ലോകത്ത് ഇന്ത്യന്‍ സുപ്രീംകോടതിയെ പോലെ ശക്തമായ കോടതി ഇല്ല - ജ. ദേവന്‍ രാമചന്ദ്രന്‍

തിരുവനന്തപുരം: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായും ന്യായാധിപര്‍ പോലും വായിച്ചു നോക്കിയിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മാതൃഭൂമി അന്തരാഷ്ട്ര അക്ഷരോത്സവത്തില്‍ നീതിപീഠവും നീതിയും എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി എഡിറ്റർ മനോജ് കെ ദാസായിരുന്നു മോഡറേറ്റർ.
ഓരോ കാലത്തിനും അതിനനുസരിച്ചുള്ള നിയമങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകും. ഒരു നിയമവും ഒരു വ്യാഖ്യാനവും ശാശ്വതമല്ല. ഓരോ തലമുറ മാറുന്നതനുസരിച്ച് അതിലെല്ലാം മാറ്റമുണ്ടാകും. നമ്മുടെ ഭരണഘടന എന്നത് ലോകത്തില്‍ തന്നെ ഏറ്റവും ശക്തമായതാണ്. ഓരോ ഭേദഗതികളും മാറ്റങ്ങളും അതിനെ കൂടുതല്‍ ശക്തമാക്കുന്നു എന്നുള്ളതാണ് സത്യം. ആ ശക്തിയുള്ളത് കൊണ്ടാണ് മാറ്റങ്ങള്‍ വരുത്താനും നമുക്ക് സാധിക്കുന്നത്.
ലോകത്ത് ഇന്ത്യന്‍ സുപ്രീംകോടതിയെ പോലെ ശക്തമായ കോടതി ഇല്ല എന്ന് തന്നെ പറയാം. വ്യക്തമായ അധികാരങ്ങള്‍ നിര്‍വചിച്ചിട്ടുള്ള കോടതിയാണ് സുപ്രീം കോടതി. മറ്റു പല രാജ്യങ്ങളിലും അങ്ങനെയല്ല. അനുച്ഛേദം 136 പ്രകാരം ഒരു വിധി തയ്യാറാക്കുന്നതിന് ആവശ്യമായ എന്ത് കാര്യവും ഹാജരാക്കാനും ആരെ വേണമെങ്കിലും വിളിച്ചുവരുത്താനും ആവശ്യമെങ്കില്‍ സുപ്രീം കോടതിക്ക് അധികാരമുണ്ട്.
226 ആം അനുച്ഛേദം പ്രകാരം ഹൈക്കോടതികള്‍ക്ക് അധികാരം നിര്‍വചിച്ചിട്ടുണ്ട്. ഇത് പ്രകാരം മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ഹൈക്കോടതിക്ക് നേരിട്ട് ഇടപെടാന്‍ ഈ വകുപ്പ് അധികാരം നല്‍കുന്നു.
മറ്റു പലരും ഭയക്കുന്ന ഒന്നാണ് 13 എന്ന സംഖ്യ. പക്ഷേ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് കോടതികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതുപ്രകാരം ഒരു നിയമം ഉപയോഗിച്ച് പോലും കോടതി നടപടികളില്‍ ഇടപെടാന്‍ പാടില്ല എന്നതാണ്. ഇന്ത്യന്‍ ജൂഡിഷ്യറി സ്വതന്ത്രമായി തന്നെയാണ് നില്‍ക്കുന്നത്.
