വി.എസ്.- ചെങ്കൊടിച്ചുവപ്പുള്ള രാഷ്ട്രീയാക്ഷരങ്ങള്‍

വി.എസ്.-സമരോത്സുകതയും വിപ്ലവവീര്യവും നിറഞ്ഞ, ചെങ്കൊടിച്ചുവപ്പുള്ള രണ്ട് രാഷ്ട്രീയാക്ഷരങ്ങള്‍. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന് നൂറുവയസ്സ്. ഒരു മനുഷ്യന്‍ ജീവിച്ച 100 വര്‍ഷങ്ങള്‍. അതിന്റെ ഭൂരിഭാഗവും അദ്ദേഹം നീക്കിവെച്ചത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും ചൂഷണത്തിന് വിധേയരായവര്‍ക്കും വേണ്ടി. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസിന് വലിയ സഖാവ് എന്നൊരു വിശേഷണം ഉരുവംകൊള്ളുന്നതില്‍ അല്‍പംപോലും കാല്‍പനികത ആരോപിക്കാനാവില്ല.
കേരള രാഷ്ട്രീയത്തിലെയും ചിലപ്പോഴൊക്കെ സി.പി.എമ്മിനുള്ളിലെ പ്രതിപക്ഷമായും വി.എസിന്റെ ഘനമുള്ള ശബ്ദം താളബോധത്തോടെ ഉയര്‍ന്നു. നീട്ടിയും കുറുക്കിയും കേള്‍വിക്കാരെ രസിപ്പിക്കുംവിധത്തിലുള്ള ചാട്ടുളി പ്രസംഗങ്ങളിലൂടെ പാര്‍ട്ടിയ്ക്കുള്ളിലെയും പുറത്തെയും എതിരാളികളെ അദ്ദേഹം നിലംപരിശാക്കി. 1923 ഒക്ടോബര്‍ 20-ന് ആലപ്പുഴയിലെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വി.എസിന്റെ ജനനം. നന്നേ ചെറുപ്പത്തില്‍, നാലാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു. വസൂരി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അമ്മയുടെ മരണം.
'വസൂരി ബാധിച്ചാല്‍ മരണമാണ്. അടുത്തു ചെന്നാല്‍ പകരും. രോഗബാധിതയായ അമ്മയെ ദൂരെനിന്ന് നോക്കി കണ്ണീര്‍വാര്‍ക്കാനെ കുട്ടിയായ തനിക്ക് കഴിഞ്ഞിരുന്നുള്ളു'
എന്ന് ആത്മകഥയായ സമരം തന്നെ ജീവിതത്തില്‍ വി.എസ്. പറയുന്നുണ്ട്.
പതിനൊന്നാം വയസ്സില്‍ വി.എസിന് അച്ഛനെയും നഷ്ടപ്പെട്ടു. തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച വി.എസ്. ജൗളിക്കടയിലും പിന്നീട് ആസ്പിന്‍വാള്‍ കമ്പനിയിലും തൊഴിലാളിയായി. സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗത്വം എടുത്തിരുന്ന വി.എസ്. 17-ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. വി.എസിലെ സംഘടനാപാടവം കണ്ടെത്തി, കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലേക്ക് പാര്‍ട്ടിവളര്‍ത്താന്‍ വി.എസിനെ പറഞ്ഞുവിട്ടത് പി. കൃഷ്ണപിള്ളയായിരുന്നു. കൃഷ്ണപിള്ളയുടെ കണ്ടെത്തല്‍ അല്‍പം പോലും പാളിയില്ല. വി.എസ്. വളര്‍ന്നു, തലപ്പൊക്കമുള്ള നേതാവായി, ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ കമ്യൂണിസ്റ്റ് ഒറ്റയാനായി. പുന്നപ്ര വയലാര്‍ സമരകാലത്തും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അറസ്റ്റിലാവുകയും പോലീസിന്റെ ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
സി.പി.എമ്മിനുള്ളിലെ വി.എസ്.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനും നേതാവും. പിന്നീട് കലഹത്തിന്റെ കാലം. വീണ്ടും പാര്‍ട്ടിയ്ക്ക് വിധേയന്‍. വി.എസ്. അച്യുതാനന്ദന്റെ സി.പി.എം. ജീവിതത്തെ ഇങ്ങനെ പറയാം. 1964-ല്‍ അവിഭക്ത സി.പി.ഐയുടെ നാഷണല്‍ എക്‌സിക്യുട്ടീവില്‍നിന്ന് ഇറങ്ങിപ്പോന്ന ആ 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അവസാനത്തെയാള്‍ വി.എസ്. ആണ്. 1940-ല്‍ പാര്‍ട്ടി അംഗത്വമെടുത്ത് 14 കൊല്ലത്തിനുശേഷം 1954-ല്‍ വി.എസ്. സംസ്ഥാന കമ്മിറ്റി അംഗമായി. 1980 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയ്ക്കുള്ളിലെ അധികാരസമവാക്യ രൂപീകരണവേളയിലെല്ലാംതന്നെ ഒരുപക്ഷത്ത് വി.എസ്. ഉണ്ടായിരുന്നു.
