മേളം പഠിക്കാൻ ചെന്നപ്പോൾ ജയറാമിനോട് മട്ടന്നൂർ ചോദിച്ചു; നാമം ചൊല്ലാൻ അറിയുമോ?

തിരുവനന്തപുരം: മേളത്തില്‍ തരികിട ഉണ്ടോ.. ചോദ്യത്തില്‍ ഒട്ടും അമ്പരക്കാതെ ജയറാം മറുപടി നല്‍കി. ഇല്ല. ജയറാമിന് അകമ്പടിയായി ആശാന്‍മാരുടെ തനിയാവര്‍ത്തനം. ഇല്ലേയില്ല. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ വാക്കുകളില്‍ കൊണ്ടും കൊടുത്തും പിന്നെ ഒപ്പംചേര്‍ന്ന് കൂട്ടിക്കൊട്ടിയും പെരുവനം കുട്ടന്‍മാരാരും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരും ജയറാമുമായി വാക്കിന്റെ പൂരകാലമൊരുക്കി.
ഒരു പാട്ടൊഴുകി വരുന്ന ലാഘവത്തോടെ ഒരു സൂത്രചോദ്യമെറിഞ്ഞ് ബി.കെ.ഹരിനാരായണന്‍. ചെണ്ടവട്ടത്തില്‍ ഒന്ന് മുട്ടിനോക്കിയവന് മുന്നില്‍ ഒരു പാണ്ടിയുടെ വസന്തം തീര്‍ത്തപോലെ മൂവരും വാക്കുകള്‍ കൊണ്ട് അക്ഷരകാലമൊരുക്കി നിന്നു. മേളത്തില്‍ തരികിട ഇല്ലെന്ന് മാത്രമല്ല മേളക്കാരാരും തരികിടക്കാരല്ലന്നും ആശാന്‍മാര്‍ പറഞ്ഞ് വെച്ചു. തക്കിട്ട പഠിച്ചാല്‍ കൊട്ടാനാകും. പക്ഷേ തരികിട കൂടി കടന്നാല്‍ പ്രഗത്ഭനാകാം എന്ന് പെരുവനം പറഞ്ഞ് വെച്ചു. ( സദസില്‍ ചിരിയമിട്ട്).
സിനിമാക്കാരനെ ഇത്രവേഗം കൊട്ട് പഠിപ്പിച്ചോ എന്ന വിസ്മയിക്കുന്നവരുണ്ടെന്ന് ഹരി. എളുപ്പമായിരുന്നോ എന്ന് ആശാന്‍ പറയട്ടെ എന്ന മട്ടില്‍ ജയറാം പ്രമാണിയെപ്പോലെ ഇടത്തേക്ക് നോക്കി കണ്ണിറുക്കി. ഗുരുവിന്റെ ശിഷ്യനാകുമ്പോള്‍ മോശമാകില്ലന്ന് മട്ടന്നൂര്‍ തിരിച്ചുകൊട്ടി. താത്പര്യത്തോടെ വരുന്നവന് വിഷയം എളുപ്പമാകുമെന്ന് പെരുവനം കൂട്ടിക്കൊട്ടിച്ചേര്‍ത്തു. സിനിമയില്‍ നിന്ന് പാണ്ടിയും പഞ്ചാരിയും കടന്നുള്ള യാത്രയിലേക്ക് ജയറാം പിന്നെ കടന്നുപോയി.മാര്‍ഗ്ഗി കൃഷ്ണദാസിനെയും പല്ലശ്ശന നന്ദകുമാറിനെയും ഓര്‍ത്തു. പൂര്‍ണത തേടി നടക്കവെ മട്ടന്നൂര്‍ ഭവനത്തിന് തൊട്ടടുത്ത് എത്തിയ കാലത്തേക്ക് മടങ്ങി.കാല്‍ക്കല്‍ വീണ് ശിഷ്യനായി ചേര്‍ക്കണമെന്ന് അപേക്ഷിച്ചത് മട്ടന്നൂര്‍ അംഗീകരിച്ചത് പറഞ്ഞ് പോകവെ ആശാന്‍ ഇടപെട്ടു.
