ISRO-യ്ക്ക് ഇതുവരെ ഒരു ചെയർവുമൺ ഉണ്ടായിട്ടില്ല, ശാസ്ത്രമേഖലയിലും സ്ത്രീകൾക്ക് അവഗണന- അശ്വിൻ ശേഖർ

വാൽനക്ഷത്രങ്ങൾക്കിടയിൽ ഒരു മലയാളി എന്ന സെഷനിൽ നിന്ന്
വാൽനക്ഷത്രങ്ങൾക്കിടയിൽ ഒരു മലയാളി എന്ന സെഷനിൽ നിന്ന്

തിരുവനന്തപുരം: ലോകത്തിൽ എല്ലായിടത്തും വനിതാ ശാസ്ത്രജ്ഞർ വിവേചനം നേരിടുന്നുണ്ടെന്ന് ഉൽക്കാ ശാസ്ത്രജ്ഞൻ അശ്വിൻ ശേഖർ. മാധ്യമപ്രവർത്തകൻ ജോസഫ് ആന്റണിയും തമ്മിൽ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'വാൽ നക്ഷത്രങ്ങൾക്കിടയിലെ ഒരു മലയാളി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലും വനിതാ ശാസ്ത്രജ്ഞർ അവഗണന നേരിടുന്നുണ്ട്. ഇതുവരെ ഇസ്രോയിൽ ചെയർമാൻ  അല്ലാതെ ഒരു ചെയർവുമൺ ഉണ്ടായിട്ടില്ല. പലയിടങ്ങളിലും വി.സിമാരായിട്ടുപോലും വനിതകൾ നിയോഗിക്കപ്പെട്ടിട്ടില്ല. ഇതിനെക്കുറിച്ച് സയൻസ് മേഖലയിലുള്ളവരടക്കം ബോധവാന്മാരാകേണ്ടതുണ്ട്- അശ്വിൻ ശേഖർ പറഞ്ഞു.

കുറഞ്ഞ സെക്കൻഡുകൾ മാത്രമാണ് ഉല്‍ക്കാവർഷത്തിന്റെ സമയപരിധി. അതുകൊണ്ട് തന്നെ പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. മറ്റു പലതിനേയും നിരീക്ഷിക്കാൻ ഒരുപാട് സമയം ലഭിക്കുമെങ്കിലും ഉല്‍ക്കാ പഠനങ്ങളുടെ കാര്യം അങ്ങനെ അല്ല. ഉല്‍ക്കകളെക്കുറിച്ച് പ്രവചിക്കുക എന്നത് വെല്ലുവിളിനിറഞ്ഞ കാര്യമാണ്. ഈ ഒരു പരിമിധി കൊണ്ടു മാത്രമാണ് ഉല്‍ക്കകളെക്കുറിച്ചുള്ള പഠനങ്ങൾ ഇതുവരെ അധികം ഉണ്ടാകാത്തത്. അടുത്ത കാലത്ത് മാത്രമാണ് ഇതുസംബന്ധിച്ച പഠനങ്ങൾ വന്നുതുടങ്ങിയത്- 'ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍' എന്ന് അസ്‌ട്രോണമിക്കല്‍ യൂണിയന്‍ പരിചയപ്പെടുത്തിയ അശ്വിൻ ശേഖർ പറഞ്ഞു.

സ്റ്റീഫൻ ഹോക്കിങ്ങിനെ കാണാൻ പോയത് ജീവിതത്തിൽ വളരെ ഏറെ മഹത്തായ നിമിഷമെന്നും ഹോക്കിങ്ങുമായുള്ള സംഭാഷണവും അശ്വിൻ ശേഖർ സെഷനിൽ ഓർത്തെടുത്തു. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ കാണാൻ പോയ അനുഭവവും, കുട്ടിക്കാലത്ത് സ്കൂൾ കട്ട് ചെയ്തടക്കം ഉൽക്കാവർഷം കാണാൻ വേണ്ടി കാത്തിരുന്ന കഥയും അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്നതിനിടയിൽ കൂട്ടിച്ചേർത്തു.

ഉൽക്കാ പഠനം പ്രാചീന ശാസ്ത്രമല്ലെ, ആധുനിക ശാസ്ത്രമാണ്. ഉൽക്കാ ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സിദ്ധാന്തങ്ങൾ കണ്ടുപിടിച്ചത് 2010-ന് ശേഷം മാത്രമാണ്- ജോസഫ് ആന്റണി പറഞ്ഞു. അശ്വിൻ ശേഖറിനെക്കുറിച്ചും അദ്ദേഹത്തിന്റെ പഠന രംഗത്തെക്കുറിച്ചും കേരളത്തിലെ സയൻസ് തൽപ്പരരായ ആദിവാസി മേഖലകളിൽ നിന്നടക്കമുള്ള കൂട്ടികൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളും  ജോസഫ് ആന്റണി വിവരിച്ചു.

Content Highlights: mathrubhumi.com mbifl 2024 ashwin shekhar and joseph antony