നിരാശയില്ല ജീവിതത്തില് ആഗ്രഹിച്ചതെല്ലാം നേടിയ വ്യക്തിയാണ് ഞാന്| മധുവുമായി ദീര്ഘസംഭാഷണം

''ജീവിതം ആസ്വദിച്ചും ആഘോഷിച്ചും അനുഭവിക്കുകയായിരുന്നു ഞാന്. ആഗ്രഹിച്ചതെല്ലാം നേടിയ വ്യക്തിയാണ് എന്നുപറയാം''- ഇങ്ങനെ പറയാന് നമുക്കിടയില് അധികം പേരുണ്ടാകില്ല. നവതിപിന്നിടുന്ന ജീവിതത്തെ ഒരു ചെറുപുഞ്ചിരിയോടെ സ്വീകരിക്കുകയാണ് മലയാളത്തിന്റെ മധു. സിനിമയുടെ സമസ്ത മേഖലകളിലേക്കും വേരാഴ്ത്തിനില്ക്കുന്നൊരാള്, പിന്നിട്ട വഴികളെക്കുറിച്ച് പലതവണ സുദീര്ഘമായി ത്തന്നെ വിവരിച്ചുകഴിഞ്ഞു. പറഞ്ഞതില് കൂടുതല് ഇനിയെന്ത് പറയാന് എന്ന ഭാവമായിരുന്നു സംസാരിക്കാനിരിക്കുമ്പോള് അദ്ദേഹത്തിന്റെ മുഖത്ത്.
പ്രായമമായതിനുശേഷമുള്ള വീട്ടിലിരിപ്പിനെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. ''കഴിഞ്ഞ രണ്ടുവര്ഷത്തിനിടെ രണ്ടുതവണ വളരെ അത്യാവശ്യത്തിന് മാത്രമാണ് വീടിന് പുറത്തിറങ്ങിയത്. സിനിമ കാണലാണ് പ്രധാനപരിപാടി. ദിവസവും ഒന്നുരണ്ടുമണിക്കൂര് വായിക്കും. കാണാന്വരുന്നവരുടെ എണ്ണവും കുറവാണ്. വീട്ടിലിരിപ്പുതന്നെ,പുറത്തുപോകാത്തതുകൊണ്ട് കൊറോണക്കാലത്ത് ഏറ്റവുംകുറച്ച് മാത്രം മാസ്ക് ധരിച്ച വ്യക്തികളിലൊരാള് ഞാനായിരിക്കും.''
സ്വന്തം സിനിമകള് തന്നെയാണോ ഇന്ന് കൂടുതലായും കാണുന്നത്
പഴയകാല സിനിമകളാണ് കാണുന്നതിലധികവും. അഭിനയിച്ച സിനിമകളിലേറെയും ഈ അടുത്തകാലത്താണ് കാണുന്നത്. പഴയസിനിമകള് ഇന്ന് യൂട്യൂബിലും ചാനലുകളിലുമെല്ലാം ലഭ്യമാണല്ലോ. അഭിനയിച്ച സിനിമകള് ഏറെക്കാലം കഴിഞ്ഞ് കാണുമ്പോള് പറഞ്ഞറിയിക്കാനാകാത്തൊരു ആഹ്ലാദമുണ്ട്. പല ഓര്മകളും മനസ്സിലേക്ക് തിരിച്ചെത്തുന്നു. സിനിമയുടെ ലൊക്കേഷനില് നടന്ന സംഭവങ്ങളും, അന്നത്തെ സൗഹൃദസായാഹ്നങ്ങളും സംഭാഷണങ്ങളുമെല്ലാം തെളിഞ്ഞുവരുന്നു. പലസിനിമകളും കണ്ടു കഴിയുമ്പോള് അവയിലൂടെ ആ പഴയകാലത്തേക്ക് പോകുന്നു.
