'അൽപ്പം വെട്ടിയും കൂട്ടിയും വെച്ചാൽ എല്ലാ ഉമ്മമാരുടെയും ചിത്രം ഒന്നാണ്'; കെ.എം. ഷാജി എഴുതുന്നു

ഉമ്മ, ഉള്ളു നിറയുന്ന ഒരു തണുപ്പാണ്. ബാല്യത്തിന്റെ ഓരോ പടവ് കയറുമ്പോഴും ഒരു വിരലകലത്തിൽ കൂടെയുണ്ടെന്ന് ആശ്വസിക്കാവുന്ന ഒരു സാന്നിധ്യം കൂടിയാണത്. എത്ര വലുതായാലും നമ്മെ വിട്ടുപോകാത്ത തണൽ. ഞാൻ വളർന്നു, വലുതായി എന്നൊക്കെ കാലവും ലോകവും ഓർമ്മിപ്പിച്ചാലും ഉമ്മ അതൊന്നും വിശ്വസിക്കാത്തത് പോലെയാണ് പെരുമാറുന്നത്. മദ്രസ വിട്ട് തിരിച്ചു വരുന്ന ഒരു കുട്ടിയെ കാത്തിരിക്കുന്ന ആ പഴയ ഭാവമാണ് ഇപ്പോഴും ഉമ്മാക്ക്. ആ മുഖത്ത് നോക്കുമ്പോൾ നമ്മളും കുട്ടിയാവും. കുട്ടിയാവുന്നതിന്റെ സൗന്ദര്യവും സൗകര്യവും തിരിച്ചു കിട്ടുന്നതിനേക്കാൾ വലിയ ഭാഗ്യം വേറെ ഇല്ലല്ലോ.
ഓർമയിൽ ഏറ്റവും പഴക്കമുള്ള ഉമ്മയുടെ ചിത്രം അടുപ്പിനരികിൽ ഇരുന്ന് തീ ഊതുന്നതാണ്. വയനാട്ടിലെ തണുപ്പിൽ കത്താൻ മടിച്ച വിറകു കൊള്ളികൾ മടുപ്പില്ലാതെ ഊതിക്കത്തിക്കുന്ന ആ മുഖം, തീ ആളുമ്പോൾ ഒന്ന് തിളങ്ങും. കത്താത്ത അടുപ്പല്ലാതെ അന്നത്തെ ഉമ്മമാർക്ക് മറ്റൊരു പാചക യന്ത്രം പകരം ഇല്ലായിരുന്നല്ലോ. അപൂർവം ചില വീടുകളിൽ മണ്ണെണ്ണ ഉപയോഗിച്ചുള്ള സ്റ്റൗ ഉണ്ടായിരുന്നു. കൂടുതൽ അംഗങ്ങൾ ഉള്ള വീടുകളിൽ വിറക് അടുപ്പ് തന്നെയാണ് ശരണം.
പകലും രാത്രിയും ആളുകുറവില്ലാത്ത ഒരു തറവാട് വീടിന്റെ കൈകാര്യ കർത്താവ് എന്ന നിലക്ക് ഉമ്മാക്ക് വിശ്രമമില്ലാത്ത ഒരു കാലമായിരുന്നു അത്. പകൽ, തോട്ടത്തിലെ പണിക്കാർ കാപ്പി ഉണക്കുക, കുത്തുക തുടങ്ങിയ കൃഷി സംബന്ധമായ പണികൾക്കായി വരുന്നവരാണ് അകത്തും പുറത്തും. രാത്രിയായാൽ ഉപ്പയുടെ നാട്ടുമധ്യസ്ഥ ചർച്ചകളും സൗഹൃദങ്ങളും ഉമ്മറത്തുണ്ടാവും. രണ്ടായാലും ഉമ്മാക്ക് ഒതുങ്ങിയിരിക്കാനാവില്ല. ചിലപ്പോൾ പാതിര വരെ ചായ കാച്ചും. പൂമുഖത്ത് നടക്കുന്ന ചർച്ചകളിൽ ചായ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയാണ് ഉമ്മ എന്നെ ആദ്യത്തെ പൊതുപ്രവർത്തനത്തിന് ഇറക്കിയത്. കോലായിൽ നിന്ന് കേൾക്കുന്ന ചായക്കുള്ള ഓർഡർ ഒരനിഷ്ടവും കാണിക്കാതെ ഏറ്റെടുത്ത് തീ ഊതിയൂതി ചായ തിളപ്പിച്ച് എല്ലാവരെയും സൽക്കരിച്ച്, ഉമ്മ എന്നിലൊരു നല്ല ആതിഥേയനെ കൂടി ഒരുക്കിയെടുത്തു.
