അമ്മ അഥവാ ഝാന്‍സി റാണി

#വി.പ്രവീണ | vpraveena@mpp.co.in
സുമയും മകനും കഥാകൃത്തുമായ കെ.എസ് രതീഷും | ഫോട്ടോ: വിവേക്. ആര്‍. നായര്‍
സുമയും മകനും കഥാകൃത്തുമായ കെ.എസ് രതീഷും | ഫോട്ടോ: വിവേക്. ആര്‍. നായര്‍

''മുന്നോട്ട് പോ മക്കളേ...'' -അമ്മ പറഞ്ഞു
''എങ്ങോട്ടാണമ്മേ...'' -മകന്‍ ചോദിച്ചു.
''ആ മരുതിന്റെ തണലിലേക്ക്...'' -അമ്മ കുറച്ചകലേക്ക് വിരല്‍ചൂണ്ടി.
''ഏത് മരുത്...'' -മകന്‍ ചോദിച്ചു.
''ഞാനന്ന് നിങ്ങളെ മൂന്നുപേരെയും കൊല്ലാന്‍ കൊണ്ടുപോയ നീരൊഴുക്കിനരികിലെ മരുത്...''
മകന് വഴിതെറ്റിയില്ല. വണ്ടിനിര്‍ത്തി അമ്മയും മകനും ഇറങ്ങി. മുന്നിലതാ മരുത്. കഴിഞ്ഞുപോയത് മരണത്തിനും ജീവിതത്തിനും ഇടയിലെ 35 വര്‍ഷങ്ങളാണ്. അമ്മയും മകനും മരുതിനെ നോക്കി, മരം അവരെയും...

അന്ന് ഈ മരുത് വെറും മരുതായിരുന്നു. ഇതിന്റെ തടിതുളച്ച് പിണഞ്ഞ് ഈ പേരാല്‍ അന്ന് വളര്‍ന്നുതുടങ്ങിയിട്ടില്ല. ജീവിതത്തില്‍നിന്ന് ദുരിതം ഇറങ്ങിപ്പോവാനെടുത്ത നേരംകൊണ്ട് മരുതില്‍ മറ്റൊരു മരം വളര്‍ന്നു. അമ്മ മകനോട് ചേര്‍ന്നുനിന്നു, മരുതില്‍ മറ്റൊരു മരമെന്നപോലെ. ആറ്റില്‍ച്ചാടി മരിക്കാന്‍ മക്കളുടെ കൈപിടിച്ച് അന്ന് അവര്‍ ചവിട്ടിനിന്ന വേര് മലയിറങ്ങിവരുന്ന പുഴവെള്ളത്തിന്റെ വളമൂറ്റി ചീര്‍ത്തുവളര്‍ന്നിട്ടുണ്ട്. 

അതേ വേരിലിരുന്ന് മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് നടന്നുതീര്‍ത്ത ദൂരം അവര്‍ കഥയായി പറഞ്ഞു, നെയ്യാറുകാരിയായ ആ അമ്മ. പേര് സുമ. പരിചയക്കാരില്‍ പലരും അവരെ ഝാന്‍സി റാണി എന്നു വിളിക്കും. ആ പേരുവന്ന കഥയിലേക്ക് വഴിയേ അവര്‍ കടക്കും. മക്കളില്‍ രണ്ടാമന്‍ കെ.എസ്. രതീഷ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹിറ്റ്ലറും തോറ്റകുട്ടിയും ഉള്‍പ്പെടെ എട്ട് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച കഥയെഴുത്തുകാരനാണ്. ''ഞാനെന്ത് പറഞ്ഞാലും അവനത് കഥയാക്കും. പക്ഷേ, ഞങ്ങള് ജീവിച്ച ജീവിതം ഇവന് കഥയാക്കാന്‍ ഒക്കൂല. കഥയുടെ വരുതിയിലത് നില്‍ക്കില്ല. അല്ലെങ്കില്‍ കഥയും ജീവിതവും തമ്മിലെന്ത് വ്യത്യാസം'' -ഇങ്ങനെ ആമുഖമായിപ്പറഞ്ഞ്്് ആ അമ്മ കഥയിലേക്ക് കടന്നു.

