ഒരു കഥ എഴുതാന്‍ തുടങ്ങി. എഴുതിയപ്പോള്‍ വലുതായി, വലിയവര്‍ക്കേ വായിച്ചാല്‍ മനസ്സിലാവൂ. നിന്റെ അമ്മ വായിക്കും. മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍.
നീ എഴുത്തും വായനയും വേഗം പഠിയ്ക്ക്. പിന്നെ നിനക്കു ഞാന്‍ ഇടക്കിടെ വലിയ കത്തുകളയയ്ക്കും. അതെല്ലാം എടുത്തുവെച്ചാല്‍ മതി. ഉണ്ണിമ്മാമയ്ക്ക് വയസ്സാവുമ്പോള്‍ ഈ കത്തുകള്‍ നിനക്ക് പത്രക്കാര്‍ക്ക് വില്‍ക്കാം. പണം കിട്ടും. അപ്പോള്‍ ആ പണം കൊണ്ടും മിട്ടായിയും ഉടുപ്പുമൊക്കെ വാങ്ങാം. ഉണ്ണിമാമയുടെ കത്തുകള്‍ എന്തിനാ ആളുകള്‍ വാങ്ങുന്നത്? നോക്കിക്കോ, വാങ്ങും, നിന്റെ കൈയില്‍ കുറെ കത്തുകളുണ്ടെന്ന് കേട്ടാല്‍ വന്നു പണം തന്നു വാങ്ങും.
വേറെ വിശേഷമൊന്നുമില്ല. ഇനി വരുമ്പോള്‍ മിട്ടായി വാങ്ങാന്‍ ഉണ്ണിമാമയ്ക്ക് ഓര്‍മയുണ്ടാവണേ എന്ന് പ്രാര്‍ഥിച്ചോ.
Content Highlights: M.T.@90, M.T. Vasudevan Nair birth anniversary, Rani Anand writes childhood memories