നഷ്ടത്തിലുണ്ട് സന്തോഷത്തിന്റെ താക്കോല്‍ -ജോസഫ് അന്നംകുട്ടി ജോസ്

#കെ.ആര്‍. പ്രഹ്‌ളാദന്‍
ജോസഫ് അന്നംകുട്ടി ജോസ്  | ഫോട്ടോ: ഷഹീര്‍ സി.എച്ച്‌
ജോസഫ് അന്നംകുട്ടി ജോസ് | ഫോട്ടോ: ഷഹീര്‍ സി.എച്ച്‌

നഷ്ടങ്ങളിലാണ് സന്തോഷത്തിന്റെ താക്കോലിരിക്കുന്നതെന്ന് എഴുത്തുകാരന്‍ ജോസഫ് അന്നംകുട്ടി ജോസ്. നഷ്ടങ്ങളില്‍ നിരാശ വേണ്ടതില്ല. ആ സമയത്ത് ശാന്തമായി ഇരുന്നാല്‍ അവിടെ നിന്ന് സന്തോഷത്തിലേക്കുള്ള വഴി കണ്ടെത്താന്‍ കഴിയും. മാതൃഭൂമി അന്താരാഷ്ട്രഅക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിലെ ഏത് ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്തണം. വണ്ടിയുമായി വരുമ്പോള്‍ അച്ഛന്‍ ഗേറ്റ് തുറന്ന് തന്നാല്‍ അതൊരു സന്തോഷ നിമിഷമായി. അമ്മയൊരു കപ്പ് കാപ്പി തന്നാല്‍ അതും ആനന്ദം. സഹോദരങ്ങള്‍ സംസാരിച്ചാല്‍ അതും നല്ലതായി കാണണം. മറ്റുള്ളവരെ അംഗീകരിക്കുക, അവരെ അഭിനന്ദിക്കുക ഒക്കെ ജീവിതത്തില്‍ ഉണ്ടാകണം. 

എന്നെ തുടര്‍ച്ചയായി അസഭ്യം അയക്കുന്ന ഒരാളുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പ്രതികരിച്ചില്ല. നിരന്തരം പ്രതികരിക്കാതെ വന്നതോടെ അയാള്‍ എന്നെ തിരക്കാന്‍ തുടങ്ങി. എവിടെ എന്നൊക്കെ. അയാള്‍ക്കും ആകാംക്ഷയായി. പിന്നെ ആ ആക്രമണത്തിന്റെ തീവ്രത കുറഞ്ഞു. അദ്ദേഹത്തിന്റെ പേര് ജന്റില്‍ ജയിംസ് എന്നായിരുന്നു. ആ പേര് എനിക്കൊരു റേഡിയോ ഷോയ്ക് വിഷയമായി. അതു പോലും നമുക്ക് പ്രയോജനപ്പെടുത്താം.

നിരാശ കാരണം സ്വയം വെടിവെച്ച് മരിക്കാന്‍ തീരുമാനിച്ച ഒരു പട്ടാളക്കാരന്‍ എന്റെ വീഡിയോ കണ്ട് തീരുമാനം മാറ്റി. തന്റെ സംസാരം തന്നെ അയാള്‍ക്ക് ആശ്വാസമായെന്ന് പറഞ്ഞു. അതൊരു അനുഗ്രഹമായി താന്‍ കാണുന്നു- ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു.

Content Highlights: joseph annamkutty jose mbifl