അന്ന്

ഞങ്ങള് നെയ്യാറുകാര്‍ വനവുമായി ബന്ധപ്പെട്ട് ജീവിച്ചവരാ. കാട്ടുമൂലയ്ക്കായിരുന്നു വീട്. അമ്മയും അച്ഛനും ആങ്ങളമാരും ഞാനും. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ്. ആങ്ങളമാരുടെ കൂടെ ഒരാള്‍ ഇടയ്ക്കിടെ വീട്ടില്‍വരും. നല്ല തിളങ്ങുന്ന കുപ്പായമൊക്കെയിട്ട് ഒരു പണക്കാരന്‍. വലിയ പത്രാസൊക്കെയുള്ള പ്രമാണി. കൂപ്പ് കോണ്‍ട്രാക്ടറായ അയാള്‍ ചുറ്റുവട്ടത്ത് വലിയതോതില്‍ വാറ്റും നടത്തുന്നുണ്ട്. ഒരു ദിവസം വീട്ടില്‍വന്ന് മടങ്ങുമ്പോള്‍ അയാള്‍ എന്നെയും കൂടെക്കൊണ്ടുപോയി. എനിക്ക് പതിമ്മൂന്ന് വയസ്സേയുള്ളൂ. എന്താ സംഭവിക്കുന്നത്, എന്തിനാ പോയത് എന്നൊന്നും അറിയില്ല. കരമനയ്ക്കടുത്ത് ഒരു വീട്ടില്‍ അയാളെന്നെ കൂടെത്താമസിപ്പിച്ചു. 

പതിമ്മൂന്നുകാരിയെ മുപ്പതുകാരന്‍ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞ് അന്ന് ഏതൊക്കെയോ പത്രങ്ങളില്‍ വാര്‍ത്തവന്നു. അതോടെ അയാള്‍ കല്യാണത്തിന്റെ രേഖകളൊക്കെ ഉണ്ടാക്കി. നിയമപ്രകാരം എന്നെ ഭാര്യയാക്കി. വീട്ടിലുള്ളവരെല്ലാം എന്നെ കൈയൊഴിഞ്ഞു. എന്തായാലും അടുത്ത മൂന്നു വര്‍ഷത്തിനിടെ ഞാന്‍ മൂന്നു പിള്ളേരെ പ്രസവിച്ചു. മൂത്തത് പെണ്‍കുഞ്ഞ്. താഴെ രണ്ട് ആണ്‍പിള്ളേര്‍: രമ്യ, രതീഷ്, രജീഷ്. മക്കളെ പ്രസവിച്ചെങ്കിലും ഞാനന്ന് കുട്ടിയാണ്. 

എവിടന്നും ഒരിറ്റ് സ്‌നേഹം കിട്ടാത്ത എനിക്ക് എന്റെ കുഞ്ഞുങ്ങള്‍ ജീവന്റെ ജീവനായിരുന്നു. പഠിക്കേണ്ട പ്രായത്തില്‍ പെറ്റും പിള്ളേരെ പോറ്റിയും ഞാനവിടെ കഴിഞ്ഞുകൂടി. അയാളുടെ സ്വഭാവത്തിലെ ദൂഷ്യങ്ങള്‍ ഒന്നൊന്നായി ഞാനറിഞ്ഞുതുടങ്ങി. അങ്ങനെ സഹിക്കാന്‍ പറ്റാത്തൊരു കാഴ്ച കണ്‍മുന്നില്‍ കാണാനിടവന്നപ്പോള്‍ ഞാന്‍ മക്കളെയും എടുത്ത് അവിടന്ന് ഇറങ്ങി. മക്കള് കുഞ്ഞുങ്ങളാണ്. നെയ്യാറിനടുത്ത് പന്ത എന്ന സ്ഥലത്ത് അമ്മ എന്റെ പേരില്‍ കുറച്ച് സ്ഥലം എഴുതിവെച്ചിട്ടുണ്ടായിരുന്നു. അയാള്‍ അവിടെ ഒരു പുല്‍മാടം കെട്ടി വാറ്റുപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞാന്‍ പിള്ളേരെയുംകൊണ്ട് ആ വാറ്റുപുരയില്‍ താമസം തുടങ്ങി..

