ഗുരു എല്ലാവരുടെ ഉള്ളിലുമുണ്ട്... യതിയെന്ന ഗുരുസാഗരം നീന്തി സമദാനി

തിരുവനന്തപുരം: രണ്ടര പതിറ്റാണ്ടുകള്‍ക്കപ്പുറം മറഞ്ഞ ജ്ഞാനസൂര്യന്റെ വെളിച്ചം തിരയുകയായിരുന്നു പ്രഭാഷകനായ അബ്ദുസമദ് സമദാനി എം.പി. ഗുരുവിന്റെ കൂടെ കഴിഞ്ഞ നിമിഷങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും അനുസ്മരിച്ച 'ജ്ഞാനത്തിന്റെ നിത്യ ചൈതന്യം' എന്ന പ്രഭാഷണം അദ്ദേഹത്തിനുള്ള സ്മരണാഞ്ജലിയായി. ഓര്‍മകള്‍ തികട്ടിയപ്പോള്‍ പലപ്പോഴും അദ്ദേഹത്തിന് തൊണ്ടയിടറി. സമദാനിയുടെ വാക്കുകള്‍ ..
അതിരില്ലാത്ത ഗുരു...
ഭാഷകളുടെയും ദേശങ്ങളുടേയും അതിര്‍ത്തിയില്ലാത്ത തത്വജ്ഞാനിയായിരുന്നു ഗുരു. ഏറ്റവും നല്ല ജീവിതം പഠിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കുമാരനാശാന്റെ കവിതകളിലേക്ക് മനശ്ശാസ്ത്രപരമായി ആഴ്ന്നിറങ്ങിയ മറ്റൊരാളില്ല. അപ്പോഴും ഗുരു പറഞ്ഞു ;'ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും വലിയ ഫിലോസഫര്‍മാര്‍ ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാരാണ് ''
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍...
ഗുരുവിന്റെ കൂടെ പലപ്പോഴും ഒരുമിച്ചുണ്ടായി. എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. കുട്ടികള്‍ ആപ്പിള്‍ മുറിച്ചു കൊടുത്തപ്പോള്‍ അത് ഇങ്ങനെയല്ല മുറിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്തു. ചെറിയ ചെറിയ കാര്യങ്ങളില്‍ നിന്ന് വലിയ ലോകത്തിലേക്ക് പടര്‍ന്നയാളായിരുന്നു ഗുരു. ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്നുറങ്ങിയിട്ടുണ്ട് ഞങ്ങള്‍. പലരും പറയാറുണ്ട് ,സമദാനി ഇതൊക്കെ എല്ലായിടത്തും പറയണം. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ ഓര്‍ത്തിട്ടാവണം അവര്‍ അങ്ങനെ ആവശ്യപ്പെടുന്നത്.
ഗുരു എല്ലാവരുടെ ഉള്ളിലുമുണ്ട്...
ഗുരുവിനെ ആര് കണ്ടു മുട്ടുന്നുവോ അയാള്‍ സമാധാന ചിത്തനാവും. അദ്ദേഹത്തിന്റെ ചിന്തകളെ സ്വായത്തമാക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കണം. നമ്മുടെ ചോദ്യത്തിന് ഉത്തരം പറയാനല്ല ,മറിച്ച് ഉത്തരം കണ്ടെത്താന്‍ നമ്മെ പ്രാപ്തരാക്കാനാണ് ഗുരു ശ്രമിക്കുക.
Content Highlights: M. P. Abdussamad Samadani and Nitya Chaitanya Yati