ഒരിക്കൽ എവിടെയോ പോയി മടങ്ങുന്ന വഴിയിൽ വല്യുപ്പ (ഉമ്മയുടെ പിതാവ്) വീട്ടിൽ വന്നു. കോലായിൽ നിറഞ്ഞ സദസ്സാണ്. ഉമ്മ പതിവ് പോലെ അടുപ്പിനരികിലും. നേരം പാതിരാവ് കഴിഞ്ഞിട്ടുണ്ട്. ഏതൊരു ബാപ്പാക്കും ഉണ്ടാവുന്ന സങ്കടം വല്യുപ്പാക്കും ഉണ്ടായി. 'പാതിരാക്കും ഉറക്കമില്ലാതെ പണിയെടുക്കാനല്ല കെട്ടിച്ചു വിട്ടത് എന്നൊക്കെ പറഞ്ഞ് ബഹളമായി. അദ്ദേഹം ഇറങ്ങി പോയ ശേഷം ഉപ്പാക്കും വിഷമമായി. അപ്പോഴും ഉമ്മ മനോഹരമായി ചിരിച്ചു. അതൊന്നും സാരമില്ല എന്ന മട്ടിൽ.
ഉമ്മയുടെ ചിരിയും നിറഞ്ഞ സ്നേഹവുമാണ് ചെറുപ്പത്തിലെ ചെറിയ കള്ളത്തരങ്ങളിൽ നിന്ന് പോലും വിലക്കിയത്. കൂട്ടുകാർക്കിടയിൽ ഒരു കടലാസ് ചുരുട്ടി വലിച്ച് പുക വിടാനുള്ള കൊതി പോലും ഉമ്മ അദൃശ്യമായി വന്ന് തടഞ്ഞു. സംഘടനാ രംഗത്ത് പ്രസംഗം ആരംഭിച്ച കുട്ടിക്കാലം മുതൽ ഉമ്മ പിന്നാലെ പോന്നു. പോയി വരാമെന്ന് പറഞ്ഞുള്ള യാത്ര പറച്ചിലിൽ അവസാനത്തെ ഭാഗം മാത്രം ഉള്ളിലെടുത്തുവെച്ച് ഉമ്മ കാത്തിരുന്നു. വയനാട്ടിൽ നിന്ന് ഇറങ്ങിയാൽ കയറാൻ ഏറെ വൈകും. പൊതുയോഗങ്ങളിൽ പലപ്പോഴും അവസാനത്തെ അവസരം ആണ് കിട്ടുക. പ്രസംഗം കഴിഞ്ഞു സ്റ്റാന്റിൽ എത്തുമ്പോൾ അവസാനത്തെ ബസ്സ് ചുരം കയറിയിട്ടുണ്ടാവും.
പിന്നെ പുലരും വരെയൊക്കെ കാത്തിരിക്കേണ്ടി വരും. ചെറുപ്പമായതിനാൽ അതിലും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. ഉമ്മ ഉറങ്ങിയിട്ടുണ്ടാവില്ലല്ലോ എന്ന സങ്കടമാണ് സഹിക്കാൻ പറ്റാത്തത്. രാത്രി ഏറെ വൈകിയെത്തുമ്പോൾ ആരെയും ഉണർത്താതെ അകത്ത് കയറാൻ ഒരു കിളിവാതിൽ ഉണ്ടായിരുന്നു. ഉമ്മാക്കും എനിക്കും മാത്രം അറിയാവുന്നത് എന്ന് ഞങ്ങൾ കരുതിയിരുന്നത്. പുറത്ത് നിന്നും തുറക്കാവുന്ന ആ വാതിലിലൂടെ നുഴഞ്ഞു കയറുമ്പോൾ പിന്നിൽ ഒരു നിഴൽ ഉണ്ടാവും. ഉറങ്ങാത്ത ഉമ്മയാണ്. കോഴിക്കോട്ടെ വീട്ടിൽ ഉമ്മയില്ലെങ്കിലും രാത്രി ചെന്ന് കയറിയാൽ ഇപ്പോഴും ഒന്ന് തിരിഞ്ഞു നോക്കും ഉമ്മ പിറകിൽ ഉണ്ടോയെന്ന തോന്നൽ വിട്ട് പോയിട്ടില്ല.