ജലം പറഞ്ഞത്

കൊച്ചുങ്ങള്‍ക്ക് വിശപ്പുമാറ്റാന്‍ ഒന്നുമില്ല. പിള്ളേരെയും കൊന്ന് സ്വയം മരിക്കണം എന്ന തോന്നലായിരുന്നു എപ്പോഴും. നെയ്യാറിന്റെ കരയിലാണ് താമസം. അതിനപ്പുറം വനം. മരണചിന്ത വരുമ്പോ ഞാന്‍ ജലപ്പരപ്പിലേക്ക് നോക്കും. വേണ്ടാ വേണ്ടാ എന്ന് വെള്ളം പറയുന്നപോലെ തോന്നും. മക്കളെ മുറ്റത്തിരുത്തി ഞാന്‍ നീന്തി കാട്ടില്‍പ്പോകും. വിറകുചുമന്ന് തിരികെ നീന്തിവരും. ഞാന്‍ വരുന്നതുംനോക്കി പിള്ളേര് ഇരുന്നിടത്തുതന്നെ ഇരിക്കുന്നുണ്ടാവും. ഒരു ദിവസം രണ്ടാമത്തെ മകന്‍ രതീഷ് ഉരുണ്ട് വെള്ളത്തില്‍ വീണു. കുഞ്ഞല്ലേ. നെയ്യാറിലന്ന് നല്ല ഒഴുക്കും. വെള്ളം അവനെയും കൊണ്ടങ്ങ് പോയി. ഞാന്‍ പിറകേ എടുത്തുചാടി. അടിത്തട്ടില്‍ അനക്കമില്ലാതെ കിടപ്പുണ്ട് കുഞ്ഞ്. കരയ്ക്കു കൊണ്ടു വന്നിട്ടിട്ട് ശ്വാസം ഉണ്ടോയെന്നു നോക്കി. നെഞ്ചത്തും വയറ്റിലുമൊക്കെ അമര്‍ത്തി. കുഞ്ഞ് പോയെന്നാ കരുതിയത്. മനസ്സ് മരവിച്ചുപോയി. അന്നേരം അവന്‍ കണ്ണുതുറന്നു. ജീവിക്കാന്‍ സമ്മതിക്കില്ലെന്ന ഭീഷണിപോലെ സംഭവങ്ങള്‍ ഓരോന്ന് ഉണ്ടായിക്കൊണ്ടിരുന്നു...

സുമ | ഫോട്ടോ: വിവേക്. ആര്‍. നായര്‍

ആ ദിവസം

മക്കള് വളരുന്തോറും ഉള്ളിലെ തീയ്ക്കും ചൂടേറി. വിശപ്പാറുംവരെ അവര്‍ക്കുകൊടുക്കാനുള്ള ഭക്ഷണം ഞാന്‍ വിചാരിച്ചാല്‍ കിട്ടില്ല. പഠിപ്പിച്ച് വളര്‍ത്താനുള്ള വകയും എനിക്കില്ല. അതൊക്കെ ചിന്തിച്ച് ഞാന്‍ ഉറങ്ങാതെ കിടക്കും. ആറേഴുതവണ വേണ്ടെന്നുവെച്ച തീരുമാനം ഒടുവില്‍ ഒരു രാത്രി ഞാന്‍ ഉറപ്പിച്ചു. പിറ്റേന്ന് വൈകുന്നേരം മക്കളെയുംകൂട്ടി ഞാന്‍ ഡാമിലേക്ക് നടന്നു. വെള്ളം പതഞ്ഞൊഴുകുന്ന വലിയ നീരൊഴുക്കിന്റെ അടുത്തെത്തി. കണ്‍വെട്ടത്തൊന്നും ആരുമില്ല. വെള്ളത്തിന് നല്ല ഒഴുക്കുണ്ട്. മൂന്നു കുഞ്ഞുങ്ങളെയും ഒഴുക്കിക്കൊണ്ടുപോകാനുള്ള കരുത്തുണ്ട്. ഞാന്‍ മൂന്നുപേരുടെയും കൈകള്‍ ചേര്‍ത്തുപിടിച്ച് ഈ മരുതിന്റെ താഴത്തെ വേരിലേക്ക് ഇറങ്ങിനിന്നു. 

