പ്രധാനമന്ത്രിയുടെ പ്രതികരണം വൈകിയതിൽ രോഷവും സങ്കടവുമുണ്ട്: സാക്ഷി മാലിക്

തിരുവനന്തപുരം: ലൈംഗികാതിക്രമം നേരിടേണ്ടിവന്ന കായികതാരങ്ങള്‍ക്കുവേണ്ടി പോരാടിയതില്‍ അഭിമാനമുണ്ടെന്ന് ഗുസ്തിതാരം സാക്ഷിമാലിക്. സമൂഹത്തില്‍ സ്ഥാനമുള്ള, ശബ്ദമുള്ള തന്നെപ്പോലെയുള്ളവര്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ നിസ്സഹായരായ ആ പെണ്‍കുട്ടികള്‍ക്ക് എങ്ങനെ പ്രതികരിക്കാനാവും? ആര് അവര്‍ക്കു വേണ്ടി സംസാരിക്കും, സാക്ഷി മാലിക് ചോദിച്ചു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഗുസ്തി താരങ്ങളുടെ സമരം ദീര്‍ഘകാലം പരിഗണിക്കാതിരുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം വൈകിയതിലും രോക്ഷവും സങ്കടവുമുണ്ടെന്ന് സാക്ഷി പറഞ്ഞു. ദേശീയ ഗുസ്തി ഫെഡറേഷന്റെ ആ സമയത്തെ പ്രസിഡന്റ് ബ്രിജ്ഭൂഷണ് യാദവ് മോദിയുടെ പാര്ട്ടിക്കാരനായതിനാലാണ് അങ്ങനെ സംഭവിച്ചത്. മറ്റൊരു പാര്‍ട്ടിക്കാരനായിരുന്നെങ്കില്‍ അന്നേ അയാള്‍ ജയിലിലായേനേ.
പ്രധാനമന്ത്രി ബ്രിജ്ഭൂഷണെ പേടിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. എന്നാല്‍ ബ്രിജ് ഭൂഷണ് ശക്ത്തനാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അടുത്ത ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ പ്രയാസമില്ല. അതിനേക്കാള്‍ വലിയ കാര്യമാണ് സഹോദരീതുല്യരായ കായികതാരങ്ങളുടെ അന്തസ്സിനുവേണ്ടി പോരാടിയത്, സാക്ഷി മാലിക് പറഞ്ഞു.
Content Highlights: Sakshi Malik, mbifl 2024