തിയേറ്ററില്പോയി സിനിമ കാണുന്നശീലം ഉണ്ടായിരുന്നില്ലേ
സിനിമയില് സജീവമായ കാലത്തൊന്നും തിയേറ്ററില് പോയി സിനിമ കാണുന്ന പതിവില്ലായിരുന്നു. അഭിനയവും സംവിധാനവും നിര്മാണവുമായി തിരക്കായിരുന്നല്ലോ. ചിത്രീകരണം മദ്രാസിലും, മലയാളസിനിമ കൂടുതലായും റിലീസ് ചെയ്യുന്നത് കേരളത്തിലുമായിരുന്നു. അതുകൊണ്ട് തന്നെ സിനിമ കാണാനുള്ള അവസരം കുറവായിരുന്നു. ചിലപ്പോഴെല്ലാം തിയേറ്ററിലേക്കിറങ്ങിയിരുന്നു, പക്ഷേ, തിരക്കും ബഹളവും കാരണം പിന്നീട് നിര്ത്തി.
പുതിയ സിനിമകള് ശ്രദ്ധിക്കാറില്ലേ...
ഇന്നത്തെ സിനിമകളുടെ കഥപറച്ചില് രീതി മനസ്സിലാക്കാന് എനിക്ക് പ്രയാസമാണ്. കട്ടിങ്ങും ഫ്ളാഷ്ബാക്കുമെല്ലാം എളുപ്പത്തിലുള്ക്കൊള്ളാന് പറ്റുന്നില്ല, പഴയ ആളായതുകൊണ്ടാകണം.
ആദ്യകാല സിനിമകള് കാണുമ്പോള് കഥ പിന്തുടരാന് പ്രയാസമില്ല. ഫ്ളാഷ് ബാക്ക് ഉള്പ്പെടെയുള്ള ഒഴുക്ക് കൃത്യമായി മനസ്സിലാക്കാന് കഴിയും. പുതിയ സിനിമകള് ശ്രദ്ധിക്കാറുണ്ട്. എന്നാല് പശ്ചാത്തല ശബ്ദകോലാഹലങ്ങള്ക്കിടയില് സംഭാഷണം കേള്ക്കാനും മനസ്സിലാക്കാനും പ്രയാസമുണ്ട്. വരികള് ഓര്ത്തുവെക്കാവുന്ന പാട്ടുകള് കുറഞ്ഞതായി തോന്നിയിട്ടുണ്ട്. ഒ ടി ടിയില്വന്ന ചില സിനിമകളെല്ലാം ഒന്നിലധികംതവണ കണ്ടാണ് പലകാര്യങ്ങളും മനസ്സിലാക്കിയെടുക്കുന്നത്. പുതിയ സിനിമകള്ക്കൊപ്പം സഞ്ചരിക്കാത്തതുകൊണ്ടാകാം ഇതെല്ലാം.
സിനിമകണ്ടിരുന്നും, വായനയില് മുഴുകിയും... രാത്രി ഏറെ വൈകി ഉറങ്ങുന്നതാണ് ശീലമെന്ന് കേട്ടിട്ടുണ്ട്...
രാത്രി പത്തിനുശേഷമാണ് പ്രധാനമായും സിനിമകാണല് തുടങ്ങുന്നത്, അതും ഒറ്റക്കിരുന്ന്. വൈകി ഉറങ്ങുക എന്നത് വര്ഷങ്ങളായുള്ള ശീലമാണ്. കുട്ടിക്കാലത്തും അഭിനയത്തിന്റെ തുടക്കത്തിലുമെല്ലാം വെളുപ്പിന് എഴുന്നേല്ക്കുമായിരുന്നു. സംവിധാനവും നിര്മാണവുമെല്ലാം തുടങ്ങിയതോടെ എഴുത്തുള്പ്പെടെയുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധിക്കേണ്ടിവന്നു. പുതിയ ആളുകള്ക്കൊപ്പം ജോലിചെയ്യുമ്പോള് കാര്യങ്ങള് ഒരുക്കാനായി ഉറക്കമൊഴിയേണ്ടിവന്നു. അന്നൊക്കെ പലപ്പോഴും അടുത്തദിവസത്തെ ഷെഡ്യൂള് എഴുതിക്കഴിയുമ്പോഴേക്കും നേരം പുലര്ന്നിരിക്കും.