തൊട്ടുമുമ്പില്‍ മരണത്തിന്റെ ആര്‍ത്തി കാണാം. മനസ്സ് മാറിയില്ല. ദുരിതം ജയിച്ചുനില്‍ക്കുകയാണ്. മക്കളെ വെള്ളത്തിലെറിഞ്ഞിട്ട് മരുതിന്റെ ചില്ലയില്‍ തൂങ്ങിമരിക്കാനായിരുന്നു. പെട്ടെന്ന് രണ്ടാമത്തവന്‍ കരയാന്‍ തുടങ്ങി. കൂട്ടത്തില്‍ അവനാണ് കൊതിയന്‍. ദൂരെ ഡാമിന്റെ പാലത്തില്‍ ഒരു ഐസ്‌ക്രീം കച്ചവടക്കാരന്‍ നില്‍ക്കുന്നു. ഐസ്‌ക്രീം വേണം എന്നും പറഞ്ഞാണ് കരച്ചില്‍. ഞങ്ങള്‍ക്കിനി ഈ ഭൂമിയില്‍ കുറച്ചുസമയംകൂടിയേയുള്ളൂ. അവനെ കരയുന്ന മുഖത്തോടെ കണ്ടിട്ട് മരിക്കാന്‍ എനിക്ക് തോന്നിയില്ല. 

ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. അതിനൊത്ത് കരച്ചിലും കൂടി. അന്നേരം ആ വഴി ഒരാള്‍ വന്നു. പള്ളിയിലെ ഏറ്റുപദേശിയാണ്. പിള്ളേരുടെ കൈയുംപിടിച്ചുള്ള എന്റെ നില്‍പ്പും കൊച്ചിന്റെ കരച്ചിലും എല്ലാംകൂടി കണ്ടപ്പോള്‍ അയാള്‍ക്കെന്തോ പന്തികേടുതോന്നി. അപ്പോഴേക്കും ഐസ്‌ക്രീം കച്ചവടക്കാരനും ഓടിവന്നു. അവരുടെ ചോദ്യംചെയ്യലില്‍ ഞാന്‍ പതറി. പിടിച്ചുകെട്ടിയ വിഷമങ്ങളെല്ലാംകൂടി പുറത്തുചാടി. 

തിരികെക്കയറാന്‍ പറഞ്ഞിട്ടും ഞാന്‍ കേള്‍ക്കാതെയായപ്പോള്‍ അവരെന്റെ മുടിയില്‍ പിടിച്ചുവലിച്ച് ദൂരേക്കുമാറ്റി. ജീവിക്കാനൊരു വഴികാണിച്ചുതരാം എന്നുപറഞ്ഞ് നിര്‍ബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു. അങ്ങനെയാണ് പള്ളി ഇടപെടുന്നത്. മക്കളെ മൂന്നുപേരെയും അനാഥ മന്ദിരത്തിലാക്കാന്‍ തീരുമാനിച്ചു. അവിടെ അവര്‍ക്ക് നല്ല പഠിപ്പുകിട്ടും. മൂന്നുനേരവും കഴിക്കാനുള്ള ഭക്ഷണവും. പിള്ളേരുടെ ജീവിതം ഇല്ലാതാക്കുന്നതിലും നല്ലത് അതാണെന്നു തോന്നി.

പലവഴി

ഞങ്ങള്‍ നാലുപേരും നാലുവഴിക്കായി. പെങ്കൊച്ച് സി.എസ്.ഐ. സഭയുടെ ബാലികാസദനത്തില്‍, അതിന് താഴെയുള്ളവന്‍ കൊല്ലത്ത്, ഇളയവന്‍ അരുവിക്കരയില്‍. ഞാന്‍ ആറ്റുവക്കത്തെ ആ പുല്‍മാടത്തില്‍ തനിച്ച്. ഇടയ്ക്കിടെ പോയി മക്കളെ കാണും. പോകുമ്പോള്‍ അവര്‍ക്കെന്തെങ്കിലും കൊണ്ടുപോണം. ഞാന്‍ പല ജോലിയും ചെയ്തു. വീട്ടുജോലിക്ക് പോയി, കശുവണ്ടി തല്ലാന്‍പോയി...ഓട്ടമോ ചാട്ടമോ അങ്ങനെയെന്തെങ്കിലും മത്സരം എവിടെയെങ്കിലും വന്നാല്‍ അതിനും പോകും. 