ഇതിനിടയിൽ ഉമ്മയെ പിരിഞ്ഞ ഒരു കാലം ഓർക്കാതെ വയ്യ. പത്താം ക്ലാസ് കഴിഞ്ഞു. ഇനി പുറത്ത് പോയി പഠിക്കാമെന്ന് ഉപ്പ തീരുമാനം എടുത്തു. പുറത്ത് എന്നാൽ വിദേശത്തല്ല, കോഴിക്കോട് ആണ്. ഹോസ്റ്റലിൽ നിന്ന് പഠിക്കണം. ആ തീരുമാനം ഉമ്മാക്ക് സമ്മതമല്ലായിരുന്നു. ഉപ്പയോട് ഉമ്മ വിയോജിച്ച അല്പം ചില കാര്യങ്ങളിൽ ഒന്ന് അതാണ്. അവൻ കുട്ടിയല്ലേ ഇവിടെ നിന്ന് പഠിക്കട്ടെയെന്ന് ഉമ്മ വാശി പിടിച്ചു. ഉപ്പാക്ക് അനുവദിച്ചില്ല. എനിക്ക് സന്തോഷവും സങ്കടവും ഒന്നിച്ചുണ്ടായ സന്ദർഭമായിരുന്നു അത്. ഹോസ്റ്റലിൽ പഠിക്കാൻ ആ കാലത്ത് ഞങ്ങളുടെ നാട്ടിൽ നിന്ന് പോകുന്ന കുട്ടികളിൽ ഒരാളാവുക. കോഴിക്കോട് നഗരത്തിനടുത്താവുക അങ്ങനെ കുറേ സന്തോഷങ്ങൾ. ഉമ്മയെയും സുഹൃത്തുക്കളെയും തൽക്കാലത്തെക്കെങ്കിലും പിരിഞ്ഞിരിക്കേണ്ടി വരുന്ന സങ്കടവും. സുഹൃത്തുക്കൾ ഹോസ്റ്റലിലും ഉണ്ടാവും. ഉമ്മയോ....
പിന്നെ രണ്ട് മൂന്ന് വർഷത്തേക്ക് ഞങ്ങൾ ആഴ്ചകളും മാസങ്ങളും കാണാതെ ജീവിച്ചു. തിരിച്ചു ചെല്ലുമ്പോൾ ഉമ്മ ശരീരം ആകെ തൊട്ട് നോക്കി. ഒന്നും പറയാതെ മെല്ലെ കരഞ്ഞു. ഉപ്പ പിരിഞ്ഞു പോയപ്പോഴും ഉമ്മ അതേപോലെയാണ് കരഞ്ഞത്. ഇരുപത് തികയാത്ത എന്നെ തൊട്ട് വലുതായോ എന്ന ആശങ്കയിലും ആഗ്രഹത്തിലും കണ്ണുനീര് ഒലിച്ചിറങ്ങി. ഉമ്മ അങ്ങനെ ഏറെയൊന്നും സംസാരിക്കാത്ത പ്രകൃതമാണ്. പറയേണ്ടത് മാത്രം ചെറിയവാക്കിലൊതുക്കും. സന്തോഷം വന്നാൽ നല്ലൊരു ചിരി സങ്കടം വന്നാൽ ഒന്ന് രണ്ടിറ്റ് കണ്ണുനീര്. അത്രമാത്രം.
Also Read: കൊള്ളിക്കെട്ടിലെ 'കള്ളമുതലും' മാതൃത്വത്തിന്റെ മാധുര്യവും
ആദ്യത്തെ തെരഞ്ഞെടുപ്പ് മത്സരത്തിനൊരുങ്ങിയ സമയത്താണ് ഉമ്മയുടെ അധിക വർത്തമാനം കേട്ടത്. മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. നമുക്ക് നിസ്സാരമായി തോന്നാവുന്നതും ഉമ്മാക്ക് ഗൗരവമുള്ളതുമായ കാരണമായിരുന്നു പിന്നിൽ. അയൽക്കാരോ ബന്ധുക്കളോ ഒക്കെയാവും എതിർപക്ഷത്ത് ഉണ്ടാവുക . അവർ നമ്മളോട് പിണങ്ങേണ്ട സാഹചര്യം വരില്ലേ എന്നതായിരുന്നു ഉമ്മയുടെ ആശങ്ക. ആരെയും പിണക്കില്ലെന്നും സൂക്ഷിച്ച് സംസാരിക്കുമെന്നും ഉറപ്പും പറഞ്ഞ് ഉമ്മയിൽ നിന്ന് സമ്മതം വാങ്ങി മത്സരിച്ച് ജയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിൽ നിന്നും പ്രസിഡന്റ് ഇൻ-ചാർജ് ആയപ്പോൾ ചെറുപ്പത്തിന്റെ ആവേശത്തിൽ അതൊക്കെ മറന്നു. പ്രതിപക്ഷം സ്വാഭാവികമായി ഉയർത്തുന്ന രാഷ്ട്രീയ ആരോപണങ്ങൾ പോലും ഉമ്മയെ വിഷമിപ്പിച്ചു.