പിന്നീട് അതൊരു ശീലമായി. ഇന്ന് ഉറങ്ങാന് രാത്രി രണ്ടുമണിയെങ്കിലുമാകും. എന്റെ മാത്രം ശീലമാണിതെന്ന് തോന്നുന്നില്ല. ടിവി, കംപ്യൂട്ടര്, മൊബൈല് എല്ലാം നോക്കിയിരിക്കുന്ന മിക്കവരുടേയും സ്ഥിതി അങ്ങനെയൊക്കെത്തന്നെയാകും. ഒരുമണിക്ക് വിളിച്ചാലും ഒറ്ററിങ്ങിന് ഫോണ് എടുക്കുന്നവരുണ്ട്. ആരേയും കുറ്റംപറയുകയല്ല, അങ്ങനെയായി മാറി.
സിനിമ നല്കിയ വലിയ സന്തോഷങ്ങള്...
പത്തമ്പത് വര്ഷം കൂടെ ജോലിചെയ്തവരില് വലിയൊരുവിഭാഗം ഇന്ന് ജീവിച്ചിരിപ്പില്ല. അവരുമായി ചേര്ന്ന നിമിഷങ്ങള് ഓര്ക്കാനും അവരെ വീണ്ടുംവീണ്ടും കാണാനും കഴിയുന്നു എന്നതാണ് ഇന്ന് സിനിമ നല്കുന്ന എറ്റവുംവലിയ സന്തോഷം.പ്രേംനസീര്, സത്യന്സാര്, അടൂര്ഭാസി അങ്ങനെ ഒരുപാടുപേര് മുന്നില്നില്ക്കുന്നു, സിനിമയിലൂടെയാണെങ്കിലും അവരെയെല്ലാം കാണുന്നതിന്റെ സുഖം പറഞ്ഞറിയിക്കാനാകില്ല. അക്കാലത്തെ ഓരോ തമാശകളും പ്രശ്നങ്ങളും മുന്നില്നിറയും..ഓര്മകള് നല്കുന്ന ആഹ്ലാദം ചെറുതല്ല.
വായന ഇന്നും ഗൗരവമായിത്തന്നെ തുടരുന്നുണ്ടോ...
പഠനകാലം മുതല്ക്കുള്ള ശീലമാണ്. പത്രങ്ങളും ആനുകാലികങ്ങളും പുസ്തകങ്ങളുമെല്ലാം വായിക്കും. നാടകങ്ങളോട് പണ്ടുമുതലേ താത്പര്യമാണ്. ആദ്യകാലത്ത് കൈയില്ക്കിട്ടുന്ന നാടകങ്ങളെല്ലാം വായിക്കുമായിരുന്നു. മുന്പ് വാരികകളിലും മാസികകളിലുമെല്ലാം നാടകങ്ങള് പ്രസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോഴങ്ങനെ കാണാറില്ല. മലയാളത്തിനുപുറമേ ഇംഗ്ലീഷ്, ഫ്രഞ്ച് നാടകങ്ങളെല്ലാം അക്കാലത്ത് പ്രിയപ്പെട്ടതായിരുന്നു. സുഹൃത്തുക്കളും പരിചയക്കാരുമെല്ലാമാണ് ഇന്ന് പുസ്തകങ്ങള് കൂടുതലായും എത്തിച്ചുതരുന്നത്.
പുതിയ സിനിമാക്കാര് ഡേറ്റ് ചോദിച്ചെത്താറുണ്ടല്ലോ, അഭിനയത്തില്നിന്ന് പൂര്ണമായി വിട്ടുനില്ക്കാന് തീരുമാനിച്ചോ...
അഭിനയത്തോടുള്ള താത്പര്യം അവസാനിക്കുന്നില്ല. അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല് നോക്കാം. ഇതുവരെ ചെയ്തതില്നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്. പൃഥ്വിരാജിന്റെ 'ലൂസിഫര്' സിനിമയില് അഭിനയിക്കാന് ഡേറ്റ് കൊടുത്തിരുന്നു. ആയിടെ ഞാനൊന്നു വീണു. ശാരീരിക അസ്വസ്ഥതകള് കാരണം പിന്മാറി. പ്രിയദര്ശന്റെ മരയ്ക്കാര് സിനിമയിലേക്ക് വിളിച്ചപ്പോഴേക്കും മതിയെന്ന് തീരുമാനിച്ചു. രണ്ടുവര്ഷംമുന്പ് മമ്മൂട്ടി നേരിട്ടുവന്ന് അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചു.
