കവിതയും മഹാകവിയും കാലത്തിന്റെ കണ്ണികളിലൂടെ

#ന്യൂസ് ഡെസ്ക്

ഹാകവി ഒരിക്കലും വേദിയിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരാളല്ല. അയാൾ കാലത്തിന്റെ അടിയൊഴുക്കുകളിൽ പതുക്കെ രൂപപ്പെടുന്ന ഒരു സ്മൃതിയാണ്.‘ഇനിയൊരു മഹാകവി പിറക്കുമോ?’ എന്ന ചോദ്യമുയർന്നപ്പോൾ, അതൊരു കൗതുകചോദ്യം മാത്രമായിരുന്നില്ല; നമ്മുടെ സാഹിത്യബോധത്തിന്റെ അടിത്തറകളെയെല്ലാം വീണ്ടും പരിശോധിക്കാനുള്ള ഒരു ക്ഷണമായിരുന്നു അത്.

കവികളായ റഫീഖ് അഹമ്മദ്, അനിത തമ്പി, പി.രാമൻ എന്നിവർ പങ്കെടുത്ത സംവാദം, സുബീഷ് തെക്കൂട്ട് മോഡറേറ്റ് ചെയ്തപ്പോൾ, മഹാകവി എന്ന സങ്കൽപം തന്നെ പുനഃപരിശോധനയ്ക്ക് വിധേയമായി. “മഹാ എന്ന വിശേഷണംതന്നെ ഭൂതകാലത്തേതാണ്,” എന്ന് പി.രാമൻ പറഞ്ഞു. ‘മഹാകാവ്യങ്ങൾ ഇല്ലാതായിട്ടില്ല; അവ രൂപം മാറ്റിയിട്ടുണ്ട്. ഇന്നത്തെ മഹാകാവ്യങ്ങൾ നോവലുകളാണ്,’ എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കവിതയുടെ പ്രശ്നം മഹത്ത്വത്തിന്റെ വലുപ്പമല്ലെന്നും, കവിതയുടെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു റഫീഖ് അഹമ്മദിന്റെ നിരീക്ഷണം. അനിത തമ്പിയാകട്ടെ കവിതയുടെ മൂല്യം അതിന്റെ ദൈർഘ്യത്തിലോ വലുപ്പത്തിലോ അല്ലെന്നും സാന്ദ്രതയിലാണെന്നും അഭിപ്രായപ്പെട്ടു.

Content Highlights: Explore the evolving concept of `Mahakavi` (great poet) and the changing landscape of poetry and epic poems. A discussion on literature`s enduring power.