മഴക്കാല പരിചരണം വാഹനങ്ങൾക്കും, മഴകൊണ്ടാൽ വാഹനം വൃത്തിയാകില്ല; ശ്രദ്ധിക്കാം ചില കാര്യങ്ങൾ

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങൾ വെള്ളം കാണണമെങ്കിൽ പലപ്പോഴും മഴക്കാലമെത്തണം. എന്നാൽ മറ്റുള്ള സമയങ്ങളെ അപേക്ഷിച്ച് മഴക്കാലത്താണ് വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിചരണം വേണ്ടത്. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ ശ്രദ്ധ വാഹനങ്ങൾക്കും നൽകണം. ഇല്ലെങ്കില്‍ ഒരു മണ്‍സൂണ്‍ കാലം കഴിയുമ്പോഴേക്കും കേടുപാട് വന്ന് വാഹനം നശിച്ചു തുടങ്ങും.

ഡ്രൈവിങ്ങില്‍ നമ്മുടെ സുരക്ഷയും വാഹനത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും എന്നതും മറക്കരുത്. ടയര്‍, ബ്രേക്ക്, ഹെഡ്‌ലൈറ്റ് തുടങ്ങി വാഹനത്തിലെ എല്ലാ ഘടകങ്ങളും മികച്ച നിലവാരത്തിലാണെന്ന് ഉറപ്പുവരുത്താം. മഴക്കാലത്ത് വാഹന പരിചരണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

  • നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും. ചെറിയ തുരുമ്പ് വ്യാപിക്കാനും ഇത് ഇടയാക്കും.
  • സൈക്കിളിനും ഇത് ബാധകമാണ്. സ്കൂളിൽ പോയി മടങ്ങുമ്പോഴും സൈക്കിൾ റൈഡ് കഴിഞ്ഞ് വരുമ്പോൾ മഴയുണ്ടെങ്കിൽ തിരിച്ചെത്തുമ്പോൾ ഇവയിൽ ചെയിനിലുൾപ്പടം മഴത്തുള്ളികൾ തങ്ങി നിൽക്കുന്നുണ്ടാകും. അതുകൊണ്ട് ഉടൻ കവറിട്ട് മൂടരുത്. ചെയിനിലുൾപ്പടെ തുരുമ്പ് പിടിക്കാൻ സാധ്യത ഏറെയാണ്. കൃത്യമായി ഈർപ്പം പോയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കവറിട്ട് മൂടുക.
  • എപ്പോഴും മഴയല്ലേ എങ്കില്‍ പിന്നെ വണ്ടി കഴുകണ്ടല്ലോ എന്നത് തെറ്റായധാരണയാണ്. മഴക്കാലത്ത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും വണ്ടി കഴുകുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പൊടിയും ചളിയും അടിഞ്ഞുകൂടി വണ്ടിയുടെ നിറത്തിനും ബോഡിക്കും കേടുപാടുണ്ടാകും.
  • ചെളി അടിഞ്ഞുകൂടുന്നതിനാല്‍ ഡിസ്‌ക് ബ്രേക്കുള്ള ഇരുചക്ര വാഹനം കൃത്യമായി വത്തിയാക്കിയില്ലെങ്കില്‍ ബ്രേക്കിങ് സംവിധാനത്തിന് കേടുപാടുണ്ടാകും. യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും ബ്രേക്ക് പരിശോധിക്കണം. ബ്രേക്ക് ഫ്‌ളൂയിഡ് കൃത്യമായി ചേഞ്ച് ചെയ്യണം. ലീക്ക് ഇല്ലെന്നും ഉറപ്പുവരുത്തുക.
  • മഴക്കാലത്ത് റോഡരികിലും മരത്തിന് ചുവട്ടിലും വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുന്നതാണ് ഉചിതം. മരക്കൊമ്പോ മറ്റോ വണ്ടിക്കു മുകളില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. മഴ കൊള്ളാത്ത പാര്‍ക്കിങ് ഷെല്‍ട്ടറുകളില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കാം.
  • വണ്ടിയുടെ മുകളില്‍ വീഴുന്ന ഇലകളും മറ്റും പെട്ടെന്നുതന്നെ എടുത്തുകളയണം. ഇല്ലെങ്കില്‍ ഇത് ബോഡിയില്‍ പറ്റിപ്പിടിച്ച് നിറം മങ്ങാന്‍ ഇടയാക്കും.
  • കാറുകളില്‍ മഴയത്ത് സൈഡ് ഗ്ലാസ് പൂര്‍ണമായും ഉയര്‍ത്തിയിടണം. ഇല്ലെങ്കില്‍ സീറ്റും മറ്റും മഴവെള്ളം തട്ടി കേടുവരും. കഴിയുമെങ്കില്‍ സൈഡ് ഗ്ലാസില്‍ റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കുന്നതും നല്ലതാണ്.
  • റോഡില്‍ വ്യക്തമായ വെളിച്ചം നല്‍കാന്‍ ഹെഡ്‌ലാമ്പ് വൃത്തിയായി സൂക്ഷിക്കാം. ഹെഡ്‌ലാമ്പ് ഗ്ലാസിന് മങ്ങലുണ്ടെങ്കില്‍ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടച്ച് തിളക്കം വീണ്ടെടുക്കാം. ടേണ്‍ ഇന്‍ഡികേറ്ററും ടെയില്‍ ലൈറ്റും പ്രവര്‍ത്തന യോഗ്യമാണെന്ന് ഉറപ്പുവരുത്താം.
  • തേഞ്ഞ ടയര്‍ നിര്‍ബന്ധമായും മാറ്റി പുതിയത് ഫിറ്റ് ചെയ്യുക. ടയര്‍ പ്രഷര്‍ ഇടക്കിടെ പരിശോധിച്ച് പര്യാപ്തമാണെന്ന് ഉറപ്പുവരുത്തുക. എപ്പോഴും ഒരു സ്‌പെയര്‍ ടയര്‍ കാറില്‍ സൂക്ഷിക്കുന്നതും നല്ലതാണ്.
  • വൈപ്പര്‍ ക്ലീന്‍ ആയി സൂക്ഷിക്കുക. പൊടിയു മറ്റും പറ്റിപിടിച്ചിരിക്കുന്ന ഗ്ലാസില്‍ വെള്ളം ഒഴിക്കാതെ വൈപ്പര്‍ ഓണ്‍ ചെയ്യരുത്.
  • ഫ്‌ളോറില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നത് കാര്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ സഹായിക്കും. വലിയ ടൗവ്വല്‍ വിരിച്ച് സീറ്റും കവര്‍ ചെയ്യുന്നത് നന്നാകും.
  • പെട്രോള്‍ ടാങ്കില്‍ വെള്ളം കയറാതെ നോക്കണം. പ്രത്യേകിച്ച് ബൈക്കുകള്‍ക്ക്, ടാങ്ക് കവര്‍ ഉപയോഗിക്കുന്നത് നന്നാകും.

Content Highlights: Monsoon Vehicle Care: Protecting Your Car During the Rainy Season