അന്നാണ് ഉമ്മ അല്പം ഗൗരവത്തിൽ എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇടപെടുന്നത്. ഉപ്പ കൈപിടിച്ച് കൊണ്ട് നടന്ന് പഠിപ്പിച്ച രാഷ്ട്രീയ ചിന്തയാണ് പൊതുരംഗത്ത് ഇറങ്ങുമ്പോൾ ഉണ്ടായ പരിചയവും കൈമുതലും. അങ്ങനെ ഒരിക്കൽ ഉമ്മയോടൊപ്പം ഇരിക്കുമ്പോൾ ഉപ്പ പറഞ്ഞ ആ വാചകം ഉമ്മ ഓർമ്മിപ്പിച്ചു.
'നമ്മൾ ജീവിക്കുന്നതിനിടയിൽ പൊതുപ്രവർത്തനം നടത്തണം. പൊതുപ്രവർത്തനം കൊണ്ട് ജീവിക്കാൻ നോക്കരുത്' എന്നായിരുന്നു ആ ഉപദേശം.
അത്രക്ക് കൃത്യമല്ലെങ്കിലും ആ വാക്ക് ആവർത്തിച്ചു കൊണ്ട് ഉമ്മ പറഞ്ഞു, ' ഉപ്പാന്റെ വാക്ക് തെറ്റിച്ചാൽ എനിക്ക് പൊരുത്തം ഉണ്ടാവൂല.'
'പൊരുത്തം ഉണ്ടാവില്ല' എന്ന വാക്ക് അത്രക്ക് ഉള്ള് പൊള്ളിച്ചു. എതിരാളികൾക്ക് അഴിമതി ആരോപണം രാഷ്ട്രീയ ആയുധമാണ്. നമുക്കത് അകത്തേക്ക് കയറുന്ന ഒരു വലിയ മുറിവ് ആണ്. പ്രത്യേകിച്ച് ഇത്ര നിഷ്കളങ്കരായ മാതാപിതാക്കൾ ഉള്ളവർക്ക്. രണ്ട് ചിന്തകളാണ് അന്ന് ആ വാക്കിലൂടെ ഉള്ളിൽ കയറിയത്. ഒന്ന്, ഈ രാഷ്ട്രീയം ജീവിക്കാൻ ഉള്ളതല്ല.അതായത് ജീവിക്കാൻ രാഷ്ട്രീയം മാത്രം മതിയാകില്ല.രണ്ട്, രാഷ്ട്രീയത്തിൽ നമ്മൾ എത്ര സത്യസന്ധത കാണിച്ചിട്ടും കാര്യമില്ല. എതിരാളി കൂടി സത്യം പറയണം.
അൻപത് കഴിഞ്ഞ സമയത്താണ് ഉപ്പയുടെ ആയുസ്സ് തീരുന്നത്. ഉമ്മ എത്ര ചെറുപ്പം ആണെന്നത് എന്റെ വയസ്സ് വെച്ചാണ് അളന്നത്. ഉപ്പയുടെ മരണശേഷം ജീവിക്കാനുള്ള പെടാപ്പാടിൽ ആയിരുന്നു കുറച്ചു കാലം. ഉപ്പ ഏല്പിച്ചു പോയ വീട്ടുത്തരവാദിത്തങ്ങളുടെ പട്ടിക, അതൊരു വലിയ 'ടാസ്കാ'യിരുന്നു. ജീവിതം പഠിപ്പിക്കാൻ ബോധപൂർവം വിട്ട് പോയതാണെന്ന് തോന്നിയ കാര്യങ്ങൾ. ഉപ്പ വിട്ടിട്ട് പോയ കൃഷിയിലാണ് തുടങ്ങിയത്. പിന്നെ ജ്വല്ലറി ബിസിനസ്സ്. പതുക്കെ കുടുംബത്തിന് വേണ്ടിയുള്ള വഴിയിലേക്ക് മാറി നടന്നു. രാഷ്ട്രീയ ജിവതത്തിൽ നിന്ന് അറിഞ്ഞോ അറിയാതെയോ ഒരു മാറി നിൽക്കൽ.
