ഏറ്റവും മികച്ച ഭരണസംവിധാനം ജനാധിപത്യമാണെന്ന് അനുഭവത്തില്‍ തോന്നിയിട്ടില്ല- സന്തോഷ് ജോര്‍ജ് കുളങ്ങര

#വിമല്‍ കോട്ടക്കല്‍
സന്തോഷ് ജോര്‍ജ് കുളങ്ങര, പോള്‍ സഖറിയ, ലിജീഷ് കുമാര്‍ | ഫോട്ടോ: ലതീഷ് പുവ്വത്തൂര്‍
സന്തോഷ് ജോര്‍ജ് കുളങ്ങര, പോള്‍ സഖറിയ, ലിജീഷ് കുമാര്‍ | ഫോട്ടോ: ലതീഷ് പുവ്വത്തൂര്‍

തിരുവനന്തപുരം: ലോകം കണ്ട രണ്ട് സഞ്ചാരികള്‍ മനസ്സു തുറക്കുകയായിരുന്നു കനകക്കുന്നില്‍. അക്ഷരങ്ങളിലൂടെ മലയാളികളെ ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോയ പ്രശസ്ത എഴുത്തുകാരന്‍ പോള്‍ സഖറിയയും ദൃശ്യങ്ങളിലൂടെ ഭൂഖണ്ഡങ്ങളെ വീടുകള്‍ക്കുള്ളിലെത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് 'ഉലകം ചുറ്റുന്ന രണ്ട് പാലാക്കാര്‍' എന്ന സെഷനില്‍ ഇരുവരും ഒരുമിച്ചത്.

സഞ്ചാരത്തിനുള്ള സഖറിയയുടെ പ്രലോഭനം ലോക സഞ്ചാരിയായ പൊറ്റെക്കാടാണെങ്കില്‍ സന്തോഷ് ജോര്‍ജിന് അത് സ്വന്തം ബന്ധുകൂടിയായ കത്തനാരായിരുന്നു! ആ കഥ സന്തോഷ് ജോര്‍ജ്ജ് പറയുന്നു. 

സന്തോഷിന്റെ അമ്മാവന്‍ ഒരു കത്തനാരായിരുന്നു. അദ്ദേഹം ബ്രസീലിലാണ് ജോലി ചെയ്തിരുന്നത്. എല്ലാ മാസവും വീട്ടിലേക്ക് കത്തയക്കും. പലര്‍ക്കും കത്തയക്കുമെങ്കിലും അതിന്റെയൊക്കെ അവസാനത്തെ രണ്ടു പേജ് കുട്ടികള്‍ക്കുള്ളതാണ്. അതില്‍ ആ നാട്ടിലെ ജീവിതം, ആളുകള്‍, അനുഭവങ്ങള്‍, സ്ഥലങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കും. ആ വര്‍ണന എല്‍.പി.സ്‌കൂളില്‍ പഠിക്കുന്ന സന്തോഷിനെ ഭ്രമിപ്പിച്ചു. കത്തനാരായാല്‍ ഇങ്ങനെ പല സ്ഥങ്ങളിലും സഞ്ചരിക്കാം. എങ്കില്‍ കത്തനാരായിക്കളയാമെന്നായി ചിന്ത. വളര്‍ന്നപ്പോള്‍ മനസ്സിലായി കത്തനാരാവാതെയും ലോകം ചുറ്റാം എന്ന്. പൊറ്റെക്കാട്ട് വാക്കുകളിലൂടെ വര്‍ണിച്ചതെല്ലാം കാഴ്ച്ചകളാക്കി മലയാളിക്ക് വേറിട്ട ലോകാനുഭവം പകര്‍ന്ന 'സഞ്ചാരം' ജനിക്കുന്നത് അങ്ങനെയാണ്.

തന്നെ ലോകം ചുറ്റിച്ചത് തന്റെ വായനക്കാരാണെന്നാണ് സഖറിയ പറഞ്ഞത്. 90 ശതമാനം യാത്രയും അവരുടെ ക്ഷണം സ്വീകരിച്ച് പോയതാണ്. ആഫ്രിക്കയില്‍ അഞ്ചു മാസം യാത്ര ചെയ്ത് എഴുതാന്‍ 'മാതൃഭൂമി'യാണ് ആവശ്യപ്പെട്ടത് - സഖറിയ പറയുന്നു. സംന്യാസിയോ മതപ്രഭാഷകനോ  രാഷ്ട്രീയക്കാരനോ പറയുന്നതു കേട്ടാല്‍ ആര്‍ക്കും മാനസിക വികാസമുണ്ടാവില്ല, എന്നാല്‍ സന്തോഷ് ജോര്‍ജ്ജിന്റെ യാത്രാവിവരണം കൊണ്ട് അത് സാധ്യമാവുമെന്നായിരുന്നു സഖറിയയുടെ വിമര്‍ശനാത്മകമായ അഭിപ്രായം. 'എനിക്ക് സന്തോഷിനെപ്പോലെ യാത്ര ചെയ്യാന്‍ കഴിയില്ല, കാരണം ഞാന്‍ ധനികനല്ല' എന്ന ഒരു കുസൃതിക്കമന്റ് കൂടി സഖറിയ പാസാക്കി. ഉടനെ വന്നു സന്തോഷിന്റെ മറുപടി ,''സാര്‍ കൂടുതല്‍ യാത്ര ചെയ്താല്‍ മതി, കൂടുതല്‍ ധനികനാവാം. 'ലിജീഷ് കുമാറായിരുന്നു മോഡറേറ്റര്‍.

യാത്രയില്‍ നിന്നുണ്ടായ തിരിച്ചറിവിനെക്കുറിച്ചുള്ള ചോദ്യത്തിന് സഖറിയ പറഞ്ഞത് ഇങ്ങനെ;' ഏറ്റവും നന്നായി കാര്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളോട് കൂറുണ്ട്. എന്നാല്‍ കേരളത്തില്‍ മലയാളി എന്ന നിസ്സഹായ ജനതയോട് കൂറും സ്നേഹവുമുള്ള ഒറ്റ രാഷ്ട്രീയ സംഘടനയേയും കണ്ടില്ല .നിര്‍ഭാഗ്യവശാല്‍ നമുക്ക് ഇവരെത്തന്നെ തിരഞ്ഞെടുക്കേണ്ടി വരുന്നു.'ഇതു കേട്ടപ്പോള്‍, ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം ഞാനും പറയാമെന്നായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. അദ്ദേഹം പറഞ്ഞത് , ഏറ്റവും മികച്ച ഭരണ സംവിധാനം ജനാധിപത്യമാണെന്ന് തന്റെ അനുഭവത്തില്‍ തോന്നിയിട്ടില്ല എന്നായിരുന്നു. ഏകാധിപതികള്‍ നന്നായി ഭരിക്കുന്ന രാജ്യങ്ങളുണ്ട്. ഭരിക്കുന്നവരുടെ നിലപാടാണ് പ്രധാനം എന്ന് അദ്ദേഹം പറയുന്നു.
 

Content Highlights: Santhosh George Kulangara, Paul Zacharia, mbifl 2024