സിനിമയിലെ പുതുതലമുറയുമായുള്ള അടുപ്പം...
മമ്മൂട്ടി, മോഹന്ലാല് തുടങ്ങി ജയറാം, ദിലീപ് വരെയുള്ളവരുമായി നല്ല അടുപ്പമാണ്. സിനിമയിലെ പുതിയ കുട്ടികളുമായി അധികം ഇടപഴകി പ്രവര്ത്തിച്ചിട്ടില്ല. പുതുതലമുറയില് ആസിഫ് അലിയോടൊപ്പം അഭിനയിച്ചു. കോവിഡ് കാലം ശക്തമാകുന്നതിനുമുന്പ് പലരും കാണാന് വരാറുണ്ടായിരുന്നു. 'വണ്' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി വീട്ടില് വന്നത്. പിറന്നാള് കേക്കുമായാണ് മോഹന്ലാല് മുന്പ് എത്തിയത്. ഞങ്ങളൊരുമിച്ച് അന്ന് കേക്ക് മുറിച്ചു.
ബോണ് ആക്റ്ററല്ലെന്നും ഉറക്കത്തില് വിളിച്ചുണര്ത്തി അഭിനയിക്കാന് പറഞ്ഞാല് കഴിയില്ലെന്നും പറഞ്ഞതായി കേട്ടിട്ടുണ്ട്...
അതെ, അങ്ങനെ പറഞ്ഞിട്ടുണ്ട്. ചെയ്യാന്പോകുന്ന വേഷം മനസ്സിലാക്കിക്കഴിഞ്ഞാല് എളുപ്പമാണ്. സ്കൂള് ഓഫ് ഡ്രാമയിലെല്ലാം പഠിച്ചതുകൊണ്ടാകണം കാര്യങ്ങള് വ്യക്തമായി മനസ്സിലുറപ്പിച്ചേ അവതരിപ്പിക്കാന് കഴിയൂ. കഥാപാത്രം, അവരുടെ മാനസികാവസ്ഥകള് എല്ലാം പഠിച്ചുകഴിഞ്ഞാല് കാര്യങ്ങള് വേഗത്തിലാകും.
നായകനായി കൈയടി നേടുമ്പോഴും നെഗറ്റീവ് വേഷങ്ങളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചു. അത്തരമൊരു തീരുമാനം ബോധപൂര്വമായിരുന്നോ...
താരമാകുകയെന്നത് ഒരിക്കലും എന്റെ ആഗ്രഹമായിരുന്നില്ല. അത്തരമൊരു ഇമേജ് സൃഷ്ടിക്കാന് ശ്രമിച്ചിട്ടില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള് ലഭിക്കുമ്പോഴായിരുന്നു സന്തോഷം. കൈയടി കിട്ടുന്ന വേഷങ്ങള് ഒന്നിനുപുറകെ ഒന്നായി ചെയ്ത് അതില് അഭിരമിക്കാന് മനസ്സ് സമ്മതിച്ചില്ല. 'പ്രിയ' എന്ന സിനിമയില് നെഗറ്റീവ് വേഷം സ്വീകരിച്ചതായറിഞ്ഞപ്പോള് രാമു കാര്യാട്ട് സാര് അന്ന് പറഞ്ഞത് ക്രൂരനായി അഭിനയിക്കുന്നതോടെ നിലവിലെ ഇമേജ് പോകുമെന്നാണ്. എന്റെ ഉദ്ദേശവും അതുതന്നെയായിരുന്നു. ഒരേ വഴിയില്, ഒരേ താളത്തില് നായകനായിമാത്രം മുന്നോട്ടുപോകാനല്ല ഞാന് സിനിമയിലേക്കിറങ്ങിയത്.
