'അപകടങ്ങളും പൊതുജനാരോഗ്യത്തിന്റെ ഭാഗം; ഗവേഷണത്തിന് ഡാറ്റ നൽകുന്നില്ല'

പനി വരുമ്പോൾ മതിയോ പൊതുജനാരോഗ്യം' എന്ന ചർച്ചയിൽ നിന്നും
പനി വരുമ്പോൾ മതിയോ പൊതുജനാരോഗ്യം' എന്ന ചർച്ചയിൽ നിന്നും

തിരുവനന്തപുരം: അപകടങ്ങൾ അടക്കം പൊതുജനാരോഗ്യത്തിന്റെ ഭാഗമാണെന്നും എന്നാൽ ഇതാരും പരിഗണിക്കാറില്ലെന്നും വി. രാമൻകുട്ടി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'പനി വരുമ്പോൾ മതിയോ പൊതുജനാരോഗ്യം' എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുൽഫി നൂഹ്, വി. മോഹനൻ നായർ എന്നിവരും പങ്കെടുത്തു. എ. അൽത്താഫ് മോഡറേറ്ററായി.

'സമൂഹത്തിന്റെ ആരോഗ്യമാണ് പൊതുജനരോഗ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വാഹനാപകടങ്ങളും മുങ്ങിമരണങ്ങളുമെല്ലാം പൊതുജനാരോഗ്യ പ്രശ്നമാണ്. എന്നാൽ ഇതാരും പരിഗണിക്കാറില്ല. ഇത്തരം വിഷയങ്ങളെ ശാസ്ത്രീയമായി സമീപിക്കുകയും ചർച്ച  ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതുമാണ്', വി. രാമൻകുട്ടി വ്യക്തമാക്കി. 

ആരോഗ്യം ആശുപത്രിക്ക് പുറത്താണെന്നും ആശയം മാറേണ്ട സമയമായിട്ടുണ്ടെന്നും വി. മോഹനൻ നായർ പറഞ്ഞു. 'പനി വരുമ്പോൾ ആരോഗ്യ സേവന ഇടപെടലാണ് വേണ്ടത് അല്ലാതെ പൊതുജനാരോഗ്യമല്ല. പനി വരാതിരിക്കാനും  അതിനുവേണ്ട മുന്നൊരുക്കൾ നടത്താനുമാണ് പൊതുജനാരോഗ്യം. ചികിത്സിക്കാൻ ഒരു വിഭാഗം ഡോക്ടർമാരും പൊതുജനാരോഗ്യത്തിന് മറ്റൊരു വിഭാഗം ഡോക്ടർമാരും എന്ന വേർതിരിവ് തന്നെ ശരിയല്ല. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാത്രം കാരണമല്ല ആരോഗ്യ സൂചികയിൽ കേരളം മികച്ച സ്ഥാനം നേടിയത്. പത്തു ഘടകങ്ങളിൽ അവസാനത്തേതാണ് അവർ', അദ്ദേഹം വ്യക്തമാക്കി. 

ആരോഗ്യമേഖലയിൽ ഗവേഷണത്തിനായി ആരോഗ്യ ഡയറക്ടറേറ്റിൽ നിന്ന് ഡാറ്റാ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഗവേഷണ സംസ്കാരം മാറണമെന്നും വി. മോഹനൻ നായർ കൂട്ടിച്ചേർത്തു. 

ആരോഗ്യമേഖലയ്ക്ക് കൂടുതൽ വിഹിതം അനുവദിക്കണമെന്ന് സുൽഫി നൂഹ് ആവശ്യപ്പെട്ടു. 'പണമില്ലാത്തതാണ് കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. നിലവിൽ ചെറിയ ശതമാനം പോലും ആരോഗ്യ മേഖലയ്ക്കു നൽകുന്നില്ല. ശുചിത്വം, കുടിവെള്ളം തുടങ്ങി എല്ലാത്തിനുമായി ദേശീയ തലത്തിൽ 1.2% ആണ്  ആരോഗ്യ മേഖലയ്ക്ക് നൽകിയത്. 2050 അല്ലെങ്കിൽ അടുത്ത നൂറ്റാണ്ടായിരിക്കണം നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യത്തിനായി നമ്മൾ പരിശ്രമിക്കണം', അദ്ദേഹം വ്യക്തമാക്കി.

Content Highlights: mbifl 2024 public health