ഇന്നത്തെ തുർക്കിയാണ് നാളത്തെ ഇന്ത്യ - ഹരിത സാവിത്രി

തിരുവനന്തപുരം: ഇന്നത്തെ തുർക്കിയാണ് നാളത്തെ ഇന്ത്യയെന്ന് എഴുത്തുകാരി ഹരിത സാവിത്രി. മുറിവേറ്റവരുടെ പാതകൾ എന്ന തന്റെ പുസ്തകം നാളെ ഇന്ത്യയിലും ഇതൊക്കെ സംഭവിക്കുമെന്ന താക്കീതാണെന്നും ഹരിത സാവിത്രി പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'നോവലിലെ ജീവിതം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു. എഴുത്തുകാരായ സോണിയ ചെറിയാൻ, കെ. അഖിൽ എന്നിവർ പങ്കെടുത്ത സെഷനിൽ ഷാഖിയ എസ്. പ്രിയംവദ മോഡറേറ്ററായി.
തുർക്കിയിലെ ജനങ്ങളെ കുറിച്ചെഴുതാൻ ആരുമില്ലാത്തതു കൊണ്ടാണ് അവരെക്കുറിച്ച് എഴുതാൻ തീരുമാനിച്ചത്. വംശഹത്യ, ന്യൂനപക്ഷത്തെ അടിച്ചമർത്തൽ തുടങ്ങി പല സംഭവങ്ങളും ഇന്ന് ഇന്ത്യയിലും നടക്കുന്നുണ്ട്. യൂറോപ്പിലെ അനുഭവങ്ങളായാണ് മുറിവേറ്റവരുടെ പാതകൾ എഴുതി തുടങ്ങിയത്. മനുഷ്യരിലേക്കുള്ള അന്വേഷണമായിരുന്നു അത്- ഹരിത സാവിത്രി പറഞ്ഞു.
കൃത്യമായ പരിശീലനം ചെയ്താണ് തെയ്യം അവതരിപ്പിക്കുന്നതെന്നും കളിക്കുന്ന സമയത്ത് പ്രത്യേക കഴിവ് അവർക്ക് ലഭിക്കുമെങ്കിൽ എന്തിനാണ് പിന്നെ ഈ പരിശീലനമെന്ന് അഖിൽ ചോദിച്ചു. 'തെയ്യസാഹിത്യം വലിയ തോതിൽ സമൂഹത്തിലേക്ക് എത്തിയിട്ടില്ല. അരങ്ങിലെ പ്രകടനം മാത്രമാണ് സമൂഹത്തിലേക്ക് എത്താനുള്ള ഏക വഴി. അതുകൊണ്ടാണ് വിവാദപരമായ രീതിയിൽ അവർ പ്രകടനങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ തെയ്യത്തിന്റെ ചരിത്രവും പശ്ചാത്തലവും വ്യക്തമാക്കി വിശാലമായ രീതിയിൽ തെയ്യത്തിനെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്', അദ്ദേഹം പറഞ്ഞു.
യുദ്ധഭൂമിയിലെ മനുഷ്യരിലും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്നേഹത്തിന്റെ ഒരു നൂലുണ്ടെന്ന് സോണിയ ചെറിയാൻ പറഞ്ഞു. കഠിനകാലങ്ങളിൽ സ്നേഹം കൂടുകയാണ് ചെയ്യുന്നതെന്നും ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണമാണ് ഇന്ത്യൻ റെയിന്‍ബോ എന്ന നോവലെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: haritha savithry on mbifl 2024