എഴുത്തുകാരനെന്ന് പറയാനുള്ള ധൈര്യം എനിക്കിപ്പോഴുമില്ല; എഴുത്തിന്റെ കൊടുമുടി കീഴടക്കിയവന്റെ വാക്കുകള്‍

#ഫ്രാന്‍സിസ് നൊറോണ | noronhas07@gmail.com
ഫ്രാന്‍സിസ് നൊറോണ, എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: മാതൃഭൂമി
ഫ്രാന്‍സിസ് നൊറോണ, എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: മാതൃഭൂമി

പാരലല്‍ കോളേജില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ് 'കാലം' വായിക്കാന്‍ തന്നത്. അവളുടെ അച്ഛന് ലൈബ്രററിയോളം വലിപ്പത്തിലൊരു പുസ്തകശേഖരമുണ്ടായിരുന്നു. പറയാനുള്ളതെല്ലാം ഒളിപ്പിച്ചുവെച്ചൊരു ആമാടപ്പെട്ടിയായി അച്ഛനറിയാതെ അവള്‍ എനിക്കത് വെച്ചു നീട്ടി. വേഗം വായിച്ചുതിരികെ തരണമെന്ന് പറയുമ്പോഴുള്ള  വിടര്‍ന്ന കണ്ണുകള്‍! ഒരു ചെറുപുഞ്ചിരി. കുടമുല്ല പൂത്ത മണമുള്ള പുസ്തകത്താളുകളോടൊപ്പം എന്റെ കൗമാരവും പുഷ്പ്പിച്ചുലഞ്ഞു. മൂന്നോനാലോ ആവര്‍ത്തി വായനകള്‍ക്കു ശേഷമേ 'കാലം' തിരികെ കൊടുക്കാനായുള്ളൂ. പ്രണയമുരച്ച് നാവില്‍ പുരട്ടിയ നോവലിന്റെ തീക്ഷ്ണത എന്റെ യൗവ്വനാരംഭത്തെ എത്രത്തോളം ആഴത്തില്‍ പിടിച്ചുലച്ചു കളഞ്ഞു എന്നത് ഏത് വാക്കിലാണ് ഞാന്‍ പകര്‍ത്തുക.

സാഹിത്യോത്സവങ്ങള്‍ക്ക് നിറമേറുന്ന കോഴിക്കോടന്‍ തീരത്ത് വെച്ചാണ് എം.ടി.യെ ആദ്യമായി കാണുന്നത്. വൃദ്ധ കഥാപാത്രങ്ങളെ തന്മയീഭാവത്തോടെ അവതരിപ്പിക്കാറുള്ള നെടുമുടിയെപ്പോലെ സാഹിത്യത്തിന്റെ നിത്യയൗവ്വനമൊരു വയോധികന്റെ വേഷമണിഞ്ഞ് വരുന്നത് കണ്ട് ഞാന്‍ കണ്ണിമയ്ക്കാതെ നിന്നു. കാലവും മഞ്ഞും രണ്ടാമൂഴവുമൊക്കെ എഴുതിയ വിരല്‍തുമ്പിലൊന്നു തൊടാനും അടുത്തേക്ക് ചെന്നൊരു വാക്ക് പറയുവാനും എനിക്ക് ധൈര്യമില്ലാതെ പോയി. മലയാളിയുടെ സാമൂഹ്യ സാംസ്‌കാരികതയെ പരിപൂര്‍ണ്ണമായി അടയാളപ്പെടുത്തിയ എഴുത്തിന്റേയും വായനയുടേയും കുലപതി പതുക്കെ നടന്ന് കാറിലേക്ക് കയറുന്നതും നോക്കി ആദരവോടെ അകലെ നിന്നു. 

വായിക്കാന്‍ തുടങ്ങിയ കാലം മുതലേ ആ രണ്ടു ചുരുക്കെഴുത്തുകള്‍ (എം.ടി.) എന്റെ മനസ്സില്‍ തിങ്ങി നിറഞ്ഞുണ്ടായിരുന്നു. ഒരുവനെ അവന്റെ കൗമാരകാലത്തും യൗവ്വനത്തിലും തളച്ചിടാന്‍ മാന്ത്രികശേഷിയുള്ള അത്ഭുതതൂലികയാണ് അദ്ദേഹത്തിന്റേത്. നിറയൗവ്വനത്തിന്റെ മധുമാസം നല്‍കിയ സൂര്യതേജസ്സിന് നവതിയാണെന്ന് അറിയുമ്പോള്‍ കാലത്തിന്റെ കണക്കിനോട് കലഹിച്ചുനില്‍ക്കാനാണ് തോന്നുന്നത്. ഇനിയുമൊരു എഴുത്തിന്റെ വസന്തം ആ തീക്ഷ്ണ വിരല്‍ത്തുമ്പില്‍ നിന്നും മലയാളിയെ തേടി വരുമെന്നൊരു പ്രത്യാശ. 

എം.ടിയെ ആദ്യം വായിക്കുന്നത് കാലത്തിലൂടെയാണ്. അങ്ങനെ എഴുതുമ്പോള്‍ അറിയാതെ ഈ വാചകത്തിന് രണ്ടര്‍ത്ഥങ്ങള്‍ വരുന്നുണ്ട്. കാലം എന്ന അദ്ദേഹത്തിന്റെ പുസ്തകവും, കാലമെന്ന മഹാപ്രവാഹവും.

