'പുലിമുരുകനല്ല' 'മോണ്‍സ്റ്റര്‍', ആ പ്രതീക്ഷയില്‍ കാണേണ്ട സിനിമയല്ല ഇത്- വൈശാഖ്

മോണ്‍സ്റ്ററില്‍ മോഹന്‍ലാല്‍
മോണ്‍സ്റ്ററില്‍ മോഹന്‍ലാല്‍

'പുലിമുരുകനു'മായി 'മോണ്‍സ്റ്ററി'നെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് സംവിധായകന്‍ വൈശാഖ്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് സംവിധായകന്റെ പ്രതികരണം. 

മുഴുനീള എന്റെര്‍ടെയ്നര്‍ ആണെങ്കിലും 'പുലിമുരുകന്‍' പോലെ മാസ്സ് ചിത്രമല്ല 'മോണ്‍സ്റ്റര്‍''. സിനിമ പ്ലാന്‍ ചെയ്യുന്നത് മുതല്‍ തന്നെ എല്ലാരും എന്നോട് ചോദിക്കുന്നതാണ് പുലിമുരുകനെക്കാള്‍ ഗംഭീരം ആയിരിക്കുമോ?  അതോ പുലിമുരുകനേക്കാള്‍ താഴെ ആണോ മോണ്‍സ്റ്റര്‍ ? ഈ രണ്ട് ചോദ്യങ്ങള്‍ക്കും പ്രസക്തി ഇല്ലാത്ത സിനിമയാണ് മോണ്‍സ്റ്റര്‍. 'മോണ്‍സ്റ്റര്‍' പൂര്‍ണമായും വേറെ ഒരു പ്ലാനറ്റില്‍ ഉള്ള സിനിമയാണ്, പുലിമുരുകനുമായി  താരതമ്യം ചെയ്യാന്‍ പറ്റുന്ന ഒരു സാധ്യയതയും ഇല്ലാത്ത സിനിമയാണ്. 

'പുലിമുരുകന്‍' തികച്ചും മാസ്സ് കൊമേഴ്സ്യല്‍ ഫോര്‍മുലയില്‍ ചെയ്തിരിക്കുന്ന സിനിമയാണ്. എന്നാല്‍ 'മോണ്‍സ്റ്റര്‍' വളരെ നാച്ചുറല്‍ ആയി പോകുന്ന ഒരു ത്രില്ലര്‍ ആണ്. കുറ്റാന്വേഷണ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന മോണ്‍സ്റ്റര്‍ ഓരോ നിമിഷവും പ്രേക്ഷകരെ പിടിച്ചിരുത്തും. ചിത്രത്തിലുടനീളം ആകാംഷയോടെ അടുത്തതെന്ത് എന്ന് ചിന്തിപ്പിക്കുകയും ചെയ്യും. മുഴുനീള  എന്റെര്‍ടെയ്നര്‍ സിനിമ ആണെങ്കിലും 'പുലിമുരുകന്‍' പോലെ മാസ്സ് ചിത്രമല്ല, ആ പ്രതീക്ഷയില്‍ കാണേണ്ട സിനിമയല്ല- വൈശാഖ് പറഞ്ഞു.

ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 'പുലിമുരുകന്റെ'യും തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. ലക്ഷ്മി മാഞ്ചുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്

Content Highlights: Vysakh About Monster Film Mohanlal Lakshmi Maanchu Honey Rose Monster release