'എം.ടി. സാറിന്റെ തിരക്കഥകള്‍ സമ്മാനിച്ചത് കരിയറിലെ വലിയ പഠനാനുഭവങ്ങളായിരുന്നു'

#വിനീത്
വിനീത്, എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: മാതൃഭൂമി
വിനീത്, എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: മാതൃഭൂമി

സിനിമയിലായാലും സാഹിത്യലോകത്തായാലും ആചാര്യനാണ് എം.ടി. സരസ്വതി ടീച്ചറുടെ ശിഷ്യനായി നൃത്തം അഭ്യസിക്കുന്ന കാലത്താണ് ഞാന്‍ സാറിനെ അടുത്തുകാണുന്നത്. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് എന്റെ സിനിമാപ്രവേശവും സംഭവിക്കുന്നത്. രണ്ട് ഗുരുക്കന്മാരുടെയും അനുഗ്രഹത്തോടെയാണ് ഞാന്‍ അഭിനയജീവിതം ആരംഭിക്കുന്നത്. അതൊരു വലിയ യാത്രയായി മാറി. എം.ടി. സാറിന്റെ എട്ടുസിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. വളരെ ചെറിയ പ്രായത്തിലാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാകാന്‍ കഴിഞ്ഞത് എന്നതിലും അഭിമാനമുണ്ട്. 

എം.ടി. സാറിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കണമെങ്കില്‍ നല്ല ഗൃഹപാഠം തന്നെ ചെയ്യണമായിരുന്നു. ഹരിഹരന്‍ സാറിനെപ്പോലുള്ള മഹാരഥന്മാരായ സംവിധായകരുടെ മാര്‍ഗനിര്‍ദേശമുള്ളതുകൊണ്ട് നേരായ രീതിയില്‍ ചെയ്യാന്‍ പറ്റി. അതൊരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. വലിയ ആചാര്യന്മാരുടെ കൈകകളിലൂടെ വളരാന്‍ കഴിഞ്ഞു. എം.ടി. സാറിന്റെ തിരക്കഥകള്‍ എന്റെ കരിയറിലെ വലിയ പഠനാനുഭവങ്ങളായിരുന്നു സമ്മാനിച്ചത്. ഓരോ കഥാപാത്രത്തിന്റേയും ആഴവും പരപ്പും ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിക്കണം. അഭിനയമായാലും സംഭാഷണമായാലും മോഡുലേഷനായാലും ഒരു യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കുന്ന അനുഭവം ഓരോ സിനിമയും സമ്മാനിച്ചു. 

ഇടനിലങ്ങള്‍, നഖക്ഷതങ്ങള്‍, അമൃതം ഗമയ, പരിണയം, ആരണ്യകം, ഋതുഭേദം, ഏഴാമത്തെ വരവ്, കഡുഗണ്ണാവയിലേക്കൊരു യാത്ര എന്നീ എട്ട് ചിത്രങ്ങളും എനിക്ക് നല്‍കിയത് വ്യത്യസ്തവും ശ്രദ്ധേയവുമായ വേഷങ്ങളായിരുന്നു. അതിലെടുത്തുപറയേണ്ടത് നഖക്ഷതങ്ങള്‍, അമൃതം ഗമയ, പരിണയം, ഋതുഭേദം തുടങ്ങിയവയാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് പാഠങ്ങള്‍ തന്ന സിനിമകളാണ് ഇവയെല്ലാം.

മലയാള സിനിമയില്‍ത്തന്നെ ഒരു വിപ്ലവകാരിയാണ് എം.ടി. സാര്‍. തന്റെ കഥകളിലൂടെ വേറൊരു തലത്തിലുള്ള സിനിമാസ്വാദനം വന്നു. ആസ്വാദനത്തിന് വ്യത്യസ്തമായ വൈകാരിക തലമുണ്ടായി. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ വന്നു. അത് പ്രേക്ഷകര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ സംഭാഷണശൈലി ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. ഒരു വാക്കുപോലും അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ പറ്റില്ല. ഇംപ്രോവൈസേഷന്‍ എന്ന സംഗതി ഏതൊരു വലിയ അഭിനേതാവായാലും അദ്ദേഹത്തിന്റെ തിരക്കഥയില്‍ ചെയ്യാനില്ല. 

കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അത്രയും ഡെപ്ത്ത് അദ്ദേഹം തന്റെ അക്ഷരങ്ങളിലൂടെ സാധ്യമാക്കിയിട്ടുണ്ടാവും. സംഭാഷണങ്ങളിലെ കാവ്യഭംഗി എടുത്തുപറയേണ്ടതുതന്നെയാണ്. അതെല്ലാം അനുഭവിക്കാന്‍ കഴിഞ്ഞു എന്നതും വലിയൊരു ഭാഗ്യമാണ്. അദ്ദേഹത്തിന്റെ കൃതികള്‍ ഇന്നും എല്ലാ തലമുറയേയും ആകര്‍ഷിക്കുന്നവയാണ്. പുതിയ തലമുറയ്ക്കായി ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ ഭാവനയില്‍ നിന്നും ഉണ്ടാവട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. നവതിയാഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന പൂര്‍ണ ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു.

Content Highlights: M.T.@90, M.T. Vasudevan Nair, Actor Vineeth writes about M.T. Vasudevan Nair