ഗാന്ധിജിയുടെ 'സത്യം', സത്യാനന്തരലോകത്ത്

മഹാത്മാഗാന്ധി വധിക്കപ്പെട്ടതിന്റെ 75-ാം വാര്‍ഷികത്തെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ എഴുപതുവര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായകാര്യം വാസ്തവത്തില്‍ രാഷ്ട്രപിതാവിന്റെ അസാന്നിധ്യമായിരുന്നുവെന്നത് വ്യക്തമാണ്. 'ഇന്ത്യയുടെ ആത്മാവിനെ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ വരുംതലമുറകളും ഓര്‍ത്തിരിക്കും' എന്നാണ് 1947 ഓഗസ്റ്റ് 15-ന് അര്‍ധരാത്രിയില്‍ 'വിധിയുമായുള്ള കൂടിക്കാഴ്ച'യെന്ന തന്റെ അനശ്വരപ്രസംഗത്തില്‍ ജവാഹര്‍ലാല്‍ നെഹ്രു മഹാത്മജിയെക്കുറിച്ച് പറഞ്ഞത്. എന്നാല്‍, വെറും അഞ്ചുമാസത്തിനുശേഷം 1948 ജനുവരി 30-ന് ഒരു ഹിന്ദു മതഭ്രാന്തന്‍ ആ ദീപനാളത്തെ ഊതിക്കെടുത്തിക്കളഞ്ഞു. അതും ഭൂമിയില്‍ മറ്റാരെക്കാളും കൂടുതല്‍ അധ്വാനിച്ച് ഗാന്ധിജി സ്ഥാപിച്ചെടുത്ത സ്വന്തം രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍വെച്ച്.
ഇന്ന്, ഈ സത്യാനന്തരയുഗത്തില്‍, ഇന്ത്യയുടെ ആ ആത്മാവ് ഇപ്പോള്‍ എത്രത്തോളം നിലനില്‍ക്കുന്നുവെന്ന ചോദ്യമുയര്‍ത്തേണ്ടത് തികച്ചും ന്യായമാണ്.
സത്യത്തിന്റെ ആഴങ്ങള്‍
'സത്യം' എന്ന വാക്കിന് ഗാന്ധിജി നല്‍കിയിടത്തോളം ആഴമേറിയ അര്‍ഥം മറ്റൊരു നിഘണ്ടുവിനും നല്‍കാനായിട്ടില്ല. ഗാന്ധിജിയുടെ സത്യം ഉരുവംകൊണ്ടത് അദ്ദേഹത്തിന്റെ ബോധ്യങ്ങളില്‍നിന്നായിരുന്നു. സത്യത്തിന് അദ്ദേഹം നല്‍കിയ നിര്‍വചനം കൃത്യമായിരുന്നുവെന്നുമാത്രമല്ല, അത് ന്യായവും അതിനാല്‍ത്തന്നെ ശരിയുമായിരുന്നു. എതിരാളിയെ ആക്രമിച്ചുകീഴ്പ്പെടുത്തുന്നതടക്കം സത്യവിരുദ്ധമോ അന്യായമോ ആയ മാര്‍ഗങ്ങളിലൂടെ ഒരിക്കലും സത്യത്തെ നേടാനാവില്ല.
ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്താന്‍ ഗാന്ധിജി ആവിഷ്‌കരിച്ച രീതിയായിരുന്നു സത്യാഗ്രഹം. അക്ഷരാര്‍ഥത്തില്‍ 'സത്യത്തെ മുറുകെപ്പിടിക്കുക' അല്ലെങ്കില്‍ സത്യത്തിന്റെ ശക്തി, സ്‌നേഹശക്തി, ആത്മശക്തി എന്നെല്ലാം പലവിധത്തില്‍ അദ്ദേഹമത് വിവരിച്ചു. സത്യാഗ്രഹത്തിന് നല്‍കിയ പാസീവ് റെസിസ്റ്റന്‍സ് (സഹനസമരം) എന്ന ഇംഗ്ലീഷ് പേര് ഗാന്ധിജിക്ക് ദഹിച്ചിരുന്നില്ല. കാരണം, സത്യാഗ്രഹം സഹനമല്ല, ആക്ടിവിസമാണെന്ന് അദ്ദേഹം വിശ്വസിച്ചു. നിങ്ങള്‍ സത്യത്തില്‍ വിശ്വസിക്കുകയും ലക്ഷ്യം നേടിയെടുക്കാന്‍ ശ്രദ്ധാലുവായിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കൊരിക്കലും നിഷ്‌ക്രിയരായിരിക്കാനാവില്ലെന്ന് ഗാന്ധിജി വിശ്വസിച്ചു.