ജയറാമിന്റെ ഉള്ളില്‍ വാദ്യമുണ്ടായിരുന്നുവെന്ന് ചേര്‍ത്തു.പെരുവനം അത് ശരിവെച്ചു. പഠിക്കാന്‍ ചെന്നപ്പോള്‍ മട്ടന്നൂര്‍ തിരക്കിയത് നാമം ജപിക്കാന്‍ അറിയുമോ എന്നായിരുന്നുവെന്ന് ജയറാം. ഹരഹര ശിവനമ.. എന്ന് ജപിക്കുമ്പോള്‍ താളം ഇങ്ങനെ..( കൊട്ടിക്കൊണ്ട്)
അത് തുടര്‍ന്നാല്‍ പഞ്ചാരിക്ക് തുടക്കം. ഹരഹരഹരഹര ശംഭോ ശിവനമ എന്ന് ചൊല്ലിയാല്‍ രണ്ടാം ഭാഗം. അച്ഛനും അമ്മയും പോലെ ഇരുഭാഗം.ജുഗല്‍ബന്ദിക്ക് പ്രമാണിക്കാന്‍ നില്‍ക്കവെ ആദ്യം സംശയിച്ച അമ്മന്നൂര്‍ മാധവ ചാക്യാര്‍ ഒടുവില്‍ അനുഗ്രഹിച്ച നിമിഷം ജയറാം ഓര്‍ത്തു.കേരളത്തിലെ രണ്ട് പ്രമാണിമാര്‍ക്കൊപ്പം കൊട്ടാനായതിലുള്ള സന്തോഷം ഒപ്പം ചേര്‍ത്ത് വെച്ചു.
ഇലഞ്ഞിച്ചോട്ടില്‍ പാണ്ടി കൊലുമ്പുന്നതും പെരുവനത്തിന് ഇറക്കപഞ്ചാരിയ്ക് മധുരകാലം വിരിയുന്നതും കുട്ടന്‍മാരാര്‍ക്കുള്ള ദക്ഷിണ പോലുള്ള ശിഷ്യന്റെ വാക്കായി.വാദ്യത്തിന്റെ സാധ്യതകളിലേക്ക് പോകവെ മട്ടന്നൂര്‍ ഇതിനിടെ ചെണ്ട അകമ്പടിയായി കഥകളിപ്പദങ്ങളിലേക്ക് കാലം കടത്തിനിര്‍ത്തി.
പാണ്ടിയുടെ രൂപഭേദങ്ങളെക്കുറിച്ച് പറയവെ അതില്‍ ലാവണ്യം കാണുന്നത് തനിക്കുള്ള അംഗീകാരമെന്ന് പെരുവനം. പാണ്ടിയുടെ ഒരു ഘട്ടത്തില്‍ അതുണ്ട്. പിന്നെ ദൗദ്രതാളത്തിലേക്ക് മുഖം മാറുമെന്ന് മാത്രം.താളമാറ്റങ്ങളുടെ ഗതിയറിയിക്കാന്‍ മൂവരും ഒന്ന് പിടിച്ചു നോക്കി.തായമ്പകയുടെ ആദ്യഘട്ടം. മട്ടന്നൂരിന്റെ പുഞ്ചിരിക്കൊട്ടിനെ അകമ്പടി ചേര്‍ക്കാന്‍ ജയറാമും പെരുവനവും ചിരിക്കാലം തുറന്ന് പിടിച്ചു.
സദസിനുള്ള വിരുന്ന് വരുന്നതേയുള്ളൂ എന്ന് പ്രഖ്യാപിച്ച് മൂവരും പാണ്ടിയുടെ പതിഞ്ഞ പതികാലത്തിലേക്ക് ഒന്നു പോയി വന്നു. പിന്നെ പഞ്ചാരിയുടെ ഏറ്റവും മധുരമുളള കാലപകര്‍ച്ചയുടെ ഒരു ഭാഗത്ത് കൂടി ചെണ്ട വിരുന്നുപോയി. ജയറാം അഭിനയചക്രവര്‍ത്തിയായി തുടരട്ടെ എന്ന് പെരുവനം. സമ്മതിച്ച് മട്ടന്നൂര്‍. ചെണ്ടയില്‍ ഈ കുട്ടി തുടര്‍ന്നെങ്കില്‍ വാദ്യത്തില്‍ കേമമായേനെ എന്ന് പണ്ട് പെരുവനം പറഞ്ഞത് ജയറാം ഓര്‍മ്മിപ്പിച്ചു. പക്ഷേ ജയറാം തനിമേളക്കാരനാവേണ്ടതില്ലന്ന് ഇടം വലം ആശാന്‍മാര്‍ പെരുക്കി.ചിരിയില്‍ കൂട്ടിക്കൊട്ടി കലാശം.