പക്ഷെ അപ്പോഴും, വീടിന്റെ ഉമ്മറത്ത് സ്നേഹിതരും പാർട്ടിക്കാരും വന്നുകൊണ്ടേയിരുന്നു. പ്രസംഗത്തിന് ക്ഷണിക്കലാണ് പ്രധാന ഉദ്ദേശം. എനിക്കും പ്രസംഗം അത്രക്ക് ഇഷ്ടമാണ്. പക്ഷേ, തുടങ്ങി വെച്ച പലതും നമ്മളുടെ സാന്നിധ്യത്തിലെ നടക്കൂ എന്ന ചിന്തയിൽ സ്നേഹപൂർവ്വം ക്ഷണങ്ങൾ നിരസിച്ചു. അപ്പോഴും ഞാനെന്റെ ഇഷ്ടങ്ങൾ മറക്കുന്നത് ഉമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഉമ്മ പറഞ്ഞു, നിന്നെ ക്ഷണിക്കാൻ വരുന്ന ആളുകളെ മടക്കി അയക്കരുത്. പടച്ചവൻ തന്ന ഒരു അനുഗ്രഹമാണത്. കാരണമില്ലാതെ ആ അവസരം ഉപേക്ഷിച്ചാൽ പടച്ചവൻ പൊറുക്കില്ല. എത്രയോ ദൂരത്തുനിന്നും നിന്നെ മാത്രം പ്രതീക്ഷിച്ച് വരുന്നവരെ മടക്കി അയക്കുന്നതും അല്ലാഹു പൊറുക്കില്ല.
പല പേടികളും ആശങ്കയും ഉണ്ടായിരുന്നെങ്കിലും ഉമ്മാക്ക് എന്റെ പ്രസംഗവും പൊതുപ്രവർത്തനവും ഇഷ്ടമായിരുന്നു എന്ന് മനസ്സിലായ നിമിഷം. ഉമ്മയുടെ ആ വാക്കുകൾ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്രേരണയായി. നിയമസഭയിലേക്ക് ആദ്യം മത്സരിച്ചത് ഇരവിപുരത്താണ്. തോറ്റത് ഉമ്മയറിഞ്ഞപ്പോൾ ഒരു ചിരി മാത്രം. രണ്ടാമൂഴം അഴീക്കോട് ആയിരുന്നു. ജയിച്ചപ്പോഴും ഉമ്മയുടെ മുഖത്ത് അതേ ചിരി.
രാഷ്ട്രീയത്തിൽ നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങൾ ഒന്നും ഉമ്മയെ സ്വാധീനിച്ചില്ല. രണ്ട് തവണ നിയമസഭാ സാമാജികൻ ആയപ്പോഴും നിരവധി തവണ നിർബന്ധിച്ചിട്ടും തിരുവനന്തപുരം വരെ ഒന്ന് വന്നത് പോലുമില്ല. രാഷ്ട്രീയ വൈര്യം എന്നും വേട്ടനായയെ പോലെ എനിക്ക് പിന്നാലെ ഉണ്ടായിരുന്നു. ശത്രുക്കൾക്കും കുറവില്ല. പല ആപത്തുകളും തൊട്ടും തൊടാതെയും പോയി. ഉമ്മ ഒരു പ്രാർഥന പോലെ പിന്നാലെ ഉണ്ടായിരുന്നതാണ് കാവൽ എന്ന് തോന്നുന്നു.
വിദേശയാത്രയിൽ ഉമ്മയെ വിളിക്കും. എന്താണ് കൊണ്ടു വരേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാവില്ല. പിന്നെയും ചോദിച്ചാൽ മറ്റൊരു ചോദ്യം കൊണ്ട് അത് അവസാനിപ്പിക്കും. 'നീ എന്നാണ് മടങ്ങി വരിക? '
എന്ന ചോദ്യത്തിൽ. 'നീ വന്നാൽ മതി. മറ്റൊന്നും എനിക്കത്ര വിലപ്പെട്ടതല്ല' എന്ന ഉത്തരം നമുക്കതിൽ നിന്ന് വായിച്ചെടുക്കാനാവും. ലോകത്ത് എവിടെയായാലും, ഏതു യാത്രയിലും നമ്മളെ തിരിച്ചു വിളിക്കുന്ന ഒരിടം ഉമ്മയുടെ അരികത്തുള്ള ഇരിപ്പിടമാണ്.