അഹിംസയുെട മാനങ്ങള്‍
'നിങ്ങള്‍ തെറ്റാണെന്ന് കാണിച്ചുതരാന്‍ ഞാന്‍ സ്വയം ശിക്ഷിക്കും' എന്ന് പറയാന്‍ കഴിയുന്നതാണ് ഗാന്ധിയന്‍ അഹിംസാവാദത്തിന്റെ ശക്തി. എന്നാല്‍, സ്വയം തെറ്റാണ് ചെയ്യുന്നതെന്ന് തിരിച്ചറിയുകയും അതിനെ എതിര്‍ക്കുന്നവരെ ശിക്ഷിക്കാന്‍ അവസരം തേടുകയും ചെയ്യുന്നവര്‍ക്കുമേല്‍ ഈ വാദത്തിന് കാര്യമായ ചലനമുണ്ടാക്കാനാവില്ല. സംഘടിത അക്രമങ്ങളുടെ ശക്തി അഹിംസയെക്കാള്‍ ഇരട്ടിയാണെന്നത് ഇന്നത്തെ ദുഃഖകരമായ സത്യമാണ്.
ഗാന്ധിജിയുടെ സത്യം അടിസ്ഥാനപരമായി അദ്ദേഹത്തിന്റേതുമാത്രമായിരുന്നു. അദ്ദേഹം സത്യത്തിന് തനതായ ഉള്ളടക്കം രൂപപ്പെടുത്തുകയും ഒരു പ്രത്യേക ചരിത്രപശ്ചാത്തലത്തില്‍ അതിന്റെ പ്രയോഗം നിര്‍ണയിക്കുകയും ചെയ്തു. അനിവാര്യമായും, ഇന്നത്തെ ലോകത്ത് ചിലര്‍ക്കെങ്കിലും അദ്ദേഹത്തിന്റെ മഹത്ത്വത്തെ അളക്കാനും അദ്ദേഹത്തിന്റെ മാര്‍ഗങ്ങളാല്‍ പ്രചോദിതരാകാനും കഴിയും. അദ്ദേഹത്തിന്റെ ചിന്തകളുടെ മൗലികതയും സ്വന്തം ജീവിതംകൊണ്ട് കാട്ടിത്തന്ന മാതൃകയും ലോകംമുഴുവനുള്ളവരെ ഇന്നും പ്രചോദിപ്പിക്കുന്നു. എന്നാല്‍, ഗാന്ധിജിയുടെ വിജയം തീര്‍ച്ചയായും 'ലോകത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചിട്ടില്ല'. നമ്മള്‍ ജീവിക്കുന്ന ഈ സത്യാനന്തരലോകത്ത് താന്‍ വിജയിച്ചുവെന്ന് മഹാത്മാവിന് കരുതാനാകുമോയെന്ന് എനിക്ക് അദ്ഭുതം തോന്നുന്നു.
ഇന്ന്, ഈ സത്യാനന്തരയുഗത്തില്‍, ഇന്ത്യയുടെ ആ ആത്മാവ് ഇപ്പോള്‍ എത്രത്തോളം നിലനില്‍ക്കുന്നുവെന്ന ചോദ്യമുയര്‍ത്തേണ്ടത് ന്യായമാണ്
Content Highlights: Martyrs Day 2023