ഗ്ലാസോ പാത്രമോ സമ്മാനം കിട്ടിയാല്‍ പിള്ളേര് വരുമ്പോ അതില്‍ അവര്‍ക്ക് വല്ലതും വിളമ്പിക്കൊടുക്കാമല്ലോ. എന്റെ കഷ്ടപ്പാട് കണ്ടിട്ട് നാട്ടിലൊരാള്‍ അയാളുടെ പറമ്പിലെ അമ്പത് മൂട് റബ്ബറിന്റെ കറ വെട്ടിയെടുത്തോളാന്‍ പറഞ്ഞു. മൂന്ന് ഷീറ്റ് കിട്ടും. പക്ഷേ, അത് ഉറയൊഴിക്കാനുള്ള ആസിഡ് വാങ്ങാന്‍ പണം വേണ്ടേ. അതിനു ഞാന്‍ പകരംകണ്ടു. പുളി പിഴിഞ്ഞൊഴിക്കും.

ഉറ്റവരും ഉടയവരും ഇല്ലാത്ത ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുമ്പോ നമ്മുടെ സമൂഹത്തില്‍ നേരിടേണ്ടിവരുന്ന എല്ലാ ബുദ്ധിമുട്ടുകളും ഞാന്‍ അറിഞ്ഞു. ഓരോരുത്തര് രാത്രി വാതില്‍ ചവിട്ടിപ്പൊളിച്ചിട്ടുണ്ട്. വീടിന് തീവെച്ചിട്ടുണ്ട്. ഇല്ലാക്കഥകള്‍ പറഞ്ഞുപരത്തിയിട്ടുണ്ട്. പേരുദോഷത്തിന്റെ അങ്ങേയറ്റം. 

പക്ഷേ, മരിക്കാന്‍ നിന്നിടത്തുനിന്ന് തിരിച്ചുനടന്നതല്ലേ ഞാന്‍. ഇനി തോറ്റുകൊടുക്കില്ലെന്ന് തീരുമാനിച്ചു. ആണുങ്ങളുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ജീവിതം ബുദ്ധിമുട്ടിലാക്കിയപ്പോഴും ഞാന്‍ തളര്‍ന്നില്ല. പൊന്നേ, പഞ്ചാരേ എന്നും പറഞ്ഞ് ചൂഷണംചെയ്യാന്‍ വരുന്നവരുടെ മര്‍മംനോക്കി തൊഴിക്കാന്‍ പഠിച്ചു. അതിനുള്ള ധൈര്യമുണ്ടായി. എന്റെ ചവിട്ടുകൊണ്ട് നിലത്തുവീണുപോയവരുണ്ട്. അങ്ങനെ നാട്ടുകാരെന്നെ ഝാന്‍സി റാണി എന്ന് വിളിച്ചുതുടങ്ങി.

സുമ കുടുംബത്തോടൊപ്പം | ഫോട്ടോ: വിവേക്. ആര്‍. നായര്‍

വിശപ്പ്

ഞങ്ങള് അമ്മയും മക്കളും അറിഞ്ഞ ഏറ്റവും വലിയ വേദന വിശപ്പായിരുന്നു. ഓണവും വിഷുവുമൊക്കെ വരുമ്പോ കൈയിലുള്ള നാണയം നുള്ളിപ്പെറുക്കി പച്ചക്കറി വാങ്ങും. അരിഞ്ഞുവെക്കുമ്പോതന്നെ പിള്ളേര് അതെടുത്തുതിന്നും. ആദ്യമൊക്കെ പിള്ളേര് വിശന്നുകരയുമ്പോ ഗതികെട്ടിട്ട് ഞാനവരുടെ അച്ഛനെ ചെന്നുകണ്ടാലോ എന്ന് വിചാരിക്കും. അങ്ങനൊരു ദിവസം അയാള് ഞങ്ങളുടെ നാട്ടിലുണ്ടെന്നറിഞ്ഞ് പിള്ളേരേംകൊണ്ട് ഞാന്‍ ചെന്നു. അയാളന്നും വലിയ പ്രമാണിയാണ്. 