സിനിമ സ്വപ്നംകണ്ട് ജോലി ഉപേക്ഷിച്ചിറങ്ങുന്നവര് ഇന്ന് ഒരുപാടുണ്ട്. എന്നാല് അറുപതുകളുടെ തുടക്കത്തില് അതൊരു സാഹസമായിരുന്നില്ലേ...
അന്ന് സാഹസമായിട്ടൊന്നും തോന്നിയില്ല. ഇഷ്ടപ്പെട്ട മേഖലയില് ജീവിക്കാനായി തീരുമാനിക്കുന്നു, അതിനായി മുന്നിട്ടിറങ്ങുന്നു, അത്രമാത്രമേ കണ്ടിട്ടുള്ളൂ. നാഷണല് സ്കൂള് ഓഫ് ഡ്രാമയില് പഠിക്കാനായി ചേര്ന്നത് സിനിമ സ്വപ്നം കണ്ടല്ല, നാടകമായിരുന്നു അന്ന് മനസ്സുനിറയെ. നാടാകെ ആട്സ് ക്ലബ്ബുകള് നിറഞ്ഞുനിന്ന കാലം, പഠിച്ച കാര്യങ്ങള് നാടകത്തെ സ്നേഹിക്കുന്നവരിലേക്കെത്തിക്കുകയായിരുന്നു ലക്ഷ്യം. യാദൃച്ഛികമായാണ് സിനിമയിലേക്കെത്തുന്നത്.
നാഷണല് സ്കൂള് ഓഫ് ഡ്രാമയില്നിന്ന് പഠിച്ചിറങ്ങിയതിനാല്, അന്നത്തെ പല സിനിമാക്കാരും സംശയനിവാരണത്തിനായി വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്. നടന് ജനാര്ദനനെല്ലാം ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്...
മദിരാശിയില് താമസിച്ചുതുടങ്ങി, സിനിമയില് സജീവമാകുന്ന കാലത്തായിരുന്നു അതെല്ലാം. എന്.എസ്.ഡിയില്നിന്ന് പകര്ന്നുകിട്ടിയ അറിവുകള് തേടിയാണ് പലരുമെത്തിയത്.
ജനാര്ദനന് വന്നത് അയാളുടെ ശബ്ദം ശരിയാക്കാന് എന്തുചെയ്യണമെന്ന് ചോദിച്ചാണ്. അഭിനയം കൊള്ളാമെങ്കിലും ശബ്ദം മോശമാണെന്നും മാറ്റാന് ശ്രമിക്കണമെന്നും ആരോ ഉപദേശിച്ചു. എന്നാല് ഒരിക്കലും അങ്ങനെ ചെയ്യരുതെന്നും ശബ്ദമാണ് ജനാര്ദനനെ വ്യത്യസ്തനാക്കുന്നതെന്നുമായിരുന്നു എന്റെ നിരീക്ഷണം. അത് പിന്നീട് ശരിയായി. ഇന്ന് എവിടെവെച്ച് ആ ശബ്ദം കേട്ടാലും, മിമിക്രിക്കാര് അനുകരിച്ചുതുടങ്ങുമ്പോഴേക്കും നമുക്ക് ആളെ പിടികിട്ടും. ശബ്ദം ജനാര്ദനന്റെ ഐഡന്റിറ്റിയായിമാറി. അടൂര്ഭാസി തമാശയില് നിന്ന് മാറി ഗൗരവ സീനുകളിലേക്കെത്തുന്നതെല്ലാം ആലോചിച്ചെടുത്ത അന്നത്തെ തീരുമാനങ്ങളാണ്.
കര്ശന ചിട്ടകളിലൂടെയും, അടികിട്ടിയും വളര്ന്ന ബാല്യമാണെന്ന് കേട്ടിട്ടുണ്ട്. അഭിനയം പഠിക്കാനിറങ്ങുമ്പോഴും സിനിമയ്ക്കൊപ്പം ചേര്ന്നപ്പോഴും അച്ഛന്റെ പിന്തുണ ലഭിച്ചില്ല. പിന്നീട് സിനിമാക്കഥപോലെ ക്ലൈമാക്സില് അച്ഛന് മകനെ ചേര്ത്തുപിടിച്ച് 'ഐ ആം പ്രൗഡ് ഓഫ് യു' എന്ന് പറയുന്നു...ഓര്മയിലേക്കെത്താറുണ്ടോ ആ നിമിഷങ്ങളെല്ലാം...
