'കടംവാങ്ങിയിട്ടായാലും മകളെ പഠിപ്പിക്കണമെന്ന് വാശിപിടിച്ച എന്റെ അമ്മ'; ഡോ. എം. ലീലാവതിയുടെ അമ്മയോർമകൾ

''പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലിരിപ്പായ കാലം. ഇനിയെന്ത് എന്നതിനെപ്പറ്റി അമ്മപോലും ഒന്നും മിണ്ടാതായ നാളുകള്‍... പരീക്ഷയുടെ ഫലമറിഞ്ഞ് കുറേനാളുകള്‍ക്ക് ശേഷം സ്‌കൂളിലെ അധ്യാപകര്‍ വീട്ടില്‍ വന്ന് മകളെ കോളേജിലയക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ അമ്മയ്ക്ക് പെട്ടെന്ന് ചിറക് പൊട്ടിമുളച്ചു കിട്ടിയതുപോലെ ആഹ്ളാദം. അച്ഛന്റേത് തണുത്ത പ്രതികരണം. എങ്കിലും ഉപരിപഠനത്തിനുള്ള വിലക്ക് നീക്കാന്‍ അച്ഛന്‍ സമ്മതിച്ചു; ഒരു വ്യവസ്ഥയില്‍: പഠനത്തിനുള്ള ചെലവ് വഹിക്കുകയില്ല. കടം വാങ്ങിയിട്ടായാലും മകളെ പഠിപ്പിക്കണമെന്ന ധീരമായ തീരുമാനമെടുക്കാന്‍ അമ്മയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല...''
ആ അമ്മയുടെ തീരുമാനമായിരുന്നു സാഹിത്യനിരൂപണത്തില്‍ ഒരു പെണ്ണിന്റെ സാഹസസഞ്ചാരങ്ങള്‍ക്ക് വഴിതുറന്നത്. മലയാള സാഹിത്യത്തിലെ മാതൃസ്വരമായ ഡോ. എം. ലീലാവതി, സ്വന്തം അമ്മ മുണ്ടനാട് നങ്ങയ്യ മാണ്ടലിന്റെ ധീരമായ തീരുമാനങ്ങളില്ലായിരുന്നെങ്കില്‍ താന്‍ ആരുമാകുമായിരുന്നില്ലെന്ന് കുറിക്കുന്നു. 'മാതൃഭൂമി' ബുക്‌സ് പ്രസിദ്ധീകരിച്ച ലീലാവതി ടീച്ചറുടെ ആത്മകഥ 'ധ്വനിപ്രയാണം' അമ്മയോര്‍മകള്‍ നിറഞ്ഞതാണ്.
തൃശ്ശൂര്‍ കോട്ടപ്പടി മുണ്ടനാട്ടായിരുന്നു ലീലാവതി ജനിച്ചത്. അച്ഛന്‍ കഴുങ്കമ്പിള്ളി കുഞ്ചുണ്ണി നമ്പിടി, ലീലാവതിയെ വീട്ടില്‍നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരമുള്ള ചാവക്കാട് ഹൈസ്‌കൂളില്‍ ചേര്‍ക്കാതെ എട്ടുകിലോമീറ്റര്‍ അപ്പുറമുള്ള കുന്നംകുളത്തെ ഗേള്‍സ് ഹൈസ്‌കൂളില്‍ ചേര്‍ത്തു. അക്കാലത്ത് കൊച്ചി രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് പകുതി ഫീസേ വേണ്ടിയിരുന്നുള്ളു. ചാവക്കാട് പഠിക്കുന്നതിനേക്കാള്‍ 2 ക 10 അണയുടെ ലാഭം...
രാവിലെ ഏഴുമണിയോടെ സ്‌കൂളിലേക്ക് ലീലാവതി നടന്നുതുടങ്ങും. ഉച്ചപ്പട്ടിണികൊണ്ട് വിശന്നും രണ്ടുനേരം എട്ടുകിലോമീറ്റര്‍ വീതമുള്ള യാത്രയുമായി സ്‌കൂളില്‍നിന്നു വരുമ്പോഴേക്കും അവശയാകും. മകളുടെ അവസ്ഥകണ്ട്, ഭക്ഷണംവാങ്ങാന്‍ അമ്മ രണ്ടണവീതം രഹസ്യമായി നല്‍കി.
10-ാംക്ലാസ് പരീക്ഷയില്‍ ലീലാവതിക്ക് ഒന്നാം സ്ഥാനം കിട്ടി. കൊച്ചി രാജ്യത്ത് ഒന്നാം സ്ഥാനം കിട്ടുന്ന പെണ്‍കുട്ടിക്ക് അന്ന് സ്‌കോളര്‍ഷിപ്പുണ്ട്. മകളെ പഠിപ്പിക്കാന്‍ എറണാകുളത്ത് അമ്മാവന്റെ കൂടെ അയച്ചതും അമ്മയുടെ തീരുമാനം. നേരത്തേ അപേക്ഷിക്കാതിരുന്നതിനാല്‍ സ്‌പെഷ്യല്‍ കേസ് ആയാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അഡ്മിഷന്‍ നല്‍കിയത്.
ലീലാകാവ്യം ഇഷ്ടപ്പെട്ടിരുന്ന അമ്മയാണ് ലീലാവതി എന്ന പേരിട്ടതിന് പിന്നിലും. നങ്ങയ്യയെന്ന ആ അമ്മ ഏഴാംക്ലാസ് വരെ പഠിച്ചിരുന്നു. അതിനുശേഷമുള്ള പഠനം പുന്നത്തൂര്‍ തമ്പുരാന്‍ വിലക്കി. ഒരിക്കല്‍ പുന്നത്തൂര്‍ കോവിലകത്ത് സദ്യയുണ്ടായിരുന്നപ്പോള്‍ നങ്ങയ്യ പോയി. കോവിലകത്ത് സദ്യയുണ്ടെങ്കില്‍ നമ്പിടിഭവനങ്ങളില്‍ നിന്ന് ഒരാളെങ്കിലും എത്തണം എന്നാണ് ആചാരം. കോവിലകത്ത് കടക്കുമ്പോള്‍ ബ്ലൗസ് ധരിക്കാന്‍ പാടില്ലായിരുന്നു. പക്ഷേ, നങ്ങയ്യ അതിന് തയ്യാറായില്ല. ഇലയ്ക്ക് മുന്നിലിരുന്നവരെ നോക്കിവരുകയായിരുന്ന പുന്നത്തൂര്‍ തമ്പുരാന്‍ 'കുപ്പായമൂരണം' എന്ന് ഗര്‍ജിച്ചു. നങ്ങയ്യ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 16 വയസ്സുമാത്രമുള്ളവളുടെ ധിക്കാരം നാട്ടില്‍ പാട്ടായി. കോവിലകം വക ക്ഷേത്രം അങ്ങനെയല്ലെന്ന് കേസ് നടത്തി സ്ഥാപിച്ച കുഞ്ചുണ്ണി നമ്പിടിയെ അമ്മയിലേക്ക് ആകര്‍ഷിച്ചത് ആ ധിക്കാരം ആയിരുന്നെന്നും മകള്‍ കുറിക്കുന്നു.
Content Highlights: Dr. M Leelavathy writes memories about her mother Nangayya