പാര്‍ട്ടിയ്ക്കു പുറത്തെ എതിരാളികളെ നേരിടുന്നതിനെക്കാള്‍ കണിശതയോടെ പാര്‍ട്ടിയ്ക്കുള്ളിലും അദ്ദേഹം ശബ്ദമുയര്‍ത്തി. ഒപ്പംനിന്നവര്‍ വി.എസ്. ശരിയെന്ന് ആഘോഷിച്ചപ്പോള്‍, അച്ചടക്കരാഹിത്യമായി മറുപക്ഷം വിമര്‍ശിച്ചു. എന്നാല്‍ വി.എസ്. നിശ്ശബ്ദനായില്ല. ഒടുവില്‍ 2009-ല്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കുന്നതു വരെ എത്തിയിരുന്നു കാര്യങ്ങള്‍. പിന്നീട് കേന്ദ്രകമ്മിറ്റിയിലേക്ക് മടക്കം. ആദ്യകാലത്ത് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും പരുക്കന്‍ ഇമേജുണ്ടായിരുന്ന വി.എസ്., ജനപ്രിയനായി മാറുന്നത് മാരാരിക്കുളം നിയമസഭാ മണ്ഡലത്തിലെ പരാജയത്തോടെയാണെന്ന് പറയാം. ചുരുക്കിപ്പറഞ്ഞാല്‍, ആ തോല്‍വി അനിഷേധ്യനായ ഒരു നേതാവിന്റെ ജനനത്തിന് വഴിവെക്കുകയായിരുന്നു. പിന്നീട് ജനങ്ങളുടെ കണ്ണായും കരളായും വളരുന്ന വി.എസിനെ കേരളവും സി.പി.എമ്മും കണ്ടു.
പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന വി.എസ്.; വി.എസ്. ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പാര്‍ട്ടി
1965 മുതല്‍ 2016 വരെ പത്ത് തിരഞ്ഞെടുപ്പുകളിലാണ് വി.എസ്. ജനവിധി തേടിയത്. എന്നാല്‍ 2006-ല്‍ മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് അദ്ദേഹം മന്ത്രിപദത്തിലോ മറ്റോ എത്തിയിരുന്നില്ല എന്നതാണ് കൗതുകകരം. വി.എസ്. ജയിക്കുന്ന തിരഞ്ഞെടുപ്പുകളില്‍, 1967, 2006 എന്നിവയിലൊഴികെ പാര്‍ട്ടി അധികാരത്തിലെത്തിയില്ല എന്നതാണ് ഇതിന് കാരണമായത്. 1965, 1967, 1970, 1977 എന്നീ തിരഞ്ഞെടുപ്പുകളില്‍ അമ്പലപ്പുഴയില്‍നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. കന്നിയങ്കത്തില്‍ കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് വി.എസ്. പരാജയപ്പെട്ടു. എന്നാല്‍ 1967, 70,77 വര്‍ഷങ്ങളില്‍ അദ്ദേഹം അതേ മണ്ഡലത്തില്‍നിന്ന് ജയിച്ചുകയറി.