കുന്നിന്‍മുകളില്‍ ഒരു വീട്ടുമുറ്റത്തിരുന്ന് അയാള്‍ പഴുത്ത മാങ്ങ തിന്നുന്നു. അതുകണ്ട മക്കള്‍ അവര്‍ക്കും മാങ്ങവേണമെന്ന് എന്നോട് അടക്കംപറഞ്ഞു. പക്ഷേ, അയാളതിലൊരു കഷ്ണംപോലും കുഞ്ഞുങ്ങള്‍ക്ക് കൊടുത്തില്ല. ഞാനന്ന് മല മുഴുവനും നടന്ന് ആ മാവ് കണ്ടുപിടിച്ചു. അതിന്റെ ചുവട്ടില്‍ പഴുത്ത് കെട്ടുകിടന്ന ഒരു മാങ്ങ എടുത്തുകൊണ്ടുവന്ന് എന്റെ മുറ്റത്ത് കുഴിച്ചിട്ടു. പിള്ളേര്‍ക്കൊപ്പം അതും വളര്‍ന്നു. ഇപ്പോ മേട മാസമായാല്‍ മാവ് കുലകുത്തിപ്പൂക്കും. അതിലുണ്ടാകുന്ന മാങ്ങ ഞങ്ങളെല്ലാവര്‍ക്കും കൊടുക്കും. അനുഭവിച്ച കഷ്ടപ്പാടിന്റെയെല്ലാം മുറിവ് മനുഷ്യര് മായ്ച്ചുകളയുന്നത് ഇങ്ങനെയുള്ള ചെറിയ വാശികൊണ്ടാണെന്നുതോന്നും. പണ്ട് പിള്ളേരുടെ മുന്നിലിരുന്ന് മാങ്ങ തിന്ന് അവരെ കൊതിപ്പിച്ചയാള്‍ ഇന്ന് ജീവനോടെയില്ല.

കടം

അനാഥാലയത്തില്‍ മൂത്ത രണ്ടുമക്കളും പിടിച്ചുനിന്നു. ഇളയവന് അത് പറ്റിയില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ അവന്‍ അവിടന്ന് പോന്നു. പിന്നെ അവനായിരുന്നു എന്റെ തുണ. പതിമ്മൂന്ന് വയസ്സുമുതല്‍ അവന്‍ ജോലിയെടുത്തുതുടങ്ങി. എല്ലാ പണിയും ചെയ്യും. റബ്ബറ് വെട്ടും. അതിന് തുരിശടിക്കും. ചൂണ്ടയിട്ട് മീന്‍പിടിക്കും. അങ്ങനെ പലതും. 

അവധിക്ക് മൂത്തവന്‍ വരുമ്പോള്‍ അവനും കൂടെപ്പോകും. മോള് പത്താംക്ലാസ്വരെ അനാഥാലയത്തില്‍ നിന്നു. രണ്ടാമത്തെ മോന്‍ 21 വയസ്സുവരെ. ഡിഗ്രിവരെ അവിടെ പഠിച്ചു. പിന്നെ അവിടന്നിറങ്ങി അവന്‍ പല ജോലിചെയ്തു. ബാറിലും ബസിലും ബ്യൂട്ടിപാര്‍ലറിലുംവരെ. ആ പൈസകൊണ്ട് എം.എ.യും ബി.എഡ്ഡുമൊക്കെ പഠിച്ചു. അവന്‍ കഥയെഴുത്തുകാരനായി. കുറെ അവാര്‍ഡുകളൊക്കെ കിട്ടിയിട്ടുണ്ട്. 

പക്ഷേ, അവനുകിട്ടിയ ഒരു സര്‍ട്ടിഫിക്കറ്റിനോട് എനിക്കിത്തിരി ഇഷ്ടക്കൂടുതലുണ്ട്. നെറ്റ് പരീക്ഷ പാസായപ്പോ കിട്ടിയ സര്‍ട്ടിഫിക്കറ്റ്. എറണാകുളത്ത് ഒരു വലിയ ഹോട്ടലിന്റെ കക്കൂസ് കുഴി വൃത്തിയാക്കാന്‍ പോയപ്പോ കിട്ടിയ കൂലികൊണ്ടാ അവന്‍ അതിന്റെ ഫീസടച്ചത്. അനാഥാലയത്തില്‍ പിള്ളേര് വലുതായാലും ചെറുതായാലും വിളമ്പുന്ന ചോറിന്റെ അളവ് ഒന്നായിരിക്കും. വലുതായപ്പോ ചോറ് തികയാറില്ലായിരുന്നെന്ന് രതീഷ് പറയും. 

