റിയാസ് ഖാന്‍ എവിടെപ്പോയി? ഒടിടിയില്‍ ഉണ്ടാകുമെന്ന് മാര്‍ക്കോയുടെ നിര്‍മാതാവ്

നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്
നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്

'മാര്‍ക്കോ' കണ്ടിറങ്ങിയവര്‍ക്ക് ഒരേയൊരു സംശയം മാത്രമാണുണ്ടായിരുന്നത്. നടന്‍ റിയാസ് ഖാന്‍ ചിത്രത്തില്‍ ഉണ്ടായിരുന്നോ ഇല്ലയോ? തിയറ്ററുകളില്‍ ആദ്യ പ്രദര്‍ശനം കാണാനെത്തിയ സിനിമയുടെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിനോടും ഈ ചോദ്യം ചോദിക്കുകയുണ്ടായി. അദ്ദേഹം നല്‍കിയ മറുപടിയാണ് പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍.

സിനിമയുടെ ലൊക്കേഷന്‍ വിഡിയോകളില്‍ കണ്ട പല നടന്മാരും ചിത്രത്തില്‍ ഇല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍, അവരില്‍ പലരും പൂജ ചടങ്ങില്‍ അതിഥികളായി എത്തിയതാണെന്നായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി. അതേസമയം, റിയാസ് ഖാന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ചിത്രം ഒടിടി റിലീസിന് എത്തുമ്പോള്‍ അതില്‍ ഉണ്ടാവുമെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു. ''റിയാസ് ഖാന്‍ ഒടിടിയില്‍ ഉണ്ടാവും. അത്രയേ പറയാനുള്ളൂ. കുറച്ച് സീനുകള്‍ സെന്‍സറിങില്‍ പോയിട്ടുണ്ട്. അത് ഒടിടിയില്‍ ഉണ്ടാവും. സെന്‍സര്‍ ബോര്‍ഡ് അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി ചെയ്ത് തന്നിട്ടുണ്ട്'', ഷെരീഫ് മുഹമ്മദിന്റെ വാക്കുകള്‍.

ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലന്‍സ് രംഗങ്ങളുമായി ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' തിയറ്ററുകളില്‍ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യന്‍ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലന്‍സ് രംഗങ്ങളുമായാണ് മാര്‍ക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്‌റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകര്‍ഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതല്‍ അവസാനം വരെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നില്‍ക്കുന്നു. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. 

പരുക്കന്‍ ഗെറ്റപ്പില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെത്തുന്നത്. നടന്‍ ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വല്‍സും സിരകളില്‍ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേര്‍ന്ന സിനിമ തന്നെയാണ് മാര്‍ക്കോ. സംഗീതമൊരുക്കുന്നത് 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്.

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്.

Content Highlights: Marco Movie: Unni Mukundan malayalam movie