കേസുകള്‍ കോടതികളില്‍ കുന്നുകൂടുന്നത് പ്രശ്നമാണ്. പക്ഷേ, ജനങ്ങള്‍ കോടതിയെ വിശ്വസിക്കുന്നു എന്നതിന്റെ സൂചനയായി അതിനെ കാണണം. ആളുകള്‍ ഇപ്പോഴും നീതി കിട്ടാന്‍ കോടതികളെ സമീപിക്കുന്നുണ്ട് എന്നതുകൊണ്ട് കൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇന്ത്യയില്‍ ആവശ്യത്തിന് ന്യായാധിപര്‍ ഇല്ലാത്ത പ്രശ്നമുണ്ട്. അത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയം തന്നെയാണ്. അവകാശങ്ങളെ പറ്റി അവബോധം ഉള്ളവര്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് അറിഞ്ഞാല്‍ ആളുകള്‍ കോടതിയെ സമീപിക്കുന്നു. ഒരാളെ ശിക്ഷിക്കുക എന്നതല്ല നീതി. എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്നത് നല്‍കുക എന്നതാണ് ആ വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്.
കോടതിയിലെത്തുന്ന എല്ലാ കേസുകളും സത്യസന്ധമാവണമെന്നില്ല. അങ്ങനെ അല്ലാത്ത കേസുകളും കോടതികളില്‍ ഏതാറുണ്ട്. നമ്മള്‍ കാണാതെ ഒരു കാര്യം ഓരോ ജീവിതത്തിലും ഉണ്ടാകും. അത് അനുഭവിക്കാത്തിടത്തോളം അത് നമുക്ക് അവര്‍ കടന്നുപോകുന്ന അവസ്ഥ മനസിലാകില്ല. കോടതിക്ക് മുമ്പില്‍ എത്തുന്ന ഓരോ കേസും ഓരോ ജീവിതമാണ്. അവരുടെ നിലയിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ എല്ലാത്തിലും നീതി കണ്ടെത്താന്‍ പറ്റു.
എല്ലാ കേസിലും നീതി പൂര്‍ണമായി നല്‍കാനായെന്ന് അവകാശപ്പെടുന്നില്ല. നീതിയെന്നത് പൂര്‍ണമായും കറുപ്പോ വെളുപ്പോ അല്ല. അതിന് രണ്ടിനും ഇടയിലെവിടിയോ ആണ്. സര്‍ക്കാര്‍ ശരിയായ തീരുമാനം എടുത്താല്‍ പോലും അതില്‍ എതിര്‍പ്പുള്ളവര്‍ ഉണ്ടാകും. നിങ്ങളുടെ ശരി എന്നത് മറ്റൊരാള്‍ക്ക് ശരിയാകണമെന്നില്ല. ശരിയും തെറ്റും ആര്‍ക്കും മുന്‍വിധി കാണാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആളുകളെ വിധിക്കാനല്ല ഞങ്ങള്‍ ഇരിക്കുന്നത്. അങ്ങനെ കരുതുകയേ ചെയ്യരുത് എന്നാണ് ഞാന്‍ ആദ്യം പഠിച്ചത്. ആളുകളെ വിധിക്കാന്‍ ഞങ്ങള്‍ ആരുമല്ല. അവര്‍ ചെയ്തതിലെ ശരി തെറ്റുകള്‍ പരിശോധിക്കുകയാണ് ന്യായാധിപര്‍ ചെയ്യുന്നത്.
കോടതികള്‍ കൂടുതല്‍ ജനകീയം ആകേണ്ടതില്ലേ എന്ന ചോദ്യത്തിന് ഇന്ത്യന്‍ കോടതികള്‍ ജനകീയമല്ല എന്ന് പറയാനാകില്ല. ഇത്രയേറെ ജനങ്ങളുള്ള ഒരു രാജ്യത്ത് ആര്‍ക്കും വന്ന് പരാതി പറയാന്‍ പറ്റുന്ന രീതി എത്രത്തോളം പ്രായോഗികമെന്ന് അറിയില്ല. പക്ഷ കോടതി ഭാഷകള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് ശരിയാണ്. അതുകൊണ്ട് കോടതി വിധികള്‍ മൊഴി മാറ്റണമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ കാശുവാങ്ങുന്ന സീനിയറായ വക്കീല്‍ വരുമ്പോള്‍ ജഡ്ജിമാര്‍ അവര്‍ക്ക് അനുകൂലമായി തീരുമാനം എടുക്കാറുണ്ട് എന്ന അഭിപ്രായം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഖണ്ഡിച്ചു. വരുന്ന വക്കീലിനെ കണ്ടല്ല കോടതികള്‍ കേസ് പരിഗണിക്കുന്നത്. ഒരു സാധാരണ വക്കില്‍ വാദിക്കുന്നതും നിയമത്തില്‍ അവഗാഹമുള്ള സീനിയര്‍ വക്കില്‍ വാദിക്കുന്നതും ഒരുപാട് വ്യത്യാസമുണ്ട്. അതവരുടെ നിയമതിലെ പരിചയസാമ്പത്തിലൂടെ ഉണ്ടാകുന്ന ഒന്നാണ്. ഒരേ കാര്യമാണ് രണ്ട് വക്കിലുമാരും പറയുന്നതെങ്കില്‍ സീനിയര്‍ വക്കിലിന് അനുകൂലമായി തീരുമാനം എടുക്കുകയും ചെയ്താല്‍ ആ ന്യായാധിപന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് പറയേണ്ടിവരും.
