അരിക്കോലമിട്ടുണരുന്ന അക്ഷരമുറ്റം

അക്ഷരോത്സ വേദിയായ ക കോര്‍ണറില്‍ കോലം വരയ്ക്കുന്ന രാജലക്ഷ്മി | ഫോട്ടോ:അരുണ്‍ നിലമ്പൂര്‍
അക്ഷരോത്സ വേദിയായ ക കോര്‍ണറില്‍ കോലം വരയ്ക്കുന്ന രാജലക്ഷ്മി | ഫോട്ടോ:അരുണ്‍ നിലമ്പൂര്‍

ശുഭകാര്യങ്ങള്‍ക്കൊരുങ്ങുമ്പോള്‍ അരിക്കോലം കണികണ്ടുണരുന്നത് ഇന്നും മാറ്റു കുറയാത്തൊരു  സവിശേഷമായ പാരമ്പര്യരീതിയാണ്. കരവിരുതുകൊണ്ട് ഐശ്വര്യദേവതയെ ആവാഹിക്കുന്ന കലാസൃഷ്ടിയെ തനിമയൊട്ടും ചോരാതെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവേദിയിലെ 'ക'  കോര്‍ണറില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിനിയായ രജലക്ഷ്മി മഹാദേവ്  കോലം വരച്ചു തുടങ്ങുന്നതോടെയാണ് ക കോര്‍ണറിലെ കലാവേദി ഉരുന്നത്. അരിപ്പൊടികൊണ്ടും കോലപ്പൊടികൊണ്ടും പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് കോലം തയ്യാറാക്കുന്നത്. മനസില്‍ തെളിയുന്ന ഡിസൈനുകള്‍ നിമിഷനേരം കൊണ്ട് രാജലക്ഷിയുടെ വിരൽത്തുമ്പിലൂടെ ഭംഗിയുള്ള കോലരൂപങ്ങളായി മാറും. 

കുഞ്ഞുനാളില്‍ അമ്മ കൈയിലെടുത്ത് കൊടുത്ത കോലമാവ് ചാണകം മെഴുകിയ തറയില്‍ ചെറിയ ലൈനുകളായി വരച്ച് കുഞ്ഞുകുഞ്ഞ് ഡിസൈനുകള്‍ വരച്ചാണ് രാജലക്ഷ്മിയുടെ കൈവിരകള്‍ കോലരൂപങ്ങളുമായി ചങ്ങാത്തമാവുന്നത്. കോലംവര മത്സര ഇനമാകുന്ന ഗ്രാമാന്തരീക്ഷം കൂടിയായപ്പോള്‍ വേഗത്തില്‍ കോലരൂപങ്ങളെ ആവാഹിച്ചെടുക്കാന്‍ രാജലക്ഷ്മിക്ക് പ്രോത്സാഹനമായി. 20 വര്‍ഷത്തോളമായി തുടര്‍ച്ചയായി രജലക്ഷ്മി ഇന്നും പുലര്‍ച്ചെ കോലമിടുന്നു. കോലം കാണാതെ  ഒരാള്‍ ശുഭകാര്യത്തിനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ല. എത്ര തിരക്കുണ്ടെങ്കിലും വീട്ടില്‍ കോലമിട്ടേ മതിയാകു. ഒരു വീട്ടില്‍ കോലം ഇട്ടില്ലെങ്കില്‍ ആ വീട്ടില്‍ എന്തോ ആപത്തുണ്ടായി എന്നാണ് അര്‍ത്ഥമെന്നും രാജലക്ഷ്മി പറയുന്നു.

വെള്ളിയും ചൊവ്വയും സ്‌പെഷ്യല്‍ കോലങ്ങള്‍ തയ്യാറാക്കും. ചിക്കുകോലങ്ങള്‍ പോലുള്ള വകഭേദങ്ങളും കോലങ്ങള്‍ക്കുണ്ട്. പണ്ടുകാലത്ത് ചാണകം മെഴുകി അരിപ്പൊടി കൊണ്ടാണ് കോലമിടുന്നത്. എന്നാല്‍ ഇന്ന് അരിപ്പൊടി കോലപ്പൊടിയ്ക്ക് വഴിമാറി. കല്ലും അരിപ്പൊടിയും ചേര്‍ത്തുണ്ടാക്കുന്നതാണ് കോലപ്പെടി. ഇത് ഉപയോഗിക്കുമ്പോള്‍ കൃത്യമായി വരയ്ക്കാനാകും എന്നതാണ് ഗുണം. 

ഉറുമ്പുകള്‍ ഉള്‍പ്പെടെയുള്ള ചെറുജീവികള്‍ക്ക് ഭക്ഷണമാവുകയാണ് കോലരൂപങ്ങളുടെ ധര്‍മ്മം. എന്നാല്‍ അരിപ്പൊടി കോലപ്പൊടിയ്ക്ക് വഴിമാറുന്നതോടെ കോലരൂപങ്ങള്‍ വെറും കലാരൂപങ്ങള്‍ മാത്രമായിമാറുന്നു.

കോലം വരച്ച് നിരവധി മത്സര ഇനങ്ങള്‍ ഫസ്റ്റ്‌പ്രൈസ് ഉള്‍പ്പെടുള്ള സമ്മാനങ്ങള്‍ ഇതിനോടകം രാജലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്. ക കോര്‍ണറിലെ അക്ഷരോത്സവ വേദിയിലെത്തിലെത്തിയാല്‍  രാജലക്ഷ്മി തീര്‍ത്ത കോലരൂപങ്ങള്‍ കാണം.


 

Content Highlights: Rice flower rangoli,MBIFL25, Arikkolam