വിശപ്പ് സഹിക്കാന്‍പറ്റാതെ പട്ടിയുടെ പാത്രത്തില്‍ കൈയിട്ടുതിന്ന കഥയൊക്കെ ഇവന്‍ ഇടയ്ക്ക് പറയും. അതും തിന്ന് വിശപ്പടങ്ങി ഉറങ്ങാന്‍കിടക്കുമ്പോള്‍ വിശന്ന പട്ടിയുടെ കരച്ചില്‍കേട്ട് സങ്കടപ്പെട്ടിട്ടുണ്ട്, അവന്‍. അവനിന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനാണ്. ഗസറ്റഡ് ഓഫീസറാണ്. എഴുതിയ കഥകളിലൂടെ അവനെ നാലുപേരറിയും. 

ഏതോ വണ്ടിയിടിച്ച് ചത്ത തള്ളപ്പട്ടിയുടെ കുഞ്ഞിനെയുംകൊണ്ട് ഒരു ദിവസം അവന്‍ കയറിവന്നു. അതിനെ ഞങ്ങള് പോറ്റാന്‍ തുടങ്ങി. ഇന്നും അതിന് ഭക്ഷണം കൊടുത്തിട്ടേ ഞങ്ങളെന്തെങ്കിലും കഴിക്കൂ. പണ്ടത്തെ പട്ടിപ്പങ്കിന്റെ കടം അങ്ങനെയല്ലേ വീട്ടാന്‍പറ്റൂ. 

ദുരിതപ്പുഴയെല്ലാം നീന്തി, ജീവിതം കരയ്ക്കടിഞ്ഞു. മൂത്തമകള്‍ അങ്കണവാടി ടീച്ചറാണ്. ഇളയവന് ഫര്‍ണിച്ചര്‍ ബിസിനസ്. കൊച്ചുനാളില്‍ കൂലിക്ക് പണിയെടുത്ത പറമ്പ് ഈയടുത്ത് രതീഷ് വിലയ്ക്കുവാങ്ങി. അതില്‍ റബ്ബറും മാവും കശുമാവും നട്ടു. മാവും പ്ലാവും ഒക്കെച്ചേര്‍ന്ന് അന്നംതന്ന് വളര്‍ത്തിയതാ ഞങ്ങളെ. മരങ്ങളോടുള്ള കടപ്പാട് ഒരിക്കലും തീരില്ല.

സുമയും മകനും കഥാകൃത്തുമായ കെ.എസ് രതീഷും | ഫോട്ടോ: വിവേക്. ആര്‍. നായര്‍

ഇന്ന്

പണ്ടത്തെ പുല്‍മാടം പൊളിച്ച് മക്കള്‍ നല്ല വീടുവെച്ചു. അതില്‍ രണ്ടാമത്തെ മോനും കുടുംബത്തിനും ഒപ്പമാണ് താമസം. നെയ്യാറ് വറ്റിയ കാലങ്ങളില്‍ അതില്‍ അടിഞ്ഞ മണല്‍ മക്കള്‍ക്കൊപ്പം കോരിച്ചുമന്ന് അതുകൊണ്ട് പണിത വീടാണ്. വീട് പുതുക്കിപ്പണിയുമ്പോള്‍ ആ പുല്‍മാടത്തിലെ പഴകിയ ജനാല അതുപോലെ ഇളക്കി എന്റെ മുറിയുടെ ചുമരില്‍ വെക്കണമെന്ന് ഞാന്‍ വാശിപിടിച്ചു. ആ ജനലിലൂടെ നോക്കുമ്പോ എനിക്കെന്റെ പഴയകാലം കാണാം. ഒരു മനുഷ്യനോടെന്നപോലെ ഞാനിന്നും ആ ജനലിനോട് സംസാരിക്കാറുണ്ട്.

