'ഒരു തീവണ്ടി യാത്രയില്‍ അപ്പ കാണിച്ചു; ഇതാ എം.ടി.യുടെ നിള!'

അപ്പയുടെ പുസ്തകയലമാരയില്‍ നിന്ന് കണ്ടുപിടിച്ച് വായിച്ച ആദ്യത്തെ എം.ടി. കഥ 'ഇരുട്ടിന്റെ ആത്മാവ് ' ആയിരുന്നു. ഏഴുവയസുകാരിക്ക് മനസിലാവുന്നതിന്റെ അപ്പുറമായിരുന്നെങ്കിലും 'എനിക്ക് ഭ്രാന്താണ് എന്നെ ചങ്ങലയ്ക്കിടൂ' എന്ന് പറഞ്ഞ് രണ്ടു കൈയ്യും നീട്ടി നില്ക്കുന്ന വേലായുധന്‍ വല്ലാതെ മനസ് നീറ്റി. എന്നാലും അമ്മുക്കുട്ടിയും അവനെ ഭ്രാന്തന്‍ എന്നു വിളിച്ചല്ലോ' എന്ന് കുഞ്ഞുമനസ് ഒരുപാടുനാള്‍ പരിഭവപ്പെട്ടു.
'ഓളവും തീരവും' വായിച്ചാണ് പരിചയമില്ലാത്ത വള്ളുവനാടന്‍ ഭൂപ്രകൃതിയും നിളയുടെ തീരങ്ങളും മനസിലേറ്റാന്‍ തുടങ്ങിയത്. നിളയെ കാണാന്‍ നിറയെ കൊതി. വായിച്ചു മാത്രമറിഞ്ഞ വിദൂരഭൂമികകളെ നെഞ്ചിലേറ്റി സ്വപ്നം കണ്ടുതുടങ്ങിയത് ഒരു പക്ഷേ അന്നുതൊട്ടാവാം.
ഒരു തീവണ്ടി യാത്രയില്‍ 'ഇതാ എം.ടി.യുടെ നിള 'എന്ന് അപ്പ കാണിച്ചുതന്ന ഭാരതപ്പുഴയെ കണ്ണുനിറച്ചുകണ്ട് സമാധാനപ്പെട്ടു. വെള്ളമണലും നീലച്ചാലുകളുമായി മനസില്‍ നിറയാന്‍ മാത്രം പരന്നു പടര്‍ന്ന് മഹാനദി. ഞങ്ങളുടെ കുസൃതിക്കാരും ഇളക്കക്കാരും എടുത്തുചാട്ടക്കാരുമായ മലനാടന്‍പുഴകളെ പോലെയല്ല!
വൈകുന്നേരം സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ ലൈബ്രറിയിലേക്ക് പോകാന്‍ അനുവാദം കിട്ടിയത് ഏഴാം ക്ലാസുതൊട്ടാണ്. കണ്ടം കോരുന്ന സമയമാണ്. ചെളി കോരിപ്പിടിപ്പിച്ച് വഴുക്കുന്ന വയല്‍ വരമ്പിലൂടെ ഒറ്റ ഓട്ടമാണ് വായനശാലയിലേക്ക്. തിരിച്ചുവരുമ്പോള്‍ പക്ഷെ പതുക്കെ പതുക്കെയാണ് നടത്തം. നെഞ്ചത്തോട് ചേര്‍ത്തുപിടിച്ച ബുക്കുകളടക്കം ചെളിയില്‍ വീഴരുതല്ലോ. ലൈബ്രേറിയന്‍ രാജേട്ടന്‍ കുട്ടിവായനക്കാരിക്കായി തിരഞ്ഞെടുത്ത് വെച്ചിരിക്കുന്ന ആദ്യപുസ്തകങ്ങളിലധികവും എം.ടി.യുടേതായിരുന്നു. 'മഞ്ഞും' 'കാല'വും 'അസുരവിത്തും' ഒക്കെ അങ്ങനെ വായിച്ചതാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം നൈനിത്താള്‍ കണ്ടപ്പോള്‍ ഇതെനിക്കെത്രയോ പരിചയമുള്ള സ്ഥലം എന്ന് ദേജാവൂ പോലെ ഉള്ളില്‍ നിന്ന് തോന്നിയത് കുഞ്ഞിലെ വായിച്ച 'മഞ്ഞും' വിമലയും നെഞ്ചില്‍ കൊരുത്തു കിടന്നത് കൊണ്ടാവാം. ഹിമാലയത്തിലെ ഹില്‍ സ്റ്റേഷനുകളിലെല്ലാം വെച്ച് നൈനിത്താള്‍ ഏറ്റവും പ്രിയപ്പെട്ടതായതും അതുകൊണ്ടാവാം.
നൈനീതടാകത്തെ മുഖം നോക്കി നില്‍ക്കുന്ന പഴയ ബ്രിട്ടീഷ് ബംഗ്ലാവ്. ആര്‍മി ഹോളിഡേ ഹോമാണ്. മുകള്‍ നിലയിലെ മുറിയുടെ മരത്തിന്റെ ബാല്‍ക്കണിയില്‍ നിലാവഴിഞ്ഞു വീണലിഞ്ഞ തടാകത്തെ രാമഞ്ഞ് പൊതിയുന്നതും നോക്കി പ്രതിമ പോലെ രാത്രി മുഴുവന്‍ നിന്നത് വിമല തന്നെയാണ് -ഞാനല്ല.