1991-ല്‍ മാരാരിക്കുളത്തുനിന്ന് വിജയിച്ചെങ്കിലും 1996-ല്‍ മാരാരിക്കുളത്തുനിന്ന് മത്സരിച്ച വി.എസ്. കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് പരാജയപ്പെട്ടു. വി.എസിനെ തന്നെ ഞെട്ടിച്ച തോല്‍വിയായിരുന്നു അത്. പാര്‍ട്ടിയുടെ ഉറച്ചമണ്ഡലത്തില്‍ താന്‍ തോറ്റതല്ലെന്നും തോല്‍പിച്ചതാണെന്നും വി.എസ്. ആരോപിച്ചു. അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുപക്ഷേ തേടിയെത്തിയേക്കുമായിരുന്ന മുഖ്യമന്ത്രിസ്ഥാനമാണ് അന്ന് വി.എസില്‍നിന്ന് മാറിപ്പോയത്. എന്നാല്‍ ആ തിരഞ്ഞെടുപ്പ് വി.എസിന്റെ രാഷ്ട്രീയജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചില പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്ന പഴഞ്ചൊല്ല് വി.എസിന്റെ കാര്യത്തില്‍ അച്ചട്ടായി. ആ തോല്‍വി വി.എസിനെ കൂടുതല്‍ കരുത്തനും ജനകീയനുമാക്കി.
2006-ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് വിജയിച്ചാണ് അദ്ദേഹം കേരള മുഖ്യമന്ത്രിയാകുന്നത്. അതിന് പിന്നിലുമുണ്ട്, നിരവധി രാഷ്ട്രീയസംഭവ വികാസങ്ങള്‍. ആ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആദ്യഘട്ടത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പേരുണ്ടായിരുന്നില്ല. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതിനെതിരേ വന്‍പ്രതിഷേധമാണ് സംസ്ഥാനമൊട്ടാകെ സി.പി.എം. പ്രവര്‍ത്തകരില്‍നിന്ന് ഉയര്‍ന്നത്. ഇതോടെ കേന്ദ്രനേതൃത്വം ഇടപെട്ടു. വി.എസിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി. മലമ്പുഴയില്‍നിന്ന് മത്സരിച്ച വി.എസ്, കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ 20017 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ആ വിജയത്തിന്റെ കരുത്തില്‍ തല ഉയര്‍ത്തി, മുണ്ടിന്റെ കോന്തല അല്‍പം ഉയര്‍ത്തിപ്പിടിച്ച് കേരള മുഖ്യമന്ത്രിപദത്തിലേക്ക് വി.എസ്. നടന്നുകയറി.
പോരാട്ടം, അതിന്റെ വി.എസ്. സ്‌റ്റൈല്‍
ഒരു വിഷയം കിട്ടിയാല്‍ അതിന്റെ അവസാനംവരെ പോരാടുക. അതായിരുന്നു പോരാട്ടങ്ങളിലെ വി.എസ്. തന്ത്രം. പാര്‍ട്ടിയ്ക്കുള്ളിലും അത് തന്നെയായിരുന്നു വി.എസ്. സ്വീകരിച്ച നിലപാട്. പാര്‍ട്ടിയില്‍ സ്വന്തംപക്ഷക്കാരില്‍ ഏറിയപങ്കും മറുപക്ഷത്തേക്ക് നീങ്ങിയപ്പോഴും അദ്ദേഹം പോരാട്ടം തുടര്‍ന്നു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വി.എസ്. നിരന്തരപോരാട്ടങ്ങളിലായിരുന്നു.