അന്നത്തെ അച്ഛന്മാര് മിക്കവരും ഉള്ളിലെ സ്നേഹം പുറത്തുകാണിക്കാത്തവരായിരുന്നു. ഒന്നേ ഉള്ളൂവെങ്കില് ഉലക്കകൊണ്ട് അടിക്കണമെന്നായിരുന്നു അവരുടെ പ്രമാണം. ഞാന് നന്നാകണമെന്ന് കരുതി തെറ്റായ ട്രെയിനിങ്ങാണ് അച്ഛന് നല്കിയത്. അക്കാലത്തെല്ലാം അച്ഛനെന്താണ് ഇങ്ങനെയെന്നുകരുതി സങ്കടപ്പെട്ടിരുന്നു.
വലിയ കോലാഹലങ്ങള് തീര്ത്താണ് ജോലി ഉപേക്ഷിച്ച് സ്കൂള് ഓഫ് ഡ്രാമയിലേക്ക് പോയത്. എന്നാല് എന്റെ വഴി ശരിയായിരുന്നു എന്ന് പിന്നീട് അച്ഛന് തിരിച്ചറിഞ്ഞു. 'പ്രിയ' എന്ന സിനിമ ഇറങ്ങിയപ്പോഴാണ് അഭിമാനിക്കുന്നു എന്ന് പറഞ്ഞ് കത്തെഴുതിയത്.
കുട്ടിക്കാലത്ത് നല്കാതെപോയ സ്നേഹമെല്ലാം മുതിര്ന്നശേഷം അച്ഛന് നല്കുകയായിരുന്നോ
സിനിമയ്ക്കൊപ്പമുള്ള എന്റെ വഴി ശരിയായിരുന്നു എന്ന് കണ്ടതോടെയാകണം അച്ഛന്റെ സമീപനത്തില് വലിയ മാറ്റംവന്നു. സിനിമയ്ക്കായി സ്റ്റുഡിയോ തുടങ്ങാന് തീരുമാനിച്ചപ്പോള് അച്ഛനോടത് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എതിര്ക്കുമോ എന്ന ഭയമായിരുന്നു ഉള്ളില്. പിന്നീടൊരുദിവസം അമ്മയാണ് പറയുന്നത് സ്റ്റുഡിയോവിവരം അറിയിക്കാത്തതില് അച്ഛന് പരിഭവമുണ്ടെന്ന്.
അന്നുതന്നെ സ്റ്റുഡിയോ തുടങ്ങാനുള്ള പദ്ധതിയെല്ലാം അച്ഛനെ അറിയിച്ചു. സിനിമാ ഭിനയവും തിരക്കുമായി നടക്കുന്ന എനിക്കുവേണ്ടി സ്റ്റുഡിയോകാര്യങ്ങളെല്ലാം ചെയ്തുതന്നത് അച്ഛനായിരുന്നു. കടത്തുകടന്ന് ദിവസവും രണ്ട്മൂന്ന് കിലോമീറ്റര് നടന്നാണ് അച്ഛന് സ്റ്റുഡിയോജോലികള്ക്ക് മേല്നോട്ടം വഹിച്ചത്.
സിനിമകളുടെ ആല്ബം കരുതിവെക്കാത്ത, കണക്കുകള് സൂക്ഷിക്കാത്ത നിര്മാതാവായിരുന്നു എന്ന് കേട്ടിട്ടുണ്ട്
കണക്ക് സൂക്ഷിക്കുക, ആല്ബം ഉണ്ടാക്കുക എന്നിവയിലെല്ലാം ഞാന് പുറകിലാണ്. നല്ലൊരുകാര്യമായിട്ടല്ല അതിനെ കാണുന്നത്. പത്തിരുപത് നാടകങ്ങള് ഒരുക്കിയിട്ടുണ്ട്. ടൗണ്ഹാളിലോ മറ്റെവിടെയെങ്കിലോ ആയിരിക്കും അവതരണം. കളിക്കുശേഷം എഴുത്തുകുത്തുകളെല്ലാം അവിടെയെവിടെയോ കളഞ്ഞിട്ടുപോരും. എടുത്തുവെക്കണമെന്നും കൃത്യമായി ഫയല്ചെയ്യണമെന്നുമുള്ള ബോധം ഇല്ലായിരുന്നു. നിര്മിച്ച സിനിമകളുടെയൊന്നും ആല്ബം സൂക്ഷിച്ചിട്ടില്ല. ഇന്ന് പലതും പലവഴിയില്നിന്നായി കിട്ടിക്കൊണ്ടിരിക്കുന്നു.എങ്കിലും ഒരുപാടെല്ലാം നഷ്ടപ്പെട്ടു
പോയി.