അതിരാവിലെ മുറിയിലെല്ലാവരും തണുപ്പില്‍ പുതച്ചുമൂടി ഉറങ്ങുമ്പോള്‍ ബാധയേറ്റവളെപ്പോലെ മേപ്പിള്‍ ഇലകള്‍ കൊഴിഞ്ഞ് വീണ് ചുവന്ന് കിടക്കുന്ന തടാകത്തിന്റെ ചുറ്റുവഴികളിലൂടെ ഇനിയും വരാന്‍ ഒരു സാദ്ധ്യതയുമില്ലാത്ത ഒരാളെ തിരഞ്ഞു നടന്നതും വിമലയാണ്.
'മഞ്ഞ്' നൈനീ താലിന്റെ(തടാകം) ആഴങ്ങളില്‍ മുഖം പൂഴ്ത്തിക്കിടക്കുന്നതും പിന്നെ പുലരിസൂര്യന്റെ വിരലുകളില്‍ തൂങ്ങി പതുക്കെ മുകളിലേക്കുയരുന്നതും കനംവെച്ച നെഞ്ചോടെ കണ്ണുനിറയെ കണ്ട് കല്‍പ്പടവില്‍ നിന്നത്.
വര്‍ണവഞ്ചികളുമായി കാത്തിരിക്കുന്ന തോണിക്കാരില്‍ നിന്ന് ബുന്ധുവിന്റെ മുഖഛായയുള്ളയാളെ തിരഞ്ഞ് പിടിച്ചത്... പിന്നെ വിമല കാത്തിരുന്ന കല്‍മണ്ഡപത്തിനരികെ വഞ്ചി നിറുത്തിച്ച് തടാകത്തിന് വട്ടം ചുറ്റിക്കറങ്ങുന്ന മലകളെ ഉറ്റുനോക്കി ഒത്തിരി നേരം വെറുതെ പടിഞ്ഞിരുന്നത്... പഴയ ഇംഗ്ലീഷ് പള്ളിയുടെ കരിങ്കല്‍ ചുമരില്‍ പടര്‍ന്നുകയറി നിറയെ പൂത്തുകിടക്കുന്ന വള്ളിറോസാച്ചെടി മയക്കും തേന്‍മണത്താലെന്റെ വിഷാദം തൂത്തുകളയാന്‍ ശ്രമിച്ചത്...
നൈനിത്താള്‍ നമ്മളെ വിരഹിയാക്കും. തടാകത്തിലെ മഞ്ഞുപോലെ കാത്തിരിപ്പിന്റെ മഞ്ഞുഭൂതങ്ങള്‍ ഉളളില്‍ കയറിമേയും. വിമല കാത്തിരുന്ന കല്‍മണ്ഡപം കാലില്‍ കൊരുത്തിപ്പിടിക്കും. കഥയിലെ വിമലയുടെ ആത്മാവ് ആവേശിച്ചുവോ എന്ന് പോലും ഭയക്കും. കഥയിലെ ഭൂതങ്ങളാണല്ലോ ശരിക്കുമുളളവയെക്കാള്‍ ഭീകരമായി ബാധകൂടുക! ഒരിക്കലും മരിക്കാത്തവരായതിനാല്‍ അവര്‍ ബാധയൊഴിഞ്ഞൊട്ടു പോവുകയുമില്ല!
രണ്ടാമൂഴത്തിലെ ദ്രൗപദി വന്നുകൂടിയത് കല്പയില്‍വെച്ചാണ്. കല്പയെന്ന പടിഞ്ഞാറന്‍ ഹിമാലയത്തിലെ കുഞ്ഞു മലമ്പട്ടണം. മഞ്ഞുവീണുറഞ്ഞ ദേവതാരുക്കള്‍ കാവല്‍ നില്ക്കുന്ന വഴികളിലൂടെ വണ്ടി ഇരമ്പിച്ച് മലമുകളിലെത്തുമ്പോള്‍ കിന്നോര്‍ കൈലാസം സ്വര്‍ണനിറത്തില്‍ മുന്നില്‍ തെളിഞ്ഞുകണ്ടു. വെയിലുമൂക്കുകയും മായുകയും ചെയ്യുന്നതനുസരിച്ച് അവിടെ നിറങ്ങളേഴും മാറിമറിഞ്ഞു. കാതോര്‍ത്താല്‍ അങ്ങ് കീഴെ നിന്ന് സത്ലജ് താഴേക്കൊഴുകുന്ന ഇരമ്പല്‍ കേള്‍ക്കാം.
