സാക്ഷിയോടുള്ള ചോദ്യം ഭാഗീരഥിയുടെ കവിതയ്ക്ക് വിത്തിട്ടു

1. ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം എന്ന പരിപാടിയുടെ ഭാഗമായി എഴുതുന്നവർ, 2. മാതൃഭൂമി അക്ഷരോത്സവ വേദിയിൽ സാക്ഷി മാലിക്ക് സംസാരിക്കുന്നു | ഫോട്ടോ: മാതൃഭൂമി
1. ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം എന്ന പരിപാടിയുടെ ഭാഗമായി എഴുതുന്നവർ, 2. മാതൃഭൂമി അക്ഷരോത്സവ വേദിയിൽ സാക്ഷി മാലിക്ക് സംസാരിക്കുന്നു | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ബെംഗളൂരുവില്‍ ഐ.ടി. മേഖലയിലായിരുന്നു ഭാഗീരഥിക്ക് ജോലി. അക്ഷരങ്ങളാണ് തന്റെ ലോകം എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഭാഗീരഥി ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. അക്ഷരങ്ങളോടും എഴുത്തിനോടുമുള്ള ഇഷ്ടം ഭാഗീരഥിയെ മാതൃഭൂമി അക്ഷരോത്സവവേദിയില്‍ എത്തിച്ചു.  

ഇന്ത്യയുടെ അഭിമാനമായ ഗുസ്തിതാരം സാക്ഷി മാലിക്കിനെ കേട്ട ശേഷമാണ് ഭാഗീരഥി മാതൃഭൂമി അക്ഷരോത്സവത്തിലെ 'ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രം' എന്ന പരിപാടിയിലേക്ക് എത്തിയത്. ശാപമാകുന്ന അനുഗ്രഹം എന്ന വിഷയം കേട്ടപ്പോള്‍, എന്തെഴുതണം എന്ന കാര്യത്തില്‍ ഭാഗീരഥിക്ക് മറ്റൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. താന്‍ തൊട്ടുമുമ്പ് കേട്ട, സാക്ഷി മാലിക്കിനോടായി ഒരു യുവതി ചോദിച്ച ചോദ്യത്തിൽ നിന്നേറ്റ ചൂട് ഭാഗീരഥിയുടെ തൂലികയിലൂടെ പുറത്തേക്കൊഴുകി.

മാതൃഭൂമി അക്ഷരോത്സവത്തിൽ 'ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം' 

അക്ഷരോത്സവ വേദിയിലെ നിശ്ചിത നിമിഷങ്ങളില്‍ എഴുതിത്തീര്‍ത്ത തന്റെ കവിതയില്‍ സാക്ഷിയോടെന്നവണ്ണം ഭാഗീരഥി പറഞ്ഞു, 

'ഞാനൊരു സ്ത്രീയാണ്
എല്ലാവരും എന്നോട് പറഞ്ഞു, 
ഞാനൊരു അനുഗ്രഹമാണെന്ന്,
വീടിന്റെ വെളിച്ചമാണെന്ന്
എന്റെ ഇഷ്ടത്തിന് ജീവിച്ചപ്പോള്‍ 
അവര്‍ പറഞ്ഞു, ഞാനൊരു ശാപമാണ്, 
നിന്നെക്കണ്ട് മറ്റ് കുട്ടികള്‍ വഴിതെറ്റുമെന്ന്...'

മാതൃഭൂമി അക്ഷരോത്സവവേദിയില്‍ സാക്ഷി മാലിക്കിനോട് കാണികളിലൊരാള്‍ ചോദിച്ച ചോദ്യമാണ്  തന്റെ കവിതയ്ക്ക് പ്രചോദനമായതെന്ന് ഭാഗീരഥി മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ഗുസ്തി താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പോലും ലൈംഗികാതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വരുംതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് എന്ത് പ്രതീക്ഷയാണ് നല്‍കാന്‍ കഴിയുക എന്നതായിരുന്നു ആ ചോദ്യം. അതിന് സാക്ഷി നല്‍കിയ മറുപടി കേള്‍ക്കാന്‍ പോലും കഴിയാത്തവിധം ആ ചോദ്യം തന്നെ അസ്വസ്ഥപ്പെടുത്തിയെന്ന് ഭാഗീരഥി കവിതയില്‍ പറയുന്നു. 

ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം വേദിയിൽ സ്മാർട്ട് ഫോണിൽ കവിത എഴുതുന്ന ഭാഗീരഥിയും നിരഞ്ജനാ ദേവിയും

ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രുതി .വി ആയിരുന്നു കൂട്ടത്തിലെ പ്രായം കുറഞ്ഞ എഴുത്തുകാരി. തന്റെ ജനനത്തോടെ അമ്മ മരിച്ച കുഞ്ഞിനെ വീട്ടുകാര്‍ ശാപമായി കാണുന്നതും പിന്നീട് സ്വപ്രയത്‌നത്താല്‍ ആ കുഞ്ഞ് സ്വയം അനുഗ്രഹമായി മാറുന്നതും ഇതിവൃത്തമായ മനോഹരമായ കുഞ്ഞുകഥയാണ് ശ്രുതി എഴുതിയത്.

1. ശ്രുതി കഥയെഴുതുന്നു, 2. ശ്രുതി എഴുതിയ കഥ

കാലമാകുന്ന സമ്മാനത്തിന് ലോകത്തെ എല്ലാ ശാപങ്ങളേയും മായ്ച്ചുകളായാന്‍ കഴിയുമെന്ന ആശയമാണ് തന്റെ കവിതയിലൂടെ നിരഞ്ജനാ ദേവി പങ്കുവെച്ചത്. ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം കൂട്ടായ്മയിലെ അംഗം കൂടിയാണ് നിരഞ്ജന.  

ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രം

മാതൃഭൂമി അക്ഷരോത്സവത്തിലെ വളരെ വ്യത്യസ്തമായൊരു പരിപാടിയായിരുന്നു 'ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രം'. മറ്റെല്ലാ പരിപാടികളിലും സദസ്സിലുള്ളവര്‍  കേള്‍വിക്കാരാണെങ്കില്‍ ഇവിടെ കാണികള്‍ എഴുത്തുകാര്‍ കൂടിയായിരുന്നു. മറ്റുപരിപാടികള്‍ ശബ്ദസാന്ദ്രമായിരുന്നെങ്കില്‍ നിശബ്ദതയായിരുന്നു ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രത്തിന്റെ മുഖമുദ്ര.

വേദിയിലും സദസ്സിലുമുള്ള എല്ലാവരും അപ്പോള്‍ നല്‍കുന്ന വിഷയത്തില്‍ എന്തെങ്കിലും എഴുതുകയാണ് ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രം. ഇതേ പേരിലുള്ള തിരുവനന്തപുരത്തെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തേ കൂട്ടായ്മയുടെ ഭാഗമായവര്‍ക്ക് പുറമെ പുറത്തുനിന്നുള്ളവര്‍ക്കും എഴുതാന്‍ അവസരമുണ്ടായിരുന്നു. 

ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം. വലതുഭാഗത്ത് ഇരിക്കുന്നത് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന നാരായൺ മേനോൻ

ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രം കൂട്ടായ്മയുടെ അമരക്കാരനായ നാരായണ്‍ മേനോന്‍ ആണ് പരിപാടി നയിച്ചത്. എഴുത്തിനുള്ള വിഷയം നല്‍കി നിശ്ചിത ഇരുപത് മിനുറ്റ് കൊണ്ട് ഹൗസ് ഓഫ് ബുക്ക്‌സ് എന്ന വേദിയില്‍ കവിതകളായും കഥകളായുമെല്ലാം നിരവധി രചനകളാണ് വിരിഞ്ഞത്. ഇംഗ്ലീഷിലോ മലയാളത്തിലോ മറ്റേത് ഭാഷയിലോ എഴുതാന്‍ ഇവിടെ അവസരമുണ്ടായി. നോട്ടുപുസ്തകങ്ങളിലും കടലാസുകളിലും തുടങ്ങി മൊബൈല്‍ ഫോണിലെ റൈറ്റിങ് ആപ്പുകളില്‍ വരെ തങ്ങളുടെ സര്‍ഗാത്മകത പകര്‍ത്തിയ സജീവമായ സദസ്സായിരുന്നു ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രത്തില്‍ ഉണ്ടായിരുന്നത്.

Content Highlights: 'Let's write Trivandrum', a writing session in Mathrubhumi International Festivel of Letters 2024