അത് മറ്റൊരു സിനിമയ്ക്കുവേണ്ടി എഴുതിയ വരികൾ, ഇഷ്ടപ്പെട്ട് ഞാൻ ചോദിച്ചുവാങ്ങുകയായിരുന്നു: ജയചന്ദ്രൻ

നെഞ്ചില്‍നിന്ന് ഒരീണം പിറന്നു. അതിലേക്ക് മനസ്സുതുറന്നെടുത്ത അക്ഷരങ്ങള്‍ ചേര്‍ന്നു. അത്ഭുതം കണ്ടും കേട്ടുമിരുന്ന ആള്‍ക്കുട്ടത്തിനുമുന്നില്‍ 'ക'യുടെ പാട്ട് വിരിഞ്ഞു.
'ക കഥ കവിത രസമിതാ...
ഈ ഇടം അറിവിന്‍ നിറവിടം
വാക്കിന്‍ അടരുകള്‍ പൂക്കും പല മൊഴികേള്‍ക്കും
സാഹിതിതന്‍ ഇടമിത്...'
വേദിയില്‍, നിമിഷാര്‍ധംകൊണ്ട് ഈണം മെനഞ്ഞ സംഗീത സംവിധായകള്‍ എം.ജയചന്ദ്രനും അതിന് അതിവേഗം വരികള്‍ കൊടുത്ത ഗാനരചയിതാവ് ബി.കെ.ഹരിനാരായണനും. ഇരുവരും പാട്ടുകൊണ്ടു കൂട്ടുതീര്‍ത്ത പകലിനൊടുവില്‍ കേട്ടത് 'ക' യെ സ്വന്തമാക്കിയ ഗാനം. ഇതേ ഗാനം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സമാപാനവേദിയിലും രണ്ടു പേരും ചേര്‍ന്ന് പാടി.
പാട്ടും എഴുത്തും എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കുപകരം പാട്ട് ചോദ്യവും ഉത്തരവുമായി. മോഹനത്തിലും ആഭേരിയിലും നാട്ടയിലും പന്തുവരാളിവിലും മഹാരഥന്മാര്‍ മെനഞ്ഞ പാട്ടുകള്‍ ഇരുവരും ഓര്‍ത്തെടുത്തു. ജയചന്ദ്രന്‍ ഹൃദയാര്‍ദ്ര സ്വരത്തില്‍ അവ പാടി. തന്റെ ചില പാട്ടുകളുടെ രാഗം ഗണിച്ചെടുക്കാന്‍ നില്‍ക്കാറില്ലെന്നും വരികള്‍ക്ക് മനസ്സില്‍ വിരിയുന്ന ഈണം കൊടുക്കുകയാണ് ഇപ്പോള്‍ പതിവെന്നും ജയചന്ദ്രന്‍ പറഞ്ഞു.
വരികളുടെ അര്‍ഥമറിഞ്ഞ് ഈണമിട്ടാലേ ഭാവം വരൂ. അകലേ... എന്നു തുടങ്ങുന്ന വരികള്‍ ദീര്‍ഘമാവണം. അരികില്‍ എന്നുതുടങ്ങുന്ന വരികള്‍ ഹ്രസ്വമായില്ലെങ്കില്‍ അരികില്‍ എന്നു തുടങ്ങിയാലും ദൂരേ എന്നേ തോന്നു. ജൂണിലെ നിലാമഴയില്‍.. എന്നു തുടങ്ങുന്ന വരികള്‍ ഗിരീഷ് പുത്തഞ്ചേരി മറ്റൊരു സിനിമയ്ക്കു വേണ്ടി എഴുതിയതായിരുന്നു. വരികള്‍ കണ്ട് മോഹിച്ച് ഞാന്‍ അവ ചോദിച്ചുവാങ്ങി ഈണമിടുകയായിരുന്നു. ചില സംവിധായകര്‍ക്ക് ഇഷ്ടമാവാത്തതിനാല്‍ സിനിമയില്‍ ഇടംകിട്ടാതെപോയ വരികള്‍ വേറെ സിനിമയില്‍ ഉപയോഗിക്കുകയും സൂപ്പര്‍ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. സ്‌നേഹവും നൊമ്പരവും മനുഷ്യരില്‍ ഉണ്ടാവുന്ന കാര്യങ്ങളായതിനാലാണ് തന്റെ പല പാട്ടുകളിലും അതുള്ളത് - ജയചന്ദ്രന്‍ പറഞ്ഞു.
ഒരിക്കല്‍ മലയാളിയുടെ മനസ്സില്‍ എഴുത്തും ഈണവുമായിരുന്ന പലരും ഓര്‍മകളില്‍ വേദിയിലെത്തി. പി.ഭാസ്‌കരന്‍, ഒ .എന്‍. വി., ദക്ഷിണാമൂര്‍ത്തി, വയലാര്‍, ദേവരാജന്‍, രവീന്ദ്രന്‍...
ഹൃദയത്തില്‍ മധുപാത്രം എന്ന ഗാനത്തില്‍ത്തുടങ്ങി പല പാട്ടുകള്‍ പാടി ജയചന്ദന്‍. ഇന്നലെ എന്റെ നെഞ്ചിലെ.. എന്ന സ്വന്തംപാട്ടുപോലെ ബി.കെ.ഹരിനാരായണന്‍ വരികളെഴുതിയ ഓഞ്ഞോലിക്കുരുവീ.. എന്ന പാട്ടും അദ്ദേഹം ആലപിച്ചു.
പോക്കുവെയില്‍ പൊന്നൊഴുക്കിയ വേദിയില്‍ പാട്ട് പ്രേമമായ് നിറഞ്ഞു. 'ക' യ്ക്ക് സുന്ദര സമാപനം.
Content Highlights: M. Jayachandran, mbifl 2024