പിറക്കുന്നു, വാക്കിന്റെ വസന്തോത്സവം; വിളക്കുകൊളുത്താൻ മോഹൻലാൽ

#സ്വന്തം ലേഖകന്‍
മോഹന്‍ലാല്‍ | Photo - Mathrubhumi archives
മോഹന്‍ലാല്‍ | Photo - Mathrubhumi archives

വസന്തംപോലെ വർഷത്തിലൊരിക്കൽ വിരുന്നുവരുന്ന വാക്കിന്റെ ഉത്സവകാലമുണ്ട് മലയാളിക്ക് കഴിഞ്ഞ ആറുവർഷമായി. അക്ഷരങ്ങളും ആശയങ്ങളും സംഗമിക്കുന്ന തെന്നിന്ത്യയിലെ ഏറ്റവും വലിയ പ്രതിഭാസംഗമമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും ചിന്തകരും കലാകാരരും ഈ ഉത്സവം കൂടാൻ തിരുവനന്തപുരത്തെ കനകക്കുന്നിലെത്തും. അവരുടെ വാക്കുകളുടെയും ചിന്തകളുടെയും പ്രകാശത്തിൽ മനുഷ്യന്റെ സർഗാത്മകതയുടെയും മാനവ വിജ്ഞാനത്തിന്റെയും സമഗ്രത ആസ്വാദകരിലേക്ക് പ്രവഹിക്കും.

നാലുദിവസം തീരുമ്പോൾ പല ദേശങ്ങളിൽനിന്നുള്ള വെളിച്ചംനിറഞ്ഞ മനസ്സുമായി മലയാളി പുതിയ വർഷത്തിലൂടെയുള്ള സഞ്ചാരം തുടങ്ങും.

മോഹൻലാൽ, എം.എ. യൂസഫ് അലി, കെ.ആർ. മീര, ജോനാസ് ലൂഷർ

വാക്കിന്റെ ഈ വസന്തോത്സവത്തിന്റെ ഏഴാമത് എഡിഷൻ ഉദ്ഘാടനം ചെയ്യപ്പെടുന്നത് മലയാളിയുടെ എല്ലാ ഋതുക്കളുടെയും നായകനായ മോഹൻലാലിന്റെ കരങ്ങൾകൊണ്ടാണ്. ജനുവരി 29-ന് പത്തിന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലെത്തി മോഹൻലാൽ അക്ഷരോത്സവത്തിന് ദീപം കൊളുത്തും. സർഗസമ്പന്നമായ സദസ്സിനെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. അരനൂറ്റാണ്ടായി മലയാളി കേട്ട് മോഹിച്ച ആ ശബ്ദം അക്ഷരോത്സവത്തിന് അനുഗ്രഹം ചൊരിയും.

വിദേശത്ത് മലയാളിയുടെ ബ്രാൻഡ് അംബാസഡറും ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫ് അലിയാണ് അക്ഷരോത്സവത്തിന്റെ ഉദ്ഘാടനത്തിലെ മുഖ്യാതിഥി. ഫെസ്റ്റിവൽ ഡയറക്ടറും ക്യുറേറ്ററുമായ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആമുഖഭാഷണം നടത്തും.

ആരാച്ചാർ, ഖബർ, നേത്രോന്മീലനം, ആവേ മരിയ, കലാച്ചി തുടങ്ങി പ്രശസ്ത രചനകളിലൂടെ മലയാളിയുടെ വായനയെ ആഘോഷമാക്കിയ കെ.ആർ. മീരയും ക്രാഫ്റ്റ്, ബാർബേറിയൻ സ്പ്രിങ് എന്നീ പ്രശസ്ത രചനകളിലൂടെ ലോകപ്രശസ്തനായ സ്വിസ് എഴുത്തുകാരൻ ജോനാസ് ലൂഷറും മുഖ്യപ്രഭാഷണം നടത്തും.

സാഹിത്യം മാത്രമായല്ല, അറിവിന്റെയും ആസ്വാദനത്തിന്റെയും സമഗ്രതയെ സ്പർശിക്കുന്ന തരത്തിലാണ് ഇത്തവണയും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഉള്ളടക്കം. മുഖ്യവിഷയമായ സാഹിത്യത്തോടൊപ്പം ശാസ്ത്രം, നരവംശശാസ്ത്രം, നയതന്ത്രം, രാഷ്ട്രീയം, കല, പാചകം, പരിസ്ഥിതി, കായികം, യാത്ര, പര്യവേക്ഷണം, സിനിമ, സംഗീതം, പുരാവസ്തുശാസ്ത്രം, ചരിത്രം, ബിസിനസ്, മാധ്യമരംഗം, വർത്തമാന കാലത്തെ പ്രധാനപ്പെട്ട സാമൂഹികവിഷയങ്ങൾ, ആത്മീയത, മതം, തത്ത്വചിന്ത, ഭാഷ, എഐ തുടങ്ങിയ വിപുലമായ വിഷയങ്ങളിൽ പ്രഭാഷണങ്ങളും സംവാദങ്ങളും നടത്താൻ അതത് മേഖലയിലെ പ്രശസ്തരാണ് എത്തുന്നത്. വൈകുന്നേരങ്ങളിലെ കലാസന്ധ്യകൾ നാദമുഖരിതമാക്കും. ഫെബ്രുവരി ഒന്നിന് സമാപിക്കുന്ന അക്ഷരോത്സവത്തിലേക്കുള്ള പ്രവേശനം രജിസ്‌ട്രേഷൻ വഴിയാണ്.

ഈ അവസരം എനിക്കുകിട്ടിയ ആദരം- മോഹൻലാൽ

വലിയ വലിയ എഴുത്തുകാരടക്കം ലോകത്തിന്റെ വിവിധ ദേശങ്ങളിൽനിന്നുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖർ സംഗമിക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഉദ്ഘാടനം ചെയ്യാൻ സാധിക്കുക എന്നത് അഭിനേതാവായ എന്നെ സംബന്ധിച്ച് വലിയ ആദരമാണ്. ഈ അവസരത്തെ ഞാൻ ഹൃദയത്തിലേക്ക് ചേർത്തുവെക്കുന്നു. മഹനീയമായ ആ മുഹൂർത്തത്തിനായി കാത്തിരിക്കുന്നു.

Content Highlights: Experience the magic of words at the Mathrubhumi International Festival of Letters in Trivandrum. Join writers, thinkers, and artists for a vibrant celebration of literature and knowledge.