'ലോട്ടറിപ്പണം ശാപം പിടിച്ചതെന്ന പ്രചാരണം, കൈകാര്യം ചെയ്യാനറിയാത്തതിന്റെ പ്രശ്നം'

മാതൃഭൂമി അക്ഷരോത്സവത്തിൽ ലോട്ടറി ഡയറക്ടർ അബ്രഹാം റെൻ സംസാരിക്കുന്നു. ഫോട്ടോ: എസ്.ശ്രീകേഷ്
മാതൃഭൂമി അക്ഷരോത്സവത്തിൽ ലോട്ടറി ഡയറക്ടർ അബ്രഹാം റെൻ സംസാരിക്കുന്നു. ഫോട്ടോ: എസ്.ശ്രീകേഷ്

തിരുവനന്തപുരം: ലോട്ടറി വിൽക്കാൻ കിട്ടുന്നില്ലെന്ന് പരാതി പറയുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അബ്രഹാം റെൻ. ഭാഗ്യക്കുറിയുടെ കാണാപ്പുറങ്ങൾ എന്ന സെഷനിൽ മാധ്യമപ്രവർത്തക ഐ.ജെ. സേതുലക്ഷ്മിയുമായി സംസാരിക്കുകയായിരുന്നു.

ലോട്ടറിയിൽ കൂടി ലക്ഷക്കണക്കിനുപേർക്ക് തൊഴിൽ നൽകാൻ സാധിച്ചു. ഭിന്നശേഷിക്കാരായ നിരവധി പേരാണ് ദിനംപ്രതി ഇതിലൂടെ തൊഴിൽ നേടുന്നത്. ഒരു കോടി 8 ലക്ഷം പ്രതിവാര ലോട്ടറികളാണ് ദിനംപ്രതി കേരളത്തിൽ വിൽക്കുന്നത്. കഴിഞ്ഞ ഓണം ബമ്പർ രണ്ട് മാസത്തിൽ 77 ലക്ഷം ലോട്ടറികളാണ് വിറ്റത്. 90 ലക്ഷം വരെയാണ് ലോട്ടറി അച്ചടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഒറ്റ ഘട്ടത്തിൽ എല്ലാം അച്ചടിക്കാൻ സാധിക്കില്ല. ഘട്ടം ഘട്ടമായി ആവശ്യമായി വരുന്നെങ്കിൽ മാത്രമാണ് ഇത്രയും അച്ചടിക്കാറുള്ളത്. നറുക്കെടുപ്പ് നടക്കുമ്പോൾ, വിറ്റ ടിക്കറ്റ് വിൽക്കാത്ത ടിക്കറ്റ് എന്ന് തിരിച്ചറിയാൻ ഡാറ്റാ ബേസിൽ കൂടി സാധിക്കും. വിൽക്കാത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചതെങ്കിൽ ഉടൻ സൈറൺ അടിക്കും. വീണ്ടും നറുക്കെടുപ്പ് നടക്കും. വിറ്റ ടിക്കറ്റിന് അടിക്കും വരെ ഇത് തുടരും- അബ്രഹാം റെൻ പറഞ്ഞു.

ലോട്ടറി പണം ശാപം പിടിച്ച പണമാണ് എന്ന പൊതുവായ വിശ്വാസമുണ്ട് എന്ന ചോദ്യത്തിന്; പലപ്പോഴും ഭാഗ്യവാന്മാർക്ക് പൈസ കൈകാര്യം ചെയ്ത് പരിചയമില്ലാത്തതിന്റെ പ്രശ്നമാണെന്നും അതുസംബന്ധിച്ച് ഭാഗ്യക്കുറി അടിച്ചവർക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ക്ലാസ്സുകളടക്കം നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക നമ്പറിന് ലോട്ടറി അടിപ്പിക്കാനോ അടിപ്പിക്കാതിരിക്കാനോ സാധിക്കില്ല. പ്രത്യേക നമ്പറുകൾക്ക് ഭാഗ്യക്കുറി അടിക്കില്ലെന്ന പ്രചാരണങ്ങളും പരാതികളും പലയിടങ്ങളിൽ നിന്നും ഉണ്ടായി. എന്നാൽ കഴിഞ്ഞ തവണ ഇത്തരത്തിലുള്ള നമ്പറുകൾക്ക് ഭാഗ്യം അടിച്ചതോടെ ഡിമാൻഡ് വർധിച്ചു. ഈ വർഷം 12000- 13000 കോടി ടേണോവറാണ് ലോട്ടറിയിൽ പ്രതീക്ഷിക്കുന്നത്. സമ്മാനങ്ങളിലെ വർധനവുകളെക്കുറിച്ച് പഠിച്ചു വരികയാണ്- അബ്രഹാം റെൻ പറഞ്ഞു.

Content Highlights: bhagyakuri kanappurangal abraham rene mbifl 2024