'സ്വന്തം കുടുംബത്തിനുവേണ്ടി എന്തുംചെയ്യും മാര്‍ക്കോ'; മാര്‍ക്കോയിലെ പുതിയ വീഡിയോ സോങ് പുറത്ത്

Photo: Sony Music South/Youtube
Photo: Sony Music South/Youtube

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' തിയേറ്ററിൽ മുന്നേറുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് ബോക്‌സോഫീസില്‍ ലഭിച്ചത്.  ഇപ്പോഴിതാ മാര്‍ക്കോയിലെ പുതിയ വീഡിയോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്.

'ദ ഫാമിലി മാന്‍' എന്ന പേരിലുള്ള ഗാനത്തിനു സംഗീതം നല്‍കിയിരിക്കുന്നത് രവി ബസ്രൂര്‍ ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജ് ആണ്. പതിനെട്ടു വയസ്സിനു മുകളിലുള്ള ഏതൊരു കുടുംബപ്രേക്ഷകര്‍ക്കും കാണാവുന്ന, ഏറെ രസിപ്പിക്കുന്ന അനുഭവമായിരിക്കും മാര്‍ക്കോ എന്നാണ് 'സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഗാനം സൂചിപ്പിക്കുന്നത്. 

ഉണ്ണി മുകുന്ദന്‍ തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയുമായി എത്തുമ്പോള്‍ ചിത്രത്തെ കുറിച്ച് ഹൈപ്പ് പതിന്മടങ്ങായി വര്‍ദ്ധിച്ചിട്ടുമുണ്ട്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന 'മാര്‍ക്കോ'യുടെ സംഗീതമൊരുക്കുന്നത് 'കെ.ജി.എഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്. ചിത്രത്തിന്റെ  മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാര്‍ക്കോ' അഞ്ച്  ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. 

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. 

ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും&ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുള്‍ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Marco Movie: Unni Mukundan malayalam movie