ആകാശം മറച്ചുകൊണ്ട് പിന്നില്‍ കല്പാപര്‍വ്വതം. ഇനിയുള്ള യാത്ര 'കല്പ കന്ന'യിലേക്കാണ് -അതായത് കല്പ കൊടുമുടിയുടെ ഒത്ത നിറുകയിലേക്ക്. മഞ്ഞുമൂടി പകുതി അടഞ്ഞ വഴിയിലൂടെ തെന്നിയും തെറിച്ചും വണ്ടി വീണ്ടും മുകളിലേക്ക്. മലയുടെ ഉച്ചിയില്‍ ഒരു കുഞ്ഞിത്തടാകമുണ്ട്. വനവാസത്തിനു വന്ന പാണ്ഡവന്‍മാര്‍ താമസിച്ച ഇടമാണതെന്ന് പറഞ്ഞു തന്നത് വഴികാട്ടിയാണ്. അയാള്‍ കല്പ ഗ്രാമക്കാരനാണ്. മലയുടെ നെറുകയില്‍ ഭീമന്‍ തന്റെ ഗദ വെച്ചപ്പോള്‍ അതമര്‍ന്നവിടമൊരു തടാകമായെന്ന്. 'കല്പ-താജ ' മലയുടെ ഉച്ചിയില്‍ കണ്ണുനീര്‍ത്തുളളി പോലൊരു തടാകം. മഞ്ഞുരുകിയുണ്ടായ പനിനീര്‍ ജലം.
ഫെബ്രുവരി മാസമാണ്. തടാകം പകുതി ഉറഞ്ഞ് ഉറങ്ങുകയായിരുന്നു. തണുത്ത വായുവിന് താമരപ്പൂഗന്ധമുണ്ടോ? മൂക്കുവിടര്‍ത്തി ആഞ്ഞുശ്വസിച്ചു. താമരപ്പൂക്കളില്ലാത്ത തടാകത്തിനു ചുറ്റും അറിയാത്ത ഏതോ പൂക്കളുടെ ഗന്ധം വഹിച്ച് കല്ലിച്ച മഞ്ഞുകാറ്റ് വീശിത്തിമിര്‍ത്തു. കിന്നോറി ആപ്പിള്‍ മരങ്ങള്‍ ഇലകളില്ലാത്ത ശിഖരങ്ങള്‍ വിരിച്ചു പിടിച്ച് ശീതക്കാറ്റിനെതിരെ നഗ്‌നരായി നിന്നു.
മഞ്ഞുറഞ്ഞ തടാകത്തിന്റെ വഴിയിലൂടെ കൈയ്യില്‍ നീര്‍ക്കുടവുമായി എം.ടി.യുടെ ദ്രൗപദി മലകയറി വന്നു. തണുപ്പിലും അവള്‍ വിയര്‍ത്തിരുന്നു. താമരപ്പൂമണം പേറി കാറ്റ് വീണ്ടും ഉയര്‍ന്നു വീശി. 'കെട്ടഴിഞ്ഞ് പടര്‍ന്നുകിടക്കുന്ന മുടി ഇടംകൈകൊണ്ട് തട്ടി ചുമലിലേക്കിട്ട് 'അവള്‍ ഇളകാത്ത സ്ഫടികജലത്തിലേക്ക് കുനിഞ്ഞ് കണ്ണാടി നോക്കി.
ഭീമന്‍ കരുത്തുള്ള കൈകളില്‍ അവളെ കോരിയെടുത്തു. അവന്റെ കൈയ്യില്‍ നിറയെ നീല സൗഗന്ധികപ്പൂവുകള്‍. ആശിച്ച പൂനേടാന്‍ കാടും മേടും അലഞ്ഞതിന്റെ തളര്‍ച്ച ഭീമനെ കൂടുതല്‍ സുന്ദരനാക്കി. 'നിനക്കു വേണ്ടി ഞാനേതറ്റം വരെയും പോകും.'
അവളോടുളള സ്‌നേഹത്താല്‍ അവന്റെ ശബ്ദം ഒരു കൗമാരക്കാരന്റേതുപോലെ തരളിതമായി. ദ്രൗപദിയുടെ അഴിഞ്ഞുലഞ്ഞ മുടിയൊതുക്കി ഭീമന്‍ അഴകോടെ നിരയായി അതില്‍ സൗഗന്ധികപ്പൂക്കള്‍ ചൂടിച്ചു.
'ഇന്ദുകാന്തങ്ങളലിയുന്ന ആര്‍ദ്രതയോടെ' അവനെ ദ്രൗപദി മിഴിയുയര്‍ത്തി നോക്കി. പിന്നെ കണ്ണുകള്‍ പൂട്ടി.
നന്ദിയുടേയോ സ്‌നേഹത്തിന്റെയോ ഒരു തുള്ളി കണ്ണീര്‍ അവളുടെ കണ്ണില്‍ നിന്നുരുണ്ടു ചാടി. അതോ കുറ്റബോധത്തിന്റെയോ!
'നിന്റേത് പക്ഷെ എന്നും രണ്ടാമൂഴം'. പകുതി ഉറഞ്ഞ തടാകത്തിലേക്ക് കടലുപ്പുപോലെ ആ കണ്ണുനീര്‍ത്തുള്ളി അടര്‍ന്നുവീണു.
Content Highlights: M.T@90, M.T. Vasudevan nair, Birth anniversary, Lt. Colonel Dr. Sonia Cherian