'എസ്.എസ്.എല്.സി.ക്ക് പത്തുപ്രാവശ്യം തോറ്റവന് ഡിഗ്രിക്കാരന്റെ പേപ്പര് നോക്കുന്നതുപോലെ' അവാര്ഡ് നിര്ണയസമിതിയെക്കുറിച്ച് നടത്തിയ പരാമര്ശം മുന്പ് വലിയ ചര്ച്ചയായിരുന്നു
അവാര്ഡ് നിര്ണയ കമ്മിറ്റിയെക്കുറിച്ച് പറയുന്നകൂട്ടത്തില് അത്തരമൊരു പരാമര്ശം നടത്തി എന്നത് ശരിയാണ്, കഴിവുള്ളവര് അതിലേക്കെത്തണം എന്ന സദുദ്ദേശ്യത്തോടെയായിരുന്നു അത്. എന്നാല് ഞാന് ഉദ്ദേശിക്കാത്ത പലതും മാധ്യമങ്ങള് കൂട്ടിച്ചേര്ത്തു. വാക്കുകള് വളച്ചൊടിക്കുകയായിരുന്നു.
ആരുടേയും കൈയും കാലും പിടിച്ചുള്ള അവാര്ഡ് വേണ്ട എന്നൊക്കെ ഞാന് പറഞ്ഞതായി വാര്ത്തകള് വന്നു. അതെല്ലാം പത്രക്കാരുടെ വ്യാഖ്യാനങ്ങളായിരുന്നു.
സജീവ അഭിനയത്തില് നിന്ന് വഴിമാറിനടക്കാന് തീരുമാനിച്ചത് എന്നുമുതലാണ്...
ആഗ്രഹിച്ചതെല്ലാം നേടിക്കഴിഞ്ഞു എന്ന ചിന്തയാണ് അതിന് പ്രധാനകാരണം. എന്റെ കഴിവും, അറിവും വെച്ച് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞു എന്നൊരു തോന്നല്.
അതോടെ ഇടിച്ചുകയറി മുന്നോട്ടുപോകാനുള്ള ആവേശം നിലച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങള് വന്നാല് മാത്രം അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
മലയാളിയുടെ നിത്യപ്രണയത്തിന്റെ അടയാളമാണ് പരീക്കുട്ടി. പിന്നീടെപ്പോഴെങ്കിലുമൊക്കെ ആ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...
കഥയിലും സിനിമയിലുമെല്ലാം സ്ഥിരമായി കാമുകന് കാമുകിയോട് പറയുന്ന ഡയലോഗ് 'നീയില്ലാതെ എനിക്ക് ജീവിക്കാന്കഴിയില്ല' എന്നാണ്. അവിടെ സ്വാര്ഥതയാണ്, അവന് ജീവിക്കാന് അവള് വേണമെന്നാണ് പറയുന്നത്. അവളോടല്ല, നായകന് തന്നോടുതന്നെയുള്ള സ്നേഹമാണ് പ്രേക്ഷകര് അതുവരെ കണ്ടത്. എന്നാല് പരീക്കുട്ടിയുടെ പ്രണയം വ്യത്യസ്തമായിരുന്നു. കാമുകി മറ്റൊരാളെ വിവാഹം ചെയ്തുപോകുമ്പോഴും മറക്കാന് കഴിയുന്നില്ല. പ്രണയം പരാജയപ്പെടുമ്പോള് അയാള് തകരുന്നു, പ്രണയ ഓര്മകളില് മുന്നോട്ടുപോകുന്നു... പ്രണയത്തില് പരീക്കുട്ടി വ്യത്യസ്തനായി.