ഭൂമി കയ്യേറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു അദ്ദേഹം ഏറ്റെടുത്തിരുന്നതില്‍ ഭൂരിഭാഗവും. മുഖ്യമന്ത്രിയായിരിക്കെ പോലും ഒറ്റയാന്‍ പോരാട്ടങ്ങളായിരുന്നു അദ്ദേഹം നയിച്ചിരുന്നതും. പാമോയില്‍, ഇടമലയാര്‍, മതികെട്ടാന്‍, പ്ലാച്ചിമട, സൂര്യനെല്ലി, ഐസ് ക്രീം പാര്‍ലര്‍, കിളിരൂര്‍ അങ്ങനെ നിരവധി കേസുകളില്‍ വി.എസ്. പോരാട്ടത്തിനിറങ്ങി. ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ബി. ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടപ്പാക്കിയ മൂന്നാര്‍ ഒഴിപ്പിക്കല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
വിമര്‍ശിക്കപ്പെടുന്ന വി.എസ്.
ഏറെ ആഘോഷിക്കപ്പെടുമ്പോഴും വാഴ്ത്തുപാട്ടുകള്‍ ഉയരുമ്പോഴും വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശിക്കപ്പെടുന്നുമുണ്ട്. രാഷ്ട്രീയജീവിതത്തിന്റെ ആദ്യപാദത്തില്‍, പില്‍ക്കാലത്ത് അദ്ദേഹം എതിര്‍ത്ത പല കാര്യങ്ങളും നടപ്പാക്കിയിരുന്നു എന്നതാണ് ഇതില്‍ പ്രധാനം. മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് ജനകീയപരിവേഷം കരസ്ഥമാക്കിയെന്നും ആരോപിക്കപ്പെടുന്നുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ ഔദ്യോഗികപക്ഷവുമായുള്ള ഏറ്റുമുട്ടല്‍, അതിനോടുള്ള പ്രതികരണങ്ങള്‍ ഇവയെല്ലാം വി.എസിനെ മാധ്യമങ്ങളുടെ ഒന്നാംപേജുകാരനാക്കി.
പാര്‍ട്ടി പ്രതിക്കൂട്ടില്‍നിന്ന അവസരങ്ങളില്‍ പോലും തന്റെ നിലപാടില്‍നിന്ന് ഒരു കടുകിട പിന്നാക്കം പോകാന്‍ വി.എസ്. തയ്യാറായിരുന്നില്ല. 2012-ല്‍ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വി.എസ്. അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചതും ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഒപ്പംനിന്നവരെ സംരക്ഷിക്കാത്ത അല്ലെങ്കില്‍ സംരക്ഷിക്കാന്‍ കഴിയാത്ത നേതാവായും വി.എസ്. വിലയിരുത്തപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരുന്ന വി.എസിനെതിരേയും സ്ത്രീവിരുദ്ധ പരാമര്‍ശ ആരോപണമുണ്ട്. 2011-ല്‍ മലമ്പുഴയില്‍ തനിക്കെതിരേ മത്സരിച്ച ലതികാ സുഭാഷിനെതിരേ ആയിരുന്നു വി.എസിന്റെ വിവാദപരാമര്‍ശം. ഇതിനെതിരേ ലതിക, പരാതി നല്‍കുകയും ചെയ്തിരുന്നു.
ആരോപണങ്ങളും വിമര്‍ശനങ്ങളും എത്രതന്നെ ഉയരുമ്പോഴും കേരളത്തിന് വി.എസ്. അത്രമേല്‍ പ്രിയങ്കരനാണ്. നീതി നിഷേധിക്കപ്പെട്ടവരുടെ ഒപ്പം നില്‍ക്കാനും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും ഞങ്ങള്‍ക്കുണ്ടൊരു നേതാവ് എന്ന വിശ്വാസം അവരില്‍ ഊട്ടിയുറപ്പിക്കാനും വി.എസിന് കഴിഞ്ഞു. അതായിരുന്നു വി.എസ്. എന്ന കമ്യൂണിസ്റ്റുകാരന്റെ വിജയം.
Content Highlights: vs achuthanandan turns 100