ഒന്നോ രണ്ടോ ആഴ്ചയിലധികം ഉമ്മയെ കാണാതിരിക്കാനാവില്ല. ചാർജ് തീർന്നു പോകുന്നത് പോലെ ഒരു ഫീലിംഗ് ആണ്. നമ്മുടെ ഊർജം കെട്ടുപോകുന്നതായി ഒരു തോന്നൽ. അപ്പോൾ ചുരം കയറും. ചെന്നു കയറിയാൽ ഉമ്മയെ ആകെ ഒന്ന് തോട്ടു നോക്കും. ഒരുമ്മയൊക്കെ കൊടുക്കും. അഴീക്കോട് മണ്ഡലത്തിൽ ജനപ്രതിനിധി ആയിരിക്കെ തുടങ്ങിയ ഒരു പദ്ധതിയുടെ പേര് 'അമ്മയ്ക്കൊരുമ്മ' എന്നായിരുന്നു. അത്രയൊന്നും പണം ചിലവഴിക്കാതെ കുട്ടികളിൽ സ്നേഹം നിറക്കാൻ കഴിഞ്ഞൊരു പദ്ധതി. രാവിലെ സ്‌കൂളിലേക്ക് ഇറങ്ങുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുക എന്നതായിരുന്നു അതിന്റെ കാമ്പ്.
ഇതിൽ ഇപ്പോൾ എന്താണ് ഇത്ര വലിയ കാര്യം എന്ന് ചോദിച്ച രാഷ്ട്രീയ എതിരാളികളോട് പറഞ്ഞത്. കോടിക്കണക്കിന് രൂപ കൊണ്ട് നിർമിക്കുന്ന ഒരു പാലത്തേക്കാൾ മൂല്യവത്തായ ഫലം അതിനുണ്ട് എന്നാണ്. ആ ഉമ്മയും അതിൽ നിന്ന് കിട്ടുന്ന ഊർജവും മനുഷ്യനെ നവീകരിക്കുകയും സ്നേഹത്താൽ നിറക്കുകയും ചെയ്യും. ആ പദ്ധതിയും ആശയവും കുറിച്ച് വെച്ചത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉമ്മയെ കാണാനുള്ള പോക്ക് വലിയ സന്തോഷമാണ്. ഉള്ളു നിറഞ്ഞ തണുപ്പുമായാണ് മടങ്ങുക. എന്നാലും മടക്കം അല്പം സങ്കടം നിറഞ്ഞതാവും. വഴിദൂരം താണ്ടുന്നതിനിടയിൽ ഇടക്കിടക്ക് വിളി വരും. 'എവിടെയെത്തി' എന്നറിയാനാണ്. ആ പ്രാർഥനാ വചനങ്ങളുടെ പരിരക്ഷയിലാണ് ജീവിതം തളിർത്തതും പൂത്തതും.
ഇത് എന്റെ ഉമ്മയെക്കുറിച്ച് മാത്രമുള്ള ഒരു എഴുത്തല്ലെന്ന് കൂടി പറയാതിരിക്കാൻ ആവില്ല. ഒരല്പം വെട്ടിയും കൂട്ടിയും വെച്ചാൽ നമുക്ക് വായിച്ച് പോകാൻ ആവുന്ന എല്ലാ ഉമ്മമാരുടെയും ചിത്രം ഒന്നാണ്. നന്മയും സ്നേഹവും ആണ് അവരുടെ മുഖമുദ്ര.
ഭൂമിയിലെ സ്വർഗം ഉമ്മയുടെ കാൽക്കീഴിൽ ആണെന്ന തിരുനബിയുടെ വാക്കുകൾ എത്ര അർത്ഥവത്താണ്... ഏറ്റവും സമാധാനം കിട്ടുന്ന ഇടമാണല്ലോ മനുഷ്യർ അന്വേഷിക്കുന്ന സ്വർഗം.
(മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
Content Highlights: Muslim League leader KM Shaji writes memories about his mother on Mother's Day