പറമ്പിനുതാഴെ പണ്ടേപ്പോലെത്തന്നെ നെയ്യാര്‍ ഒഴുകുന്നുണ്ട്. അതിലേക്ക് നോക്കുമ്പോ ഇടയ്ക്ക് കുറ്റബോധം തോന്നും. അന്ന് മക്കളെ എറിഞ്ഞുകളയാന്‍ തോന്നിപ്പോയല്ലോ എന്ന്. മകന്റെ മക്കള് കുഞ്ഞുങ്ങളാണ്. അവരെ വാശിയോടെ നീന്തല്‍ പഠിപ്പിച്ചു. അതെനിക്കൊരു കടംതീര്‍ക്കലാണ്. വെള്ളത്തിനുമുന്നില്‍ അന്നെന്റെ കുഞ്ഞുങ്ങള്‍ നിന്നപോലെ അവരൊരിക്കലും നിസ്സഹായരാകരുത്. മറ്റു ബന്ധങ്ങള്‍ വരുമ്പോഴും ഭര്‍ത്താവ് ഉപേക്ഷിക്കുമ്പോഴുമൊക്കെ മക്കളെ കൊല്ലുന്ന അമ്മമാരെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കാറുണ്ട്. എനിക്ക് വലിയ വിഷമംതോന്നും. കൊല്ലരുത്, അതേ പറയാനുള്ളൂ. പണ്ടത്തെപ്പോലെയല്ല. തൊഴിലുറപ്പിനുപോയാലും മതി. തൂമ്പാപ്പണിയെടുത്തും മക്കളെ പോറ്റാം.

അമ്മ കഥ നിര്‍ത്തിയിടത്തുനിന്ന് മകന്‍ തുടര്‍ന്നു... കൊച്ചുന്നാളില്‍ ഞങ്ങള്‍ക്ക് ഓരോ ആഗ്രഹങ്ങളുണ്ടാകും. അത് സാധിച്ചുതരാനുള്ള പാങ്ങ് അമ്മയ്ക്കില്ല. പുട്ട് തിന്നാന്‍ കൊതിതോന്നിയിട്ട് അമ്മയോട് പറയും. മക്കള്‍ക്ക് പുട്ടുണ്ടാക്കാന്‍ പുട്ടുകുറ്റിയെടുത്ത ഒരമ്മയെ അതിലിരുന്ന പാമ്പ് കൊത്തിയ കഥ അമ്മ പറയും. അതോടെ ഞങ്ങള്‍ക്ക് പുട്ടിനോടുള്ള കൊതിമാറും. 

അനാഥാലയത്തിലേക്ക് അമ്മ പതിവായി കത്തയക്കും. ഭാവിയിലേക്കുള്ള സ്വപ്നങ്ങളാകും അതു നിറയെ. ആ പ്രേരണയിലാണ് ഞങ്ങള്‍ വളര്‍ന്നത്. സ്വന്തം ഭാഗത്ത് തെറ്റില്ലെങ്കില്‍ ഒരിടത്തും തലതാഴ്ത്തരുതെന്ന് പറഞ്ഞാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. കുഞ്ഞുന്നാളില്‍ വിശപ്പകറ്റിയത് സത്യത്തില്‍ ഭക്ഷണമല്ല, അമ്മ പറയുന്ന കഥകളായിരുന്നു. ആ കഥകളുടെ വളമേറ്റ് ഞങ്ങളങ്ങ് വളര്‍ന്നു. നെയ്യാറും അതിന്റെ കരയിലെ വനവും ഞങ്ങള്‍ക്കായി ചുരത്തിയ അമ്പത് മൂട് റബ്ബറും അതിനെയെല്ലാം കൂട്ടിപ്പിടിച്ച അമ്മയും ചേരുന്നതാണ് ഞങ്ങള്‍ മൂന്നു മക്കളുടെയും ജീവിതം.

അപ്പോള്‍ ആ പാതയോരത്ത് അതേ മരുത് ഇലപൊഴിച്ചു. പോയകാലത്തിന്റെദുരിതപ്പെയ്ത്തുപോലെ...


 

Content Highlights: writer ks ratheeshs mother sumas inspirational lifestory