നോവലിലെ ചില ഭാഗങ്ങള്‍ കാണാതെ പഠിച്ച് പറയുമായിരുന്നു. സുമിത്രയെന്ന കാമുകിയെ കാലത്തില്‍ നിന്ന് അപഹരിച്ചെടുത്ത് ഞാനെന്റെ അശോകവനിയില്‍ പാര്‍പ്പിച്ചു. അവളോട് നിരന്തരം സല്ലപിച്ചു. സേതുപോലും സന്ദേഹിച്ച കുപ്പിവളകളിട്ട കൈത്തണ്ടയില്‍ തൊട്ടും, വാറസോപ്പിട്ട് കഴുകിയ മുണ്ടിന്റേയും ബ്ലൗസിന്റേയും മണമെന്റെ നെഞ്ചോടു ചേര്‍ത്തണച്ചും മതിമറന്നുറങ്ങിയ രാത്രികള്‍.

എല്ലാറ്റിനുമൊടുക്കം ഓരോ ബന്ധങ്ങളും അവസാനിക്കുന്നിടത്ത് ഞാന്‍ സേതുവായി മാറുകയും, സേതുവിന് സേതുവിനെ മാത്രമായിരുന്നു ഇഷ്ടമെന്ന ആ വിധിവാചകത്തിന്റെ ആഴവും പരപ്പും തിരിച്ചറിയുകയും നിമിഷത്തിലാണ് ഈ പ്രിയപ്പെട്ട എഴുത്തുകാരന്റെ വാക്കും രൂപവും ഉള്ളിനെ മദിച്ചെന്റെ മനസ്സില്‍ ചിരപ്രതിഷ്ഠയായത്.

ആനന്ദപ്രദായനി വായനശാലയില്‍ അന്നുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഒട്ടുമിക്ക പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. വായനയുടെ ആഴങ്ങളില്‍ മുങ്ങി ഭൂതാവേശിതനായി ആ വഴി വിട്ടുപോരാന്‍ മടിച്ചു നിന്നിട്ടുണ്ട്. വള്ളുവനാടന്‍ ഭാഷയും, ശൈലിയും ഒരു കടല്‍പോലെ എന്റെ എഴുത്തു പരീക്ഷണ കാലഘട്ടത്തിന്റെ തീരങ്ങളെ കവര്‍ന്ന നാളുകളായിരുന്നു അത്. എഴുതുന്നതിലെല്ലാം ഓപ്പോളും നാലുകെട്ടുമൊക്കെ അനുവാദമില്ലാതെ കടന്നുവരുന്നതുപോലും തിരിച്ചറിയാന്‍ കഴിയാതെ കഴുത്തോളം മുക്കിയ അദ്ദേഹത്തിന്റെ എഴുത്തിന്റെ ചുഴി...

അദ്ദേഹത്തെ വായിച്ച് എഴുത്തിലേക്ക് വരുന്ന ഏതൊരാള്‍ക്കും രൂപപ്പെട്ടുപോയേക്കാവുന്ന ഭാഷാനുകരണത്തിന്റെ കാണാച്ചരടുകള്‍. പിന്നീട് അതില്‍ നിന്നും കുതറിമാറാന്‍ പണിപ്പെട്ടുപോയ കാലങ്ങള്‍. ഉള്ളറിഞ്ഞു സ്‌നേഹിച്ചൊരു പെണ്ണിനെ ഉപേക്ഷിക്കുന്നിടത്തോളം തീവ്രതയുണ്ടായിരുന്നു അദ്ദേഹം സൃഷ്ടിച്ചെടുത്ത നിളയുടെ ഒഴുക്കിനെതിരെ നീന്തി വാക്കുകളുടെ സ്വതന്ത്രപൊഴികളിലും തീരങ്ങളിലും എത്തിച്ചേരാന്‍.

എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ സമൂഹത്തോട് അദ്ദേഹം കലഹിച്ചിരുന്നത് തന്റെ എഴുത്തുകളിലൂടെ മാത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്. പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ നിശ്ശബ്ദതകള്‍. മിതത്വം പാലിച്ച ഇടപെടലുകള്‍. സൂക്ഷ്മ മൗനങ്ങള്‍. അതൊക്കെ അങ്ങനെ തന്നെയാണോ വേണ്ടിയിരുന്നത്. കുറേക്കൂടി രാഷ്ട്രീയമായി  ഈ സമൂഹത്തോട് കലഹിക്കാമായിരുന്നില്ലേ എന്നൊക്കെ ചിലപ്പോഴൊക്കെ തോന്നും. അപ്പോഴേക്കും ചാട്ടുളിപോലെ മലയാളിയുടെ മതരാഷ്ട്രീയ പാപ്പരത്തങ്ങളുടെ മുഖത്തേക്ക് തുപ്പി അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പള്ളിവാളും കാല്‍ച്ചിലമ്പുമണിഞ്ഞെത്തും.

മാതൃഭൂമി ഓണപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞൊരു വാചകമുണ്ട്. ''എഴുത്തുകാരന്‍ എന്നു പറയാനുള്ള ധൈര്യം എനിക്ക് ഇപ്പോഴുമില്ല.'' എഴുത്തിന്റെ കൊടുമുടി കീഴടക്കിയവന്റെ വാക്കുകളാണിതെന്ന് ഓര്‍ക്കുക. ഗ്രാമീണ മനുഷ്യരുടെ ജീവിതങ്ങള്‍ ഏറ്റവും ലളിതമായ ആഖ്യാനങ്ങളിലൂടെ പകര്‍ന്ന് മലയാളം എന്ന ദേശത്തെ ലോകസാഹിത്യത്തിന്റെ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വാക്കിന്റെ ഉടയോന് നവതിയാശംസകള്‍ നേരുന്നു...

Content Highlights: M.T@90, M.T. Vasudevan Nair birth anniversary, Memories by Francis Noronha