ഒരു കൈ വീശിയാല്‍ എല്ലാം ശരിയാകാന്‍ പറ്റില്ല. അങ്ങനെ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. റോഡില്‍ കുഴിയുണ്ടാകരുത്, വഴിയോരത്തു ഫ്ലെക്സ് ബോര്‍ഡ് അരുത് എന്നൊക്കെ വിധിച്ചാലും ഇതൊക്കെ നാട്ടില്‍ കാണുന്നുണ്ട്. പൊതുകാര്യത്തില്‍ കൂട്ടായ രീതിയില്‍ അഭിപ്രായ രൂപീകരണം നടത്തുക മാത്രമാണ് പ്രതിവിധി. പ്രതികരിയ്ക്കാന്‍ ശ്രമിക്കുമെന്നവര്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയുണ്ട്. കേസും വഴക്കുമായി പോയാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അയാള്‍ തന്നെ വഹിക്കണം. കോടതി വിധി വന്നു. ഇനി അത് നടപ്പിലാക്കാന്‍ കൂട്ടായ ശബ്ദമാണ് ഉയരേണ്ടത്
കോടതി പരാമര്‍ശങ്ങള്‍ വിധിയില്‍ ഉണ്ടാകില്ല എന്നത് ശരിയല്ല. കോടതിയില്‍ നടന്ന വാദത്തിന്റെ സംക്ഷിപ്ത രൂപം വിധിയില്‍ ഉണ്ടായിരിക്കും. കോടതി പരാമര്‍ശങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ അതിന് അഭിഭാഷകര്‍ നല്‍കുന്ന മറുപടികള്‍ വാര്‍ത്തയാകാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി പരാമര്‍ശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രാജ്യത്ത് കോടതിവിധികള്‍ ഭരണകൂടത്തിന് അനുകൂലമായി മാറുന്നു എന്ന വിമര്‍ശനം സദസില്‍ നിന്നുയര്‍ന്നു. എന്നാല്‍ ഇന്ത്യയില്‍ നീതിപീഠത്തിന് ഒരു ഭയവും ഇല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നീതിയെ പറ്റിയുള്ള കാഴ്ചപ്പാട് നമ്മുക്കൊരോരുത്തര്‍ക്കും ഉണ്ട്. പക്ഷെ അങ്ങനെ പ്രവര്‍ത്തിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ല. നമ്മള്‍ കരുതുന്നതിനു വിരുദ്ധമായ വിധികള്‍ വരുമ്പോള്‍ നീതി ലഭിച്ചില്ലഎന്ന്തോന്നാം. ഇത് മറികടക്കാന്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാകാന്‍ ശ്രമിക്കേണ്ടതുണ്ട്.
കോടതികള്‍ ഭിന്നശേഷി സൗഹൃദമാകണം എന്നത് ഏറെക്കാലമായ നിലപാടാണ്. എല്ലാ സൗകര്യങ്ങളും എല്ലാവര്‍ക്കും ലഭിക്കാന്‍ പറ്റണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Devan Ramachandran, mbifl 2023