ചെമ്മീന് ഇറങ്ങി വര്ഷങ്ങള് കഴിഞ്ഞിട്ടും ആളുകള് എന്തുകൊണ്ട് പരീക്കുട്ടിയെ സ്നേഹിക്കുന്നു എന്നു ചിന്തിച്ചപ്പോഴാണ് ഇത്തരം കാര്യങ്ങളെല്ലാം മനസ്സിലേക്കെത്തിയത്. ആ കഥാപാത്രത്തിലൂടെ മലയാളികളുടെ സ്നേഹം ഞാനേറെ എറ്റുവാങ്ങി.
സിനിമയുടെ വിവിധ മേഖലകളില് പ്രവര്ത്തിച്ച്, തിരക്കുകളില്നിറഞ്ഞ് ജീവിതം കടന്നുപോയി എന്ന് തോന്നിയിട്ടുണ്ടോ...
ജീവിതം തിരക്കുകളിലൂടെ കടന്നുപോയി എന്ന് കരുതുന്നില്ല. ഇഷ്ടപ്പെട്ടകാര്യങ്ങള് ആസ്വദിച്ച് ചെയ്യുകയായിരുന്നു. ഫുട്ബോള് കളിക്കുന്നവനോട് മൈതാനത്ത് അധ്വാനിക്കുകയായിരുന്നോ എന്ന് ചോദിച്ചാല് എന്തായിരിക്കും അവന്റെ ഉത്തരം. അഭിനയവും സംവിധാനവും നിര്മാണവുമെല്ലാം ആസ്വദിച്ചുചെയ്ത പ്രവൃത്തിയാണ്
മൊബൈല്, ഒടിടി റിലീസ്.. സാങ്കേതികമായ മാറ്റം നേരില്ക്കണ്ട വ്യക്തിയെന്നനിലയില് സിനിമയുടെ ഭാവിയെ
ക്കുറിച്ച്...
കാലം കടന്നുപോകുന്നതിനനുസരിച്ച് മാറ്റങ്ങള് സംഭവിച്ചുകൊണ്ടിരിക്കും, ആര്ക്കുമതിനെ തടുത്തുനിര്ത്താന് കഴിയില്ല. സിനിമയ്ക്കൊപ്പം സഞ്ചരിച്ച ഒരാള് എന്നനിലയില് പലഘട്ടങ്ങളിലായി പ്രതിസന്ധിയെന്ന വാക്ക് പലതവണ കേട്ടിട്ടുണ്ട്. എന്നാല് അതെല്ലാം വകഞ്ഞുമാറ്റി സിനിമ മുന്നോട്ടുപോകുകതന്നെചെയ്യും.
ആത്മകഥ എഴുതണമെന്ന് തോന്നിയിട്ടില്ലേ...
പലരും പറയാറുണ്ട്,പക്ഷേ, കുത്തിയിരുന്ന് എഴുതാന് കഴിയില്ല. അഞ്ചാറുപേജില് കൂടുതല് എഴുത്ത് നീളില്ല. എത്രവേണമെങ്കിലും നമുക്ക് സംസാരിക്കാം പക്ഷേ, എഴുത്തിന്റെ കാര്യത്തില് പിറകിലോട്ടാണ്.
പാട്ട് ആസ്വദിക്കുന്ന ആളാണെന്നറിയാം. ഒറ്റക്കിരിക്കുന്ന വേളയില് ചെറുതായി പാടാറുണ്ടോ, മൂളിപ്പാട്ടെങ്കിലും...
ഇല്ല.. പാട്ട്, നൃത്തം എന്നിവ പറ്റിയ പണിയല്ല. എത്രവേണമെങ്കിലും ആസ്വദിക്കും, ചെയ്യാന് നിവൃത്തിയില്ല, ശരീരം വഴങ്ങില്ല..
Content Highlights: Madhu actor birthday legendary actor malayalam cinema special interview